Image

അമേരിക്കയിലെ മലയാളസാഹിത്യത്തിന്റെ ഭാവി കിരണങ്ങള്‍ (ഭാഗം-1- ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 25 January, 2019
അമേരിക്കയിലെ മലയാളസാഹിത്യത്തിന്റെ ഭാവി കിരണങ്ങള്‍ (ഭാഗം-1-  ജോണ്‍ വേറ്റം)
അമേരിക്കയിലെ മലയാളസാഹിത്യത്തിന്റെ ഭാവി ഭാസുരമാകുമോ എന്ന സംശയവും, വരുംതലമുറയില്‍ നിന്നു മലയാളം വഴുതിപ്പോകുമെന്ന വിചാരവും, ഭാഷാസ്‌നേഹികളില്‍ ഉണ്ടാകുന്നത് ശ്രദ്ധേയമാണ്. അത് അര്‍ത്ഥവത്തായ ആകാംക്ഷയും വീക്ഷണവുമാണെങ്കിലും ഇപ്പോള്‍  ആകുലപ്പെടേണ്ടതുണ്ടോ? അമേരിക്കന്‍ മലയാളസാഹിത്യകാരന്മാരുടെ ഏറ്റവും വലിയ ആശ ഇവിടെ മലയാളം വളര്‍ത്തപ്പെടണമെന്നാണ്. അത് ഫലിക്കുമോ?

അര നൂറ്റാണ്ടിനു മുമ്പ്, അമേരിക്കയില്‍, ഒന്നുമില്ലയായ്മയില്‍ നിന്നും ഉണ്ടായതാണ് മലയാളസാഹിത്യം! അത് ആര്‍ജ്ജിച്ചതാണ് ഇന്ന് കാണപ്പെടുന്ന പുരോഗതി. സംഘടിത പരിശ്രമത്തിന്റെ സിദ്ധി! സ്വന്തം വളരുന്ന ഒന്നല്ല സാഹിത്യപ്രസ്ഥാനം. അത് വളര്‍ത്തപ്പെടേണ്ടതാണ്. ഗ്രന്ഥകര്‍ത്താവും പ്രസാധകനും വിതരണക്കാരനും ഉണ്ടെങ്കിലെ പുസ്തകം ക്രമമായി വായനക്കാരില്‍ എത്തുകയുള്ളൂ. അതിന് സൗകര്യം ഇല്ലാത്ത ഇടങ്ങളില്‍ വിമര്‍ശനം പരിഹാരമാകുമോ? അഹന്തയുടെയോ, നിഷ്ഠൂരശാസയുടെയോ, വിദ്വേഷത്തിന്റെയോ അപശബ്ദമല്ല വിമര്‍ശനം. അശ്ലീലഫലിതവും, നിരര്‍ത്ഥകമായ ആരോപണവും, വിമര്‍ശനത്തിന്റെ ശീര്‍ഷകങ്ങളല്ല. പ്രതകരണങ്ങള്‍, വ്യക്തിഹത്യ ചെയ്യുന്നതിനും പരിഹസിക്കുന്നതിനും സ്വകാര്യതാല്‍പര്യങ്ങള്‍ സ്ഥാപിക്കുന്നതിനും ആവതരുതല്ലോ. പിന്നെയോ പ്രതികരണം നിജവും നിഷ്പക്ഷവും രസകരവുമാകട്ടെ. സാഹിത്യപരമായ ബുദ്ധിയുപദേശം നല്‍കുന്ന വിമര്‍ശനം ആവശ്യമാണ്. പക്ഷെ, പരിതസ്ഥിതിയുടെ പൊരുത്തക്കേടുകള്‍ സാഹിത്യ പ്രസ്ഥാനത്തിന്റെ സ്വത്താണെന്ന് അവര്‍ കരുതരുത്.

അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ പുരോഗതിക്ക് ആവശ്യമായത് പിന്തുണയും സഹകരണവുമാണ്. മതവിഭാഗങ്ങളും സാംസ്‌ക്കാരികസംഘടനകളും വേണ്ടപോലെ സഹായിക്കുന്നില്ല. സാമൂഹ്യപുരോഗതിയുടെ മാര്‍ഗ്ഗം, ഒരു സാംസ്‌കാരിക സംഘത്തിലോ, മതവിഭാഗത്തിലോ, രാഷ്ട്രീയകക്ഷിയിലോ, ഒരു ഭരണകൂടത്തിലോ മാത്രം ഒതുങ്ങുന്നതല്ല. കൂട്ടായ്മയുടെ പ്രവര്‍ത്തനഫലമാണ്. അതുപോലെ, സാഹിത്യപ്രവര്‍ത്തനത്തിന്റെ പ്രത്യക്ഷമായ വികാസത്തിന്, കുടുംബസഹകരണമെന്നപോലെ, പൊതുപിന്തുണ വേണം. എങ്കിലും, പ്രോത്സാഹിപ്പിക്കും സഹായിക്കും എന്ന സദ് വചനങ്ങള്‍ സാംസ്‌ക്കാരിക സ്ഥാപനങ്ങളില്‍ ഉയരുന്നു. പക്ഷേ പ്രായോഗികമാകുന്നില്ല. താങ്ങ്തടികള്‍പോലെ പ്രവര്‍ത്തിക്കേണ്ടവര്‍ ഒഴിഞ്ഞു മാറുന്നോ? വഴിവിളക്കുകള്‍ കൊളുത്തുന്നവര്‍. വീട്ടുവെളിച്ചം കെടുത്താതിരിക്കട്ടെ.

പുരോഗതിയെ ബന്ധിക്കുന്ന പ്രതിസന്ധികള്‍ ഇവിടെയുമുണ്ട്. ഗ്രന്ഥകാരന്മാരുടെ പുസ്തകങ്ങള്‍ സ്വീകരിക്കുവാന്‍ പ്രാപ്തിയുള്ള പ്രസാധകരും, വിതരണം ഏറ്റെടുക്കുന്ന പുസ്തകശാലകളും ഇവിടെ ഉണ്ടാവണം. സാഹിത്യകാരന്മാര്‍ സ്വന്തം ചിലവില്‍ അച്ചടിപ്പിച്ചുകൊണ്ടുവരുന്ന പുസ്തകങ്ങള്‍ വില്‍ക്കാനുള്ള സൗകര്യം ഇവിടെയില്ല. വിലവാങ്ങാതെ വിതരണം ചെയ്യപ്പെടുന്ന വാര്‍ത്താവാരികള്‍ വാങ്ങിവായിക്കുന്നവര്‍ പുസ്തകങ്ങള്‍ വാങ്ങാറുമില്ല! അതുകൊണ്ട്, ഇവിടെയുള്ള ഗ്രന്ഥകാരന്മാരിലധികവും നേരിടുന്നത് സമ്പൂര്‍ണ്ണ നഷ്ടത്തെയാണ്! എന്നിട്ടും, അവര്‍ രചനയും പ്രസിദ്ധീകരണവും തുടരുന്നു. ധാര്‍മ്മിക തത്വങ്ങളെ മുറുകെപ്പിടിക്കുന്ന ഒരു സാഹിത്യകാരന്, ചിന്തിക്കാനും എഴുതാനും കഴിയാതെ ജീവിക്കുകയെന്നത് ദുഷ്‌കരമായ അനുഭവമായിരിക്കും.
പുസ്തക പ്രസിദ്ധീകരണത്തിനുവേണ്ടി കേരളീയപ്രസാധകരെ സമീപിക്കുന്ന പ്രവാസികള്‍ നേരിടുന്നതും, സ്വാഗതമല്ല, സ്വാര്‍ത്ഥതയാണ്. ഇപ്പോള്‍, കേരളത്തില്‍, പുസ്തകപ്രസിദ്ധീകരണമേഖലയില്‍ ഇടനിലക്കാര്‍ എന്നൊരു വിഭാഗം ഉദയം ചെയ്തിട്ടുണ്ട്. പ്രതിഫലം വാങ്ങിപുസ്തകം അച്ചടിപ്പിച്ച് പുസ്തകശാലകളില്‍ ഏല്‍പിക്കുന്ന സഹായികള്‍. ഇവരിലധികവും പ്രസാധകരെ പ്രസാദിപ്പിക്കുന്നവരാണ്. അങ്ങനെയും, എഴുതുകയും മുതല്‍മുടക്കുകയും ചെയ്യുന്ന വിദേശമലയാളികള്‍ ചൂഷണം ചെയ്യപ്പെടുന്ന!
അമേരിക്കന്‍ മലയാളസാഹിത്യരംഗത്തുള്ള സ്പ്ഷ്ടമായ പരിമിതികള്‍ കണ്ടിട്ടും, കേരളത്തോട് താരതമ്യം ചെയ്യുന്ന പരാമര്‍ശങ്ങളും ഇവിടെ ഉണ്ടാകുന്നുണ്ട്. അനവധി മലയാള മാദ്ധ്യമങ്ങളും, പ്രസാധകരും, പുസ്തകശാലകളും, വായനശാലകളും, ലക്ഷേപലക്ഷം പുസ്തകങ്ങളും, വിപുലമായ പുസ്തകമേളകളുമൊക്കെയുളള കേരളീയ സാഹിത്യമണ്ഡലത്തോട് അമേരിക്കന്‍ മലയാളസാഹിത്യ പരിശ്രമത്തെ താരതമ്യപ്പെടുത്തുന്നത് യുക്തിഭംഗമാണ്. എന്നുവരികിലും, അമേരിക്കന്‍ മലയാള സാഹിത്യത്തിനു വളരാന്‍ വേണ്ട ഊര്‍ജ്ജം ഉണ്ടാക്കുവാന്‍ സാധിക്കും. ഇവിടെയുള്ള മാധ്യമങ്ങളും, വായനക്കാരും, സാഹിത്യകാരന്മാരും, സാഹിത്യസംഘടനകളും, സാംസ്‌കാരിക പ്രസ്ഥാനങ്ങളും സംഘടിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഏകോപനശക്തിയില്‍ സുസ്ഥിതി ഉണ്ടാവും. ലോകമെമ്പാടുമുള്ള മലയാളികളെ അനുദിനം ആകര്‍ഷിക്കുന്ന, ഇവിടെയുള്ള മാദ്ധ്യമങ്ങള്‍ അതിന്റെ സൂചകമാണ്. ഉപജീവനത്തിനുവേണ്ടി സാഹിത്യരചന നടത്തുന്ന സാഹിത്യകാരന്മാരും ഇവിടെ വിരളമാണ്. സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കും, സാഹിത്യസമ്മേളനങ്ങള്‍ക്കും മറ്റും സംഭാവന നല്‍കുന്ന സഹൃദയരാണുള്ളത്. അതും വളര്‍ച്ചക്ക് സഹായകമാണ്.
(തുടരും...)

അമേരിക്കയിലെ മലയാളസാഹിത്യത്തിന്റെ ഭാവി കിരണങ്ങള്‍ (ഭാഗം-1-  ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക