Image

കുവൈറ്റില്‍ ടയര്‍ കടയ്‌ക്ക്‌ തീപിടിച്ചു; വന്‍ നഷ്‌ടം

Published on 18 April, 2012
കുവൈറ്റില്‍ ടയര്‍ കടയ്‌ക്ക്‌ തീപിടിച്ചു; വന്‍ നഷ്‌ടം
കുവൈറ്റ്‌ സിറ്റി: ജഹ്‌റയിലെ ഉപയോഗംകഴിഞ്ഞ ടയറുകളുടെ വന്‍ കൂമ്പാരത്തിന്‌ തീപ്പിടിച്ചു. ജഹ്‌റ സിറ്റി, സഅദ്‌ അബ്ദുല്ല എന്നിവിടങ്ങളില്‍നിന്ന്‌ അഞ്ച്‌ കിലോമീറ്റര്‍ മാറി റഹിയ ഏരിയയില്‍ രൂപപ്പെട്ട്‌ കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന പഴയ ടയറുകളുടെ വന്‍മലക്ക്‌ ഇന്നലെ പുലര്‍ച്ചയോടെ തീപ്പിടിച്ചത്‌.

തീപ്പിടിത്തത്തിന്‍െറ കാരണം വ്യക്തമല്ല. ടയറുകളായതിനാല്‍ അതിവേഗത്തില്‍ തീ പടര്‍ന്നതോടെ നിമിഷങ്ങള്‍ക്കകം പ്രദേശം കനത്ത പുകയില്‍ മുങ്ങി. നിരവധി ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി കഠിന ശ്രമം നടത്തുന്നുണ്ടെങ്കിലും തീ നിയന്ത്രിക്കാനായിട്ടില്ല. ജഹ്‌റ, സബ്‌ഹാന്‍, സബിയ്യ, അര്‍ദിയ എന്നിവിടങ്ങളിലെ ഫയര്‍ സ്‌റ്റേഷനുകളില്‍നിന്നാണ്‌ ആദ്യം അഗ്‌നിശമന വാഹനങ്ങള്‍ കുതിച്ചെത്തിയത്‌. ഇത്‌ കൂടാതെ നാഷണല്‍ ഗാര്‍ഡ്‌, സൈന്യം, കുവൈത്ത്‌ ഓയില്‍ കമ്പനി എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിശമനസേനയും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്‌. നിരവധി ആംബുലന്‍സുകളും സ്ഥലത്തുണ്ട്‌.

തീപ്പിടിത്തത്തില്‍ ആളപായമുണ്ടാവുകയോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകേയാ ചെയ്‌തിട്ടില്ലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. ഇന്ന്‌ രാത്രിയോടെ തീ പൂര്‍ണമായും നിയന്ത്രിക്കാനാവുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കുവൈത്ത്‌ മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹ്മദ്‌ അല്‍ സബീഹ്‌ പറഞ്ഞു. ജനങ്ങള്‍ സംഭവ സ്ഥലത്തിനടുത്തേക്ക്‌ പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

സംഭവം സര്‍ക്കാര്‍ ഏറെ ഗൗരവത്തോടെയാണ്‌ കാണുന്നതെന്നും പ്രധാനമന്ത്രി ശൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അസ്വബാഹ്‌ തന്നെ നേരിട്ട്‌ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്‍ഫര്‍മേഷന്‍ മന്ത്രി ശൈഖ്‌ മുഹമ്മദ്‌ അല്‍ അബ്ദുല്ല അല്‍ മുബാറക്‌ അസ്വബാഹ്‌ അറിയിച്ചു.

ഏകദേശം 50 ലക്ഷം ടയറുകളെങ്കിലും ജഹ്‌റയിലെ ശേഖരത്തില്‍ ഉണ്ടാവുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. കാലങ്ങളായി രാജ്യത്തെ സ്വദേശികളും വിദേശികളുമടക്കം ഓടിച്ചുവന്ന വാഹനങ്ങളുടെ ടയറുകള്‍ ഗാരേജുകളില്‍നിന്നും വര്‍ക്ക്‌ഷോപ്പുകളില്‍നിന്നും ബലദിയ ബോക്‌സുകളിലേക്കും തുടര്‍ന്ന്‌ ഇവിടേക്കുമാണ്‌ എത്തിക്കൊണ്ടിരിക്കുന്നത്‌. വാഹനങ്ങളുടെ മറ്റ്‌ പാര്‍ട്‌സുകള്‍ അങ്കാറയിലെ സ്‌ക്രാപ്യാഡിലേക്കാണ്‌ പോകുന്നതെങ്കില്‍ ആര്‍ക്കും വേണ്ടാത്തതായിമാറുന്ന ടയറുകള്‍ ഭൂമിക്ക്‌ ഭാരമായി റഹിയയിലേക്കാണ്‌ ഒഴുകുന്നത്‌. മാസത്തില്‍ ശരാശരി 80, 000 ടയറുകള്‍ ഇവിടെയെത്തുന്നു എന്നാണ്‌ കരുതപ്പെടുന്നത്‌.

ഭാവിയിലെ ആവശ്യം കണ്ട്‌ ഇപ്പോഴുള്ള ഭാഗത്തോട്‌ ചേര്‍ന്ന്‌ കൂടുതല്‍ സ്ഥലം അനുവദിക്കണമെന്ന്‌ സര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജഹ്‌റ മുനിസിപ്പാലിറ്റി അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ പരിസരവാസികള്‍ അധികൃതരോട്‌ പ്രതിഷേധം പ്രകടിപ്പിച്ചുതുടങ്ങിയിരുന്നെങ്കിലും കാര്യമുണ്ടായിരുന്നില്ല. ഇതരരാജ്യങ്ങളിലേതുപോലെ ഉപയോഗിച്ചുകഴിഞ്ഞ ടയറുകള്‍ മറ്റ്‌ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന സംവിധാനം ഇല്ലാത്തതിനാലും നശിപ്പിക്കാനുള്ള പുതിയ രീതി സ്വീകരിക്കാത്തതിനാലുമാണ്‌ ഇവ കുന്നുകൂടുന്നത്‌. പ്‌ളാസ്റ്റിക്‌ ഉല്‍പന്നങ്ങളും ടയറുകളും സാധാരണഗതിയില്‍ നശിക്കണമെങ്കില്‍ ചുരുങ്ങിയത്‌ ആയിരം വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക