Image

സ്വാമിജിയോട്‌ (മിനി കഥ: സുധീര്‍ പണിക്കവീട്ടില്‍)

Published on 16 April, 2012
സ്വാമിജിയോട്‌ (മിനി കഥ: സുധീര്‍ പണിക്കവീട്ടില്‍)
(വാള്‍ത്തല അനേകരെ വീഴ്‌ത്തിയിട്ടുണ്ട്‌. നാവുകൊണ്ടു വീഴ്‌ത്തപ്പെട്ടവര്‍ അതിലേറെയാണ്‌. പഴയനിയമം - പ്രഭാഷകന്‍ -28)

`ഒരു സ്വാമി വന്നിരിക്കുന്നു. നമ്മുടെ ഏത്‌ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്ന സിദ്ധനാണ്‌. ചന്ദനത്തിരിയോ, മുന്തിരിങ്ങയോ, പഴമോ, കരിക്കിന്‍ വെള്ളമോ, ദക്ഷിണയോ ഒന്നും കൊടുക്കണ്ട.' ഈ വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു. ജനം മലവെള്ളം പോലെ സ്വാമിക്ക്‌ ചുറ്റും നിറയാന്‍ തുടങ്ങി.

സ്വാമി ദര്‍ശനം കഴിച്ചവര്‍ക്കൊക്കെ കാര്യ സിദ്ധിയുണ്ടായി. അവരെല്ലാം തന്മൂലം സന്തുഷ്‌ടരായിരുന്നു. ഇത്രയും ജനം നുണ പറയാന്‍ വഴിയില്ല. ഈശ്വരന്റെ അവതാരം പോലെ പൊതു ജനം പൂജിക്കുന്ന ഈ സിദ്ധനെ ഒന്നു കണ്ടാലോ എന്നയാള്‍ ആലോചിക്കാന്‍ തുടങ്ങി.

പക്ഷെ അയാളുടെ പ്രശ്‌നം മറ്റുള്ളവരെപോലെ, പരീക്ഷയില്‍ വിജയമോ, മനം പോലെയുള്ള മംഗല്യ ഭാഗ്യമോ, വ്യവഹാരമോ, ധനമോ ഒന്നുമല്ലായിരുന്നു. ഒരു പരദൂഷണ വീരന്‍ യതൊരു പ്രകോപനവുമില്ലാതെ വെറുതെ അയാളെയും കുടുംബത്തെയും നിന്ദിക്കുകയും, അവഹേളിക്കുകയും ചെയ്‌ത്‌ കൊണ്ടിരുന്നു. പരദൂഷണ വീരന്‍ ഒരു സുന്ദരനാണെന്നല്ലാതെ (ആകാര സൗഷ്‌ടവം) മറ്റു കാര്യങ്ങളില്‍ ആ പര (ദൂഷണ) അല്ലെങ്കില്‍ പാര അയാളുടെ മുന്നില്‍ വെറും വട്ടപൂജ്യമാണ്‌. പക്ഷെ ജനത്തിനു അസൂയയും, പരദൂഷണവും ഇഷ്‌ടമെന്നിരിക്കെ പരദൂഷണവീരന്റെ ശല്യം സഹിക്കാവുന്നതില്‍ അധികമായി.

ആയിരം കുടത്തിന്റെ വായ കെട്ടാമെങ്കിലും ഒരു മനുഷ്യന്റെ വായ കെട്ടാനാകില്ലെന്ന പഴംചൊല്ലു പറഞ്ഞ്‌ സ്വാമി തിരിച്ചയക്കുമോ എന്നയാള്‍ ശങ്കിച്ചു. കുറെ ആലോചനക്ക്‌ ശേഷം അയാള്‍ സിദ്ധനെ കാണാന്‍ തന്നെ തീരുമാനിച്ചു. കടുത്ത അസൂയ മൂലം ഒരാള്‍ തന്റെയും കുടുംബത്തിന്റേയും ജീവിതം ദുസ്സഹമാക്കുന്ന വിവരം അയാള്‍ പറഞ്ഞതെല്ലാം താടി തടവികൊണ്ട്‌ സിദ്ധന്‍ കേട്ടു. എന്നിട്ട്‌ പുഞ്ചിരിയോടെ ഇങ്ങനെ ഉപദേശിച്ചു.

നിങ്ങള്‍ അസൂയാര്‍ഹമായ ഒരു ജീവിതം നയിക്കുന്നതില്‍ സന്തോഷിക്കയല്ലേ വേണ്ടത്‌. നിങ്ങള്‍ വിജയത്തിന്റെ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ എന്തിനു പട്ടിയുടെ കുര ശ്രദ്ധിക്കുന്നു.

ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക