Image

ജീവിതം പരിഭാഷപെടുത്തുമ്പോള്‍ (കവിത: ഗീതാ രാജന്‍)

Published on 12 April, 2012
ജീവിതം പരിഭാഷപെടുത്തുമ്പോള്‍ (കവിത: ഗീതാ രാജന്‍)
മൗനം കോര്‍ത്തെടുത്ത സൂചി,
തുന്നിച്ചേര്‍ക്കപ്പെടുന്ന വാചാലത.
മാഞ്ഞു പോയത്‌
ആശയോടെ കോറിയിട്ട
പകലിന്‍ ചിത്രപ്പണികള്‍.

എത്ര തന്നെ ചേര്‍ത്തു പിടിച്ചിട്ടും
ഓര്‍മ്മയുടെ കരങ്ങളില്‍ നിന്നും
വഴുതി പോകുന്ന നിറമാര്‍ന്ന
ചിരിയുടെ വൈകുന്നേരം!

പരിഭാഷപ്പെടുത്താനോ
വായനാസുഖം നല്‍കാനോ
കഴിയാത്ത പുസ്‌തകമായി,
ചിതലരിച്ചു പോകുന്ന രാത്രികള്‍!

അകന്നകന്നു പോകുന്നൊരു
റെയില്‍വേ ട്രാക്ക്‌ പോലെ
നീണ്ടു പോകുന്ന ജീവിതം
മുറിച്ചു കടക്കാനോ
കുതിച്ചു ചാടാനോ കഴിയാതെ
തുടരുന്ന നിശ്ചലത!

ചുവരിലെ ആണിയില്‍
തൂങ്ങുന്നുണ്ട്‌ ചില്ലുകൂട്ടിലെ
ഒരു സന്തുഷ്ട കുടുബം!!

(ഭാഷപോഷിണി നവംബര്‍ 2011)
ജീവിതം പരിഭാഷപെടുത്തുമ്പോള്‍ (കവിത: ഗീതാ രാജന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക