Image

വളര്‍ന്നിട്ടു വേണ്ടേ, മരിക്കുവാന്‍ (രാജു മൈലപ്ര)

Published on 24 January, 2019
വളര്‍ന്നിട്ടു വേണ്ടേ, മരിക്കുവാന്‍ (രാജു മൈലപ്ര)
(അമേരിക്കന്‍ മലയാള സാഹിത്യം)

'മലയാള കവിത മരിച്ചു' എന്നു പണ്ട് ഒരു വിലാപം കേട്ടിരുന്നു. 'കവിത' വായിച്ചാല്‍ ശരിയായ അര്‍ത്ഥം പിടികിട്ടാത്തതിനാലായിരിക്കാം, പാറപുസ്തകങ്ങളില്‍ പഠിച്ച ചില കവിതകള്‍ ഒഴികെ മറ്റൊന്നിനോടും എനിക്കൊരു ആകര്‍ഷണം തോന്നിയിട്ടില്ല. കവിതകളില്‍, വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢാര്‍ത്ഥം തിരഞ്ഞുപിടിച്ച് മനസ്സിലാക്കുവാനുള്ള ക്ഷമയും എനിക്കില്ല.

"അമേരിക്കന്‍ മലയാള സാഹിത്യം മരിക്കുകയാണ്' എന്നുള്ളതിന്റെ പൊരുള്‍ പിടികിട്ടുന്നില്ല. മലയാളി എവിടെ ചെന്നാലും മലയാളി തന്നെ ആണല്ലോ! വേണമെങ്കില്‍ "മറുനാടന്‍ മലയാളി' എന്നു പറയാം. അപ്പോള്‍ മൊത്തത്തില്‍ മലയാള സാഹിത്യത്തിന്റെ ഭാവിയെപ്പറ്റി ചന്തിക്കുന്നതായിരിക്കും നല്ലത്. കനമുള്ള സാഹിത്യകൃതികള്‍ മാത്രം പ്രസിദ്ധീകരിക്കുന്നവ എന്നവകാശപ്പെടുന്ന മാതൃഭൂമി, കലാകൗമുദി, സമകാലിക മലയാളം, ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ സര്‍ക്കുലേഷന്‍ ആയിരങ്ങളില്‍ ഒതുങ്ങുമ്പോള്‍, അവസാന അധ്യായത്തോടുകൂടി മനസ്സില്‍ നിന്നും അപ്പോള്‍ തന്നെ മാഞ്ഞുപോകുന്ന പൈങ്കിളി നോവലുകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന മനോരമ, മംഗളം തുടങ്ങിയ വാരികകളുടെ സര്‍ക്കുലേഷന്‍ ലക്ഷങ്ങളാണ്.

എന്തായാലും വിഷയം "അമേരിക്കന്‍ മലയാള സാഹിത്യം' എന്നതാണല്ലോ! കാലത്തെ അതിജീവിക്കുന്ന കൃതികള്‍ ഒന്നുംതന്നെ ഇതുവരെ ഇവിടെനിന്നും ഉണ്ടായിട്ടില്ല. ഇനി അതിനുള്ള സാധ്യതയുണ്ടെന്നും തോന്നുന്നില്ല. കാരണം, അമേരിക്കയിലെ വരുംതലമുറയ്ക്ക് മലയാളം അന്യമാകുന്നതുതന്നെ- അങ്ങു കേരളത്തിലും സ്ഥിതി ഏറെ വ്യത്യസ്തമൊന്നുമല്ല. കഴിഞ്ഞ കുറെ നാളുകളായി ബെന്യാമിന്റെ "ആടുവിലാപത്തിനു' പിന്നിലുള്ള വിലാപം മാത്രമാണ് കേള്‍ക്കുന്നത്.

കേരളത്തിലെ "ക്ലാസിക്' സാഹിത്യകൃതികളൊന്നും പല ഭാഷകളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തന്നെയും, ലോകശ്രദ്ധ ആകര്‍ഷിക്കപ്പെട്ടിട്ടില്ല. തകഴിയുടെ "ചെമ്മീന്‍' ചലച്ചിത്ര രൂപത്തില്‍ എത്തിയതുകൊണ്ടു മാത്രമാണ് അല്‍പമെങ്കിലും വിദേശശ്രദ്ധ നേടുവാന്‍ കഴിഞ്ഞത്.

ഇനി ഇവിടുത്തെ സാഹിത്യകാരന്മാരും, സാഹിത്യ സംഘടനകളും കൊട്ടാരക്കര ബോബിയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഒന്നും കൂടാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ, ഒന്നും കൂടാതിരിക്കുന്നതിനേക്കാള്‍ നല്ലത്'. ഈ സാഹിത്യ സംഘടനകളിലൊക്കെ സജീവമായി പങ്കെടുക്കുന്നത് പത്തോ, പതിനഞ്ചോ പേര്‍ മാത്രമാണ്. "അവര്‍ കൂടിക്കൊള്ളട്ടെ, ചര്‍ച്ചകള്‍ നടത്തട്ടെ- ഒന്നും ഇല്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ....'

എഴുത്തുകാരും എഴുതട്ടെ. ചില വായനക്കാര്‍ക്ക് ചവറെന്നു തോന്നുന്നത് മറ്റു ചിലര്‍ക്ക് ഉദാത്തമാണെന്നു തോന്നും. ആരെന്തു പറഞ്ഞാലും അവാര്‍ഡുകള്‍ ഒരു അംഗീകാരം തന്നെയാണ്. നാട്ടില്‍ പോയി, പണം മുടക്കി ഏതെങ്കിലും പേരില്‍ ഒരു അവാര്‍ഡ് സംഘടിപ്പിക്കുന്നത് നാണംകെട്ട പരിപാടിയാണ്. ആ അവാര്‍ഡിന്റെ മഹിമ അന്നത്തെ വെള്ളമടി പാര്‍ട്ടിയോടും, ഒരു ചെറിയ പത്രവാര്‍ത്തയോടുംകൂടി അവസാനിക്കുന്നു.

ഇവിടെയുള്ള പ്രസിദ്ധീകരണങ്ങളും, ദേശീയ സംഘടനകളും സാഹിത്യ അവാര്‍ഡ് നല്‍കുന്നത് നല്ല കാര്യം തന്നെ. അമേരിക്കന്‍ സാഹിത്യകാരന്മാര്‍ക്ക് അഞ്ചു ഡോളറിന്റെ ഒരു പ്ലാക്ക് സമ്മാനിക്കുമ്പോള്‍, നാട്ടിലുള്ളവര്‍ക്ക് വലിയൊരു തുകയും അതോടൊപ്പം നല്‍കുന്നു.

അച്ചടി പ്രസിദ്ധീകരണങ്ങളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും അവാര്‍ഡ് നല്‍കുന്നത് നല്ലതുതന്നെ. അവാര്‍ഡ് ജേതാക്കള്‍ക്ക് "ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും, കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്പ'വുമൊന്നും നല്കാന്‍ അവര്‍ക്ക് സാമ്പത്തികശേഷിയില്ല.

എന്നാല്‍ ഫൊക്കാന, ഫോമ, പ്രസ്ക്ലബ് തുടങ്ങിയവര്‍ കേരളത്തില്‍ നല്‍കുന്നതുപോലെ, ഇവിടെ നല്‍കുന്ന അവാര്‍ഡിനൊപ്പം ആയിരം ഡോളറെങ്കിലും നല്‍കുന്നത് ആ അവാര്‍ഡിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുമെന്നു ഞാന്‍ കരുതുന്നു.

അടിക്കുറിപ്പ്: അമേരിക്കന്‍ മലയാള സാഹിത്യം വളര്‍ന്നാലും, മരിച്ചാലും അതില്‍ അഭിമാനിക്കുവാനോ വിലപിക്കുവാനോ കുറെ കാലം കഴിയുമ്പോള്‍ ഇവിടെ ആരും ഉണ്ടാവില്ല.
Join WhatsApp News
അവശ എഴുത്തുകാരൻ 2019-01-25 08:10:53
അവാർഡിന് മൂല്യമായി 1000 ഡോളർ കൊടുക്കുമ്പോൾ അത് പഴയകാലത്തു കൊടുത്ത ഫലകം പൊന്നാട ഇവയൊക്ക കണക്കിലെടുത്ത് പിൻകാല പ്രാബല്യത്തോടെ  കൊടുക്കണം എന്ന് അപേക്ഷിക്കുന്നു-  

Vayanakkaran 2019-01-25 08:39:07
Raju recommended $1000,instead of $5 palaka. Inium puthiya puthiya american ezhuthukar chadi veezhan olla sadhyada nam munnil kanunnu!!! Enne american sahithyam vayippichu kollum! Raju chumma kothippikkalle?
വളരുന്ന മലയാളം 2019-01-25 22:15:45
ഉണ്ട പക്രു : ഞാൻ വളരുന്ന മലയാളമാണ് 
ജഗതി : വളരുന്ന എന്നു മാത്രം പറയരുത് 
Show me the money 2019-01-25 20:18:59
അവാർഡിനും ഒരു അംഗീകാരം:
പ്ലാക്, പ്രശസ്തിപത്രം എന്നിവിടയോടൊപ്പം, ഒരു ക്യാഷ് അവാർഡ് കൂടി കൊടുക്കുന്നതിൽ തെറ്റില്ല. ആയിരത്തിൽ തുടങ്ങിയാൽ, അത് മറ്റു അവാർഡ് ദാതാക്കൾ കാലക്രമേണ, അവരുടെ അവാർഡിനു അംഗീകാരം കിട്ടുവാൻ കൂടുതൽ തുക കൊടുത്തുകൊള്ളും. അങ്ങിനെ ആയിരം, അയ്യായിരം, പതിനായിരം…. വാരി വലിച്ചു കൊടുക്കാതെ അര്ഹതപ്പെട്ട ഒരാൾക്ക് രണ്ടു വർഷത്തിൽ ഒരിക്കൽ കൊടുക്കണം. (രണ്ടു വർഷത്തിൽ ഒരിക്കൽ ആണല്ലോ പ്രധാന കൺവെൻഷനുകൾ). കേരളത്തിൽ നൽകുന്നതു പോലെ,  ഇവിടയുള്ള പത്രങ്ങളെയും, റിപോർട്ടർമാരെയും പ്രസ്ക്ലബ് പോലുള്ള പ്രസ്ഥാനങ്ങളും ക്യാഷ് അവാർഡിനു പരിഗണിക്കണം.
തിരെഞ്ഞുടുക്കുന്നവർക്കു അതിനുള്ള അറിവും പരിചയവും വേണം. ഇവിടെയുള്ളവർക്കു പണത്തിനു ആവശ്യിമില്ല എന്നൊരു ന്യായം വേണമെങ്കിൽ പറയാം. പണത്തിനു ആവിശ്യം ഉള്ളവരെ നോക്കിയല്ലല്ലോ മറ്റു എല്ലാ മേഖലകളിലും, സ്ഥലങ്ങളിലും അവാർഡുകൾ നൽകുന്നതു.

Sudhir Panikkaveetil 2019-01-26 09:20:59
ശ്രീ രാജു മൈലാപ്ര എഴുതിയത് അദ്ദേഹത്തിന്റെ 
കാഴ്ച്ച്ചപ്പാടും അഭിപ്രായവുമാണ്. സത്യം 
എന്തെന്നന്വേഷിക്കുന്നതിനേക്കാൾ ആരെങ്കിലും 
പറയുന്നത് കേട്ട് വിശ്വസിക്കുന്ന പാവം 
ജനങ്ങൾ അടങ്ങിയതാണ് സമൂഹം. സോവനീറിന്റെ 
താളുകളിൽ നിന്ന് പുസ്തകത്തിന്റെ  വിശാലമായ ലോകത്തേക്കു
അമേരിക്കൻ മലയാളസാഹിത്യം വളർന്നിട്ടുണ്ട്.
വളർച്ച അംഗീകരിക്കയില്ല,  നാട്ടിൽ എഴുതുന്നവർ 
മാത്രം എഴുത്തുകാർ എന്ന് ഉറച്ച് വിശ്വസിക്കുന്നവർ 
ഉണ്ട്. അമേരിക്കൻ മലയാളി എഴുത്തുകാർ വളരെ 
അധികം അപവാദങ്ങൾ പേറിയത്കൊണ്ട് 
അവർ ഒരു പരിഹാസപാത്രമായി എന്നത് കഷ്ടം.
എഴുത്തുകാർ തന്നെ പരിഹസിക്കുന്നവരോട് 
ചേർന്നുനിന്ന് മറ്റു എഴുത്തുകാരെ പരിഹസിക്കുന്ന 
പരിതാപകരമായ കാഴ്ച ഇവിടെയെ കാണാൻ കഴിയു. 
പ്രബുദ്ധരായ വായനക്കാർ വിരളമായ, 
തരം കിട്ടുമ്പോഴെക്കെ പരിഹസിക്കുന്ന ഒരു സമൂഹത്തിൽ 
ഇത്രയും വളര്ന്നത് തന്നെ വിജയമാണ്. 
സത്യമേവ ജയതേ....

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക