Image

ഗംഗയെ തൊട്ടറിയണം,ഉള്ളറിയണം (ഭാഗം 6) അന്നപൂര്‍ണ്ണയേയും കാശിവിശ്വനാഥനേയും കാണാന്‍ (മിനി വിശ്വനാഥന്‍ )

മിനി വിശ്വനാഥന്‍ Published on 25 March, 2019
 ഗംഗയെ തൊട്ടറിയണം,ഉള്ളറിയണം  (ഭാഗം 6) അന്നപൂര്‍ണ്ണയേയും കാശിവിശ്വനാഥനേയും കാണാന്‍  (മിനി വിശ്വനാഥന്‍ )
യാത്ര വീണ്ടും ഗംഗയെ ലക്ഷ്യമാക്കി തന്നെയാണ്....
ആഗ്രഹങ്ങള്‍ ഏറെയുണ്ട് മനസ്സില്‍.
ഗംഗാ തീരത്തുള്ള പുരാതന നഗരിയിലൂടെ ,
ഭസ്മത്തിന്റെ ഗന്ധത്തിനൊപ്പം ചുടലച്ചാരത്തിന്റെ മണവും ചേര്‍ന്ന് വീശുന്ന കാറ്റില്‍ ഗംഗാതീരത്തിലൂടെ നിശബ്ദരായി നടക്കണം.  
കാലഭൈരവന്‍ തന്റെ വാഹനമായ നായപ്പുറത്തിരുന്ന് കാലത്തിന് കാവലിരിക്കുന്ന വാരണാസിയിലൂടെ , മോക്ഷപ്രാപ്തിക്കായി കാലത്തെ കൈയ്യിലൊതുക്കി മരണമൊരു ആഘോഷമാക്കി കാത്തിരിക്കുന്ന വൃദ്ധജനങ്ങളുടെ വാരണാസിയിലൂടെയുള്ള ഒരു യാത്ര. 

പ്രാരബ്ധങ്ങളൊന്നുമലട്ടാതെ കൗമാരക്കാരുടെ മനസ്സോടെ ഞങ്ങള്‍ സാഹസികത അഭിനയിച്ച് അറിയാത്ത തെരുവുകളിലൂടെ അലഞ്ഞ് ദശാശ്വമേഥ്ഘട്ടിലെത്തി. അവിടെ തമ്പടിച്ചിരിക്കുന്ന നഗ്‌നസന്യാസിമാരുടെ കൂടാരങ്ങള്‍ കയറിയിറങ്ങി. പലരും അവരവരുടെ ലോകത്താണ്.  സഞ്ചാരികളെ തങ്ങളുടെ അടുത്തേക്ക് ക്ഷണിക്കുന്നുണ്ടായിരുന്നു ചില സന്യാസിമാര്‍. ചിലര്‍ ആള്‍ക്കൂട്ടത്തിന്റെ ചാപല്യങ്ങളെ സാകൂതം വീക്ഷിക്കുന്നു. ഓടക്കുഴല്‍ വായിക്കുന്ന ഒരു സന്യാസി സ്വയം മറന്ന് പാട്ടില്‍ ലയിച്ചിരിക്കുകയാണ്. നാട്ടുകാരനായ ഒരു സഹായി അദ്ദേഹത്തിന്റെ മുന്നിലുള്ള തീക്കുണ്ഡത്തില്‍ ചായ ഉണ്ടാക്കുന്നുണ്ടായിരുന്നു. ജഢാധാരികളായ ഒരു കൂട്ടം വിദേശികളുമുണ്ടായിരുന്നു ആ കൂട്ടത്തില്‍. പുകഞ്ഞ് കത്തുന്ന അഗ്‌നികുണ്ഡമുണ്ട് എല്ലാവരുടെ മുന്നിലും പൊതുവായി.

കാഴ്ചകള്‍ കണ്ട് ഗംഗയില്‍ നിന്നു വരുന്ന ഇളം കാറ്റിലങ്ങിനെ തണുത്ത് നടക്കുമ്പോഴാണ് ബോട്ടുയാത്രയെന്ന ഓഫറുമായി മുന്നിലൊരു വൃദ്ധന്‍ വന്ന് നിന്നത്. അറിയാത്ത ഭാഷയില്‍ വിലപേശുന്നതുമൊരു കൗതുകമായതുകൊണ്ട് വെറുതെ വിലപേശി, അയാള്‍ പറഞ്ഞ വിലയിലുറപ്പിച്ചു മറ്റൊരു കുടുംബത്തോടൊപ്പം യാത്ര തുടങ്ങി. ഗംഗയില്‍ നിന്നുള്ള പകല്‍ക്കാഴ്ചകള്‍ കാണാന്‍.

അയ്യായിരം വര്‍ഷത്തോളം പഴക്കമുള്ള കാശി നഗരത്തെ പുനര്‍നിര്‍മ്മിച്ചത് എഡി 1700 ല്‍ മറാത്ത രാജാക്കന്‍മാരായിരുന്നു. ചരിത്രത്തിനൊപ്പം ഏറെക്കാലം കൈകോര്‍ത്ത് നടന്ന ഈ നഗരത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആണ് ഈ ഘട്ടുകള്‍. ഓരോ ഘട്ടിനും ഓരോ കഥകള്‍ പറയാനുണ്ടാവും. ചരിത്രവും ജീവിതവും കൂടിച്ചേര്‍ന്ന കഥകള്‍. ആഡംബരത്തിന്റെയും അധികാരത്തിന്റെയും, സംഗീതത്തിന്റെയും, ഭക്തിയുടെയും കഥകള്‍.. ഓരോ ഘാട്ടുകളുടെയും പേരുകളും ഓരോ ഓര്‍മ്മയാണ്, ഓര്‍മ്മ പുതുക്കലാണ്.തുളസിഘട്ട് ,ഹനുമാന്‍ ഘട്ട്, ഗംഗാ മഹല്‍ ഘട്ട്, മുന്‍ഷിഘട്ട്, ജൈന്‍ ഘട്ട്, രാജേന്ദ്രപ്രസാദ്ഘട്ട് എന്നിവ ഇവയില്‍ ചിലത് മാത്രമാണ്.

ഒഴുകുന്ന ജലത്തിനഭിമുഖമായി ജീവിക്കുക എന്ന മനുഷ്യസഹജമായ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനായി ഗംഗാനദിക്ക് അഭിമുഖമായി നിര്‍മ്മിക്കപ്പെട്ട പ്രൗഢഗംഭീരമായ കൊട്ടാരങ്ങളില്‍ നിന്നും രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതികളില്‍ നിന്നും പുഴയിലേക്കിറങ്ങാനുള്ള കടവുകളാണ്  ഘട്ടുകള്‍. കാലപ്പഴക്കം കൊണ്ട് നിറം മങ്ങിയെങ്കിലും കെട്ടിടങ്ങളുടെ ഗാംഭീര്യം ഇപ്പോഴും അതുപോലെ തന്നെയുണ്ട്. ഏകദേശം നൂറോളംഘാട്ടുകള്‍ ഉണ്ടെങ്കിലും വടക്ക് അസിഘട്ടു മുതല്‍ രാജ്ഘട്ടു വരെ നീണ്ടു നില്‍ക്കുന്ന മുപ്പതോളംഘാട്ടുകളാണ് ഇവയില്‍ പ്രധാനമായവ.. 

യാത്ര തുടങ്ങിയത് കൂട്ടത്തില്‍ പുണ്യ പ്രശസ്തമായ ദശാശ്വമേഥ്ഘട്ടില്‍ നിന്നാണ്. ഗംഗാ ആരതിയ്കായി ഒരുങ്ങി നില്‍ക്കുന്ന മുത്തുക്കുടകള്‍ക്കും അലങ്കാരങ്ങള്‍ക്കുമൊപ്പം തീര്‍ത്ഥാടകരും, വിനോദ സഞ്ചാരികളും നാഗസന്യാസിമാരും അഘോരികളും അവിടെ കൂട്ടം കൂടിയിരിക്കുന്നത് കാണാം. വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്താണ് ഈ ഘട്ട് എന്നത് ഇതിന്റെ പ്രാധാന്യമേറ്റി. പണ്ട് ബ്രഹ്മാവ് അപ്രത്യക്ഷനായ ശിവനെ കണ്ടെത്തുന്നതിനായി പത്ത് അശ്വങ്ങളെക്കൊണ്ട് അശ്വ മേഥയാഗം കഴിപ്പിച്ചതും ഇവിടെ വെച്ചായിരുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണത്രെ ഇതിന് ദശാശ്വ മേഥ്ഘട്ട് എന്ന് പേരു വരാന്‍ കാരണം. തൊട്ടടുത്ത് തന്നെ തിന്മകളില്‍ നിന്ന് മനുഷ്യരെ അകറ്റി നിര്‍ത്തുന്ന ശിതാല ദേവിയുടെ ക്ഷേത്രമിരിക്കുന്ന ശിതാലഘട്ട് ആണ്. നവദമ്പതിമാര്‍ ഗംഗാദേവിക്ക് മാലയണിയിക്കുക എന്ന ചടങ്ങ് നടത്തുന്നതും ഇവിടെ വെച്ച് തന്നെയാണ്.

പ്രസിദ്ധങ്ങളായ ഓരോ ഘാട്ടിനടുത്തെത്തുമ്പോഴും ബോട്ട് നിര്‍ത്തി അയാള്‍ അവ്യക്തമായ ഹിന്ദിയില്‍ ഒരു കഥ പറയും. ചരിത്രാന്വേഷണത്തെക്കാളേറെ കാഴ്ചകള്‍ കണ്ട് മനസ്സ് നിറയ്ക്കാനായിരുന്നു തിടുക്കം. തെളിഞ്ഞ ആകാശവും ഇളം വെയിലും തണുത്ത കാറ്റും പുരാതന ശില്പഭംഗി എടുത്തു കാണിക്കുന്ന കെട്ടിടങ്ങളുടെ കാഴ്ചയും എന്നെ മറ്റൊരു ലോകത്തിലേക്കെത്തിച്ചു..  പണ്ട് രാജാക്കന്‍മാരുടെ  വേനല്‍ക്കാല വസതികളായിരുന്ന കൊട്ടാരങ്ങള്‍ ഇന്ന്  നിറം മങ്ങിയെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളും ഭക്ഷണ ശാലകളുമായി മാറിയിരിക്കുന്നു. ഓരോരു കെട്ടിടവും വിവിധ ദേശങ്ങളിലെ  വ്യത്യസ്ത വാസ്തുശില്ല രീത്യാ ആണ് ഉണ്ടാക്കിയിരിക്കുന്നത് .

പക്ഷേ ചില ഘട്ടുകളെങ്കിലും സന്ദര്‍ശകരും തീര്‍ത്ഥാടകരുമില്ലാതെ മഹാമൗനത്തെ ആവാഹിച്ചിരിക്കുന്നതും കാണാം.

അസിഘട്ടില്‍ നിന്നാണ് ഘട്ടുകളുടെ തുടക്കം. ഇവിടെ വെച്ചാണ് ഗംഗാനദി അസ്സി നദിയുമായി കൂടിച്ചേരുന്നത്. . അരയാലിനടിയില്‍ സ്ഥിതിചെയ്യുന്ന ലിംഗരൂപത്തിലുള്ള ശിവനെ ആരാധിക്കാനും ഗംഗാ സ്‌നാനത്തിനായും ഭക്തന്‍മാര്‍ ധാരാളമായി എത്തുന്ന സ്ഥലമാണിത്. ദുര്‍ഗ്ഗാദേവി ശുംഭനിശുംഭന്‍മാരുമായി യുദ്ധം ചെയ്യുന്നതിനിടയില്‍ വാള് ഭൂമിയില്‍ തട്ടി ഉത്ഭവിച്ച നദിയാണ് അസ്സി എന്നാണ് വിശ്വാസം. വാരണാസി എന്ന പേര് ഉണ്ടായത് തന്നെ വരുണ അസ്സി എന്നീ നദികളുടെ പേരില്‍ നിന്നാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ.

ഘട്ടുകളിലൂടെ യാത്രയില്‍ നഷ്ടപ്രതാപ ചിഹ്നങ്ങള്‍ ഏറെ കാണാം. ക്ഷേത്രങ്ങള്‍ക്കിടയില്‍ ഗംഗയില്‍ നിന്നുള്ള കാറ്റേറ്റ് ഏകാകിയായി നില്‍ക്കുന്ന ഒരു പഴയ മസ്ജിദും ഇക്കൂട്ടത്തില്‍ ഒന്ന്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട നദിയിലേക്കാഴ്ന്നിറങ്ങി നില്ക്കുന്ന രത്‌നേശ്വര്‍ മഹാദേവ്മന്ദിറും വിഷാദഛായയിലുള്ള ഒരു കാഴ്ചയാണ്. വളരെ നന്നായി പരിപാലിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം വര്‍ഷത്തില്‍ ഏറെക്കാലവും വെള്ളത്തിനടിയിലാണ്. നദിയില്‍ താണു കൊണ്ടേയിരിക്കുന്ന ഇതിന്റെ ഗോപുരം ധാരാളം ക്യാമറക്കണ്ണുകള്‍ക്ക് കൗതുകമായിട്ടുണ്ട്.

കാഴ്ചകളില്‍ സങ്കടം നിറക്കുന്ന മറ്റു കാഴ്ചകളില്‍ ചിലത്  മണികര്‍ണ്ണിക ഘട്ടിന്റെതും  ഹരിശ്ചന്ദ്ര ഘട്ടിന്റെതുമാണ്. ജീവിതത്തിന്റെ നൈമിഷികതയും നിസ്സാരതയും ഒരു പോലെ ചേര്‍ന്ന് നില്‍ക്കുന്ന പുക പിടിച്ച ഗോപുരങ്ങളോടുകൂടിയ മണികര്‍ണ്ണിക ഘട്ടില്‍ എപ്പോഴുമൊരു ചിതയെരിയുന്നത് കാണാം. മരത്തടികള്‍ അടുക്കി വെച്ചിട്ടുള്ള കടവുകളും കെട്ടിടങ്ങളും ബോട്ടിലൂടെ കടന്നുപോവുമ്പോള്‍ കാണാന്‍ വലിയ ഒരു കാഴ്ച തന്നെ. ജീവിത സായാഹ്നം ഇവിടെ കഴിച്ച് കൂട്ടി ഇവിടെ വെച്ച് മോക്ഷപ്രാപ്തി പ്രാപിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത് രണ്ട് ശിവകഥകളാണ്. ദക്ഷയാഗത്തില്‍ ജീവത്യാഗം സംഭവിച്ച സതീദേവിയുടെ കര്‍ണ്ണാഭരണങ്ങള്‍ ഇവിടെ പതിച്ചു എന്നതും, താണ്ഡവനൃത്തമാടുന്ന ശിവന്റെ കാതിലണിഞ്ഞിരുന്ന ആഭരണം ഇവിടെ ഒരു കുണ്ഡത്തില്‍ പതിച്ചു എന്നതുമാണവ. എരിഞ്ഞു തീരുന്ന ശരീരങ്ങളെ മനസുകൊണ്ട് പ്രണമിച്ചു. 

ഇതേ കാഴ്ചയാണ് ഹരിശ്ചന്ദ്രഘട്ടിലേതും. വിശ്വാമിത്ര മഹര്‍ഷിയുടെ പരീക്ഷണത്താന്‍ രാജാ ഹരിശ്ചന്ദ്രന്‍ ശ്മശാന കാവല്‍ക്കാരനായതും, ഹരിശ്ചന്ദ്രന്റെ ധര്‍മ്മബോധത്തില്‍ സംപ്രീതരായ ദേവതകള്‍ അദ്ദേഹത്തെ അനുഗ്രഹിച്ചതും ഇവിടെ വെച്ചാണെന്നാണ് ഐതിഹ്യം. ആളിക്കത്തുന്ന ചിതകള്‍ക്ക് സമീപം നിസ്സംഗരായിരിക്കുന്ന ജീവിതങ്ങളും ഈ യാത്രയിലെ കാഴ്ചയില്‍ ചിലത് മാത്രം. ജനനത്തിനും മരണത്തിനുമിടയിലുള്ള പാലത്തിലൂടെയുള്ള നടപ്പ് പൂര്‍ത്തിയാക്കിയ ധന്യ ജന്മങ്ങളുടെ മോഷ മാര്‍ഗത്തിലേക്കുള്ള യാത്രയ്ക് സാക്ഷിയായി അവര്‍ അടഞ്ഞ മിഴികളോടെ പൂവും അരിയും ഗംഗയിലേക്കെറിഞ്ഞു. 

ഘട്ടുകളിലൂടെയുള്ള ബോട്ട് യാത്ര അവസാനിച്ചിറങ്ങുമ്പോള്‍ വീണ്ടും തണുത്ത കാറ്റ് വീശി ജീവിതമിങ്ങനെയുമെന്ന് ഓര്‍മ്മിപ്പിച്ചു....സമാധാനിപ്പിച്ചു... സമാശ്വസിപ്പിച്ചു. ആ സമയത്ത് സ്വശരീരബോധമില്ലാത്ത നാഗസന്യാസിമാരുടെ കാഴ്ച ഒരു തിരിച്ചറിവായിരുന്നു. കെട്ടുപാടുകള്‍ ഇല്ലാതാക്കുന്നതിന്റെ ആദ്യ പാഠം. 'തൊപ്പിക്കാരാ' എന്ന് വിളിച്ച് പരിഹസിച്ച് വിശ്വേട്ടന് ഒരു പഞ്ചമുഖ രുദ്രാക്ഷം സമ്മാനിച്ച നാഗസന്യാസി ഞങ്ങളെയും ഓര്‍മ്മിപ്പിക്കുകയായിരുന്നു.... ജീവിതത്തെക്കുറിച്ച്, ആഡംബരത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ച്....

നാളെ ശിവരാത്രിയാണ് ..
എല്ലാവരും കാത്തിരിക്കുകയാണ്, ശിവപാര്‍വ്വതിമാരുടെ മംഗല്യാഘോഷത്തില്‍ പങ്കെടുക്കാന്‍, ആഘോഷിക്കാന്‍.
കാശിയിലെത്തിയിട്ടും  വിശ്വനാഥ ദര്‍ശനമുണ്ടായിട്ടില്ല.... ശിവരാത്രിയുടെ തിരക്കുകളിലാണ് ക്ഷേത്രം. എന്നാലും കാണാതെ വയ്യ. 
ഞങ്ങള്‍ യാത്ര തുടര്‍ന്നു. അന്നപൂര്‍ണ്ണയേയും കാശിവിശ്വനാഥനേയും കാണാനായി യാത്ര തുടര്‍ന്നു.

കുംഭ സ്‌നാനത്തിനായി, പുണ്യദര്‍ശനത്തിനായി യാത്ര തുടര്‍ന്നു.

 ഗംഗയെ തൊട്ടറിയണം,ഉള്ളറിയണം  (ഭാഗം 6) അന്നപൂര്‍ണ്ണയേയും കാശിവിശ്വനാഥനേയും കാണാന്‍  (മിനി വിശ്വനാഥന്‍ ) ഗംഗയെ തൊട്ടറിയണം,ഉള്ളറിയണം  (ഭാഗം 6) അന്നപൂര്‍ണ്ണയേയും കാശിവിശ്വനാഥനേയും കാണാന്‍  (മിനി വിശ്വനാഥന്‍ ) ഗംഗയെ തൊട്ടറിയണം,ഉള്ളറിയണം  (ഭാഗം 6) അന്നപൂര്‍ണ്ണയേയും കാശിവിശ്വനാഥനേയും കാണാന്‍  (മിനി വിശ്വനാഥന്‍ ) ഗംഗയെ തൊട്ടറിയണം,ഉള്ളറിയണം  (ഭാഗം 6) അന്നപൂര്‍ണ്ണയേയും കാശിവിശ്വനാഥനേയും കാണാന്‍  (മിനി വിശ്വനാഥന്‍ ) ഗംഗയെ തൊട്ടറിയണം,ഉള്ളറിയണം  (ഭാഗം 6) അന്നപൂര്‍ണ്ണയേയും കാശിവിശ്വനാഥനേയും കാണാന്‍  (മിനി വിശ്വനാഥന്‍ ) ഗംഗയെ തൊട്ടറിയണം,ഉള്ളറിയണം  (ഭാഗം 6) അന്നപൂര്‍ണ്ണയേയും കാശിവിശ്വനാഥനേയും കാണാന്‍  (മിനി വിശ്വനാഥന്‍ ) ഗംഗയെ തൊട്ടറിയണം,ഉള്ളറിയണം  (ഭാഗം 6) അന്നപൂര്‍ണ്ണയേയും കാശിവിശ്വനാഥനേയും കാണാന്‍  (മിനി വിശ്വനാഥന്‍ ) ഗംഗയെ തൊട്ടറിയണം,ഉള്ളറിയണം  (ഭാഗം 6) അന്നപൂര്‍ണ്ണയേയും കാശിവിശ്വനാഥനേയും കാണാന്‍  (മിനി വിശ്വനാഥന്‍ ) ഗംഗയെ തൊട്ടറിയണം,ഉള്ളറിയണം  (ഭാഗം 6) അന്നപൂര്‍ണ്ണയേയും കാശിവിശ്വനാഥനേയും കാണാന്‍  (മിനി വിശ്വനാഥന്‍ ) ഗംഗയെ തൊട്ടറിയണം,ഉള്ളറിയണം  (ഭാഗം 6) അന്നപൂര്‍ണ്ണയേയും കാശിവിശ്വനാഥനേയും കാണാന്‍  (മിനി വിശ്വനാഥന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക