Image

ഡീക്കന്‍ വിജയ്‌ ഏബ്രഹാം തോമസിന്‌ വൈദീകപട്ടം

ജോയിച്ചന്‍ പുതുക്കുളം Published on 12 April, 2012
ഡീക്കന്‍ വിജയ്‌ ഏബ്രഹാം തോമസിന്‌ വൈദീകപട്ടം
ന്യൂയോര്‍ക്ക്‌: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ ഡീക്കനായിരുന്ന വിജയ്‌ ഏബ്രഹാം തോമസിന്‌ മാര്‍ച്ച്‌ 31-ന്‌ ശനിയാഴ്‌ച സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വെച്ച്‌ നടത്തപ്പെട്ട ശുശ്രൂഷയില്‍ വെച്ച്‌ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാസ്‌ മാര്‍ നിക്കളാവോസ്‌ തിരുമേനി വൈദീകപട്ടം നല്‍കി.

അഭിവന്ദ്യ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ട പട്ടംകൊട ശുശ്രൂഷയില്‍ അനേകം വൈദീകര്‍, ശെമ്മാശന്മാര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, സാമൂഹ്യ-സാംസ്‌കാരിക നേതാക്കന്മാര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അമേരിക്കന്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ സീനിയര്‍ പട്ടക്കാരനായ റവ.ഫാ. ടി.എ. തോമസിന്റെ പുത്രനാണ്‌ പുതുതായി പട്ടമേറ്റ റവ.ഫാ. വിജയ്‌ തോമസ്‌ ഏബ്രഹാം. റട്ട്‌ഗേഴ്‌സ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ അച്ചന്‍, ഏകദേശം ഒരു വര്‍ഷത്തോളം `ഫ്രീഡം ടവേഴ്‌സി'നുവേണ്ടി എന്‍ജിനീയറിംഗ്‌ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്നു. ഈ ജോലി രാജിവെച്ചതിനുശേഷമാണ്‌ അദ്ദേഹം പുരോഹിത പഠനം ആരംഭിച്ചത്‌. യോങ്കേഴ്‌സിലുള്ള സെന്റ്‌ വ്‌ളാഡിമര്‍ ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും 2009-ല്‍ ബിരുദം നേടിയ അദ്ദേഹം അതേവര്‍ഷം തന്നെ ശെമ്മാശനായി പട്ടമേറ്റു. തുടര്‍ന്നുള്ള പഠനം അദ്ദേഹം പൂര്‍ത്തിയാക്കിയത്‌ കോട്ടയം വൈദീക സെമിനാരിയിലാണ്‌.

റവ. ഫാ. വിജയ്‌ ഏബ്രഹാം തോമസിന്‌, തന്റെ പിതാവ്‌ വികാരിയായിരിക്കുന്ന സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ ഓശാന ദിവസം ആദ്യകുര്‍ബാന അര്‍പ്പിക്കുന്നതിനുള്ള അസുലഭ ദൈവീകാനുഗ്രഹം ലഭിച്ചു. തുടര്‍ന്ന്‌ പെസഹാ, ദുഖവെള്ളിയാഴ്‌ച, ഈസ്റ്റര്‍ എന്നീ വിശുദ്ധ ദിനങ്ങളിലും അദ്ദേഹം വിശുദ്ധ കര്‍മ്മങ്ങള്‍ അനുഷ്‌ഠിച്ചു.

പട്ടംകൊട ശുശ്രൂഷകള്‍ക്കുശേഷം അഭിവന്ദ്യ നിക്കോളാസ്‌ തിരുമേനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ നിരവധി വ്യക്തികള്‍ റവ.ഫാ. വിജയ്‌ ഏബ്രഹാം തോമസിന്‌ ആശംസകള്‍ നേര്‍ന്നു. ഇടവകയിലെ വിവിധ ആത്മീയ സംഘടനകള്‍ക്കുവേണ്ടി ഭാരവാഹികള്‍ അച്ചന്‌ ഉപഹാരങ്ങള്‍ നല്‍കി.

തന്നോടുകാട്ടിയ സ്‌നേഹത്തിനും കരുതലിനും, തന്റെ ആത്മീയ വളര്‍ച്ചയുടെ ഭാഗമായി ഒപ്പം നിന്നു പ്രാര്‍ത്ഥനയോടെ തന്നെ പ്രോത്സാഹിപ്പിച്ചതിനും ഇടവക ജനങ്ങള്‍ക്ക്‌ അച്ചന്‌ ഹൃദയപൂര്‍വ്വം നന്ദി പ്രകാശിപ്പിച്ചു. ഇടവകയ്‌ക്കുവേണ്ടി സെക്രട്ടറി ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അറിയിച്ചതാണിത്‌. പട്ടംകൊട ശുശ്രൂഷയുടെ വിശദവിവരങ്ങള്‍ stmarysi.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
ഡീക്കന്‍ വിജയ്‌ ഏബ്രഹാം തോമസിന്‌ വൈദീകപട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക