Image

റിപ്പോര്‍ട്ടര്‍: കൈലേഷ്‌, സമുദ്രക്കനി പ്രധാന വേഷത്തില്‍

Published on 15 April, 2012
റിപ്പോര്‍ട്ടര്‍: കൈലേഷ്‌, സമുദ്രക്കനി പ്രധാന വേഷത്തില്‍
വേണുഗോപന്‍ സംവിധാനംചെയ്യുന്ന റിപ്പോര്‍ട്ടറില്‍ മലയാളത്തിന്റെ യുവനായകനായ കൈലേഷ്‌, തമിഴിന്റെ ഹരമായ സമുദ്രക്കനി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശിക്കാറിലൂടെ ഏറെ ശ്രദ്ധേയനായ എസ്‌. സുരേഷ്‌ ബാബുവാണ്‌ ഇതിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്‌.
പ്രണയവും അന്വേഷണവും സസ്‌പെന്‍സും കോര്‍ത്തിണക്കിയുള്ള അന്വേഷണമാണ്‌ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌. ഇതിലെ കഥാപാത്രങ്ങളാകട്ടെ എല്ലാം ജനകീയ കഥാപാത്രങ്ങളാണ്‌.

ജനങ്ങളുമായി ഏറെ ബന്ധമുള്ള കഥാപാത്രങ്ങള്‍. സമൂഹത്തിലെ വിവിധ രംഗങ്ങളിലുള്ളവര്‍. അധ്യാപിക, കച്ചവടക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ അങ്ങനെ പോകുന്നു ഈ നിര.

നഗരത്തിലുണ്‌ടായ ഒരു ദുരന്തത്തിന്റെ പേരില്‍ ഇവിടെ വേട്ടയാടപ്പെടുന്നവര്‍ ആറുപേരാണ്‌. അവര്‍ കിഡ്‌നാപ്പ്‌ ചെയ്യപ്പെട്ടതുകൊണ്‌ടാണ്‌ വേട്ടയാടപ്പെടുന്നതും. ഈ കേസ്‌ അന്വേഷിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥനാണ്‌ ഗിരീഷ്‌ പാര്‍ത്ഥസാരഥി. പാലക്കാട്‌ ക്രൈംബ്രാഞ്ച്‌ എസ്‌പിയാണ്‌ ഇദ്ദേഹം.

ഇതിനിടയിലൂടെ വികസിക്കുന്ന ഒരു പ്രണയ കഥ. അനിമേറ്ററായ എബി മാത്യുവും ബധിര വിദ്യാലയത്തിലെ അധ്യാപികയുമാണ്‌ ഇതിലെ പ്രണയജോഡികള്‍. ഇവരുടെ പ്രണയവും കിഡ്‌നാപ്പുമെല്ലാം ഏകോപിച്ചെത്തുമ്പോഴാണ്‌ ഈ ചിത്രം പൂര്‍ണമാകുന്നതും.

എബി മാത്യു, സാറാ എന്നിവരെ കൈലേഷും അഭിനയയും അവതരിപ്പിക്കുന്നു. സമുദ്രക്കനിയാണ്‌ ഗിരീഷ്‌ പാര്‍ത്ഥസാരഥിയെ അവതരിപ്പിക്കുന്നത്‌. ചാനല്‍ റിപ്പോര്‍ട്ടര്‍ താരാ വിശ്വനാഥ്‌ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ അനന്യയാണ്‌. ജഗതി, മധുപാല്‍, ലെന, ശശി കലിംഗ, മുകുന്ദന്‍, കുഞ്ചന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മയുടെ ഗാനങ്ങള്‍ക്ക്‌ ശരത്‌ ഈണം പകര്‍ന്നിരിക്കുന്നു. സരയു ഫിലിംസിന്റെ ബാനറില്‍ ബാബുരാജ്‌ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

വാഴൂര്‍ ജോസ്‌
റിപ്പോര്‍ട്ടര്‍: കൈലേഷ്‌, സമുദ്രക്കനി പ്രധാന വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക