Image

ഒടിയന്‍ കണക്കറായി (കഥ: ജയശ്രീ രാജേഷ്)

Published on 29 March, 2019
ഒടിയന്‍ കണക്കറായി (കഥ: ജയശ്രീ രാജേഷ്)
പകലോന്‍ പടിയിറങ്ങാന്‍ സന്ധ്യാംബരത്തില്‍ സിന്ദൂരം ചാര്‍ത്തുന്ന നേരം. നനുത്ത ഇളം തെന്നലില്‍ അങ്ങു ദൂരെ മലമക്കാവില്‍ നിന്നും ഒഴുകി വരുന്ന ഭക്തിഗാന ശീലുകള്‍. അതിനൊപ്പം താളത്തില്‍ കുന്നിന്‍ചരുവിലെ കള്ളുഷാപ്പില്‍ നിന്നും കണക്കറായി യുടെ അന്തിപ്പാട്ട് , ഗ്രാമത്തിന്റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ ഒടിയന്‍ കണക്കറായി.

ഒടിയന്‍ കണക്കറായി എന്നും മനസ്സില്‍ ഒരു പിടികിട്ടാത്ത മരീചികയായിരുന്നു.ഒടിവിദ്യ എന്താണെന്നൊന്നും മനസ്സിലാകാത്ത നിഷ്‌കളങ്ക ബാല്യത്തിന്റെ അത്ഭുതമായി കണക്കറായി എന്നും മനസ്സില്‍ നിറഞ്ഞു നിന്നു..കുഞ്ഞു നാളില്‍ മറഞ്ഞു നിന്ന് ഉള്‍നിറഞ്ഞ പേടിയോടെയെങ്കിലും ഒളിഞ്ഞു നോക്കിയിരുന്ന ഗ്രാമത്തിന്റെ വീര കഥാപാത്രമായിരുന്നു കണക്കറായി..എണ്ണക്കറുപ്പന്‍ എന്നു വിശേഷണം പൂര്ണമായര്‍ത്ഥത്തില്‍ ചേരുന്നവന്‍.... അധ്വാനത്തില്‍ മുന്നില്‍ നില്‍ക്കും മലപോലും മറിക്കുന്നവന്‍... ഗ്രാമത്തിന്റെ സന്ധ്യകളില്‍ പുല്ലാനിക്കാടുകളുടെയും ഭട്ടിക്കായലിലെ ആമ്പല്‍ പൂക്കളുടെയും ഗന്ധം രഹസ്യ വേഴ്ച നടത്തുമ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്ന കരിമ്പന്‍ രൂപം. സന്ധ്യയ്ക്ക് നാട്ടിലെ കൂലി പണിക്കാര്‍ കള്ളുഷാപ്പില്‍ ഒത്തുചേരുമ്പോള്‍ ഒടിയന്‍ കണക്കറായി കുടിയന്‍ കണക്കറായി ആയി മാറും . അപ്പോള്‍ ആ നാവില്‍ നിന്നുതിര്‍ന്നിരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപാട്ടുകള്‍..കുറ്റാകൂരിരുട്ടിലും ഗ്രാമത്തിലെ ഓരോ കല്ലിനും തോടിനും പൊന്തകാടിനും ഇടവഴിയിലെ മാളങ്ങളിലുള്ള പാമ്പുകള്‍ക്കു പോലും ചിരപരിചിതം ആ ശബ്ദം..അതു കൊണ്ടു തന്നെ കണക്കറായിക്ക് ഒന്നിനേം പേടിയില്ല...

കുടിച്ചു കുഴഞ്ഞാടി പോകുമ്പോള്‍ ഉറക്കെ നീട്ടി പാട്ടു പാടുമായിരുന്നു....

'ആടു പാമ്പേ ആടു പാമ്പേ....ആടാടു പാമ്പേ....'

നേരം പുലര്‍ന്നാല്‍ തലേന്നത്തെ കെട്ടിറങ്ങി കണക്കറായി വലിയ സല്‍സ്വഭാവി ആകും..റോഡിനു തെക്കു ഭാഗം ഓടുപാറ കുന്നിനു താഴെ ഉള്ള കോത യുടെ കള്ളുഷാപ്പിലെ
അന്തിക്കള്ളാണ് കണക്കറായിയുടെ ആകെയുള്ള ബലഹീനത..ഒടിയന്‍ എന്ന പേര് എങ്ങനെ വന്നു എന്നറിയില്ല...ആളുകള്‍ക്കിടയില്‍ കണക്കറായി ഒടി വിദ്യ ചെയ്യും എന്ന അപശ്രുതി പരന്നിരുന്നു..ഒരു വിദ്യയും ചെയ്യാതെ തന്നെ ഷാപ്പില്‍ നിന്നു പോയിരുന്നത് പലപ്പോഴും നാലു കാലില്‍ ആയിരുന്നു...

അമ്മുണ്ണിയും നാല് മക്കളും അതായിരുന്നു കണക്കറായിയുടെ കുടുംബം.രണ്ട് പെണ്കുട്ടികള്‍ , രണ്ടു ആണ്കുട്ടികള്‍..പ്രായമായ അമ്മ ചക്കിയമ്മ കണക്കറായിയുടെ കൂടപ്പിറപ്പ് സഖാവ് നീലിയുടെ കൂടെ തൊട്ടടുത്തൊരു വീട്ടില്‍. ബ്ലൗസിടാതെ ഒറ്റമുണ്ടുടുത്ത മാറു മറച്ചു നിറയെ കുഞ്ഞു മണിമാലകള്‍ അണിഞ്ഞ ചക്കിയമ്മ യെ കാണാന്‍ നല്ല രസമായിരുന്നു.. ആ പ്രായത്തിലും സുന്ദരിയായ ചക്കിയമ്മ ആണ് ഒടി വിദ്യയില്‍ കണക്കറായി യുടെ ഗുരു എന്ന ശ്രുതി കേട്ടിട്ടുണ്ട്.. ഒടിവിദ്യ ചെയ്യുന്ന വര്‍ ഏതു മൃഗരൂപത്തിലും ആകും പക്ഷെ അപ്പോള്‍ ആ മൃഗത്തിനു മൂന്നു കാലുകള്‍ മാത്രേ ഉണ്ടാകു എന്നു പറഞ്ഞു കേള്‍വി..സത്യമോ മിഥ്യയോ എന്ന് ഇന്നും അറിയാത്ത കാര്യം.

എന്തു പണി ചെയ്യാനും ഒരു മടിയും കാണിക്കാത്തതായിരുന്നു കണക്കറായിയുടെ അധ്വാന ശീലം.. അതുകൊണ്ട് തന്നെ നാടന്‍ പണിക്കാര്‍ക്കിടയില്‍ നല്ല പേരായിരുന്നു..ഒരു ദിവസം പ്പോലും പണിയില്ലാതെ വെറുതെ ഇരിക്കേണ്ടി വരാറില്ല. എന്നിരുന്നാലും കിട്ടുന്നതെല്ലാം ഷാപ്പില്‍ കൊണ്ടു കൊടുക്കുന്നു എന്ന കുറ്റപ്പെടുത്തല്‍ എപ്പോഴും ബാക്കിയായി ...വീട്ടിലെ ഒരാവശ്യങ്ങളും നടത്തികൊടുക്കാതിരുന്നിട്ടില്ല കണക്കറായി.. അമ്മുണ്ണി പിണങ്ങിയാല്‍ പിന്നെ അവന്റെ ലോകം തലതിരിയും..അന്നത്തെ ദിവസം അന്തിക്കള്ളു തലക്ക് പിടിക്കുമ്പോള്‍ ഷാപ്പുകാരന്‍ കോതയോട് കുറെ പതം പറഞ്ഞു കരയും.

അമ്മുണ്ണിയുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളുമായി ആയി അങ്ങനെ ദിവസങ്ങള്‍ നിരങ്ങി നീങ്ങി പോകുന്നതിനിടക്കാണ് ഒരു ദിവസം അമ്മുണ്ണി ക്കൊരു ആശ..ഒരു മൂക്കുത്തി വേണം. സംഗതി ഇത്തിരി പ്രയാസം പിടിച്ചതാണെങ്കിലും ഒരു കുഞ്ഞു മുക്കുത്തിയല്ലേ അതിനാണേല്‍ അധികം പൊന്നൊന്നും വേണ്ട.. ഒരു തരി പൊന്നു കൊണ്ടുണ്ടാക്കിയത് മതി എന്നാലും വേണം അമ്മുണ്ണി മനസിലുറപ്പിച്ചു.

പതിവ്‌പോലെ പണികഴിഞ്ഞെത്തിയ കണക്കറായിയുടെ മുന്നില്‍ അമ്മുണ്ണി സംഭവം പതിവിലേറെ സ്‌നേഹത്തിന്റെ മേമ്പൊടി ചേര്‍ത്തവതരിപ്പിച്ചെങ്കിലും സംഗതി പറഞ്ഞു പറഞ്ഞു വഴക്കില്‍ അവസാനിച്ചു.. ഉടുത്ത മുണ്ടിന്റെ കോന്തല ഉയര്‍ത്തി മൂക്കു ചീറ്റി പതം പറഞ്ഞു കരഞ്ഞു അമ്മുണ്ണി ഇറങ്ങിപ്പോയി ..അവസാന അടവാണത് , പോകുന്നത് ചക്കിയമ്മ യുടെ അടുത്തേക്ക്..കാരിരുമ്പന്‍ കണക്കാറായി ക്കു ആകെ ഇത്തിരി പേടിയുള്ളത് ചക്കിയമ്മയെ മാത്രം. ഇത്തിരി പൊന്നില്‍ തീര്‍ത്ത മൂക്കുത്തി യെയും ആലോചിച്ചു കണക്കറായി ഷാപ്പിലേക്ക് വെച്ചു പിടിച്ചു.. വഴിയില്‍ പതിവ് പോലെ പാടത്ത് മീന്‍ പിടിക്കാന്‍ പ്പോകുന്ന കുഞ്ഞിമാനുക്ക നെ കണ്ടെങ്കിലും പതിവുപ്പോലെ മിണ്ടാതെ അമ്മുണ്ണി യുടെ പിണക്കം മനസ്സില്‍ തീര്‍ത്ത ദേഷ്യം അന്തിക്കള്ളിന്റെ കുപ്പിയില്‍ തീര്‍ക്കാന്‍ തിടുക്കപ്പെട്ട് നടന്നു നീങ്ങി. 'ഈ മനുഷ്യനിതെന്തു പറ്റി കടന്നല് കുത്തിയോ പുല്ലാനി കാട്ടില്‍ നിന്ന് ? അതോ ഒടിയന്‍ പകലും കയറുമോ ദേഹത്ത് ' എന്ന ആത്മഗതത്തോടെ തെറ്റാലും തോളില്‍ വെച്ചു കുഞ്ഞിമാനിക്ക പാടത്തേക്ക് നടന്നു.. എന്നും സന്ധ്യ കഴിഞ്ഞെത്തുന്ന പതിവ് തെറ്റിച്ചു നേരെത്തെ എത്തിയ പതിവുകാരന്‍ കാരിരുമ്പന്റെ മുഖത്തെ മുറുക്കം കണ്ടപ്പോ കോത ക്ക് പന്തി കേട് തോന്നിയെങ്കിലും ഒന്നും ചോദിക്കാന്‍ പ്പോയില്ല.. എന്നത്തേയും പതിവുള്ള കുപ്പി കഴിഞ്ഞിട്ടും പോകാന്‍ കൂട്ടാക്കാതെ പയ്യാരങ്ങളുടെ കെട്ടഴിച്ചുതുടങ്ങി..കള്ളു മൂത്ത് തലക്കു പിടിച്ചപ്പോ തോര്‍ത്തെടുത്തു തലയില്‍ വട്ടകെട്ടും കെട്ടി വേച്ചു വേച്ചു പുറത്തിറങ്ങി റോഡിലേക്ക് തൂങ്ങി കിടന്നിരുന്ന ഓല മടല്‍ വലിച്ചെടുത്തു ഓല ചീന്തി കെട്ടി ചൂട്ട് കത്തിച്ച് വീശാന്‍ തുടങ്ങി.. കണ്ടു നിന്ന കോത ഇരുട്ടായില്ല സമയം 5മണി ആയെള്ളു ന്നും ആവുന്നതും പറഞ്ഞു നോക്കി, ഫലമില്ലായിരുന്നു..റോഡിന് വലതു വശം കൊച്ചു ചാലുകള്‍ , മഴക്കാലത്ത് വെള്ളം ഒലിച്ച് പോകാന്‍ സഹായിക്കുന്നത്..ഇടതു ഭാഗത്തു പരന്നു കിടക്കുന്ന തെങ്ങിന്‍ പറമ്പാണ്..വീശി തെളിച്ച ചൂട്ട് കൊണ്ടു റോഡിനിരുവശവും മാറി മാറി തിരഞ്ഞു നടക്കാന്‍ തുടങ്ങിയ ഒടിയന്‍ കണക്കറായി ഒരേ ഈണത്തില്‍ നീട്ടി വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു.... 'അമ്മുണ്ണി യേ കണ്ടോ....ന്റെ.... അമ്മുണ്ണിയെ കണ്ടോ.....' കള്ളുംകുടിച്ചു ബോധമില്ലാതെ നടക്കുമ്പോഴും പിണങ്ങിപ്പോയ അമ്മുണ്ണിയെ പട്ടാപകല്‍ ചൂട്ടും തെളിച്ചു വഴി നീളെ തിരഞ്ഞു നടന്ന ആ കാരിരുമ്പന്‍ എണ്ണക്കറുപ്പന്റെ കരളിലെ പ്രണയം ഒടി മറയാതെ തന്നെ അങ്ങു ദൂരെ ഭട്ടികായലിന് ഇപ്പുറം ഓലക്കുടിലില്‍ ഇരുന്ന് മൂക്ക് പിഴിഞ്ഞ് പതം പറഞ്ഞിരുന്ന അമ്മുണ്ണിക്ക് മനസ്സിലാകുമായിരുന്നു.. അതു കൊണ്ടാകാം കുഴഞ്ഞാടി വരുന്ന തന്റെ ഒടിയനെയും കാത്തു ഒരു നിഴലായി അങ് ഇടവഴിക്കപ്പുറം അന്നും പതിവ് പോലെ അവള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.. 'ങ്ങള് ആരെനെ തെരയാ ന്റെ മനുഷ്യ...ഞാന്‍ എങ്ങും പോയിട്ടില്ല...ഈടെ തന്നെ ണ്ട്.... ഇങ്ങു താ' ന്നും പറഞ്ഞു കണക്കറായി യുടെ കൈയ്യിലെ ചൂട്ടും വലിച്ചു വാങ്ങി ദൂരെക്കളഞ്ഞ് കണക്കറായിയെയും താങ്ങി ചാണകം മെഴുകിയ ആ കുടിലിലേക്ക് അമ്മുണ്ണി നടക്കുമ്പോള്‍ ഭട്ടി കായലിനു മുകളിലൂടെ ഒരുകൂട്ടം എരണ്ടപക്ഷികള്‍ ശബ്ദമുണ്ടാക്കി പറന്നുപോയി അകലെ വേങ്ങശ്ശേരി ഗ്രാമത്തിലെ വിളഞ്ഞു കിടക്കുന്ന പാടത്തെ ലക്ഷ്യമാക്കി..

പരാതിയൊഴിഞ്ഞ മനസ്സോടെ അമ്മുണ്ണി അപ്പോള്‍ കാരിരുമ്പന്‍ ഒടിയന്‍ കണക്കറായിയുടെ മാറില്‍ ചാഞ്ഞു മയങ്ങുകയായിരുന്നു. കണക്കറായിയുടെ പരുപരുത്ത വിരലുകള്‍ അവളുടെ കെട്ടുപിണഞ്ഞ മുടിയിഴകളിലൂടെ ഇഴഞ്ഞു നടന്നു.. കായലിലെ പുഞ്ചപ്പണിക്കാരുടെ തേക്കുപാട്ടിനൊപ്പം അവരുടെ ഹൃദയതാളങ്ങള്‍ അലിഞ്ഞു ചേര്‍ന്നു. 
ഒടിയന്‍ കണക്കറായി (കഥ: ജയശ്രീ രാജേഷ്)
Join WhatsApp News
Rajan Kinattinkara 2019-03-30 02:18:48
പാലക്കാടൻ ഗ്രാമങ്ങളുടെ നാട്ടു ശീലുകൾ ഒടിയൻ കണക്കറായിയിലൂടെ അതിഭാവുകത്വമില്ലാതെ വരച്ചിട്ടിരിക്കുന്നു .. അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക