Image

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 12- (ജോര്‍ജ് പുത്തന്‍കുരിശ് )

ജോര്‍ജ് പുത്തന്‍കുരിശ് Published on 25 March, 2019
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 12- (ജോര്‍ജ് പുത്തന്‍കുരിശ് )

സ്റ്റീവ് ജോബ്‌സ്
'എന്റെ മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നുള്ള ചിന്തയാണ് എന്റെ ജീവിതത്തിലെ പല നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് എനിക്ക് ഉപകരിച്ചിട്ടുള്ളതും,  ഞാന്‍ ഇന്നുവരെ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല ആയുധവവും. കാരണം, എല്ലാംതന്നെ, നമ്മളുടെ അന്യമായ പ്രതീക്ഷകള്‍,  എല്ലാ ഗര്‍വ്വും, മറ്റുള്ളവരുടെ മുന്‍പില്‍ നാം ലജ്ജിതരും പരാജിതരും ആവുമോ എന്ന ഭയവും, ഇവയെല്ലാം മരണത്തിന്റെ മുന്നില്‍ തകര്‍ന്ന് തരിപ്പണമാകുകയും നമ്മള്‍ക്ക് ജീവിതത്തില്‍ മുഖ്യമായത് അവശേഷിക്കുകയും ചെയ്യും.' കംമ്പ്യൂട്ടറിനെ കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകളെ എന്നന്നേക്കുമായി മാറ്റി മറിക്കണമന്നെള്ള കാഴ്ചപ്പാടോടുകൂടി ആപ്പിള്‍ കംമ്പ്യൂട്ടറിനെ നവീകരിച്ച   സ്റ്റീവ് ജോബിന്റെ വാക്കുകളാണ് മേലുദ്ധരിച്ചവ.' നമ്മള്‍ ഏതൊരു ജോലിയാണോ ചെയ്യുന്നത് അതില്‍ മുഴുവനായും ജീവിതത്തെ നിമജ്ജനം ചെയ്യുക. നിങ്ങള്‍ ജോലിയില്‍ സംത്യപ്തരാവണെമെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന ജോലി ഏറ്റവും മഹത്വകരമായി ചെയ്യണം. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ജോലി കണ്ടെത്തിയില്ലെങ്കില്‍ കണ്ടെത്തുന്നതു വരെ അന്വേഷണം തുടര്‍ന്നു കൊണ്ടേയിരിക്കുക. നാം അത് കണ്ടെത്തുമ്പോള്‍ മറ്റെല്ലാ കാര്യത്തിലെന്നപോലെ നമ്മളുടെ ഹൃദയം അത് മനസ്സിലാക്കും.  ജീവിതത്തിന്റെ കഠിന പരീക്ഷണങ്ങളിലൂടെ പോയിട്ടും അതിനെയെല്ലാം അതിജീവിച്ച ഈ ഫീനിക്‌സ് പക്ഷിയുടെ കഥ ആര്‍ക്കും പുതുജീവന്‍ നല്‍കുവാന്‍ തക്കവണ്ണം  ശക്തമാണ്. 

അബ്ദുല്‍ ഫത്താ ജന്‍ഡാലിന്റേയും ജ്വോനിന്റേയും മകനായി സ്റ്റീവ് പോള്‍ ജോബ്‌സ് ആയിരത്തി തൊള്ളായിരത്തി അന്‍പത്തി അഞ്ചില്‍ ജനിച്ചെങ്കിലും പോളിന്റേയും ക്ലാരാ ജോബിന്റേയും വളര്‍ത്തുപുത്രനായിട്ടാണ് വളര്‍ന്നത്. ഫത്താ ജന്‍ഡാല്‍ സിറിയയില്‍ നിന്ന് ഉപരി പഠനത്തിനായി വിസ്‌കോണ്‍സണില്‍ താമസിക്കുമ്പോളാണ് സ്റ്റീവ് ജോബ്‌സിന്റെ അമ്മയുമായി പരിചയപ്പെടുന്നതും പിന്നിട് വിവാഹം കഴിക്കുന്നതും. ഒരു കാതോലിക്ക കുടുംബത്തില്‍ നിന്നുള്ള സ്റ്റീവിന്റെ അമ്മ സിറിയാക്കാരനായ ഒരു മുസ്ലിം യുവാവിനെ വിവാഹം കഴിക്കുന്നത് ജ്വോനിന്റെ മാതാപിതാക്കള്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല.  സ്റ്റീവ് ജോബ്‌സിന്റെ വളര്‍ത്തച്ഛനാകട്ടെ ഒരു മദ്യപാനിയുടേയും ആഭാസന്റേയും മകനായിരുന്നു. സ്റ്റീവ് ജോബിന്റെ അമ്മയുടെ പിതാവ് ഒരു ഉഗ്രശാസനനും മകളുടെ വിവാഹം ജന്‍ഡാലുമായി നടത്തുന്നതിനെ ഒരിക്കലും അംഗീകരിച്ചിരുന്നതുമില്ല. ഗത്യന്തരമില്ലാതെ ആ മാതാവ് മകനെ ദത്തെടുക്കലിനായി നല്‍കി. അങ്ങനെയാണ് സ്റ്റീവ് ജോബ് പോള്‍ ജോബ്‌സിന്റെയും ക്ലാരയുടേയും വളര്‍ത്തു മകനായി തീര്‍ന്നത്.

പോളും ക്ലാരയും ആയിരത്തി തൊള്ളായിരത്തി അന്‍പത്തി ഏഴില്‍ സ്റ്റീവ് ജോബിന്റെ സഹോദരിയായ പറ്റ്‌റീഷിയെ വളര്‍ത്തു മകളായി സ്വീകരിച്ചു. അതിനു ശേഷം അവരുടെ കുടുംബം ക്യാലിഫോര്‍ണിയിലേക്ക് മാറി താമസിച്ചു. ഈ സമയത്താണ് സ്റ്റീവിന്റെ വളര്‍ത്തച്ഛന്‍, പോള്‍ സ്റ്റീവിനായി ഒരു പണിമേശ ഉണ്ടാക്കി കൊടുത്തത്. തന്റെ സാങ്കേതിക വിദ്യയിലുള്ള മികവ് മകനിലേക്ക് പകരുന്നതിന്റെ സ്‌നേഹ സുചകമായിട്ടാണ് പോള്‍ ഈ മേശ മകന് നല്‍കിയത്. സ്റ്റീവിന് വളര്‍ത്തച്ഛന്റെ കഴിവുകളില്‍ വളരെ മതിപ്പായിരുന്നു. വീട്ടിലേക്കാവശ്യമുള്ള മേശയും കസേരകളും ഉണ്ടാക്കുമ്പോള്‍ ആ വളര്‍ത്തച്ഛന്‍ സ്റ്റീവിന് ആയുധങ്ങള്‍ നല്‍കി തന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാക്കി. അങ്ങനെ സ്റ്റീവിന്റെ താത്പര്യം ഇലക്ട്രാണിക്കിലേക്കും തിരിഞ്ഞു. സ്റ്റീവിന് സമപ്രായക്കാരുമായി സൗഹൃദം സ്യഷ്ടിക്കുന്നതിന് ബുദ്ധിമുട്ടായിരുന്നു എന്നാല്‍ ചുറ്റുപാടുമുള്ള തന്നെക്കാള്‍ മുതിര്‍ന്ന ഏന്‍ഞ്ചിനേഴ്‌സുമായി സുഹൃദ്ബന്ധം സ്ഥാപിക്കുന്നത് അനായാസകരമായിരുന്നു.

സ്റ്റീവ് ജോബിന്റെ സംഭവബഹുലമായ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിലെ ഒരു സുപ്രധാന സമയമായിരുന്നു റീഡ് കോളേജിലെ പഠനം. വളരെ പണചിലവുള്ള ഈ കോളേജിലെ മകന്റെ പഠനത്തിനായി പോളും ക്ലാരയും അവരുടെ സാമ്പാദ്യം ചിലവിട്ടു. അതെ സമയത്ത് റീഡ് കോളേജ് ബുദ്ധിജീവികളുടെ ഒരു സംഗമ സ്ഥലം കൂടിയായിരുന്നു. ഈ സമയത്താണ് സ്റ്റീവ് ജോബസ് പൗരസ്ത്യ യോഗാത്മകതത്വത്തിലും അദ്ധ്യാത്മാദര്‍ശനത്തിലും ആകൃഷ്ടനായത്.  ജീവിതത്തിന്റെ സത്യം എന്താണെന്ന ന്വേഷിച്ചിരുന്ന പല ധീഷണശാലികളേയുമായി സ്റ്റീവ് പരിചയപ്പെട്ടത് ഇവിടെ വച്ചായിരുന്നു.  അതില്‍ മനശാസ്ത്രജ്ഞനും ജീവിതത്തില്‍ ആനന്ദത്തിനും വിശ്രമത്തിനുമായി  നിയന്ത്രതിമായി മയക്കുമരുന്നുപയോഗിക്കുന്നതില്‍ തെറ്റില്ലെന്നു വാദിച്ചിരുന്ന റ്റിമത്തീ ലീറിയും, അദ്ധ്യാത്മിക ഗുരുവും,  നീം കരോളി ബാബയുടെ പിന്‍ഗാമിയും, സ്പിരിച്ച്വാലിറ്റി, യോഗ, മെഡിറ്റേഷന്‍ ഇവയെ ആസ്പദമാക്കി എഴുതിയ 'ബി ഹിയര്‍ നൗ', 'ഡയറ്റ് ഫോര്‍ എ സ്മാള്‍ പ്ലാനറ്റ'് എന്നീ പ്രശസ്ത ഗ്രന്ഥങ്ങളുടെ   കര്‍ത്താവുമായ രാംദാസും (റിച്ചഡ് അല്‍പ്പര്‍ട്ട്), പ്രശസ്ത കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഗാറി സ്‌നൈയിഡറും ഉണ്ടായിരുന്നു എന്നത് പ്രത്യേകം പ്രസ്ഥാവ്യമാണ്.  അദ്ധ്യാത്മിക ഉള്‍കാഴ്ച തേടി സ്റ്റീവ ജോബസ് ഇന്ത്യയിലേക്ക് പോകുവാനുള്ള പ്രചോദനം ഇവിടെ നിന്നായിരിക്കും ലഭിച്ചത്. നീം കരോളി ബാബയെ കാണുവാന്‍ നൈനന്‍താളിലെ ഉത്തരകാന്ത് ക്ഷേത്രത്തില്‍ വന്നെങ്കിലും സാധിച്ചില്ല അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. പില്‍ക്കാലത്ത ഫെസ് ബുക്ക് സി.ഇ. ഒ മാര്‍ക്ക് സുക്കന്‍ബര്‍ഗ് ഇവിടം സന്ദര്‍ശിച്ചിരുന്നതായി പറയപ്പെടുന്നു.

 ആയിരത്തി തൊള്ളായിരത്തി എഴുപത്തിയാറില്‍ വോര്‍സെനിക്ക ആപ്പിള്‍ കംമ്പ്യൂട്ടര്‍ 1 രൂപകല്പന ചെയ്യത് സ്റ്റീവ് ജോബുമായി പങ്കുവെച്ചു. സ്റ്റീവ് അതു വില്ക്കുവാന്‍ വോള്‍സനിക്കിനെ പ്രേരിപ്പിച്ചു. അങ്ങനെ വോള്‍സനിക്കും റൊനാള്‍ഡ് വെയിന്‍ എന്ന ഇലക്‌ട്രോണിക്ക് വര്‍ക്കറും ചേര്‍ന്ന് ആപ്പിള്‍ ഇന്‍കോര്‍പ്രറേറ്റഡ് എന്ന കംമ്പനി സ്റ്റീവ് ജോബിന്റെ വീടിന്റെ ഗരാജില്‍ സ്ഥാപിച്ചു. സ്റ്റീവ് ജോബ്‌സ് വിചിത്ര സ്വഭാവമുള്ള ഒരു വ്യക്തിയായിട്ടാണ് അയല്‍വാസിയായ ക്രിസ്റ്റ് ഡ്രൈവ് ഓര്‍മ്മിക്കുന്നത്. മറ്റുള്ളവരെ സ്വീകരിക്കുമ്പോള്‍, ഒരു ഹിപ്പിയെപ്പോലെ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കാതെ അണ്ടര്‍വെയര്‍ പുറത്തേക്ക് തുക്കിയിട്ടും പാദരക്ഷയില്ലാതെയും ആയിരുന്നു എന്നദ്ദേഹം പറയുന്നു. മറ്റൊരയല്‍വാസിയും കെമിക്കല്‍ എന്‍ഞ്ചിനിയറിങ്ങില്‍ പി. എച്ച് ഡി യും നേടിയ ലാറി വാട്ടര്‍ലാന്‍ഡ് പറഞ്ഞത്, അദ്ദേഹത്തിന്റെ ഗരാജിലെ പ്രവര്‍ത്തനങ്ങളെ വളരെ പുച്ഛത്തോടെയാണ് നോക്കി കണ്ടെതെന്നാണ്. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴില്‍ സ്റ്റീവ് ജോബ്‌സും വോസനിക്കും ചേര്‍ന്ന്, വെസ്റ്റ് കോസ്റ്റ് കംമ്പ്യൂട്ടര്‍ ഫെയറില്‍ വച്ച് ആപ്പിള്‍ II അവതരിപ്പിച്ചു. എറ്റവും ചെലവു കുറഞ്ഞതും വളരെ പ്രചാരമുള്ളതും ഏറ്റവും വിജയപ്രദമായി ലോകത്തിലെ ആദ്യത്തെ കംമ്പ്യൂട്ടര്‍ ആയിരുന്നു അത്. സങ്കീര്‍ണ്ണമായ മനഷ്യബന്ധങ്ങളുടേയും വിജയപരാജയങ്ങളുടെയും കഥകള്‍ സ്റ്റീവ് ജോബിന്റെ ജീവിതത്തില്‍ ഉടനീളം കാണാന്‍ കഴിയും. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി നാലിന്റെ ആരംഭത്തില്‍ മക്കന്‍ടോഷ് അവതരിപ്പിച്ചു. ഓഹരിക്കാരുടെ സമ്മേളനത്തില്‍ വളരെ വികാരാധീനായി സ്റ്റീവ് ജോബ് മക്കന്‍ടോഷ് അവതരിച്ചപ്പോള്‍, അവിടം സര്‍വ്വത്ര ബഹളം നിറഞ്ഞ ഒുര സ്ഥലായിട്ടാണ്, കംമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ ഹെര്‍ട്ട്‌സ് ഫീല്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു വികാസ പരിണാമകനും ദീര്‍ഘവീഷണമുള്ള നവീകരണ കര്‍ത്താവെന്ന നിലയ്ക്കും സ്റ്റീവ് ജോബിന്റെ നേട്ടങ്ങളെ മൈക്രോസോഫ്റ്റിന്റെ ബില്‍ഗേറ്റ്‌സും, ഗൂഗിളിന്റെ ലാറിപേജും, ഫേസ്ബുക്കിന്റെ സര്‍ജി ബ്രിന്നും, മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റേയും ഒപ്പം ഒരു ഉന്നത പീഠത്തില്‍ ഇരുത്താം. മേല്‍ പറഞ്ഞവരെല്ലാം വിവരങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാനുള്ള പ്രവേശന മാര്‍ഗ്ഗത്തെ തുറക്കുന്നതിനും ഉപഭോഗ വസ്തുക്കളുടെ ക്രയവിക്രയങ്ങളെ സുലഭമാക്കുന്നതിനും അങ്ങനെ മനുഷ്യജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനും അതുല്യമായ സംഭാവന നല്‍കിയവരാണ്. എന്നാല്‍ സങ്കേതികമായ സംഭാവനക്കപ്പുറം, ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയാറില്‍ പിക്‌സര്‍ വിലയ്ക്കു വാങ്ങി ജീവകാരുണ്യ പ്രവര്‍ത്തനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി വിനയോഗിച്ച് ലോകത്തിലും മനുഷ്യ ജീവിതിലും ശക്തമായ ഒരു സ്വധീനമായി ഇന്നു സ്റ്റീവ് ജോബ് നിലകൊള്ളുന്നു. ജീവിതത്തിന്റെ ഏത് സാഹചര്യത്തില്‍ ആയാലും ദൃഡമായ ആത്മ വിശ്വാസവും കഠിന പ്രയത്‌നം കൊണ്ടും അതിനെ അതിജീവിക്കാന്‍ കഴിയുമെന്ന് കാണിച്ചു തന്ന ധീരനായ സ്റ്റീവിനെ ആര്‍ക്കും മാതൃകയാക്കാവുന്നതാണ്.

ചിന്താമൃതം
'എന്റെ മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നുള്ള ചിന്തയാണ് എന്റെ ജീവിതത്തിലെ പല നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് എനിക്ക് ഉപകരിച്ചിട്ടുള്ളതും,  ഞാന്‍ ഇന്നുവരെ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല ആയുധവവും. കാരണം, എല്ലാംതന്നെ, നമ്മളുടെ അന്യമായ പ്രതീക്ഷകള്‍,  എല്ലാ ഗര്‍വ്വും, മറ്റുള്ളവരുടെ മുന്‍പില്‍ നാം ലജ്ജിതരും പരാജിതരും ആവുമോ എന്ന ഭയവും, ഇവയെല്ലാം മരണത്തിന്റെ മുന്നില്‍ തകര്‍ന്ന് തരിപ്പണമാകുകയും നമ്മള്‍ക്ക് ജീവിതത്തില്‍ മുഖ്യമായത് അവശേഷിക്കുകയും ചെയ്യും.'

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 12- (ജോര്‍ജ് പുത്തന്‍കുരിശ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക