Image

പ്രളയം: ദുരിതക്കടലില്‍ നീന്തിത്തുടിച്ച്... (ഡോ. എന്‍.പി.ഷീല)

എന്‍.പി.ഷീല Published on 27 March, 2019
പ്രളയം: ദുരിതക്കടലില്‍ നീന്തിത്തുടിച്ച്... (ഡോ.  എന്‍.പി.ഷീല)
കേരളത്തില്‍ ഓര്‍ക്കാപ്പുറത്തുണ്ടായ പ്രളയം നാനാരാജ്യത്തും പ്രസിദ്ധമാണല്ലൊ. വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍ നിന്ന് അകന്നും ഉയര്‍ന്നും നിന്നവര്‍ അതിന്റെ പേരില്‍(മുതല)കണ്ണീരൊഴുക്കുകയും ഇരന്നും, ജനങ്ങളുടെ ദൈന്യം കാണിച്ചും കോടികള്‍ നേടുകയുമുണ്ടായല്ലൊ. സംഭവം നടന്നു മാസങ്ങള്‍ കടന്നുപോയിട്ടും സര്‍ക്കാരിന്റെ കൃപാകടാക്ഷത്തിനായി നിലവിളിക്കുന്നവരുടെ സംഖ്യ ചെറുതല്ല.
പ്രളയം താണ്ഡവമാടിയ വീടുകള്‍, നോക്കിനില്‍ക്കേ, ഭൂമിക്കടിയില്‍ അതേപടി അപ്രത്യക്ഷമായവ, ഭാഗികമായി ഉപരിതലത്തില്‍ കാണാവുന്നത് - തറയില്‍ത്തന്നെ അപ്പാടെ നിലം പൊത്തിയവ, നഷ്ടാവശിഷ്ടങ്ങളില്‍ തണുത്തുവിറച്ച് കൂനിക്കൂടിയിരിക്കുന്നവര്‍ രാജവെമ്പാല മുതല്‍ പൊളവന്‍ വരെ പെരുവെള്ളപ്പാച്ചിലിനോടൊപ്പം ഒന്നു ചുരുണ്ടുകൂടാന്‍ ഒരല്പം കരയ്ക്കുവേണ്ടി എവിടെയെന്നില്ലാതെ കയറിപ്പറ്റുന്നവര്‍- വളര്‍ത്തുമൃഗങ്ങളുടെ ദൈന്യം വിവരിക്കാന്‍ ആയിരം നാവുള്ള അനന്തനേ കഴിയൂ.

പണ്ട്, മനുഷ്യനെ സൃഷ്ടിച്ചതില്‍ പരിതപിച്ച യഹോവ മനുഷ്യവര്‍ഗ്ഗത്തിന്റെ കൊള്ളരുതായ്മകള്‍ കണ്ടു മടുത്ത് പ്രളയം സൃഷ്ടിച്ചതും അനന്തസംഭവങ്ങളും നമുക്കു ജ്ഞാതമാണ്. കേരളത്തിലും പത്രക്കാര്‍ക്കു ന്യൂസുകൊടുക്കാന്‍ വേണ്ടി സര്‍വ്വജ്ഞനും വിശാലഹൃദയനുമായ മന്ത്രിയും ആജ്ഞാനുവര്‍ത്തികളും കൂടി മഴയുടെ അകമ്പടിയോടെ ഒപ്പിച്ച ഒരു 'നേരമ്പോക്ക് ' വരുത്തിവച്ച കെടുതികളുടെ ഭീകരത കണ്ടവരോടും കേട്ടവരോടും ആവര്‍ത്തനം ആവശ്യമില്ല. എങ്കിലും ഭൂതകാലത്തിന്റെ പത്മതീര്‍ത്ഥക്കരയിലിരുന്ന് ഗതകാലസംഭവങ്ങള്‍ ഓര്‍മ്മിക്കുക മനുഷ്യസഹജം, അവയ്ക്കു വാക്കും വാണിയും നല്‍കുന്നതും സ്വാഭാവികം.
ആദ്യം സ്വാനുഭവത്തില്‍നിന്നു തുടങ്ങട്ടെ!

'സര്‍വ്വദുഃഖാദപി സുഖദം ഖലു ജന്മഭൂമി' എന്ന അനുഭവം ഓര്‍മ്മിച്ച് ജന്മഭൂമിയിലേക്ക് വിമാനമേറി ഞാനും സ്വഗൃഹത്തിലെത്തി. ഒരാള്‍ ഏഴുവര്‍ഷം ഒരിടത്തു താമസിച്ചാല്‍ അവിടത്തുകാരനായി എന്നു പറയാറുണ്ട്. ഞാന്‍ അതിന്റെ ഏഴിരട്ടി വര്‍ഷമായി ആലുവായിലാണ്. പണ്ട് സുഖവാസസ്ഥലങ്ങളുടെ പട്ടികയില്‍പെടുത്തിയിരുന്ന ആലുവാ.(അതിന്റെ ഹൃദയഭാഗത്ത് തിരുവിതാംകൂര്‍ മഹാരാജാവ് പുഴയുടെ തീരത്ത് ഏതാനുംമാസം സുഖവാസത്തിനായി നിര്‍മ്മിച്ച കൊട്ടാരത്തിന് അടുത്ത പുരയിടത്തില്‍ കേരളത്തിലെ മുടിചൂടാമന്നനായ അന്ത്രച്ചേരി(ആന്ധ്രൂപെരേര)ന്റെ നൂറേഴു കെട്ടിടങ്ങള്‍ വില്പനയ്ക്കു വന്നപ്പോള്‍ ഉദ്യോഗാര്‍ത്ഥം ആലുവയിലെത്തിയ എനിക്കും അതില്‍ ഒരെണ്ണം വാങ്ങാന്‍ യോഗമുണ്ടായി).

പറയാന്‍ വന്നത് ഏതു വന്‍ പ്രളയം വന്നാലും പുഴയുടെ തെക്കേകര വളരെ ഉയര്‍ന്നതാകയാല്‍ അവിടുത്തുകാര്‍ സുരക്ഷിതരാണ് എന്നൊരു ധാരണയുണ്ടായിരുന്നു. അത് എട്ടുനിലയില്‍പൊട്ടി. കൊട്ടാരത്തിന്റെ നടുത്തളത്തിലൂടെ പെരിയാര്‍ കുലംകുത്തി പാഞ്ഞൊഴുകി. കൂട്ടത്തില്‍ വന്മരങ്ങളും പലത് കടപുഴകി. അയല്‍വാസികളായവരെ മത്സ്യത്തൊഴിലാളികള്‍ വന്നു രക്ഷപെടുത്തിയെന്നു പറയേണ്ടതില്ലല്ലൊ. തള്ളിക്കളഞ്ഞതു മൂലക്കല്ലായ ചരിത്രം എടുത്തു പറയേണ്ടതില്ലല്ലൊ. അലകടലിനോടു മല്ലിടുന്ന കൈകളാണ് സഹായഹസ്തമായത്. വെള്ളത്തില്‍ മലര്‍ന്നു കിടന്ന്, വളത്തില്‍ കയറാന്‍. ചവിട്ടുപടിയായ മത്സ്യത്തൊഴിലാളിയുടെയും ഗര്‍ഭിണിയുടെയും ചിത്രമൊക്കം ഇവിടുത്തുവനും ടി.വി.യില്‍ കണ്ടുകാണുമല്ലൊ. അങ്ങനെ എന്തെന്തു ചിത്രങ്ങള്‍! എന്തെന്തു രംഗങ്ങള്‍!!

വായുവിനു മാത്രമല്ല വെള്ളത്തിനും കടക്കാന്‍ സ്ഥലം വേണ്ടെന്നു മനസ്സിലാക്കിത്തന്നു. ഭദ്രമായി അടച്ചിരുന്ന അലമാരിയുടെ ഗ്ലാസ്സിന്റെ തട്ടുകള്‍ കണക്കെടുത്തു മുറിച്ചുമാറ്റിയതുപോലെ പൊട്ടിമാറിയിരിക്കുന്നു! പുസ്തകങ്ങളെല്ലാം അരക്കുപോലത്തെ ചെളിയില്‍ പുതഞ്ഞ് ഒറ്റക്കട്ടയായിരിക്കുന്ന കാഴ്ച ഫോട്ടോ ആല്‍ബങ്ങള്‍, റി-പ്രിന്റ് ഇല്ലാത്ത പുസ്തകങ്ങള്‍ ആദിയായവയുടെ അപരിഹാര്യ നഷ്ടമാണ് എന്നെ തളര്‍ത്തിക്കളഞ്ഞത്. സ്വന്തം പുസ്തകങ്ങള്‍ കാശുണ്ടെങ്കില്‍ പ്രിന്റുചെയ്യിക്കാം. കമ്പിളിപ്പുതപ്പുകളും ഷീറ്റുകളും സാരികളും മറ്റും കുഴിയെടുപ്പിച്ചു വെട്ടിമൂടിയത് പോട്ടെന്നു വയ്ക്കാം. കാശുണ്ടെങ്കില്‍ അവയ്ക്കും പരിഹാരമുണ്ട്.

ഇതിനിടെ 'കാറ്റുള്ളപ്പോള്‍ തൂറ്റണം' എന്ന പ്രമാണം ശിരസ്സാ വഹിച്ച് മോഷ്ടാക്കളുടെ ഒരു പടയണിതന്നെ രൂപപ്പെട്ടു. വലിയ സ്റ്റീല്‍ അലമാരകള്‍, അടുക്കളയിലെ വിലപിടിപ്പുള്ള സകലതും അപ്രത്യക്ഷം! തസ്‌കരവൃന്ദത്തിന്റെ ചാകരക്കാലം! സാധുക്കള്‍ക്കോ?
ഈ കാഴ്ചകളൊക്കെ കണ്ട് അന്തംവിട്ടു നില്‍ക്കുമ്പോള്‍ അടുത്ത വീട്ടില്‍നിന്ന് ഇന്ദിര ടീച്ചറെത്തി, സഹതാപം പ്രകടിപ്പിക്കാന്‍ കൂടെ മകളും. അവര്‍ പറഞ്ഞു മുറ്റത്തും വരാന്തയിലും പെരുമ്പാമ്പ് ഇഴഞ്ഞ പാടുണ്ട്. ചെടികള്‍ക്കിടയില്‍ പതുങ്ങിയിരിപ്പുണ്ടാകും. പുറത്തിറങ്ങാന്‍ ഭയം! അവനും പുഴവക്കത്തുതന്നെ. തൊട്ടടുത്തുതന്നെ നടന്‍ ദിലീപും കുടുംബവും. അവര്‍ ഒരു മാസം മുമ്പേ അമ്മ വീട്ടിലേക്കുപോയിരുന്നു. താഴത്തെ സാധന സാമഗ്രികള്‍ മുകളത്തെ നിലയിലേക്കു മാറ്റിയതിനാല്‍ നാശനഷ്ടമുണ്ടായില്ല. എന്റെ മക്കളും വന്ന് എല്ലാം മുകളിലെടുത്തിട്ടിട്ടുവന്നു' ഇന്ദിര ടീച്ചറിന്റെ ആശ്വാസം.
ഈ കെടുതിയിലും ഞാന്‍ സമാധാനം കണ്ടെത്തിയത് വീടുള്‍പ്പെടെ സകലതും നശിച്ചു വഴിയാധാരമായവരെക്കുറിച്ചോര്‍ത്ത് ഒന്നുമില്ലെങ്കിലും കയറിക്കിടക്കാന്‍ ഒരു വീടുണ്ടല്ലൊ. ഇപ്പോഴും സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട തുക ലഭിക്കാത്തവരുടെ ദീനരോദനം എന്റെ ഉറക്കം കെടുത്തുന്നു. പ്രളയബാധിതര്‍ക്കു സാമ്പത്തികം നോക്കാതെ അലോട്ടു ചെയ്ത പതിനായിരം രൂപയും വാര്‍ഡുമെമ്പര്‍ 'ഒക്കെതീര്‍ന്നു' എന്ന മറുപടിയില്‍ ഒതുക്കി. വീടിന് അറ്റകുറ്റപ്പണി  ഇല്ലാത്തതിനാല്‍ ആ വകുപ്പിലും അയോഗ്യത കല്പിച്ചു. വീട്ടു സാധനങ്ങള്‍ പുതിയതു വാങ്ങാമല്ലൊ. മക്കള്‍ അമേരിക്കയിലുള്ളപ്പോള്‍ ടീച്ചറിനെന്തിനാ വിഷമം?  മെമ്പറുടെ സമാധാനം കേട്ട് ഒന്നടങ്കം മിണ്ടാതെ പോന്നു...
പെരുമഴയ്‌ക്കൊപ്പം വീണ്ടുവിചാരമില്ലാതെ അണക്കെട്ടുകള്‍ തുറന്നു വിടാന്‍ കല്പിച്ച മേലാവില്‍ നിന്നുള്ള കല്പനയുടെ ദുരന്തഫലം അനുഭവിച്ചവരുടെ കണ്ണീരും കടലിലെ ഉപ്പുരസത്തിനു വീര്യം കൂടുനനു...

അറിവില്ലായ്മ ഒരു പാപമല്ലല്ലോ. എന്നാലും... ഇത്രയില്‍ നിര്‍ത്തട്ടെ! ശേഷം ആയിരം നാവുള്ള അനന്തനു(ആദിശേഷന്‍) വിടുന്നു..
ഷീല എന്‍.പി.

പ്രളയം: ദുരിതക്കടലില്‍ നീന്തിത്തുടിച്ച്... (ഡോ.  എന്‍.പി.ഷീല)
Join WhatsApp News
വിദ്യാധരൻ 2019-03-27 11:32:25
"പണ്ട്, മനുഷ്യനെ സൃഷ്ടിച്ചതില്‍ പരിതപിച്ച യഹോവ മനുഷ്യവര്‍ഗ്ഗത്തിന്റെ കൊള്ളരുതായ്മകള്‍ കണ്ടു മടുത്ത് പ്രളയം സൃഷ്ടിച്ചതും അനന്തസംഭവങ്ങളും നമുക്കു ജ്ഞാതമാണ്."

ഇതിന് യാതൊരു തെളിവുമില്ല .  ആരോ പറഞ്ഞത് നമ്മൾ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു.  
പക്ഷെ കേരളത്തിലെ പ്രളയത്തിന് കാരണം 'മനുഷ്യവര്‍ഗ്ഗത്തിന്റെ കൊള്ളരുതായ്മകള്‍' എന്നതിനോട് യോജിക്കുന്നു . ഒരു മണി മന്ത്രിയുടെ തലയിൽ ജനിച്ച ' അപകടകരമായ ഒരാശയമാണ് " അണക്കെട്ടുകൾ എല്ലാം ഒരുമിച്ച് തുറന്ന് വിടുക എന്നത് . പിന്നെ ഒട്ടും അമാന്തിച്ചില്ല, വൺ, ടു , ത്രീ ദാ ! അണകെട്ട് തുറന്ന് വെള്ളത്തിന്റെ ലെവൽ താണു. പക്ഷെ ആ വിഡ്ഢി കുഷ്മാണ്ടു  അറിഞ്ഞില്ല വെള്ളം കേരളത്തിനെ മുക്കി കളയുമെന്ന്.  വൈദ്യുതി എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അറിയാത്ത ഒരുത്തനെ അതിന്റെ മന്ത്രിയാക്കവനെ പറയണം .  വളരെ നന്ദി പിണറായി . 

പ്രത്യുല്‍പന്നമതിത്വം ഇല്ലാത്തവരെ അല്ലെങ്കിൽ പാടവ വൈചക്ഷണ്യമില്ലാത്തവനെ ഉത്തരവാദിത്വം ഏല്പിക്കെരുതെന്ന്  ഗുണപാഠം

'ഓക്കി' എന്ന കാറ്റ് വന്നുപോയി 
നോക്കി നിന്നോർ കാശുമായിപോയി 
വീടുപോയോർ വീട്ടുകാര് പോയോർ 
നാട്  നീളെ തെണ്ടിടുന്നു  സഹായഹസ്‌തം നീട്ടിയിപ്പഴും 
വന്നു പിന്നെ മഹാപ്രളയം മനുഷ്യ നിർമ്മിതം 
ഇന്നുവരെ കണ്ടിടത്താ പേരുവെള്ള പ്രളയം  
തുടച്ചു മാറ്റിയത്  കേരളത്തിന് ഭൂപടം
മുടിച്ചു തേച്ചു  കഴുകി  സർവ്വതും
ഇടിച്ചു വീഴ്ത്തി മണിമന്ദിരങ്ങളും 
അടിച്ചു കേറ്റി ചെളിയും കൂടെ 'പിശാച്' പാമ്പിനേം 
കുടിവെള്ളം കിട്ടാതനേകരും  മലവെള്ളം-
കുടിച്ചു മരിച്ചു ഹാ! കഷ്ടമേ കഷ്ട്ത്തിന്മേൽ  കഷ്ടമെ !
വന്നു പോയി  പ്രളയ കെടുതിയിൻ ഓർമ്മകൾ 
വന്നു  പുതിയ പ്രശ്‌നം അയ്യപ്പനും  സ്ത്രീകളും
പ്രളയമൊക്കെ പോയി ഒഴുകി വന്നു പണം 
പ്രളയം പോലെ  നാനാ ദിക്കിൽ നിന്നും 
വീർത്തു വന്നു ദുരിദാശ്വാസ സഞ്ചി 
വീർത്തിടുന്ന സഞ്ചി  കണ്ടു  കണ്ണു തള്ളി കാവൽക്കാർ 
ചോർത്തുവാനുള്ള മാർഗ്ഗമാരാഞ്ഞവർ'
വീടുപോയോർ വീട്ടുകാര് പോയോർ 
നാട്  നീളെ തെണ്ടിടുന്നു  സഹായഹസ്‌തം നീട്ടിയിപ്പഴും 
പൊറുക്കണം ഞാൻ തെറ്റ് വല്ലോം ചൊല്ലിടിൽ 
ചരിത്രരേഖ നോക്കി പറഞ്ഞതാണിതൊക്കെയും 
പൊതുമുതൽ അടിച്ചു മാറ്റിടുന്ന രാഷ്ട്രീയക്കാർ 
അതിന് തുല്യമായി മത്സരിക്കും മതങ്ങളും 
അവരെ വീണ്ടും വീണ്ടും തെരെഞ്ഞെടുക്കും 
വിവരം കെട്ട കഴുതകൾ പൊതുജനം 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക