Image

അമേരിക്കന്‍ മലയാള സാഹിത്യം മരിക്കുകയാണ് ; വേദനയോടെ! (ലേഖനം: ജയന്‍ വര്‍ഗീസ്)

Published on 20 January, 2019
അമേരിക്കന്‍ മലയാള സാഹിത്യം മരിക്കുകയാണ് ; വേദനയോടെ! (ലേഖനം: ജയന്‍ വര്‍ഗീസ്)
അമേരിക്കന്‍ മലയാള സാഹിത്യം വളരുന്നോ, തളരുന്നോ? എന്ന ഇ. മലയാളിയുടെ ചര്‍ച്ച അനിവാര്യമായ കാലിക പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഷയമാണ്. സംസ്കൃത സാഹിത്യത്തിലെ അനശ്വരങ്ങളായ സര്‍ഗ്ഗ മുത്തുകളുടെ തിളക്കത്തില്‍ ആകൃഷ്ടരായി അവയില്‍ ചിലത് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിക്കൊണ്ടാരംഭിച്ച നമ്മുടെ സാഹിത്യ ചരിത്രം, സൈബര്‍ സാഹിത്യത്തിന്റെ തലക്കാനവും പേറി ഇന്നും ഞെളിഞ്ഞു നില്‍ക്കുന്‌പോള്‍ പോലും, ലോക ജനതയെ സ്വാധീനിച്ച ഒരു മലയാള കൃതിയെവിടെ? വിശ്വ മാനവന്‍ നെഞ്ചിലേറ്റുന്ന ഒരു സര്‍ഗ്ഗ സന്ദേശമെവിടെ?

ആഢ്യന്മാരുടെ കൃതികള്‍ അനശ്വരങ്ങളാണെന്ന് അലറി വിളിച്ചത് അവരുടെ അടിയാന്മാരായിരുന്നു. കാഴ്ചക്കുലയും, കൈനീട്ടവും ഏറ്റുവാങ്ങിക്കൊണ്ട് കവിതയും, സാഹിത്യവുമെല്ലാം ഈ തന്പുരാക്കന്മാര്‍ തങ്ങളുടെ അടിയാളന്മാര്‍ക്ക് അനുഗ്രഹിച്ചു നല്‍കുകയായിരുന്നു. കായ്ച്ചിട്ടിറക്കാനും, മധുരിച്ചിട്ട് തുപ്പാനും മേലാത്ത ഈ നിവേദ്യങ്ങള്‍ അടിയാളന്മാര്‍ ' മധുരം, തിരുമധുരം ' എന്നേറ്റു പാടിക്കൊണ്ട് വിഴുങ്ങുകയായിരുന്നു.

പന്നിത്തള്ളയുടെ സുകര പ്രസവം പോലെ കൃതികള്‍ തുരുതുരെ പുറത്തു വന്നു. റബ്ബര്‍ വ്യവസായവും, പത്ര വ്യവസായവും ഒരുമിച്ചു കൃഷി നടത്തിയ ചില മാപ്പിള കച്ചവടക്കാര്‍ ഇക്കൂട്ടരെ ഒന്നോടെ വളഞ്ഞു വച്ച് തങ്ങളുടെ വ്യവസായങ്ങള്‍ വളര്‍ത്തിയെടുത്തു കാശുകാരായി. ഈ പത്രക്കാരും, തന്പുരാക്കന്മാരും പരസ്പരം സമൃദ്ധമായി പുറം ചൊറിഞ്ഞതിന്റെ നഖക്ഷതപ്പാടുകളാണ് ഇന്ന് നാമറിയുന്ന മലയാള സാഹിത്യ ചരിത്രവും, അതിന്റെ മേല്‍ക്കൂര താങ്ങി നിര്‍ത്തുന്ന കുറേ പാരന്പര്യ ജീനിയസ്സുകളും.

ഇതിനിടയില്‍ തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ ദുരവസ്ഥക്കെതിരെ ധീരമായി പ്രതികരിച്ച ചില വിപ്ലവകാരികളുണ്ട്. അവരുടെ പേരുകള്‍ ഇവിടെ എടുത്തു പറയുന്നില്ല. കേരളത്തിന്റെ ചരിത്രവും, സാമൂഹ്യ പശ്ചാത്തലവും അറിയുന്ന ആര്‍ക്കും അവര്‍ ആരൊക്കെയാണെന്ന് അനായാസം മനസ്സിലാക്കാനാവും.

എഴുത്തുകാരുടെ സഹകരണ സംഘത്തിലൂടെ പുസ്തക പ്രസാധനം എന്ന മഹത്തായ ആശയം നടപ്പിലായ നാടാണ് കേരളം. ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ട് തഴച്ചു വളര്‍ന്ന ആ വ്യവസായത്തെ കുതികാല്‍ വെട്ടി, അതിന്റെ തന്നെ ഒരു പിതൃ തുല്യന്‍ തന്റെ വ്യവസായമാക്കിത്തീര്‍ത്തു. സാമൂഹ്യ തലങ്ങളിലെ ഒരു വാര്‍ത്താ ജീനിയസായിരുന്ന ഈ മനുഷ്യന്‍ കഥാവശേഷന്‍ ആയപ്പോളേക്കും എന്‍. ബി. എസ്. തളര്‍ന്ന്, തകര്‍ന്ന് ഏതു നിമിഷവും മരിക്കാനായി കാലങ്ങളായി ഊര്‍ദ്ധന്‍ വലിച്ചുകിടക്കുകയാണ്.

മൂന്ന് കൊടിയില്‍പ്പരം മാത്രം മനുഷ്യര്‍ സംസാരിക്കുന്ന ഒരു ഭാഷയില്‍ പ്രസിദ്ധീകൃതങ്ങളായ കൃതികളുടെ എണ്ണം നോക്കുന്‌പോള്‍ മലയാളത്തിന് റിക്കോര്‍ഡുണ്ടാവും. പക്ഷെ, വണ്ണം? അത് പറയുന്‌പോള്‍ നമുക്ക് വിജയകരമായി ലജ്ജിക്കാം. ഒരു നൂറ്റാണ്ടിലേറെ നീണ്ട മലയാള സാഹിത്യത്തിന്റെ ചരിത്രത്തില്‍ ആഗോള മനുഷ്യാവസ്ഥയെ സ്വാധീനിക്കാന്‍, അതിന് വഴികാട്ടിയായി നില്‍ക്കാന്‍ കഴിഞ്ഞ ഒരു കൃതി നമുക്കുണ്ടായിട്ടുണ്ടോ? മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടന്ന കൃതികള്‍ നമുക്കുണ്ടാവാം. അവ എപ്രകാരം ലോക സമൂഹത്തിന് വെളിച്ചമായി എന്നാലോചിക്കുന്‌പോള്‍ കുറെ വല്യ വട്ടപ്പൂജ്യങ്ങള്‍?

അക്ഷരങ്ങളെ അളന്നു മുറിച്ചു കൂട്ടിവച്ച് എഴുതുന്ന പദ്യങ്ങളാണ് കവിത എന്ന് ധരിക്കുന്നവരും, അപ്രകാരം നിരന്തരം കവിക്കുന്നവരുമാണ് നമ്മുടെ വര്‍ത്തമാന നഷ്ടം. ആഢ്യന്മാരുടെ അന്തക്കാല പദ്യങ്ങളാവാം ഇവരുടെ പ്രചോദനം. ഇതിനിടയില്‍ ഇവരെ കടത്തി വെട്ടിക്കൊണ്ടുള്ള അത്യന്താധുനികരുടെ കടന്നു കയറ്റം. ലിംഗം, ശുക്ലം, യോനി, പെരുമുല മുതലായ പദങ്ങള്‍ സമൃദ്ധമായി ഉപയോഗിച്ച് കൊണ്ടുള്ള ഇവരുടെ കവനങ്ങളില്‍ അശ്ലീലം മണക്കുന്നുവെന്നു ചിലരും, ആ മണമാണ് കവിത എന്ന് എഴുതുന്നവരും വാദിക്കുന്നു.

ഏതു കുറുക്കു വഴിയിലൂടെയും പ്രശസ്തിയുടെ പിറകെ പായുന്നവര്‍ കാട്ടിക്കൂട്ടുന്ന നാണം കെട്ട വികൃതികള്‍ നമ്മുടെ ധാര്‍മ്മിക ബോധത്തെ അടച്ചാക്ഷേപിക്കുകയാണ്. ചിലര്‍ മതം മാറുന്നു, തലമുണ്ടിടുന്നു, പാര്‍ട്ടിയുണ്ടാക്കുന്നു, വോട്ടു പിടിക്കുന്നു, മന്ത്രിയാവുന്നു എന്നിട്ടു മൂത്രിക്കുന്നതിന്റെ വരെ പടം പത്രത്തിലിടുവിച്ചു സായൂജ്യമടയുന്നു : ' പ്രശസ്ക കവയത്രി മൂന്നാം വട്ടം മൂത്രിക്കുന്നു ' എന്ന അടിക്കുറിപ്പോടെ?

മലയാള സാഹിത്യ രംഗത്തുണ്ടായ മരണകരമായ ഈ മാറ്റം അമേരിക്കയിലെ മലയാള സാഹിത്യ രംഗത്തും സ്വാഭാവികമായും പ്രതിഫലിക്കുന്നുണ്ട്. പ്രതിഭാ ദരിദ്രരായ പോങ്ങന്മാരാണ് ഇവിടുത്തെ എഴുത്തുകാര്‍ എന്ന് അവരുടെ കൃതികള്‍ ശ്രദ്ധാപൂര്‍വം വായിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ' പേന വലിച്ചെറിഞ്ഞിട്ട് തൂന്പാപ്പണിക്ക് പോകൂ ചങ്ങാതീ ' എന്ന് യശഃ ശരീരനായ ശ്രീ എം. കൃഷ്ണന്‍ നായരുടെ ഉപദേശം കിട്ടിയവരാണ്.ഇവിടുത്തെ എഴുത്തുകാരില്‍ അധികവും. ' തങ്ങളെ നാട്ടിലെ എഴുത്തുകാരോടൊപ്പം താരതമ്യപ്പെടുത്തരുത് ' എന്ന് അന്ന് കരഞ്ഞു വിളിച്ചു പോയി ഇവിടുത്തെ എഴുത്തുകാര്‍. എന്തുകൊണ്ട് എന്നാണു എന്റെ ചോദ്യം. പൊതുവേ നിലവാരം കുറഞ്ഞ മലയാളത്തിലെ എഴുത്തുകാരോടെന്നല്ലാ, ലോകത്തിലെ ഏതൊരെഴുത്തുകാരോടും താരതമ്യം ചെയ്ത് മികച്ച രചനകള്‍ സൃഷ്ടിച്ചെടുക്കലാണ് ഏതൊരെഴുത്തുകാരന്റെയും ധര്‍മ്മം എന്നാണ് എന്റെ പക്ഷം. അത്തരം ചിന്താ വിസ്‌പോടനങ്ങള്‍ക്കു മാത്രമേ കാലത്തെ അതിജീവിക്കുന്ന ക്ലാസ്സിക്കുകളായി നില നില്‍ക്കുവാന്‍ സാധിക്കുകയുള്ളു. ( അമേരിക്കയില്‍ വന്ന് ശകലം പൈസക്കൊക്കെ മാര്‍ഗ്ഗമായപ്പോള്‍ ഇനിയല്പം പ്രശസ്തിയാവാം എന്ന് കരുതി ' വെറുതേ ഒരു രസത്തിന് എഴുതുന്നവരോട് എനിക്കൊന്നും പറയാനില്ല.)

എന്നാല്‍ ഇവിടെ സംഭവിക്കുന്നതെന്താണ്? കുഴിയാനകളെ കുട്ടിക്കൊന്പന്മാരാക്കുന്ന കുറെ പൊങ്ങച്ച സംഘടനകള്‍. അതിന്റെ ഭാരവാഹിത്വം എന്നത് യു. എന്‍. സെക്രട്ടറി ജനറലിന്റേതിനേക്കാള്‍ വലുതാണെന്നുള്ള വലിയ ഭാവം? പത്രക്കാര്‍ക്ക് പണമെറിഞ്ഞു പ്രസിദ്ധീകരിപ്പിക്കുന്ന സ്വന്തം മോര്‍ഫിയന്‍ യുവ മുഖങ്ങള്‍.( സ്വന്തം ഭാര്യ പോലും ' ഇതാരാ അച്ചായാ? 'എന്ന് ചോദിപ്പിക്കുന്ന തരം ) വില കൊടുത്ത് സ്വന്തമാക്കുന്ന സ്ഥാനമാനങ്ങള്‍. പച്ച ഡോളറെറിഞ്ഞു പുസ്തകമാക്കുന്ന കൃതികള്‍. ( ബെഡ് റൂമുകളില്‍ നിധി പോലെ സൂക്ഷിക്കുന്ന ഈ പുസ്തകക്കെട്ടുകള്‍ അപ്പന്റെ കാലശേഷം മലയാളമറിയാത്ത മക്കള്‍ ഗാര്‍ബേജിലെറിഞ്ഞു കൊള്ളും.) വണ്ടിക്കൂലിയും, വഴിച്ചിലവും കൊടുത്ത് ഇറക്കുമതി ചെയ്യുന്ന നാട്ടു സാഹിത്യകാരന്മാരെ, പൊന്നാനിയിലെ പെരുത്ത ഹാജിയാരുടെ നാലാം ബീവി പതിനേഴുകാരി ഹൂറിയെ പുറത്താരെയും കാണിക്കാതെ പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിച്ചു വയ്ക്കും പോലെ ഒളിപ്പിച്ചു വച്ച് തിരിച്ചയക്കുന്നതിന്റെ നന്ദിയായി നാട്ടു പത്രത്തില്‍ അവരോടൊപ്പം നില്‍ക്കുന്ന പടം അച്ചടിച്ച് വരുന്നതിനുള്ള ഏര്‍പ്പാടുകള്‍, ഓരോ നാട്ടില്‍ പോക്കിലും തട്ടിക്കൂട്ടുന്ന അവാര്‍ഡു കമ്മറ്റികളില്‍ നിന്നുള്ള അവാര്‍ഡു സ്വീകരണവും, ആരെങ്കിലും പുതപ്പിച്ചു കൊടുക്കുന്ന പൊന്നാട പൊതു യോഗങ്ങളും ഒക്കെക്കൂടി ' പുള്ളിക്കാരന്‍ ബല്യ ആളായിപ്പോയി ' എന്ന ഭാവത്തിലാണ് പാവം അമേരിക്കന്‍ മലയാളിയുടെ വരവ്.

ഇനി ഇവിടെ എത്തിയാലോ? പുറത്തു പത്തിയും, അകത്ത് കത്തിയുമായി നടക്കുന്ന കുറെ സാഹിത്യ ചര്‍ച്ചകള്‍. ആരെ കൊള്ളണം, ആരെ തള്ളണം എന്നത് മുന്‍ തീര്‍പ്പനുസരിച്ചു തന്നെ നടക്കും.

സൗന്ദര്യമാണ് സാഹിത്യത്തിന്റെ ഭാഷ എന്ന് ഒരു നാട്ടു സാഹിത്യകാരന്‍ പ്രസംഗിച്ചിട്ടു പോയി. സൗന്ദര്യം സാഹിത്യത്തിന്റെ ഭാഷയാകുന്നത് ഭൗതിക സന്പന്നതയുടെ ഒറ്റത്തുരുത്തുകളില്‍ അസ്തിത്വ അന്വേഷണത്തിന്റെ ആത്മ വേദന നെഞ്ചിലേറ്റുന്ന പാശ്ചാത്യ സമൂഹങ്ങളിലാണ്. അടുത്ത നേരത്തെ ആഹാരത്തിന്റെ സാധ്യത അനിശ്ചിതമായി നീളുന്ന ഇന്ത്യയുള്‍പ്പടെയുള്ള മൂന്നാം ലോക രാഷ്ട്രങ്ങളില്‍ സാഹിത്യത്തിന്റെ ഭാഷ സത്യമാണ് ; ആയിരിക്കണം. ഈ സത്യം ഇന്ത്യന്‍ സാഹിത്യകാരന്‍ അറിഞ്ഞെഴുതിയിരുന്നെങ്കില്‍ അഴിമതിയുടെയും, സ്വജന പക്ഷപാതത്തിന്റെയും ആര്‍ത്തി പൂണ്ട ചീങ്കണ്ണികള്‍ ഇന്ത്യന്‍ പാര്‍ലിമെന്റിലും, സംസ്ഥാന നിയമ സഭകളിലും ഇര തേടി അലയുമായിരുന്നില്ല. വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നു വീഴുന്നവര്‍ക്ക് അവര്‍ സാഹിത്യകാരന്മാര്‍ ആണെങ്കില്‍ക്കൂടിയും ഇതൊന്നും പെട്ടെന്ന് മനസ്സിലാവുകയുമില്ല.

വിശ്വ സാഹിത്യത്തെക്കുറിച്ച് അറിവും, പരന്ന വായനയുമുള്ള ചിലര്‍ ഇവിടെയും എഴുതുന്നുണ്ടെങ്കിലും, പ്രകടമായ ജാഡകള്‍ അറിയാത്തതു കൊണ്ടാവാം, അവരെ ആരും ശ്രദ്ധിക്കുന്നില്ല. നിരൂപണങ്ങള്‍ എന്ന പേരില്‍ ഇവിടെയിറങ്ങുന്നതു പലതും അമര്‍ത്തിയുള്ള പുറം തിരുമ്മലുകള്‍ മാത്രമാണ്. എഴുത്തുകാര്‍ വനിതകള്‍ ആണെങ്കില്‍ അമര്‍ത്തലിന്റെ ആഴവും, താളവും കൂടും. വരികള്‍ക്കിടയില്‍ കാണാവരികള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ കവി. ( എഴുത്തുകാരന്‍ ) ആ വരികള്‍ തന്റെ സര്‍ഗ്ഗ ദര്‍ശനം കൊണ്ട് കണ്ടെത്തി വായനക്കാരന്റെ നല്ല സുഹൃത്തായി നിന്ന് കൊണ്ട് അതവന് പരിചയപ്പെടുത്തുന്നവനാണ് നല്ല നിരൂപകന്‍. രണ്ടു കൂട്ടരെയും കാണുന്നില്ല. അരിയെത്ര? അരിയെത്ര? എന്ന് ചിലന്പുന്ന എഴുത്തുകാര്‍. പയറഞ്ഞാഴി, പയറഞ്ഞാഴി എന്ന് കലന്പുന്ന നിരൂപകര്‍.

അമേരിക്കന്‍ മലയാള സാഹിത്യത്തിന് മൂല്യ നിര്‍ണ്ണയം നടക്കണമെന്ന ഒരു വാദം ഉയര്‍ന്നു കേട്ടു. തന്റെ ' തത്വമസി ' ക്കു നിരൂപണം എഴുതണമെന്ന് ആവശ്യപ്പെട്ട അക്കാദമിക്കിളവന്മാരോട് അഴീക്കോട് ചോദിച്ച ഒരു ചോദ്യമുണ്ട് : അവിടെ ആരെഴുതും തത്വമസിക്ക് നിരൂപണം? എന്ന്. അതുപോലെ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ ഈ ക്രൂര മാര്‍ജ്ജാരന് ഏതു മൂഷികന്‍ കെട്ടിക്കൊടുക്കും ഒരു മണി ?

സോറി, മലയാള സാഹിത്യത്തിന് തന്നെയും സുദീര്‍ഘമായ ഒരു ഭാവിയുണ്ടെന്നുള്ള വിശ്വാസം എനിക്കില്ല. ഉപജീവനത്തിനുള്ള ഉപാധിയായി നിലനിന്നാല്‍ മാത്രമേ ഒരു ഭാഷക്കും, അതിലെ സാഹിത്യത്തിനും ആത്യന്തികമായ നിലനില്‍പ്പ് സാധ്യമാവുകയുള്ളു. അനായാസം അപ്പം കണ്ടെത്തുന്നതിനുള്ള എളുപ്പവഴി എന്ന നിലയില്‍ നാം പാശ്ചാത്യ ഭാഷയായ ഇഗ്‌ളീഷിനെ തിരിച്ചറിഞ്ഞത് കൊണ്ടാണ് താങ്ങാവുന്നതിലുമധികം വരുന്ന കാപ്പിറ്റേഷന്‍ ഫീ കൊടുത്ത് കൊണ്ട് പോലും നമ്മുടെ കുട്ടികളെ നാം ഇഗ്‌ളീഷ് മീഡിയം സ്കൂളുകളില്‍ എറിഞ്ഞു കളിക്കുന്നത്.

ഈ കുട്ടികള്‍ വളര്‍ന്നു വരുന്‌പോള്‍ അവരെഴുതുന്നതും വായിക്കുന്നതും ഇഗ്‌ളീഷില്‍ ആയിരിക്കും. മലയാളം മീഡിയം സ്കൂളുകളില്‍ ഉച്ചക്കഞ്ഞി കുടിച്ചു പഠിച്ചു വരുന്നവര്‍ ഭാഷാ സ്‌നേഹികള്‍ ആയിരുന്നേക്കാം. ഇഗ്‌ളീഷ് മീഡിയക്കാരായ വൈറ്റ് കോളര്‍ മേധാവികള്‍ തൊഴിലും, സാമൂഹ്യ മാന്യതയും കൈയടക്കുന്ന ഒരു കാലം വരുന്‌പോള്‍ അവരെ ആദരിക്കാനും, അനുകരിക്കാനുമാകും പൊതു സമൂഹം തയ്യാറാവുക. അതിനിടയില്‍ ഭാഷാ സ്‌നേഹത്തിന്റെ ഒട്ടിയ വയറുമായി കഴിയേണ്ടി വരുന്ന ന്യൂനപക്ഷം മഹാ ഭൂരിപക്ഷത്തിന്റെ ബലിഷ്ഠ കാലടികളില്‍ പിടഞ്ഞു തീരുകയേയുള്ളു. ( ഭാഷക്കൊരു ഡോളര്‍ പദ്ധതി പത്രങ്ങളില്‍ പടം വരുത്താന്‍ മാത്രമേ ഉപകരിക്കൂ.)

ഇനി ഇവിടുത്തെ സ്ക്കൂളുകളില്‍ പഠിച്ചു വളരുന്ന ഏതെങ്കിലും മലയാളിക്കുട്ടി മലയാളത്തിന്റെ ഒരാസ്വാദകനായിത്തീരും എന്ന് പറയാനാകുമോ? പ്രതേകിച്ചും സാഹിത്യത്തിന്റെ? വരികള്‍ക്കിടയിലെ വരികളാണ് സാഹിത്യം എന്നിരിക്കെ രചനയുടെ ആത്മാവിലിറങ്ങി അതിലെ മുത്തുകള്‍ കണ്ടെത്തുവാനുള്ള ആസ്വാദന ശേഷി ഏതൊരു മലയാളം സ്കൂളിനും സമ്മാനിക്കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല.

എന്താണ് സംഭവിക്കാന്‍ പോകുന്നത്? അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാനുള്‍പ്പെടെയുള്ള നമ്മുടെ തലമുറ മണ്ണടിയും. നമ്മുടെ കുട്ടികളോ, പേരക്കുട്ടികളോ ആരും തന്നെ മലയാള സാഹിത്യം വായിച്ചാസ്വദിക്കാനുള്ള ഭാഷാപരിചയം ഉള്ളവരാകില്ല. അന്ന് വന്നേക്കാവുന്ന എമിഗ്രന്റ്‌സ് അവിടത്തെ ഇഗ്‌ളീഷ് മീഡിയം സ്കൂളുകളുടെ ഉല്‍പ്പന്നങ്ങള്‍ ആയിരിക്കും എന്നതിനാല്‍ അപ്പനമ്മമാരുടെ ഭാഷ എന്ന നിലയില്‍ അവരുടെ മനസുകളില്‍ ഫ്രെയിം ചെയ്തു വയ്ക്കപ്പെടുന്ന ഒന്നായിത്തീരും മലയാള ഭാഷയും, അതിലെ സാഹിത്യവും.

മലയാളത്തിന്റെ സുവര്‍ണ്ണ കാലഘട്ടം അവസാനിക്കുകയാണ്. എന്ന സത്യം നില നില്‍ക്കുന്‌പോള്‍ത്തന്നെ നമ്മുടെ വര്‍ത്തമാനം വളരെ പ്രധാനമാണ്. ഇതിനെ അണയുന്നതിനു മുന്പുള്ള ആളിക്കത്താല്‍ എന്ന് വിളിക്കാം. എഴുത്തുകാരായ നമ്മുടെ മുന്നില്‍ കാലം ഒരു വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കാലത്തെയും, ദേശത്തെയും അതിജീവിക്കുന്ന രചനകള്‍ ഇപ്പോള്‍ നമുക്കുണ്ടാവണം? നാളെ അവ എത്ര വിദേശ ഭാഷകളിലേക്ക് മൊഴിമാറ്റം ചയ്യപ്പെട്ടാലും അവയുടെ അടിവേരുകള്‍ മുലപ്പാല്‍ മണക്കുന്ന നമ്മുടെ മലയാളമാവണം.

ഇത് നിയോഗമാണ്. എന്നിലൂടെ, നിങ്ങളിലൂടെ പൂര്‍ത്തീകരിക്കപ്പെടേണ്ട ചാക്രിക സംഗീതം. അത് തിരിച്ചറിഞ്ഞാല്‍ നമ്മുടെ നിലം ഒരുങ്ങിക്കഴിഞ്ഞു. വിതക്കാരന്‍ വിതക്കട്ടെ! അനുഭവങ്ങളുടെ വളക്കൂറുള്ള ഈ മണ്ണില്‍ നൂറും ആയിരവും മേനിയായി അത് വിളയട്ടെ . അഹങ്കാരത്തിന്റെയും, ആളാവാളിന്റെയും കളകള്‍ അതിനെ ഞെരുക്കാതിരിക്കട്ടെ.

നമ്മുടെ ഭാഷയും, സാഹിത്യവും നാളെ അവഗണനയുടെ ചളിക്കുളങ്ങളില്‍ അമര്‍ന്നു പോയാലും, അതില്‍ വേരിറക്കി വളര്‍ന്നു നില്‍ക്കുന്ന സാഹിത്യത്തിന്റെ താമരത്തണ്ടിലെ ഒരു ദളമെങ്കിലും ലോകത്തെ ആനന്ദിപ്പിക്കുമെങ്കില്‍, ഏതു കാലഘട്ടങ്ങളുടെ ഇരുള്‍ മൂടിയ വഴിത്താരകളിലും തിരിവെട്ടമായി ഒരു രചനയെങ്കിലും കത്തി നില്‍ക്കുമെങ്കില്‍ നമ്മുടെ പരിശ്രമങ്ങള്‍ സഫലമാണ്. ആയതിനുള്ള അന്വേഷണവും, സമര്‍പ്പണവുമാകട്ടെ നമ്മുടെ ജീവിതം. എഴുത്തുകാരന്‍ എന്ന നിലയിലുള്ള എല്ലാ ഉത്തരവാദിത്വങ്ങളോടെയും.!
Join WhatsApp News
കരയുന്ന ജയൻ (Karayunna Jayan) 2019-01-20 10:17:50

കാടുകേറി വെടി വെച്ചിരിക്കുകയാണ് ഈ ലേഖകൻ. നാടൻ സാഹിത്യം താണു പോയതുകൊണ്ട് അമേരിക്കൻ മലയാള സാഹിത്യത്തെയും എഴുത്തുകാരെയും ഇദ്ദേഹം അടച്ചാക്ഷേപിക്കുന്നുണ്ട്. 

സാഹിത്യകാരന്മാരെയും സാഹിത്യത്തെയും വിമർശിക്കുന്നത് ചില അങ്ങാടികളിൽ സ്ത്രീകൾ തുണിപൊക്കി കാണിക്കുന്നതിന് തുല്യമായിരിക്കരുത്! ഏതെങ്കിലും അമേരിക്കൻ എഴുത്തുകാരുടെ പുസ്തകങ്ങളെയോ കൃതികളെയോ അടിസ്ഥാനമാക്കി എന്തെങ്കിലും ലേഖകൻ പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഈ ലേഖനത്തിന് വില കല്പിക്കാമായിരുന്നു.

മലയാള സാഹിത്യം ചത്തുകൊണ്ടിരിക്കുന്നുവെന്നാണ് ഇദ്ദേഹം എഴുതിയിരിക്കുന്നത്. മലയാള സാഹിത്യം ചാകുന്ന അന്ത്യത്തിന്റെ രീതിയെപ്പറ്റി ഒന്നും പറയുന്നില്ല. സംസ്കൃതവും ലത്തീനും മരിച്ച ഭാക്ഷകളാണ്. ഈ രണ്ടു ഭാഷകളും സംസാരഭാഷയല്ല. സംസ്കൃതം ഭാഷകളുടെ ഗവേഷണങ്ങൾ ജർമ്മനി വരെ നടത്തുന്നു. അത്തരം നിരവധി ഗവേഷണ കേന്ദ്രങ്ങൾ മലയാളസാഹിത്യത്തിനും ഉണ്ടെന്നുള്ള വിവരം ലേഖകൻ അറിയാതെ പോയി. ചത്തുപോയ ഭാഷകളെ ലേഖകന്റെ ഭാഷയിൽ സാഹിത്യ ഭാഷയായി കരുതാൻ സാധിക്കില്ലായിരിക്കും.

ഓരോ വർഷവും നടത്തുന്ന കേന്ദ്ര സാഹിത്യ അക്കാദമി ജേതാക്കളിൽ നാളിതു വരെ മലയാളി എഴുത്തുകാർ ഇല്ലാതിരുന്നിട്ടില്ല. 1955-ലെ ആർ നാരായണ പണിക്കരുടെ ഭാഷ ചരിത്രം മുതൽ 2018-ലെ രമേശൻ നായരുടെ ഗുരുപൗർണ്ണമി വരെയുള്ള സാഹിത്യ കൃതികൾ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് മേടിച്ചതായി കാണാം. തുടർച്ചയായി മലയാള സാഹിത്യ ലോകത്തിന് ലഭിക്കുന്ന പുരസ്‌ക്കാരങ്ങൾ ജയൻ വർഗീസിന്റെ ദൃഷ്ടിയിൽ പണം കൊടുത്തു വാങ്ങുന്നതാണ്. ഒരു നിരൂപണമെന്ന് പറയുന്നത് എഴുത്തുകാരെ അടച്ചാക്ഷേപിക്കലല്ലെന്നും പുസ്തകങ്ങളെ വിമർശിക്കലെന്നും ജയൻ വർഗീസ് മനസിലാക്കണം.   
വിദ്യാധരൻ 2019-01-20 11:43:20
അവാർഡുകളാലും പ്രശംസകളാലും
കെട്ടിപൊക്കിയ അഹങ്കാരത്തിന്റെ 
ചില്ലു കൊട്ടാരങ്ങളിൽ നിന്ന്   പുറ-
ത്തു വന്നിട്ട് ഉരുവിടുക  എഴുത്തുകാരേ ,
"ഞാനഹങ്കാരത്തോടെ കയ്യിലേന്തിയതാണീ 
പേന വയ്ക്കട്ടെ താഴെ കുനിഞ്ഞും വിറപൂണ്ടും " (ജീ)
എന്നീ ദിവ്യമന്ത്രം നിൻ അന്തരാത്മാവിൽ 
അന്നേ എൻ 'മലയാള സാഹിത്യം' മുകതമാകൂ
മരിക്കില്ല മലയാളസാഹിത്യമൊരിക്കലും 
ഹരിക്കാൻ ശ്രമിച്ചതാണതിനെ പലരും 
ശ്രമിച്ചവരൊക്കയും മരിച്ചു മണ്മറഞ്ഞുവി
ശ്രമിക്കുന്നു വിസ്മരിക്കപ്പെട്ടെവിടെയോ.
'വരികൾക്കിടയി'ൽ കവിത കേറ്റി വച്ചവർ-
ക്കൊരിക്കലും കഴിഞ്ഞില്ല സംവദിക്കാൻ 
ജീവിക്കാൻ രക്തം നീരാക്കിയ ജനതയോട് 
പണി ചെയ്താലും വയർ നിറയാത്തൊരോട് 
തുണിയില്ലരിയില്ലചെറ്റ കുടില്ലാത്തോരോട്
കേട്ടതോ, "നാളത്തെ വെളിച്ചത്തിന്നുയിരും
ചൂടും നൽകാൻ, നാളങ്ങൾ, തീ നാളങ്ങൾ 
നെയ്തു നെയ്ത്തടുക്കുമ്പോൾ, പേനയും 
പടവാളുമായ് വരൂ മഹത്തായ മാനാവ -
സംസ്കാരത്തിൻ പേരിലിൻ കലാകാര ' (വയലാർ )
എന്ന ഉണർത്തുപാട്ടാ വിപ്ലവ കവിയിൽ നിന്ന് 
Tom abraham 2019-01-20 14:41:10
Absolutely wrong Jayan. I am back in reading Malayalam
Lietrature thanks to E- Malayalee, Vidyadharan, Joseph
Padannamakkal and even critics like Anthappan.
Writers from India I wish ifentified with their articld..
I.e Babu Chengannur or Veloor Krishnankutty !!
എനിക്ക് ശേഷം പ്രളയം 2019-01-20 15:00:26
എനിക്ക് ശേഷം പ്രളയം എന്ന പ്രവണത സ്വര്‍ത്ത മനോഭാവം ഉള്ളവരുടെ അവസാന ലക്ഷണം ആണ്. എഴുതുവാന്‍ ഉള്ള കഴിവ് കുറയുമ്പോള്‍, നഷ്ട പെടുമ്പോള്‍ എഴുത്ത് നിര്‍ത്തണം. കവി ചെറിയാന്‍ കെ ചെറിയാന്‍ ഇ യിടെ പറഞ്ഞത് ആണ് ഇത്.
വിദ്യാധരൻ 2019-01-20 16:16:25
അമേരിക്കയിൽ 'മലയാള സാഹിത്യം 'വളരാൻ സാധ്യതയുണ്ട് എന്ന് എഴുതണം സുധീർ . അമേരിക്കൻ മലയാള സാഹിത്യം എന്നൊന്നുണ്ട്,  അതിന് മലയാള സാഹിത്യവുമായി യാതൊരു ബന്ധവുമില്ല .  ഓരോ സംഘടനകളുടെ ശ്രീകോവിലിൽ പോയി തേങ്ങ ഉടച്ചാൽ അവാർഡ് കിട്ടും ആ അവാർഡാണ് അമേരിക്കൻ മലയാള സാഹിത്യത്തിന്റെ മാനദണ്ഡം . ആ അവാര്ഡുമായി അമേരിക്കയിൽ എവിടെ വേണെങ്കിലും ചുറ്റി കറങ്ങാം പക്ഷെ നാട്ടിൽ ചെന്നാൽ ഒരു വിലയുമില്ല .  എന്നാൽ മലയാള സാഹിത്യത്തെ നാറ്റിക്കാൻ പല ശ്രമങ്ങളും നടക്കുന്നുണ്ട് .  കള്ള കമ്മട്ടങ്ങൾ നാട്ടിൽ പോയി ഒന്നും രണ്ടും അവാർഡുമായി വരും എന്നിട്ട് ഒരു കളിയാണ് - അവന്മാരെ പൊക്കാൻ അവന്മാര് തന്നെ ഉണ്ടാക്കിയ സംഘടനകൾ - ട്രംപിന്റെ യൂണിവേഴ്സിറ്റി പോലെ അല്ലെങ്കിൽ ചാരിറ്റി പ്രസ്ഥാനം പോലെ 

കള്ളനായാൽ നിങ്ങൾക്കും ഇവിടെ ജീവിക്കാം
Sudhir Panikkaveetil 2019-01-20 15:32:04
അമേരിക്കൻ മലയാള സാഹിത്യം മരിക്കുകയാണെന്ന് പറയുന്നത് 
ശരിയാണോ? കൊല്ലപ്പെടുകയാണെന്നല്ലേ ശരി ?
ഇന്നലെ രാത്രി ഞാനൊരു പൂവിന്റെ 
മന്ദസ്മിതത്തിൽ കിടന്നുറങ്ങി ...
ഇതെഴുതിയ കവിയെ പൈങ്കിളിയാക്കിയവർ 
കറിയായുടെ തലയിൽ തേങ്ങാ വീണു 
തലക്കൊന്നും പറ്റിയില്ല 
തേങ്ങാ ഉടഞ്ഞു 
എന്ന  കവിത സർഗപ്രതിഭയുടെ അഭൗമ പ്രതിഭാസം 
എന്ന് കൊട്ടിഘോഷിക്കുന്നു.  ബുദ്ധിജീവികൾ 
എന്ന് സ്വയം പ്രഖ്യാപിച്ച് എന്തെങ്കിലും 
എഴുത്തികൂട്ടുന്നത് അപാരം ഉദാത്തം 
എന്നൊക്കെ ശബ്ദം വച്ച് നടക്കുന്നവരുടെ 
വാലിൽ തൂങ്ങി കുറേപേർ അണിനിരന്നപ്പോൾ 
മലയാള ഭാഷ തൻ മാദകഭംഗിയൊക്കെ 
പോയി.  
ഒരു കൃതിയെക്കുറിച്ച് ഒരു നിരൂപകൻ 
പറയുന്നത് അവസാനവാക്കല്ല.  എം കൃഷ്ണൻ നായർക്ക് 
ആളുകളെ അധിക്ഷേപിക്കാൻ അവകാശം 
ജനം  കൊടുത്തു. അത് ഭംഗിയായി 
അദ്ദേഹം നിർവഹിച്ചു. ഒപ്പം അദ്ദേഹം വായിച്ചുകൂട്ടിയ 
അറിവും നൽകി. എം കൃഷ്ണൻ നായരുടെ നിരൂപണം 
മാത്രം വായിച്ചിട്ടുള്ള അമേരിക്കൻ മലയാളിയും 
ആഗ്രഹിക്കുന്നത് അതേപോലെ എല്ലാവരും 
എഴുത്തുകാരെ അവഹേളിക്കണമെന്നാണ്. 
 അങ്ങനെ ആഗ്രഹിക്കുന്നത്  അവരുടെ 
ഇഷ്ടവും സ്വാതന്ത്ര്യവും.  ഓരോ നിരൂപകനും  അവന്റേതായ 
വിധി നിർണ്ണയങ്ങൾ ഉണ്ട്. 

അമേരിക്കൻ മലയാള സാഹിത്യം വളരുന്നുണ്ട് 
വളർന്നേക്കാം , അതിനെ നശിപ്പിക്കുന്നവരെ 
കണ്ടെത്തി പടി  കടത്തിയാൽ. ആ രണ്ട് പേർ 
അമേരിക്കൻ മലയാള സാഹിത്യത്തെ കൊല്ലാൻ  ശ്രമിക്കുന്നുണ്ട്. 
ശിങ്കിടികളെവച്ച് ഒരു പരിധി വരെ ആ കാര്യത്തിൽ അവർ 
ജയിക്കുന്നു. ജനം പ്രതികരിക്കില്ലെന്ന ഉറപ്പ് 
അവരെ ശക്തരാക്കുന്നു. 
Anthappan 2019-01-20 16:22:10
Jayan got what he wanted. Now people started throwing mud on Malayalee writers in America. I didn't know Jayan knew Chanakkya soothra;
Dr. Know 2019-01-20 16:26:09
Anthappan knows the psychology of people
കറിയാച്ചൻ 2019-01-20 16:28:23
എന്റെ തലയിൽ അങ്ങനെ ഒരു തേങ്ങാ വീണിട്ടില്ല . ആരാണ് ഈ നുണ എഴുതിപിടിപ്പിച്ചത്? എന്റെ നായുടെ തലയിൽ വീണിട്ടുണ്ട് .അതിന്റെ മോങ്ങൽ ഇന്നും ഞാൻ മറന്നിട്ടില്ല 
കൂട്ടായ്മ 2019-01-20 21:36:25
കൂപസാഹിത്യത്തെക്കാൾ
    കൂപകൂട്ടായ്മ മെച്ചം
കുശുമ്പും കുന്നായ്മേം 2019-01-20 22:24:33
കൂപ കൂട്ടായ്‌മക്ക് അദ്ധ്യക്ഷനായി 'കൂട്ടായ്‌മ' ആയിക്കോട്ടെ .  അസ്സൂയും ചൊറിച്ചിലും വിദ്വേഷവും, പൊന്നാടേം  ഫലകോം കിട്ടാത്തെന്റെ വിഷമം എല്ലാം കൂട്ടി കലക്കി ഒരടിപൊളി പ്രസംഗം നടത്താം.  കിണറിന്റെ കരയ്ക്ക് രാത്രിയിൽ  വോർഫ് വോർഫ് ശബ്ദം വച്ച് കൂടായ്‌മ ആരംഭിക്കാം . പെട്രോമാക്സ് ഉപയോഗിക്കരുത് . തവള പിടുത്തക്കാർ ചാക്കുമായി നടപ്പുണ്ട് . അൽപ്പം പിശക് പറ്റിയാൽ മതി സായിപ്പിന്റെ തീൻ മേശയിൽ പൊരിച്ചടുക്കും   കൂട്ടായ്‌മയുടെ പേര് മാറ്റി കുശുമ്പും കുന്നായ്മേം  എന്നാക്കാം? .  എവിടന്നാടാ നീ ഇക്കരെ കേറിയത് ?  വേണ്ട വേണ്ട നിന്റെ വേലെയൊന്നും ഇവിടെ നടക്കില്ലെട കുന്നായ്‌മേ . 

vayanakkaran 2019-01-20 22:58:58
Mr. Jayan,
There is no American malayala sayithyam in America,then how can they die. Some Keralites came to America never writes anything or publish anything in Kerala. Because they don't publish any garbage's.
Here in America publish all garbage's from anybody or they will start their own media to publish. After that he arrange a ponnada ceremony and declares I'm an American sahithyakaran. This is the fact!!!
യൂണിവേഴ്സിറ്റി ഓഫ് പൊന്നാട 2019-01-20 23:49:35
കൂപമണ്ഡൂകമേ  
ചാപല്യം എന്താണ് നിന്റെ? 
ഇണചേരുവാൻ 
തുണയില്ലാതെ നീ 
മ്പ്രാ മ്പ്രാ വയ്ക്കുന്നതെന്തേ ?
കൂട്ടായ്‌മ ഇല്ലാത്തോൻ വാപൂട്ടി ഇരിക്കുക 
കൂടുന്നവർ കൂടട്ടെ കൂട്ടായ്‌മ 
ചാടി പുറത്തു വരിക 
കൂപത്തിൽ നിന്ന് നീ
ആപത്ത് വരും മുൻപേ 
ചാക്കുമായി വരുന്നുണ്ട് 
തവള പിടുത്തക്കാർ 
ബഹളം വച്ചിട്ട് കാര്യമില്ല പിന്നെ 
നീ ഇത്ര നാൾ എഴുതി കൂട്ടിയ 
തവള സാഹിത്യം കൊണ്ടുവരിക കൂടെ 
പൊന്നാടയും ഫലകവും തരാം ഞങ്ങൾ 
മിണ്ടാതെ വാപൂട്ടി ഇരിക്കുമെങ്കിൽ  

സുഖപ്രദം 2019-01-21 19:20:45
വെളിച്ചം ദുഃഖമാണുണ്ണീ
കൂപമല്ലോ സുഖപ്രദം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക