Image

ട്രേയ്‌വോണ്‍ മാര്‍ട്ടിന്റെ മരണം: സിമ്മര്‍മാനെതിരെ കുറ്റം ചുമത്തി; വംശീയാധിക്ഷേപം: സിഖ് വംശജന് 75000 ഡോളര്‍ നഷ്ടപരിഹാരം

Published on 12 April, 2012
ട്രേയ്‌വോണ്‍ മാര്‍ട്ടിന്റെ മരണം: സിമ്മര്‍മാനെതിരെ കുറ്റം ചുമത്തി; വംശീയാധിക്ഷേപം: സിഖ് വംശജന് 75000 ഡോളര്‍ നഷ്ടപരിഹാരം
ന്യൂയോര്‍ക്ക്: ട്രേയ്‌വോണ്‍ മാര്‍ട്ടിന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഫ്‌ളോറിഡ നൈബര്‍ഹുഡ് വാച്ച് വളണ്ടിയര്‍ ജോര്‍ജ് സിമ്മര്‍മാനെതിരെ കുറ്റം ചുമത്തി. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കുള്ള സെക്കന്‍ഡ് ഡിഗ്രി കുറ്റമാണ് സിമ്മര്‍മാനെതിരെ ചുമത്തിയിരിക്കുന്നത്. പോലീസിന് മുമ്പാകെ ബുധനാഴ്ച ഹാജരായ സിമ്മര്‍മാനെ കസ്റ്റഡിയിലെടുത്തു. സിമ്മര്‍മാനെതിരെ കുറ്റം ചുമത്തിയ നടപടി നീതിതേടിയുള്ള യാത്രയിലെ ആദ്യചുവടുവെയ്പ്പാണെന്നും ഇനിയും ഏറെ ദൂരം പോവാനുണ്‌ടെന്നും മാര്‍ട്ടിന്റെ മാതാപിതാക്കള്‍ പറഞ്ഞു. സ്വയരക്ഷയ്ക്കാണ് വെടിയുതിര്‍ത്തെന്നായിരുന്നു സിമ്മര്‍മാര്‍ ഇതുവരെ വാദിച്ചിരുന്നത്. ഫെബ്രുവരി 26നാണ് സംഭവം നടന്നതെങ്കിലും ഇതുവരെ സിമ്മര്‍മാനെ അറസ്റ്റു ചെയ്തിരുന്നില്ല. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ മാര്‍ട്ടിന്‍ തന്നെ ആക്രമിച്ചുവെന്നും ഇതിനെത്തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്നും സിമ്മര്‍മാന്‍ പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തിനുശേഷം ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളില്‍ സിമ്മര്‍മാന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. കറുത്തവര്‍ഗക്കാരനായ ട്രേയ്‌വോണ്‍ മാര്‍ട്ടിന്റെ കൊലപാതകം യുഎസില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

വംശീയാധിക്ഷേപം: സിഖ് വംശജന് 75000 ഡോളര്‍ നഷ്ടപരിഹാരം

വാഷിംഗ്ടണ്‍: വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ സിഖ് വംശജന് 75000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഓട്ടോ പാര്‍ട്‌സ് റീട്ടെയിലറായ ഓട്ടോസോണ്‍ സമ്മതിച്ചു. വംശീയാധിക്ഷേപത്തിനെതിരെ സിഖ് വംശജനായ ഫ്രാങ്ക് മഹോണേ ബുറോ ഈക്വല്‍ എപ്ലോയ്‌മെന്റ് ഓപ്പര്‍ച്യുണിറ്റി കമ്മിഷനില്‍(ഇഇഒസി) നിയമനനടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി സമ്മതിച്ചത്.

സിഖ് വംശജരുടെ ആചാര ചിഹ്നങ്ങളായ ടര്‍ബനും കഠാരയും ധരിക്കുന്നതില്‍ തന്നെ സഹപ്രവര്‍ത്തകര്‍ അധിക്ഷേപിക്കുകയാണെന്ന് കാണിച്ചാണ് മഹോണെ ഇഇഒസിയില്‍ പരാതി നല്‍കിയത്. തന്റെ വേഷധാരണം കണ്ട് കമ്പനിയിലെ മാനേജര്‍മാര്‍ താന്‍ അല്‍ക്വയ്ദക്കാരനാണോ എന്ന് ചോദിച്ചുവെന്നും തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നുമായിരുന്നു മഹോണെയുടെ പരാതി. സ്ഥാപനത്തിന്റെ എച്ച്ആര്‍ വിഭാഗത്തിന് പരാതി നല്‍കിയപ്പോള്‍ അവര്‍ തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും മഹോണെ പറഞ്ഞു.

ഗൂഗിള്‍ പ്ലസ് മുഖംമിനുക്കി

കാലിഫോര്‍ണിയ: ഗൂഗിള്‍ പ്ലസ് മുഖംമിനുക്കി. ഇതുവരെ കണ്ട ഗൂഗിള്‍ പ്ലസ് അല്ല ഇനി. പ്രൊഫൈല്‍ പേജുകള്‍ കൂടുതല്‍ ദൃശ്യഭംഗിയുള്ളതാക്കി മാറ്റിയാണ് ഗൂഗിള്‍ മുഖച്ഛായ മാറ്റിയത്. നാവിഗേഷന്‍ എളുപ്പമാക്കാനും ആപ്പ്‌സുകള്‍ ഡ്രാഗ് ചെയ്ത് സ്ഥാനംക്രമീകരിക്കാനും ചില ആപ്പ്‌സുകള്‍ മറച്ചുവെയ്ക്കാനുമൊക്കെ സഹായിക്കുന്ന മാറ്റമാണ് ഗൂഗിള്‍പ്ലസില്‍ വരുത്തിയിട്ടുള്ളതെന്ന് തങ്ങളുടെ ഔദ്യോഗിക ബ്ലോഗില്‍ ഗൂഗിള്‍ അറിയിച്ചു.

സ്റ്റാറ്റിക് ഐക്കണുകള്‍ പേജിന് മുകളില്‍ നിരത്തിവെച്ച തരത്തിലായിരുന്നു നിലവലുള്ള ഗൂഗിള്‍ പ്ലസില്‍. അത് മാറിയതാണ് പുതിയ ഇന്റര്‍ഫേസിന്റെ പ്രത്യേകത. സ്റ്റാറ്റിക് ഐക്കണുകള്‍ പേജിന് വശത്തേക്ക് സ്ഥാനംമാറിയിരിക്കുന്നു. ചിത്രങ്ങള്‍ ഇനി വലുതായി കാണാം.2011 ല്‍ ആരംഭിച്ച ഗൂഗിള്‍ പ്ലസില്‍ ഇപ്പോള്‍ 170 മില്യണ്‍ അംഗങ്ങളുണ്ട്. പരിഷ്ക്കരണത്തിന്റെ ഭാഗമായി ഒട്ടേറെ പുതിയ ഫീച്ചറുകള്‍ വരും ദിവസങ്ങളില്‍ ഗൂഗിള്‍ പ്ലസില്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ പറയുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് മേഖലയില്‍ ഫെയ്‌സ്ബുക്കാണ് ഗൂഗിള്‍ പ്ലസിന്റെ മുഖ്യപ്രതിയോഗി. ഫെയ്‌സ്ബുക്ക് അതിന്റെ പ്രൊഫൈല്‍ പേജുകള്‍ ടൈംലൈന്‍ എന്ന പേരില്‍ പരിഷ്ക്കരിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. ഫെയ്‌സ്ബുക്കിന്റെ ടൈംലൈനിനെ അനുസ്മരിപ്പിക്കുന്ന മാറ്റമാണ് ഗൂഗിള്‍ പ്ലസ് വരുത്തിയിരിക്കുന്നത്. ഗൂഗിള്‍ പ്ലസിലെ വീഡിയോ ചാറ്റിംഗ് സേവനമായ ഹാങ്ഔട്ട്‌സിനായി ഒരു പ്രത്യേക പേജുമുണ്ട്. പബ്ലിക്കായ വീഡിയോ ചാറ്റ് ഹാങ്ഔട്ടുകള്‍ വേഗത്തില്‍ കണെ്ടത്താനും, ഗൂഗിള്‍ പ്ലസ് യൂസര്‍മാര്‍ക്ക് പുതിയ തത്സമയ ബ്രോഡ്കാസ്റ്റുകളിലേക്ക് വേഗമെത്താനും ഇതു സഹായിക്കും.

ഇന്ത്യന്‍ എംബസിക്ക് ബോംബ് ഭീഷണി; ദക്ഷിണേഷ്യന്‍ വംശജനെ സംശയം

വാഷിംഗ്ടണ്‍: ഇവിടത്തെ ഇന്ത്യന്‍ എംബസി മന്ദിരത്തില്‍ ബോംബ് വച്ചിട്ടുണെ്ടന്നു വിളിച്ചറിയിച്ചയാള്‍ "ഹിംഗ്ലിഷ്' സംസാരിക്കുന്ന ദക്ഷിണേഷ്യക്കാരനാണെന്നു പൊലീസ് അറിയിച്ചു. രാവിലെ 10.30ന് ആണു ബോംബ് മുന്നറിയിപ്പുണ്ടായത്. യുഎസിലെ യൂട്ടാ സംസ്ഥാനത്തുനിന്നാണു വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (വിഒഐപി) വഴി അജ്ഞാതന്റെ വ്യാജ ബോംബ് സന്ദേശം വന്നത്. എംബസി മന്ദിരത്തില്‍ ബോംബ് വച്ചിട്ടുണെ്ടന്നായിരുന്നു സന്ദേശം. ഉടനെ എംബസി സ്റ്റാഫിനെ ഒഴിപ്പിച്ചു. മന്ദിരവളപ്പില്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും നടത്തിയ തിരച്ചിലില്‍ സംശയകരമായി കണെ്ടത്തിയ ഒരു വസ്തു നിരുപദ്രവകരമെന്നു പിന്നീടു തെളിഞ്ഞു.

സ്ഥാനപതി നിരുപമ റാവു അവിടെയുണ്ടായിരുന്നില്ല. ഇന്ത്യാനാ സംസ്ഥാനത്തേക്കുള്ള യാത്രയിലായിരുന്നു. സംഭവത്തെത്തുടര്‍ന്ന് എംബസിയും ചാന്‍സറിയും ഒന്നരമണിക്കൂറോളം അടച്ചിട്ടു. തിരക്കേറിയ മാസച്യുസിറ്റ്‌സ് അവന്യൂവിന്റെ ഒരുഭാഗത്തെ റോഡും അടച്ചു. ഭീഷണിയുടെ ഉറവിടം കണെ്ടത്താനായി അന്വേഷണം തുടരുകയാണ്.

യുഎസില്‍ രണ്ടു ചൈനീസ് വിദ്യാര്‍ഥികള്‍ വെടിയേറ്റുമരിച്ചു

ലോസ്ആഞ്ചല്‍സ്: യുഎസിലെ ലോസ്ആഞ്ചല്‍സ് നഗരത്തില്‍ രണ്ടു ചൈനീസ് വിദ്യാര്‍ഥികള്‍ വെടിയേറ്റു മരിച്ചു. വെസ്റ്റ് ആദംസ് മേഖലയിലാണ് സംഭവം. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ ബിരുദ വിദ്യാര്‍ഥികളായ യുവാവും യുവതിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരും സുഹൃത്തിന്റെ വീട്ടിലേയ്ക്കു കാറില്‍ പോകവേയാണ് തോക്കുധാരിയുടെ വെടിയേറ്റുമരിച്ചതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഇതുവരെ ആരേയും അറസ്റ്റു ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക