Image

ഡോ.തോമസ് തറയിലിന് ജര്‍മന്‍ നഗരത്തിന്റെ ആദരം

Published on 23 March, 2019
ഡോ.തോമസ് തറയിലിന് ജര്‍മന്‍ നഗരത്തിന്റെ ആദരം

 
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ മലയാളിയും ഫ്രാങ്ക്ഫര്‍ട്ടിലെ ബാഡ്‌സോഡനില്‍ താമസിക്കുന്ന ഡോ.തോമസ് തറയിലിനെ ബാഡ്‌സോഡന്‍ നഗരം ആദരിച്ചു. ബാഡ്‌സോഡനില്‍ നടന്ന ചടങ്ങില്‍ നഗരസഭാ മേയര്‍ ഡോ. ഫ്രാങ്ക് ബ്‌ളാഷ് ഡോ. തോമസിന് പുരസ്‌കാരം നല്‍കി ആദരിച്ചു.

കഴിഞ്ഞ 16 വര്‍ഷമായി ബാഡ്‌സോഡന്‍ നഗരത്തിന്റെ വിദേശികളുടെ ഉപദേശക സമിതിയില്‍ അംഗമായ ഡോ.തോമസിന്റെ സേവനത്തെ മുന്‍നിര്‍ത്തിയാണ് തോമസിനെ ആദരിക്കുന്നതെന്ന് മേയര്‍ ഡോ. ബ്‌ളാഷ് പറഞ്ഞു. ഇതാദ്യമായാണ് ഒരു വിദേശിക്ക് ഇത്തരത്തിലൊരു പ്രത്യേക ആദരം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നഗരത്തിന്റെ അധീനതയില്‍ വസിക്കുന്ന വിദേശികള്‍ക്ക് പലവിധത്തിലുള്ള സേവനം ചെയ്തതുവഴി ഡോ.തോമസ് വിദേശികള്‍ക്കും ജര്‍മന്‍കാര്‍ക്കും നല്ലൊരു മാതൃകയാണന്ന് മേയര്‍ പറഞ്ഞു. ജര്‍മന്‍ ഭാഷ, ഓഫീസ് കാര്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്, ജര്‍മന്‍ സമൂഹവുമായിട്ടുള്ള സംയോജനം, സമാധാനപരമായ ആശയവിനിമയം തുടങ്ങിയ കാര്യങ്ങളില്‍ വിദേശികളെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ഡോ.തോമസ് എന്ന് ചടങ്ങില്‍ പങ്കെടുത്ത നഗരസഭാ കൗണ്‍സില്‍ പ്രസിഡന്റ് ഹെല്‍മുട്ട് വിറ്റ് അഭിപ്രായപ്പെട്ടു.

വിശ്രമജീവിതം നയിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശിയായ ഡോ.തോമസ് പ്രാദേശികതലത്തില്‍ പല ക്ലബുകളിലും അംഗമാണ്. കഴിഞ്ഞ 11 വര്‍ഷമായി തുടര്‍ച്ചയായി ജര്‍മന്‍ സ്‌പോര്‍ട്‌സ് ബാഡ്ജ് നേടിയ വ്യക്തിയെന്ന നിലയില്‍ ഡോ.തോമസ് കായിക മേഖലയിലും സുപരിചിതനാണ്. മുന്‍പ് ബയേണിന്റെയും ഓസ്ട്രിയുടെയും സ്‌പോര്‍ട്‌സ് ബാഡ്ജ് നേടിയിട്ടുണ്ട്. 

ഡോ.ഏലിക്കുട്ടിയാണ് ഭാര്യ. മകന്‍ ഡോ.റോബിന്‍ തോമസ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക