Image

ആക്റ്റിവിസ്റ്റിന്റെ വീട് (ബിലു പദ്മിനി നാരായണന്‍ )

ബിലു പദ്മിനി നാരായണന്‍ Published on 22 January, 2019
ആക്റ്റിവിസ്റ്റിന്റെ വീട് (ബിലു പദ്മിനി നാരായണന്‍ )
കനകദുര്‍ഗയിപ്പോള്‍ സ്വന്തം വീട്ടിലല്ല. സര്‍ക്കാര്‍ ഉത്തരവാദിത്തമുള്ള ഒരു താമസ സ്ഥലത്താണ്. വീടാരുടെ പേരിലാണ് എന്നറിയില്ല. അതാരുടെ പേരിലാണെങ്കിലും ഭര്‍ത്താവിന്റെ 'വിസമ്മതം' മാത്രം മതി ഭാര്യയ്ക്ക് പ്രവേശനമില്ലാതിരിക്കാന്‍....! പൊലീസ് സ്‌റ്റേഷനില്‍ വച്ച് ആ സമ്മതമില്ലായ്മ, ഭര്‍ത്തൃമാതാവില്‍ നിന്നുള്ള മുന്‍ ആക്രമണം ഇതെല്ലാം വെച്ച് അത്തരമൊരിടം ഇനി വേണ്ട എന്ന് കനക ദുര്‍ഗ തീരുമാനിച്ചിരിക്കാം.

പക്ഷേ കടക്കരുത് എന്നു തടഞ്ഞ ഒരമ്പലത്തില്‍ രണ്ടാം നവോത്ഥാന നായികയായി കടന്ന ഒരു സ്ത്രീ, കടക്കരുത് എന്നു തടയുന്ന താനന്തിയുറങ്ങുന്ന വീട്ടില്‍ എനിക്കു കടന്നേ പറ്റൂ ഒരു ദിവസമെങ്കിലും എന്നു പറഞ്ഞിരുന്നെങ്കില്‍, അതിനെനിക്കു പൊലീസ് സംരക്ഷണം വേണം എന്നാവശ്യപ്പെട്ടിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ?

അതോ അങ്ങനെ ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവിനെ സ്‌റ്റേഷനില്‍ വരുത്തി വിസമ്മതം ഉറപ്പിച്ച് ബബ പ്രശ്‌നമൊഴിക്കല്‍ ബബ സര്‍ക്കാര്‍ താമസമൊരുക്കല്‍ ബബ സ്ഥിരം അനുരഞ്ജന ആചാരം അവിടെ നടന്നിരിക്കുമോ?

ശബരിമലയില്‍ കടന്ന സ്ത്രീ നമ്മുടെ സ്ത്രീയവസ്ഥയുടെ വീര്യപ്രതീകമാണ്. 'കുടുമ്മത്ത് കേറ്റാന്‍ കൊള്ളാതെ' പുറത്തു നില്‍ക്കുന്ന സ്ത്രീയാണ് നമ്മുടെ പൊതു യാഥാര്‍ത്ഥ്യം. അവിടെ ഒറ്റയാണിന്റെ മുന്നില്‍ കേരളത്തിന്റെ നവോത്ഥാന ഊര്‍ജം മുഴുവന്‍ ആവിയായിപ്പോകുന്ന ആ നാട്ടുനടപ്പു മാജിക്കാണ് നമ്മുടെ കുടുംബ, സ്ത്രീ പുരുഷ, ബന്ധങ്ങളുടെ തൊടാനറച്ച് സൗകര്യപൂര്‍വ്വം നാം മാറ്റിവെയ്ക്കുന്ന അകക്കാതല്‍....

പരിവാര്‍ എന്നാല്‍ കുടുംബം. പുറത്തെ സംഘ പരിവാരത്തെ തോല്‍പ്പിച്ചാലും അകത്ത് വിജയിക്കുന്ന യഥാര്‍ത്ഥ സംഘപരിവാരം..!

അയാള്‍ടെയൊരു ഹുങ്കേയ് എന്ന് എതിര്‍ ചൂണ്ടുന്ന ഭൂരിപക്ഷം ആണുങ്ങളും ഒന്നോര്‍ത്തു നോക്കണംബബബ
നാടു മുഴുവന്‍ നെരങ്ങി നടന്ന് വീട്ടിലെത്തണ നേരം കണ്ടില്ലേ..
ഏതമ്മയ്ക്ക് പിണ്ഡം വെയ്ക്കാനാ നീയെറങ്ങുന്നത് ....
എന്നെല്ലാം , സ്വന്തമോ കൂട്ടുകാരുടേയോ വീട്ടിലേക്കുള്ള, അല്ലെങ്കില്‍ തൊഴില്‍ സംബന്ധമായ പങ്കാളികളുടെ യാത്ര പോലെ മിനിമം സാമൂഹിക ഇടപെടലുകളെപ്പോലും നിങ്ങളെങ്ങനെ കാണുന്നുവെന്ന് ... ഓങ്ങുകയെങ്കിലും ചെയ്ത കയ്യിന്റെ തരിപ്പ് നിങ്ങളും അറിഞ്ഞിട്ടില്ലേയെന്ന്...
കനക ദുര്‍ഗയെ തടഞ്ഞ ആ ആണ്‍കയ്യൂക്കിലുള്ളത് ഒരു വര്‍ഗ്ഗത്തിന്റെ പാരമ്പര്യ അധികാര മൂലധനമാണ്.....

ഭര്‍ത്താവിന്റെ സമ്മതം ഇവിടെയാവശ്യമില്ല എന്നു പറഞ്ഞ് കനക ദുര്‍ഗ കേറിയാലുമില്ലെങ്കിലും അവര്‍ക്കു വേണ്ടി ആ വാതില്‍ തുറന്നു കിടക്കണം എന്നുറപ്പു വരുത്തുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യേണ്ടിയിരുന്നത്.

അയ്യപ്പനു മുന്നില്‍ ജയിച്ച സുപ്രീം കോടതി വിധി, കേരളത്തിന്റെ പുരോഗമന പ്രബുദ്ധത അതിന്റെ തന്നെ ആണത്തത്തിനു മുന്നില്‍ സമാധാനത്തോടെ പരാജയപ്പെട്ടിരിക്കുന്നു....!

ആക്റ്റിവിസ്റ്റിന്റെ വീട് (ബിലു പദ്മിനി നാരായണന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക