Image

കോണ്‍ഗ്രസ് വീണത് സ്വയം കുഴിച്ച കുഴി­യില്‍

ജി.കെ Published on 12 April, 2012
കോണ്‍ഗ്രസ് വീണത് സ്വയം കുഴിച്ച കുഴി­യില്‍
മുസ്‌ലീം ലീഗിന് അഞ്ചാം മന്ത്രി­യു­ണ്ടാ­വുമോ എന്ന ആകാം­ക്ഷയ്ക്ക് ഒടു­വില്‍ അറു­തി­യാ­യി. ലീഗും പാണ­ക്കാട് തങ്ങളും പിടിച്ച മുയ­ലിന് നാലു കൊമ്പ് തന്നെ­യാ­ണെന്ന് ഒടു­വില്‍ വ്യക്ത­മാ­യ­പ്പോള്‍ കോണ്‍ഗ്രസ് സ്വയം കുഴിച്ച കുഴി­യില്‍ വീഴു­ക­യായിരുന്നു എന്ന വസ്തു­ത­യാണ് ഒടു­വില്‍ ബാക്കി­യാ­വു­ന്ന­ത്. അധി­കാ­ര­മേ­റ്റനാള്‍ മുത­ല്‍ തുട­ങ്ങിയ നാണം­കെട്ട വീതം വെയ്പ്പ് ഭര­ണ­ത്തിന്റെ ഒന്നാം വാര്‍ഷികം അടു­ക്കു­മ്പോഴും തുടരുമ്പോള്‍ പെരു­കു­ന്നത് കോണ്‍ഗ്ര­സിന്റെ മാത്രം നഷ്ട­ക്ക­ണ­ക്കാ­ണ്.

അധി­കാ­ര­മേ­റ്റ­നാള്‍മു­തല്‍ അഞ്ചാം മന്ത്രി­യെന്ന് നാഴി­കയ്ക്ക് നാല്‍പ­തു­വട്ടം ലീഗ് പറ­ഞ്ഞിരു­ന്നുവെ­ങ്കിലും കോണ്‍ഗ്രസ് അതത്ര കാര്യ­മാ­ക്കി­യി­രു­ന്നി­ല്ല. എന്നാല്‍ പിറവം ജയവും അനൂപ് ജേക്കബ് മന്ത്രി­യാ­വാന്‍ പോവു­ന്നതും ലീഗ് സംസ്ഥാന സമ്മേ­ളനം വരു­ന്ന­തു­മെ­ല്ലാം ലീഗിന്റെ ആവ­ശ്യ­ത്തിന് കനം വെയ്പ്പി­ച്ചു. അതിനെ പ്രതി­രോ­ധി­ക്കാ­നാണ് കോണ്‍ഗ്രസ് സാമു­ദാ­യിക സന്തു­ല­ന­മെന്ന ന്യൂന­പക്ഷ കാര്‍ഡ് പുറ­ത്തി­റക്കി ലീഗിനെ വെട്ടാ­നൊ­രു­ങ്ങി­യ­ത്. എന്നാല്‍ തീരു­മാ­ന­ത്തില്‍ ഉറച്ചു നിന്ന ലീഗ് ഒടു­വില്‍ മന്ത്രി­യെയും പോക്ക­റ്റി­ലാക്കി മട­ങ്ങു­മ്പോള്‍ സാമു­ദാ­യികസന്തു­ല­ന­മെന്ന ചീട്ട് കോണ്‍ഗ്ര­സി­ന്റെ തന്നെ ചീട്ടു കീറുന്ന­കാഴ്ച­യാണ് കാണാ­നാ­കു­ന്ന­ത്.

ലീഗിനെ ഒതു­ക്കാ­നായി കോണ്‍ഗ്രസ് ഉയര്‍ത്തിയ സാമു­ദാ­യി­ക­സ­ന്തു­ല­ന­മെന്ന ­വാദം പ്രതി­പക്ഷം ഏറ്റു­പി­ടി­ച്ചതോടെ നെയ്യാ­റ്റിന്‍കര എന്നല്ല അടുത്തകാലത്ത് എവി­ടെയെ­ങ്കിലും തെര­ഞ്ഞെ­ടുപ്പ് നട­ക്കു­ന്നു­ണ്‌ടെ­ങ്കില്‍ അവി­ടെ­യല്ലാം ഭൂരിപക്ഷ-ന്യൂനപക്ഷ രാഷ്ട്രീയത്തിലൂന്നിയുള്ള ചര്‍ച്ചകള്‍ തുട­രുമെന്ന­കാ­ര്യം­കൂ­ടി­യാണ് ഉറ­പ്പാ­യത്. അത് ആതി­ന്ത്യ­കി­മായി വിള്ളല്‍ വീഴ്ത്തു­ന്നത് കോണ്‍ഗ്രസ് വോട്ടു ബാങ്കി­ലാണെന്ന­താണ് യാഥാര്‍ഥ്യം. ലീഗിനെ ഒതുക്കാന്‍ ഭൂരിപക്ഷ പ്രാതിനിധ്യമെന്ന വിഷയം ആദ്യം എടു­ത്തി­ട്ടതും ചില കോണ്‍ഗ്രസ് നേതാ­ക്കള്‍ തന്നെ­യാ­യി­രു­ന്നു എന്ന­താണ് രസ­കരം. ഭരണം നില­നില്‍ക്കേ­ണ്ടത് ലീഗിന്റെ കൂടി ആവ­ശ്യ­മാ­യ­തി­നാല്‍ ഒടു­വില്‍ ലീഗ് ഇതിന് വഴ­ങ്ങു­മെ­ന്നത് തന്നെ­യാ­യി­രുന്നു കോണ്‍ഗ്ര­സിന്റെ പ്രതീക്ഷ. എന്നാല്‍ താന്‍ പ്രഖ്യാ­പിച്ച അഞ്ചാം മന്ത്രി­യി­ല്ലെ­ങ്കില്‍ പാര്‍ട്ടി പ്രസി­ഡന്റ് സ്ഥാനം രാജി­വെ­യ്ക്കു­മെന്ന പാണ­ക്കാട് തങ്ങളുടെ അന്ത്യ­ശാ­സ­ന­ത്തി­നു­മു­ന്നില്‍ കുഞ്ഞാ­പ്പയും അഹ­മ്മദും വിറ­ച്ച­പ്പോള്‍ ലീഗ് രണ്ടും കല്‍പി­ച്ചു­തന്നെ അഞ്ചാം മന്ത്രി­ക്കായി രംഗ­ത്തി­റ­ങ്ങി. കുഞ്ഞൂ­ഞ്ഞിന്റെ കണ്ണു­ര­ട്ട­ലിലോ കുഞ്ഞു രമേ­ശിന്റെ പേടി­പ്പെ­ടു­ത്ത­ല­ലിലോ അവര്‍ ഭയ­ന്നി­ല്ലെന്നു മാത്ര­മല്ല നില­പാട് കര്‍ക്ക­ശ­മാ­ക്കു­കയും ചെയ്തു.

ഭരി­ക്കു­ന്ന­വ­രുടെ ജാതി നോക്കി­യല്ല ഭരണം വില­യി­രു­ത്തേ­ണ്ട­തെന്ന് മുഖ്യ­മന്ത്രി പറ­യു­ന്നത് ന്യായ­മാ­ണെ­ങ്കിലും വലുതും ചെറു­തു­മായി കാക്ക­ത്തൊ­ള്ളാ­യിരം സാമു­ദായിക സംഘ­ട­ന­കളും അവ­യ്‌ക്കൊക്കെ വ്യക്ത­മായ വോട്ടു ബാങ്കു­മുള്ള ഒരു സംസ്ഥാ­നത്ത് അത് എത്ര­മാത്രം പ്രായോ­ഗി­ക­മാ­കു­മെന്ന് കണ്ട­റി­യേണ്ട കാര്യ­മാണ്. ഇത് നേരത്തെ കണ്ടാണ് ലീഗിന് അഞ്ചാം മന്ത്രിയെ അനു­വ­ദി­ച്ചാല്‍ കോണ്‍ഗ്രസിന്റെ അവ­സാന മുഖ്യ­മ­ന്ത്രി­യായിരിക്കും ഉമ്മന്‍ ചാണ്ടി­യെന്ന് ആര്യാ­ടന്‍ കെപി­സിസി യോഗ­ത്തില്‍ പറ­ഞ്ഞു­വെ­ച്ച­ത്. ലീഗിന് അഞ്ചാം മന്ത്രിയെ അനു­വ­ദി­ച്ച­തോടെ ഇനി ഇവി­ടു­ന്ന­ങ്ങോട്ട് യുഡിഎഫ് സര്‍ക്കാരിന്റെ ഓരോ നടപടിയും ഭൂരിപക്ഷ-ന്യൂനപക്ഷ ഭൂത­ക്ക­ണ്ണാ­ടി­യില്‍ നോക്കിക്കാണുന്ന സ്ഥിതിവിശേഷമുണ്ടാകുമെന്ന­താണ് മറ്റൊരു വെല്ലു­വി­ളി. നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പു ആസ­ന്ന­മായിരിക്കേ ഇത് യുഡി­എ­ഫിനും കോണ്‍ഗ്ര­സിനും ഇത് ഒട്ടും ഗുണ­ക­ര­മാ­വി­ല്ല.

ന്യൂന­പക്ഷ രാഷ്ട്രീ­യ­ത്തിന്റെ പേരില്‍ കോണ്‍ഗ്രസ് കുഴി­യില്‍ ചാടു­ന്നത് ഇതാ­ദ്യ­മ­ല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കേരള കോണ്‍ഗ്രസ് ലയനവേളയിലും ന്യൂനപക്ഷ കാര്‍ഡി­റക്കി കോണ്‍ഗ്രസ് നേതാക്കള്‍ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍, കേരള കോണ്‍ഗ്രസ് ലയനം തടയാന്‍ അവര്‍ക്കു സാധിച്ചില്ലെങ്കിലും ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കാന്‍ അവരുടെ പ്രസ്താവനകള്‍ വഴിവച്ചു. അതിന്റെ ഫലം നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രക­ട­മാ­കു­കയും ചെയ്തു.

കേരളത്തിലെ യുഡിഎഫിന്റെ നട്ടെല്ലായി ഇപ്പോഴും എപ്പോഴും നില്‍ക്കുന്നതു ന്യൂനപക്ഷ സമുദായങ്ങള്‍ തന്നെയാണെന്നതു ഒരു വസ്തുതയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഫലം പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാണ്. ന്യൂനപക്ഷവിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയില്ലായിരുന്നെങ്കില്‍ യുഡിഎഫിന് പ്രതിപക്ഷത്തിരിക്കേണ്ടി വരുമായിരുന്നു. ക്രിസ്ത്യന്‍, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു പിന്നില്‍ ഏറക്കുറെ ഒറ്റക്കെട്ടായി അണിനിരക്കുകയായിരുന്നു. എന്നാല്‍ ഭൂരിപക്ഷ വിഭാഗത്തിലെ പ്രബലസമുദായം പൊതുവേ യുഡിഎഫിനേക്കാള്‍ ഇടതുമുന്നണിയോടു ചായ്‌വു പ്രകടിപ്പിച്ചത്.

ഇനി കുറച്ചു കണക്കുകൂടി നോക്കാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സമുദായത്തില്‍നിന്നു യുഡിഎഫിന് 68 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. ഇവരില്‍ ജയിച്ചു വരാന്‍ സാധിച്ചത് 25 പേര്‍ക്കു മാത്രം. വെറും 37 ശതമാനം. അതേസമയം, ന്യൂനപക്ഷ സമുദായങ്ങളില്‍നിന്നു യുഡിഎഫ് ടിക്കറ്റില്‍ മത്സരിച്ച 72 പേരില്‍ 47 പേര്‍ വിജയിച്ചു- 65 ശതമാനം പേര്‍.
മുപ്പത്തഞ്ചു മുസ്‌ലിം സ്ഥാനാര്‍ഥികളെയാണു യുഡിഎഫ് മത്സരത്തിനിറക്കിയത്. ഇവരില്‍ 27 പേര്‍ വിജയിച്ചു. അതില്‍ ഭൂരിപക്ഷവും ലീഗുകാരായിരുന്നു. ക്രൈസ്തവ സമുദായത്തില്‍പ്പെട്ട 37 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. ഇവരില്‍ 20 പേര്‍ നിയമസഭയിലെത്തി. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഭൂരിപക്ഷ സമുദായക്കാരെക്കാള്‍ ശതമാനക്കണക്കു നോക്കിയാല്‍ മെച്ചപ്പെട്ട വിജയം നേടിയതും ന്യൂനപക്ഷ സമുദായക്കാര്‍ തന്നെയാണ്. ഏതാണ്ട് 57 ശതമാനം പേര്‍ വിജയിച്ചു. അതായത്, മുസ്‌ലിം ലീഗിനും കേരള കോണ്‍ഗ്രസിനും മാത്രമല്ല കോണ്‍ഗ്രസിനും ന്യൂനപക്ഷ സമുദായ പിന്തുണയുടെ ഗുണം കിട്ടി.

ന്യൂനപക്ഷ സമുദായക്കാര്‍ ഇരുമുന്നണികളുടെയും ബാനറില്‍ പരസ്പരം ഏറ്റുമുട്ടിയ മണ്ഡലങ്ങളിലും യുഡിഎഫിനു തന്നെയായിരുന്നു വ്യക്തമായ മുന്‍തൂക്കം. 17 മണ്ഡലങ്ങളില്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ പതിമ്മൂന്നിടത്തും വിജയം യുഡിഎഫിനൊപ്പമായിരുന്നു. 22 മണ്ഡലങ്ങളില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികള്‍ പരസ്പരം മത്സരിച്ചപ്പോള്‍ പതിമ്മൂന്നിടത്തും യുഡിഎഫ് വിജയിച്ചു.കേരളത്തിലെ ന്യൂനപക്ഷ സമുദായത്തിന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ യുഡിഎഫിന്റെ സ്ഥിതി എന്താകുമായിരുന്നുവെന്നു ചിന്തിക്കാവുന്നതാണ്. ന്യൂന­പക്ഷ സമു­ദാ­യാം­ഗ­ങ്ങളെ സ്ഥാനാര്‍ഥി­ക­ളാ­ക്കി­യ­തിന്റെ ഗുണഫലം അനുഭവിച്ച കോണ്‍ഗ്രസും യുഡി­എഫും ലീഗിനെ വിര­ട്ടാ­നാ­യാലും അല്ലെ­ങ്കിലും സമുദായ സന്തുലിതാവസ്ഥയുടെ പേരു പറഞ്ഞ് ഭൂരി­പക്ഷ കാര്‍ഡി­റക്കി കളി­ക്കു­ന്നത് സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകാന്‍ മാത്രമെ ഉപ­ക­രി­ക്കു എന്ന­താണ് യാഥാര്‍ഥ്യം. ഇതിന്റെ ആദ്യ പരീ­ക്ഷ­ണ­മാ­യി­രിക്കും നെയ്യാ­റ്റിന്‍ക­ര­യില്‍ കാണാന്‍ പോകു­ന്ന­ത്.
കോണ്‍ഗ്രസ് വീണത് സ്വയം കുഴിച്ച കുഴി­യില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക