Image

ഒമാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; പത്തുപേര്‍ മരിച്ചു

Published on 20 April, 2012
ഒമാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; പത്തുപേര്‍ മരിച്ചു
മസ്‌കറ്റ്‌: ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട കനത്തമഴയില്‍ വ്യാപകനാശം. ആറുവയസുള്ള കുഞ്ഞടക്കം പത്തുപേര്‍ ഒഴുക്കില്‍പെട്ട്‌ മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ്‌ അറി
യിച്ചു.

വാദികള്‍ നിറഞ്ഞൊഴുകി രാജ്യത്തിന്‍െറ പല മേഖലകളിലും ഗതാഗതം താറുമാറായി. പലയിടത്തും റോഡുകള്‍ തകര്‍ന്നടിഞ്ഞു. മരിച്ചവരില്‍ കുഞ്ഞടക്കം ആറുപേര്‍ ഒമാനി സ്വദേശികളാണ്‌. യു.എ.ഇ സ്വദേശികളായ രണ്ടുപേരും രണ്ട്‌ പാകിസ്‌താനി സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കാണാതായ രണ്ട്‌ പാകിസ്‌താനികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്‌ ഒഴുക്കില്‍ വീടുകളിലും ഗ്രാമങ്ങളിലും കുടുങ്ങിപോയ നിരവധിപേരെ റോയല്‍ എയര്‍ഫോഴ്‌സിന്‍െറ ഹെലികോപ്‌റ്ററുകള്‍ എത്തി രക്ഷപ്പെടുത്തി. മുദൈബിയിലെ സിനാവിനടുത്ത്‌ വാദി അന്‍ദാമിലാണ്‌ നാല്‌ പാകിസ്‌താന്‍ സ്വദേശികള്‍ ഒഴുകിപോയത്‌. ഇവരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്താനായി.

തെക്കന്‍ ബാതിനയിലെ അവാബിയിലാണ്‌ ആറ്‌ വയസുള്ള കുഞ്ഞിന്‍െറ മൃതദേഹം ഒഴുക്കില്‍പെട്ട്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇബ്രിയിലെ വാദി തഈമില്‍ ഒഴുക്കില്‍പ്പെട്ട ഏഴ്‌ യു.എ.ഇ. സ്വദേശികളെ ഒമാന്‍ സൈനികര്‍ രക്ഷപ്പെടുത്തി. സമദ്‌ അല്‍ ഷാനടുത്ത്‌
നിസ്വക്കടുത്ത്‌ വാദി അബ്യദ്‌ നിറഞ്ഞൊഴുകി ആദമിലേക്കുള്ള റോഡ്‌ തകര്‍ന്നടിഞ്ഞത്‌ വന്‍ ഗതാഗത കുരുക്കിന്‌ ഇടയാക്കി. ഇസ്‌ ഗ്രാമത്തിനടുത്താണ്‌ റോഡ്‌ ഒഴുക്കില്‍ മുറിഞ്ഞുപോയത്‌. ഒമാന്‍െറ പല ഉള്‍പ്രദേശങ്ങളിലും റോഡുകളും കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞിട്ടുണ്ട്‌. ബിദ്‌ബിദില്‍ നിന്ന്‌ ഇബ്രയിലേക്കുള്ള റോഡില്‍ വാദി സഗ്‌നാനിയില്‍ റോഡ്‌ ഒഴുകിപോയതോടെ വന്‍ ഗതാഗത സ്‌തംഭനം അനുഭവപ്പെട്ടു. ചരക്കുകയറ്റിയ വന്‍ ട്രക്കുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. ചെറിയ വാഹനങ്ങള്‍ നാട്ടുകാര്‍ രംഗത്തിറങ്ങി താല്‍കാലിക വഴികളുണ്ടാക്കിയും വാദിയില്‍ കുടുങ്ങിയവ തള്ളികയറ്റിയും കടത്തിവിട്ടു.

ഇറാനില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്‍െറ ഫലമായി കഴിഞ്ഞ നാലുദിവസമായി ഒമാന്‍െറ പലയിടങ്ങളിലും മഴ ലഭിക്കുന്നുണ്ട്‌. എന്നാല്‍, ബുധനാഴ്‌ച രാത്രിയാണ്‌ തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, വുസ്‌ത, ദാഖിലിയ, തെക്കന്‍വടക്കന്‍ ബാതിന ഗവര്‍ണറേറ്റുകളില്‍ ശക്തമായ ലഭിച്ചത്‌. ശക്തമായ കാറ്റിന്‍െറയും ഇടിമിന്നലിന്‍െറയും അകമ്പടിയോടെ രാത്രി ആരംഭിച്ച മഴ പുലരുന്നത്‌ വരെ പെയ്‌തു.

ശര്‍ഖിയ ഗവര്‍ണറേറ്റിലെ ജഅ്‌ലാന്‍ ബനി ബൂആലി, ജഅ്‌ലാന്‍ ബനി ബൂഹസന്‍ എന്നിവിടങ്ങളിലാണ്‌ ഏറ്റവും കുടുതല്‍ മഴ രേഖപ്പെടുത്തിയത്‌.

ഗതാഗതം തകരാറിലായതിനെ തുടര്‍ന്ന്‌ വാരാന്ത്യ അവധിക്ക്‌ മുന്നോടിയായി നടക്കേണ്ട നിരവധി പരിപാടികള്‍ മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്‌.
ഒമാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; പത്തുപേര്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക