Image

പാരമ്പര്യ മഹത്വത്തിന്റെ തനിമ തലമുറകളിലൂടെ

സജി പുല്ലാട് Published on 11 April, 2012
പാരമ്പര്യ മഹത്വത്തിന്റെ തനിമ തലമുറകളിലൂടെ
ഹൂസ്റ്റണ്‍ : പാരമ്പര്യവും, വിശ്വാസവും സംരക്ഷിക്കുക എന്ന ക്രൈസ്തവ പാരമ്പര്യത്തിന്റെ തുടിക്കുന്ന ഓര്‍മ്മകളാണ് വലിയ നോമ്പ് ആചരണത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ പെസഹദിനം. ഈ ദിവസത്തിന്റെ ചൈതന്യം ഒരു വിരുന്നിന്റെയും, വിശ്വാസസമര്‍പ്പണത്തിന്റെയുമാണ്. മാമ്മന്‍ മാത്യൂവും(ബാബു) സഹോദരന്‍ സാം മാത്യൂവും, പെസഹദിനത്തില്‍ തലമുറകളായി കൈമാറി വന്ന വിശ്വാസ ചൈതന്യത്തോടൊപ്പം, പാരമ്പര്യവും നിലനിര്‍ത്തുന്നത് ശ്രദ്ധേയമായ ഒരു കര്‍മ്മം വഴിയാണ്.

മുമ്പേ പോയവരുടെ സത്പ്രവര്‍ത്തികള്‍ പുതിയ കാലത്തിലും ഒരു അനുഷ്ഠാനം പോലെ ഇവര്‍ തുടരുന്നു. യേശുക്രിസ്തു വിശുദ്ധ കുര്‍ബാന സ്ഥാപിച്ചദിനത്തില്‍ എളിമയുടെയും, വിധേയത്വത്തിന്റെയും വലിയ മാതൃകയാണുള്ളത്. ഒന്നര നൂറ്റാണ്ടു മുമ്പ് ചെങ്ങന്നൂര്‍ മുക്കത്ത് കുടുംബത്തിലെ വല്ല്യമ്മ പരസ്‌നേഹത്തിന്റെയും, പങ്കുവെക്കലിന്റെയും മാതൃക കാട്ടിയത് തന്‍ മടിശീലയില്‍ കരുതിവെച്ച വിളയിച്ച അവല്‍ പള്ളിമുറ്റത്ത് ഒത്തുകൂടിയ വിശ്വാസികള്‍ക്ക് നല്‍കികൊണ്ടായിരുന്നു. വല്ല്യമ്മച്ചിയുടെ ഈ മാതൃക പില്‍ക്കാല തലമുറ ഒരു അനുഷ്ഠാനം പോലെ നിലനിര്‍ത്തികൊണ്ടു പോകുന്നു.

പെസഹദിനത്തില്‍ തന്റെ ശരീര രക്തങ്ങള്‍ മനുഷ്യ കുലത്തിനായി പങ്കുവെച്ച ദിവ്യ രക്ഷകന്റെ പാവനസ്മരണക്കുമുമ്പില്‍ ഈ അവല്‍പൊതി നിസാരമെന്ന് തോന്നാമെങ്കിലും വിധവയുടെ കാണിക്കപോലെ ശ്രേഷ്ഠകരമാണിതെന്ന് ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ പങ്കുവെക്കല്‍.

അവല്‍ 80 പൗണ്ട്, തേണ്ട 150, ശര്‍ക്കര 110 പൗണ്ട് ഒപ്പം കൂട്ടു ചേരുവകളായ ഏലക്ക, ചുക്കുപൊടി, ജീരകം, വനില എസ്സന്‍സ്, പരിപ്പ് എല്ലാം കൂടി നെയ്യിലിട്ട് വറുത്ത് എടുത്താണ് അവല്‍ വിതരണം നടത്തുക. ഹൂസ്റ്റണ്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മ, സെന്റ്. സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ്, ട്രിനിറ്റി മാര്‍ത്തോമ്മാ, എന്നീ ദേവാലയങ്ങളില്‍ വര്‍ഷം തോറും മുടക്കം കൂടാതെ ഈ കര്‍മ്മം നിര്‍വഹിക്കുന്നു.

മൂന്നരപതിറ്റാണ്ടായി അമേരിക്കയിലെത്തിയ, പരമ്പരാഗത മുക്കത്ത് കുടുംബത്തിന്റെ ഭാഗമായ ചെങ്ങൂര്‍ വടക്കേപറമ്പില്‍ മാമ്മന്‍ മാത്യൂ, സഹോദരന്‍ സാം മാത്യൂവിന്റെ സഹായത്തോടെ വലിയ നോമ്പിന്റെ വലിയ സന്ദേശമായ പങ്കുവെക്കല്‍ ഇത്തരം ഒരു ആചരണത്തിലൂടെ അവിസ്മരണീയമാക്കുകയാണ്.

വര്‍ഷം തോറും എല്ലാ പെസഹദിനത്തിലും ഇവര്‍ ഈ നേര്‍ച്ച നടത്തുമ്പോള്‍ ഏറെ സന്തോഷത്തോടെയും, വിനയത്തോടെയും വിശ്വാസികള്‍ അത് ഏറ്റു വാങ്ങുന്നു. ഇത് പങ്കുവെക്കലിന്റെ സുവിശേഷമാണെന്ന തിരിച്ചറിവോടെ.
പാരമ്പര്യ മഹത്വത്തിന്റെ തനിമ തലമുറകളിലൂടെപാരമ്പര്യ മഹത്വത്തിന്റെ തനിമ തലമുറകളിലൂടെപാരമ്പര്യ മഹത്വത്തിന്റെ തനിമ തലമുറകളിലൂടെപാരമ്പര്യ മഹത്വത്തിന്റെ തനിമ തലമുറകളിലൂടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക