Image

അഭയാര്‍ത്ഥി (ഗദ്യ കവിത-വാസുദേവ് പുളിക്കല്‍)

Published on 03 February, 2019
അഭയാര്‍ത്ഥി (ഗദ്യ കവിത-വാസുദേവ് പുളിക്കല്‍)
പഞ്ചഭൂത നിര്‍മ്മിതമാം ശരീരം നശ്വരം

ദിവ്യചൈതന്യം തുളുമ്പുമാത്മാവനശ്വരം

എങ്കിലുമാത്മാവൊരഭയാര്‍ത്ഥി.

നിഷ്‌ക്കാമകര്‍മ്മത്താല്‍ പാപക്കറകള്‍ നീക്കി

തിളക്കമാര്‍ജ്ജിക്കാനാത്മിവിനു വേണം

ശരീരംപലവട്ടമിതു പുനര്‍ജന്മത്തിന്‍ ന്യായം.

ഭഗീരഥിയും മന്ദാകിനിയുമൊന്നിക്കും

രുദ്രപ്രയാഗയിലവരും ഗംഗാതീര്‍ത്ഥം.

അതുവരെയൊഴുകിയ പ്രദേശമവര്‍ക്കന്യം

പിന്നയൊരു തിരിച്ചുപോക്കില്ലങ്ങോട്ട്.

ഇന്ദ്രിയങ്ങളെയന്തര്‍മുഖമാക്കി

ജീവാത്മാവിനെ പ്രകാശിപ്പിക്കുമ്പോള്‍

മനസ്സിന്റെ തടാകത്തിലില്ലോളങ്ങള്‍

സ്വച്ഛമാം ജലപ്പരിപ്പിന്നടിത്തട്ടിലും

കാണാം സൂര്യന്റെ പ്രതിച്ഛായ

പ്രകാശം പ്രസരിക്കും ആത്മവിശുദ്ധിയില്‍

ജീവാത്മാവിന്‍ ലയനം പരമാത്മാവില്‍

ജനിമൃതികളില്ലാ സായൂജ്യത്തിന്‍ ദിവ്യോത്സവം

പിന്നീടഭയസ്ഥാനമല്ല ശരീരമാത്മാവിന്.


ശരീരത്തിനും വേണം തലചായ്ക്കാനിടം

മനസ്സില്‍ നീറും ഉണങ്ങാത്ത മുറിവുമായ്

വീടുവിട്ടിറങ്ങമ്പോളഭയമെവിടെയെന്ന

ചോദ്യമലട്ടിയിരുന്നെന്‍ മനസ്സിനെ.

അശരണര്‍ക്കഭയമമ്പലങ്ങളെന്നൊരു

ചിന്തയുണര്‍ന്നു മനസ്സിന്നകത്തളത്തില്‍.

'ഗുരുവായൂരമ്പല നടയില്‍ ഞാന്‍ പോകും'

ഗാനശകലം ഊറിയൂറി വന്നെന്‍ മനസ്സില്‍.

ഏകാഗ്രതക്ക് ഭംഗം വരുത്തും ജനപ്പെരുപ്പം.

വേണ്ടെന്നു വച്ചു ഗുരുവായൂരമ്പല നട.


'യാദേവി സര്‍വ്വഭൂതേഷു ലക്ഷ്മി രൂപേണ

സംസ്തിതാത് നമസ്തസ്യേ നമസ്തസ്യേ ---''

അഭയം പ്രാപിക്കാം ധനദേവതയില്‍

തൊഴുതുനമസ്‌ക്കരിച്ചു ദേവീക്ഷേത്രനടയില്‍.

തീര്‍ന്നില്ലേ ധനമോഹം? എന്നന്തഃക്കരണത്തിന്‍ .

ഉല്‍ബോധനം പോലുയര്‍ന്നുവന്നൊരു ചോദ്യം.

ധനമോഹമാം ഭൗതികതയുടെ വശ്യതയിലല്ലയോ

നഷ്ടമായത് ധനവും ബന്ധങ്ങളും സ്‌നേഹവും.

സ്ര്തീലമ്പടനും കള്ളനുമെന്ന് മുദ്രകുത്തല്‍.

ക്ഷേത്ര സന്നിധിയില്‍ മനസ്സു പ്രശാന്തം

അവാച്യമാമൊരാനന്ദത്തിന്നനുഭൂതി.


ഓണനിലാവുകളെത്ര കണ്ടു, ശരീരമുലഞ്ഞു.

കണ്മുന്നില്‍ വരുമെന്നു കരുതിയില്ലൊരിക്കലും

കണ്ണീരും പൊറുക്കണമെന്നയപേക്ഷയുമായവള്‍.

പെണ്‍മോഹിയല്ല, കള്ളനല്ല, വഞ്ചകനുമല്ല ഞാന്‍

വിധിയുടെ ക്രൂരമാം വിളയാട്ടത്തില്‍ കാലിടറി

നിലം പതിച്ചൊരു ഹതഭാഗ്യനാണു ഞാന്‍.


കാണരുതീ മുഖമെന്നൊരിക്കല്‍ ഞാന്‍

ദേവതയെ കണക്കെ പൂജിച്ചയവളുടെ

നിര്‍ദ്ദയമാം ആക്രോശത്തിന്‍ പ്രതിധ്വനി

തങ്ങിനില്‍ക്കുന്നെന്‍ കാതുകളിലിപ്പൊഴും.

ലൗകികതയെ പുല്‍കാനില്ലിനിയാഗ്രഹം

ചിന്മയമാമാനന്ദത്തിന്‍ സ്വച്ഛത തേടി

പോകട്ടെ ഞാനെന്‍ വഴിയിലേകനായ്.


നെടിയൊരു നിശ്വാസവുമായയാള്‍

ശരീരം തേടിയലയുമാത്മാവു പോല്‍

നടന്നകന്നൊരഭയാര്‍ത്ഥിയായ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക