Image

കിരണങ്ങള്‍ (ഭാഗം:2 -ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 29 January, 2019
കിരണങ്ങള്‍ (ഭാഗം:2 -ജോണ്‍ വേറ്റം)
അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും വിരൂപങ്ങളില്‍ നിന്ന്, സാഹിത്യം എന്തിന് എന്ന ചോദ്യവും പൊന്തിവന്നിട്ടുണ്ട്. ആചാരം, നിയമം, വിശ്വാസം, ശ്ലൈഹിക പരമാധികാരം, സാമൂഹികസ്വാധീനം എന്നിവ അടിസ്ഥാനമാക്കിയുള്ള സങ്കല്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും ഭിന്നസ്വരങ്ങളും ഉയര്‍ത്തുന്ന ഈ തല്‍ക്കാലപരിതസ്ഥിതിയില്‍, സത്യത്തിനും നീതിയിലും നിഷ്പക്ഷതയിലും ഉറച്ചു നില്‍ക്കുന്ന സാഹിത്യകാരന്മാര്‍ ര്കതസാക്ഷികളാകുന്ന കാഴ്ച ലോകം കണ്ടതാണ്. 'വളര്‍ച്ചക്ക് ചേരിചേരണമെന്ന തത്വം ഉയര്‍ത്തിപ്പിക്കുന്ന സാഹചര്യം ഇപ്പോഴും ഉണ്ട്. വെടിപ്പും വിശുദ്ധിയുമുള്ള മാനവസംസ്‌കാരത്തിന്റെ ആവശ്യം വിളിച്ചറിയിച്ചതും, അതിക്രൂരമായിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിച്ചതും, സമത്വസുന്ദരവും സ്വതന്ത്രവുമായ ഭരണരീതി വിഭാവനചെയ്തതും, ലോകസമാധാനത്തിന് രാഷ്ട്രബോധത്തെ തട്ടിയുണര്‍ത്തിയതും സാഹിത്യത്തിന്റെ സ്വാധീനമാണ്. മാനുഷബോധത്തെ ഉജ്ജ്വലമാക്കുന്ന ചിന്തപകരുന്നതിനും, വിജ്ഞാനലോകത്തേക്ക് നടത്തുന്നതിനും സാഹിത്യത്തിന് ശക്തിയുണ്ട്. അദ്ധ്വാനം കൊണ്ടും, സര്‍ഗ്ഗഭാവനകൊണ്ടും, നന്മകൊണ്ടും നിറയേണ്ടതാണ് സാഹിത്യം. അതിന്റെ വളര്‍ച്ച ക്രമാഗതമാണ്. ഭൂമിയില്‍ നിന്നും ആകാശത്തിലേക്ക് പറയുന്നുയരുന്ന ഗ്രീഫണ്‍ കഴുകന്‍ എത്രപ്രാവശ്യം ചിറകടിച്ചാല്‍ മുപ്പത്തി ഏഴായിരം അടി ഉയരത്തിലെത്തും?
ഭാഷയുടെ രൂപത്തിനും സാഹിത്യത്തിന്റെ സ്വഭാവത്തിനും കാലാനുസൃതമായ മാറ്റം സംഭവിക്കാറുണ്ടല്ലോ. ശാസ്ത്രസാങ്കേതികവിദ്യകളും വാര്‍ത്താവിനിമയരീതികളും പുരോഗമിച്ചതോടെ ദേശീയഭാഷകളുടെ ഉപയോഗം കുറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങളെ ഇണക്കിച്ചേര്‍ക്കുന്ന ഏതാനും ഭാഷകള്‍ പ്രാബല്യത്തില്‍ വന്നു. എന്നാല്‍ എല്ലാവര്‍ക്കും ഒരു പോലെ ഉപയോഗപ്രദമാകുന്ന, ലോകവ്യാപകമായ ഒരു പൊതുഭാഷ അഥവാ ഒരു ഏകലോകഭാഷയുടെ ആവശ്യം ഉണ്ടായിരിക്കുന്നു. അത് പരിഹരിച്ചാല്‍, ഏതൊരു ഗ്രന്ഥകാരനും വിവര്‍ത്തനത്തിലൂടെയും അല്ലാതെയും വിശ്വസാഹിത്യത്തിന്റെ വീഥിയിലെത്താം. അപ്പോഴും, ദേശീയഭാഷകള്‍ നിലനില്‍ക്കുമെന്നും കരുതാം.

ദേശാഭിമാനികളും, മലയാളികളെ മാനിക്കുന്നവരും, സ്വദേശത്തെ സ്‌നേഹിക്കുന്നവരുമാണ് അമേരിക്കയിലെ മലയാളി സാഹിത്യകാരന്മാര്‍. അവര്‍, ഇവിടുത്തെ, മലയാളസാഹിത്യരംഗത്തെ ഗൗരവത്തോടെ വീക്ഷിക്കുകയും ജാഗ്രതയോടെ വളര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ വിദേശഭൂമിയില്‍ സ്ഥിരതാമസത്തിന് വരുന്നതിന് മുമ്പും, വന്നതിനുശേഷവും, ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചവര്‍ അവരുടെ ചെറുസമൂഹത്തിലുണ്ട്. സാഹിത്യത്തിന്റെ വികാസത്തിന് ബോധപൂര്‍വമായ പ്രവൃത്തിവേണമെന്നും അവര്‍ക്കറിയാം. എങ്കിലും, ഭാവിനന്മയ്ക്ക്, നിലവിലുള്ള പ്രതിസന്ധികളെ അതിജീവിക്കുവാന്‍ കഴിയണം.

അമേരിക്കയില്‍ ദീര്‍ഘകാലം വസിച്ചതിനുശേഷം, സമ്പന്നതയും സുരക്ഷയുമുപേക്ഷിച്ചു ജന്മനാട്ടില്‍ മടങ്ങിയെത്തുന്നവരുണ്ട്. എന്നാലും, മനോസുഖം ലഭിക്കാതെ മക്കളിലേക്ക് മടങ്ങിവരുന്നവരുണ്ട്. അവര്‍ കേരളത്തെ കാണുന്നതും, ആ മനോഹരഭൂമിയുടെ ശബ്ദം കേള്‍ക്കുന്നതും, മലയാള ഭാഷയിലൂടെയാണ്. അതുകൊണ്ട്, അമേരിക്കയില്‍ മലയാളസാഹിത്യം നിലനിര്‍ത്താന്‍ അവരും ശ്രമിക്കും. അങ്ങനെയാണെങ്കിലും പഴമക്കാരില്‍ നിന്നും വ്യത്യസ്തരായ തലമുറകളായിരിക്കും അവരെ പിന്നീട് മുന്നേറുന്നത്. പുതുതലമുറക്ക് ഭൂതകാലം ചരിത്രവും, ഭാവിലോകം പടവുകളുടേതുമായിരിക്കും. അവരുടെ അറിവും അനുഭവങ്ങളും നൂതനമായിരിക്കും. അമേരിക്കസ്വദേശവും കേരളം വിദേശവുമായിരിക്കും. സൂക്ഷ്മപരിജ്ഞാനം മൂല്യവത്തായിരിക്കുന്ന ഇക്കാലത്ത്, പുരോഗതിക്കുവേണ്ടി അദ്ധ്വാനിക്കുന്നവര്‍ ബോധനം കൊണ്ട് നിറയണമെന്ന് അവര്‍ പഠിപ്പിക്കും. ജ്ഞാനം മനുഷ്യമനസ്സിനെ ശാക്തീകരിക്കുന്നതും, വിശ്വാസത്തെ തിരുത്തുന്നതും, സംസ്‌കാരത്തെ നവീകരിക്കുന്നതുമാണല്ലോ. ഭാവിയില്‍, ഈ സമ്പന്നഭൂമിയില്‍, ജന്മമെടുക്കുന്ന പുത്തന്‍തലമുറ, അവരുടെ പൂര്‍വ്വികരില്‍ നിന്നും വ്യത്യസ്തരായിരിക്കും. അവരിലൊരുഭാഗം അന്യമതങ്ങളില്‍ ചെന്നുചേരും. മറ്റൊരുഭാഗം ജാതിമതചിന്തകള്‍ക്കതീതമായ ചിന്തനങ്ങളുമായി അവരവരുടെ നന്മക്കുവേണ്ടി പാഞ്ഞുപോകും. ലോകത്തിന്റെ മാറുന്ന ഭാവങ്ങള്‍ക്കനുസരിച്ച്, മലയാളികളുടെ പിന്‍ഗാമികള്‍ സുഖവും സമാധാനവും അനുഭവിച്ചു ജീവിക്കും. ക്രമേണ, അമേരിക്കന്‍ മലയാളിയുടെ പിന്‍തലമുറകള്‍, മലയാളികളും മലയാളം സംസാരിക്കുന്നവരും ആകാതെ, സമയത്തിനൊപ്പം സഞ്ചരിച്ച് മറഞ്ഞുപോകും. അപ്പോഴും, കേരളത്തില്‍നിന്നും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും മലയാളം വായിക്കുന്നവരും സാഹിത്യസ്‌നേഹികളും സ്ഥിരതാമസത്തിന് അമേരിക്കയില്‍ വന്നുകൊണ്ടിരിക്കും. അങ്ങനെ ക്രമാനുഗതമായി വരുന്ന മലയാളികള്‍ ഇവിടുത്തെ മലയാളസാഹിത്യമേഖല ഏറ്റുവാങ്ങും. ആ കര്‍മ്മപരിപാടി തുടരും. അതിലൂടെ മലയാളിസാന്നിദ്ധ്യം നിത്യനൂതനമായി നിലകൊള്ളും. ഈ പുണ്യഭൂമിയില്‍ മലയാളിയുടെ കുടിയേറിപ്പാര്‍പ്പ് നിയമം മൂലം അവസാനിപ്പിക്കുന്നതുവരേക്കും ഇത് നിലനില്‍ക്കും! അതുകൊണ്ട് അമേരിക്കയിലെ മലയാളസാഹിത്യം അറ്റുപോകുമെന്ന ആശങ്ക അസ്ഥാനത്താണ്.

ഇന്നത്തെ അവസ്ഥയില്‍ നിന്നുകൊണ്ട്, വിവിധവസ്തുതകളിലൂടെ വര്‍ത്തമാന ഭാവികാലങ്ങളിലേക്ക് നോക്കുമ്പോള്‍, അമേരിക്കയിലെ മലയാള സാഹിത്യമേഖല അഭംഗം നിലക്കുമെന്നും ബോധപൂര്‍വ്വം വളര്‍ത്തപ്പെടുമെന്നും ആത്മാഭിമാനത്തോടെ പറയാം!
(അവസാനിച്ചു)

കിരണങ്ങള്‍ (ഭാഗം:2 -ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക