Image

ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ ഈസ്റ്റര്‍ ആഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 13 April, 2012
ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ ഈസ്റ്റര്‍ ആഘോഷം
ഷിക്കാഗോ: സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പ്രത്യാശയുടേയും പുണ്യദിനം. യേശു മരണത്തെ തോല്‍പ്പിച്ചുകൊണ്ട്‌ മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റ ചരിത്ര സംഭവത്തിന്റെ സ്‌മരണ ആചരിക്കുന്ന ഉയിര്‍പ്പ്‌ തിരുനാള്‍ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ഭക്തിനിര്‍ഭരവും പ്രൗഡഗംഭീരവുമായി നടത്തപ്പെട്ടു.

ശനിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഉയിര്‍പ്പ്‌ തിരുനാളിന്റെ ആഘോഷങ്ങള്‍ക്ക്‌ തുടക്കംകുറിച്ചുകൊണ്ട്‌ കത്തീഡ്രലിന്റെ മദ്‌ബഹായില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി, ക്രിസ്‌തു കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ ദൃശ്യാവിഷ്‌കരണം മനോഹരമായി അവതരിപ്പിക്കപ്പെട്ടു. അത്യാധുനിക രംഗ സംവിധാനങ്ങളിലൂടെ മിന്നലുകളുടേയും, ധൂപ പടലങ്ങളുടേയും പശ്ചാത്തലത്തില്‍ മാലാഖയുടെ സാന്നിധ്യത്തില്‍ പ്രത്യേകം സജ്ജമാക്കിയ കല്ലറയില്‍ നിന്നും ക്രിസ്‌തു ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന രംഗം വിശ്വാസികള്‍ പ്രാര്‍ത്ഥനാ നിരതരായി ദര്‍ശിച്ചത്‌ എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒന്നായിരുന്നു.

തുടര്‍ന്ന്‌ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തിലും വികാരി ഫാ. ജോയി ആലപ്പാട്ട്‌, അസിസ്റ്റന്റ്‌ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, റവ.ഡോ. പോള്‍ കൂനംപറമ്പത്ത്‌, ഫാ. മാത്യു പുതുമന, ഫാ. മാത്യു ഇളയടത്തുമഠം എന്നിവരുടെ സഹകാര്‍മികത്വത്തിലും ആഘോഷമായ ദിവ്യബലി നടത്തപ്പെട്ടു. ദിവ്യബലി മധ്യേ അഭിവന്ദ്യ പിതാവ്‌ തിരുനാള്‍ സന്ദേശം നല്‍കി. ദിവ്യബലിക്കുശേഷം രൂപം വണക്കം, നേര്‍ച്ച കാഴ്‌ച സമര്‍പ്പണം എന്നിവ നടന്നു.

ഓശാന ഞായറാഴ്‌ച മുതല്‍ ഉയിര്‍പ്പ്‌ പെരുന്നാള്‍ വരെയുള്ള പീഢാനുഭവ തിരുകര്‍മ്മങ്ങളിലും, ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, കര്‍മ്മാദികളില്‍ സഹകരിച്ച എല്ലാ വൈദീകര്‍ക്കും, എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കിയ ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സിനും, കൈക്കാരന്മാര്‍ക്കും, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ഗാനശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കിയ ഗായക സംഘം, അള്‍ത്താര ശുശ്രൂഷികള്‍ എന്നിവര്‍ക്കെല്ലാം അഭിവന്ദ്യ തിരുമേനിയും, വികാരി ഫാ. ജോയി ആലപ്പാട്ടും പ്രത്യേകം നന്ദി പറഞ്ഞു.

തുടര്‍ന്ന്‌ മൂവായിരത്തിലധികം വരുന്ന വിശ്വാസികള്‍ തങ്ങളുടെ കൂട്ടായ്‌മയുടെ പ്രതീകമായി നടത്തിയ സ്‌നേഹവിരുന്നില്‍ പങ്കെടുത്ത്‌ വലിയനോമ്പിന്‌ സമാപ്‌തി കുറിച്ചുകൊണ്ട്‌ ശാന്തിയും, സമാധാനവും പേറിയ മനസ്സുമായി ഭവനങ്ങളിലേക്ക്‌ മടങ്ങിയപ്പോള്‍ രാത്രിയുടെ അന്ത്യയാമങ്ങളായിരുന്നു.
ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ ഈസ്റ്റര്‍ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക