Image

യുഎഇയുടെ വിവിധോദ്ദേശ്യ ഉപഗ്രഹമായ യഹ്‌സാറ്റ്‌ വൈ1ബി വിക്ഷേപണം 24ന്‌

Published on 19 April, 2012
യുഎഇയുടെ വിവിധോദ്ദേശ്യ ഉപഗ്രഹമായ യഹ്‌സാറ്റ്‌ വൈ1ബി വിക്ഷേപണം 24ന്‌
അബുദാബി: യുഎഇയുടെ വിവിധോദ്ദേശ്യ ഉപഗ്രഹമായ യഹ്‌സാറ്റ്‌ വൈ1ബി കസഖ്‌സ്‌ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന്‌ അടുത്തയാഴ്‌ച വിക്ഷേപിക്കും. വിക്ഷേപണ വാഹനമായ ഐഎല്‍എസ്‌ പ്രോട്ടോണ്‍ ബ്രീസ്‌ എമ്മില്‍ ഉപഗ്രഹം സ്‌ഥാപിക്കുന്ന സുപ്രധാന പ്രക്രിയ പൂര്‍ത്തിയായി. ഇവിടെനിന്നു വിക്ഷേപണത്തറയിലേക്കു കൊണ്ടുപോകും. 24നു വിക്ഷേപിക്കാന്‍ കഴിയുംവിധമാണു ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കുന്നത്‌.

വിക്ഷേപണത്തിനു മുന്നോടിയായി ഇനിയും ചില പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്‌. അന്തിമഘട്ട പരീക്ഷണ, നിരീക്ഷണങ്ങള്‍ക്കു ശേഷമേ വിക്ഷേപിക്കൂ. 6,000 കിലോയിലേറെ ഭാരമുള്ള യഹ്‌സാറ്റ്‌ വൈ1ബി 15 വര്‍ഷത്തെ ദൗത്യത്തിനാണു രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. 14 കിലോവാട്ടാണു ശൂന്യാകാശ പേടകത്തിന്റെ കരുത്ത്‌. വിവിധ സര്‍ക്കാര്‍-വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള നൂതന ഉപഗ്രഹമാണിത്‌.

ഫ്രാന്‍സിലെ ടുലൂസ്‌ ഇഎഡിഎസ്‌ ആസ്‌ട്രിയം ഫെസിലിറ്റീസില്‍നിന്നു കഴിഞ്ഞമാസമാണ്‌ വിക്ഷേപണകേന്ദ്രത്തില്‍ ഉപഗ്രഹം എത്തിച്ചത്‌. ഇതേ ശ്രേണിയിലെ വാര്‍ത്താവിനിമയ ഉപഗ്രഹമായ യഹ്‌സാറ്റ്‌ വൈ1എ ഫ്രഞ്ച്‌ ഗയാനയിലെ യൂറോപ്യന്‍ സ്‌പേസ്‌ സെന്ററില്‍നിന്നു കഴിഞ്ഞവര്‍ഷം വിജയകരമായി വിക്ഷേപിച്ചിരുന്നു. 5.9 ടണ്‍ വരുന്ന ഈ ഉപഗ്രഹത്തിന്റെ ദൗത്യവും 15 വര്‍ഷത്തേക്കാണ്‌. ഈ വിജയം തുടര്‍പദ്ധതികള്‍ക്കു പ്രചോദനമായി.
യുഎഇയുടെ വിവിധോദ്ദേശ്യ ഉപഗ്രഹമായ യഹ്‌സാറ്റ്‌ വൈ1ബി വിക്ഷേപണം 24ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക