Image

രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് മത്സരിക്കാനെത്തുന്നത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും (കല)

കലാകൃഷ്ണന്‍ Published on 31 March, 2019
രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് മത്സരിക്കാനെത്തുന്നത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും (കല)

അവസാനം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. രാഷ്ട്രീയ ഇന്ത്യയില്‍ തന്നെ ഏറെ പ്രധാനപ്പെട്ട തീരുമാനമാണിത്. യു.പി.എ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി വയനാട്ടിലേക്ക് എത്തുമ്പോള്‍ അതിന്‍റെ രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്. കേരളത്തിലെ യുഡിഎഫ് മുന്നണിക്ക് അത് വലിയ ഊര്‍ജ്ജം പകരുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ രാഹുലിന്‍റെ വയനാട്ടിലേക്കുള്ള വരവിന്‍റെ രാഷ്ട്രീയ ശരിതെറ്റുകള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. 
തീര്‍ച്ചയായും രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന പതിവ് പ്രധാനമന്ത്രി സ്ഥാനാര്‍ഥികള്‍ക്കുണ്ട്. അതില്‍ തെറ്റുമില്ല. ദക്ഷിണേന്ത്യയില്‍ രാഹുല്‍ മത്സരിച്ച് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തണം എന്ന ആവശ്യം തികച്ചും ന്യായവുമാണ്. ദക്ഷിണേന്ത്യയില്‍ കൂടി രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം എത്തുമ്പോള്‍ അത് പ്രതിപക്ഷത്തിന് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാന്‍ ഇന്ത്യന്‍ സ്ട്രക്ചറില്‍ കൂടുതല്‍ ശക്തി പകരുമെന്ന് തീര്‍ച്ചയുമാണ്. 
എന്നാല്‍ ദക്ഷിണേന്ത്യയില്‍ രാഹുല്‍ മത്സരിക്കാന്‍ തിരഞ്ഞെടുത്ത സംസ്ഥാനവും മണ്ഡലവുമാണ് പ്രധാന പ്രശ്നമാകുന്നത്. ബിജെപിക്കെതിരെയുള്ള മതേതര മുന്നണിയും ബിജെപിയും തമ്മിലാണ് ഇത്തവണ മത്സരം. തിരഞ്ഞെടുപ്പിന് ശേഷം ഒരു മുന്നാം മുന്നണിക്കുള്ള സാധ്യതയും മായാവതിയും അഖിലേഷും തള്ളിക്കളയുന്നില്ല എങ്കിലും ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത് രാഹുല്‍ നയിക്കുന്ന കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മതേതര മുന്നണിക്ക് തന്നെയാണ്. അപ്പോള്‍ രാഹുലിന്‍റെ എതിരാളിയായി വരേണ്ടത് ബിജെപിയാണ്. രാഹുല്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ അത് ബിജെപിക്ക് നേരെയാവണം. അതൊരു സ്റ്റേറ്റ്മെന്‍റാണ്. നേരിട്ട് ബിജെപിയോട് മത്സരിക്കാന്‍ തയാറാകുന്നു എന്ന സ്റ്റേറ്റ്മെന്‍റ്. 
ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഒരു മണ്ഡലം തിരഞ്ഞെടുക്കുന്നുവെങ്കില്‍ ഏറ്റവും നല്ലത് കര്‍ണാടകയായിരുന്നു. കര്‍ണാടകയിലെ കോണ്‍ഗ്രസിന് മെജോറിറ്റിയുള്ള മണ്ഡലം തിരഞ്ഞെടുത്തുവെങ്കില്‍ കൂടി കര്‍ണാടക എന്നത് ബിജെപിയുടെ ശക്തികേന്ദ്രമായതിനാല്‍ അവരോട് നേര്‍ക്ക് നേര്‍ പോരാട്ടം സാധ്യമാകുകമായിരുന്നു. എന്നാല്‍ തമിഴ്നാട്, കേരളം ആന്ധ്ര, തെലുങ്കാന പോലെയുള്ള സംസ്ഥാനങ്ങള്‍ ബിജെപിക്ക് യാതൊരു ശക്തിയുമുള്ള മണ്ഡലങ്ങളല്ല. 
കേരളത്തിലേക്ക് എത്തുമ്പോള്‍ പ്രധാന പ്രശ്നം ബിജെപി ഇതുവരെയും ഒരു ലോക്സഭ ജയിച്ചിട്ടില്ലാത്ത സംസ്ഥാനം എന്നതാണ്. 16 ശതമാനം വോട്ട് ഷെയര്‍ മാത്രം ബിജെപിക്കുള്ള സംസ്ഥാനമാണ് ഇതുവരെയും കേരളം. 
കേരളത്തിലേക്ക് രാഹുല്‍ എത്തുമ്പോള്‍ എതിരാളിയാകുന്നത് എല്‍ഡിഎഫ് തന്നെയാണ്. വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ഥി തന്നെയാണ് രാഹുലിന്‍റെ ഡയറക്ട് എതിരാളി. ബിജെപി അവിടെ നാമമാത്രമാണ്. കേരളം തിരഞ്ഞെടുത്തപ്പോള്‍ ബിജെപിക്ക് സാധ്യതയുള്ള തിരുവനന്തപുരമോ, പത്തനംതിട്ടയോ രാഹുല്‍ തിരഞ്ഞെടുത്തിരുന്നുവെങ്കില്‍ ബിജെപിയുമായി ഒരു പോരാട്ടം എന്ന സാധ്യത പിന്നെയും കല്പിച്ചു നല്‍കാമായിരുന്നു. എന്നാല്‍ വയനാട് മണ്ഡലത്തില്‍ ഇതിനൊന്നും പ്രസക്തിയില്ല. 
വയനാട്ടില്‍ യുഡിഎഫിന്‍റെ മെജോറിറ്റി വോട്ട് ഷെയര്‍ മുസ്ലിം ലീഗിന്‍റെയാണ്. മുസ്ലിം ലീഗിന്‍റെ വോട്ട് ഷെയറിലാണ് എപ്പോഴും യുഡിഎഫ് തങ്ങളുടെ സുരക്ഷിത മണ്ഡലമായി വയനാടിനെ നിലനിര്‍ത്തുന്നത്. കോണ്‍ഗ്രസിന്‍റെ ദേശിയ അധ്യക്ഷന്, പ്രധാനമന്ത്രി സ്ഥനാര്‍ഥിക്ക് ജയിക്കണമെങ്കില്‍ മുസ്ലിം ലീഗിന്‍റെ വോട്ട് മെജോറിറ്റിയുള്ള മണ്ഡലം വേണമെന്ന അവസ്ഥ കോണ്‍ഗ്രസിന് ഒരടി പിന്നോട്ട് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 
സുരക്ഷിത മണ്ഡലം തേടിയാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തിയത് എന്ന പ്രചരണത്തിന് ഇത് വലിയ ശക്തിപകരും എന്നുറപ്പാണ്. രാഹുലിന്‍റെ ഇമേജിനെ തന്നെ ഇത് വലിയ അളവില്‍ ബാധിക്കും. 
ഏറ്റവും പ്രധാന പ്രശ്നം വരാനിരിക്കുന്ന മതേതര മുന്നണിയുടെ, വിശാല പ്രതിപക്ഷ ഐക്യത്തിന്‍റെ, മുന്നണി സാധ്യതയുടെ, കടയ്ക്കലാണ് ഈ തീരുമാനം കത്തി വെക്കുന്നത് എന്നതാണ്. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് ഒപ്പം ഏത് സാഹചര്യത്തിലും ബിജെപിക്ക് എതിരായി മുന്നണിയായി നില്‍ക്കുമെന്ന് ഉറപ്പുള്ള പാര്‍ട്ടികളാണ് സിപിഎം, സിപിഐ എന്നിവര്‍. ഇടതുപക്ഷം ഏത് സാഹചര്യത്തിലും ബിജെപി വിരുദ്ധരായിരിക്കും. അവര്‍ പാര്‍ലമെന്‍റില്‍ രാഹുലിനായി കൈ ഉയര്‍ത്തുമെന്ന് തീര്‍ച്ച. എന്നാല്‍ അത്രമേല്‍ വിശ്വസിക്കാവുന്ന മറ്റേത് പ്രാദേശിക പാര്‍ട്ടിയാണ് ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിലുള്ളത്. ഒരിക്കലെങ്കിലും ബിജെപിയുമായി ചേരാത്തവര്‍ ലാലുപ്രസാദ് യാദവിന്‍റെ പാര്‍ട്ടിയല്ലാതെ മറ്റാരുമുണ്ടാകുമെന്ന് തോന്നുന്നില്ല. ചന്ദ്രബാബു നായിഡു മുതല്‍ ബിജു ജനതാദള്‍ അടക്കം ആരും ഏത് സാഹചര്യത്തിലും മറിഞ്ഞു പോകാവുന്നവരാണ്. നിന്ന നില്‍പ്പില്‍ കോണ്‍ഗ്രസ് എം.പിമാര്‍ പോലും ബിജെപിയിലേക്ക് കൂട്ടത്തോടെ എത്തുന്നു. എന്നാല്‍ കേരളത്തിലെ എല്‍ഡിഎഫ് എം.പിമാര്‍ എവിടെയും പോകില്ലെന്ന് രാഹുലിന് ഉറപ്പിക്കാമായിരുന്നു. മാത്രമല്ല വിശാല പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസിനൊപ്പം സകല രാഷ്ട്രീയ കൂട്ടുകെട്ടുകളിലും ഇടതുപക്ഷം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമായിരുന്നു. 
ഈ സാഹചര്യം നഷ്ടപ്പെടരുത് എന്ന് മുന്നില്‍ കണ്ടാണ് എന്‍സിപി നേതാവ് ശരത്പവാര്‍ രാഹുലിനോട് വയനാട്ടിലേക്ക് പോകരുത് എന്ന് ശക്തമായി ഉപദേശിച്ചത്. എന്നാല്‍ കേരളാ ഘടകത്തിന്‍റെ താത്പര്യത്തിന് മുന്നിലും മറ്റ് അഞ്ജാതമായ കാരണങ്ങളാലും രാഹുല്‍ കേരളത്തിലേക്ക് എത്തുകയാണ്. രാഷ്ട്രീമായി അത് ബിജെപിക്ക് ഒരു അവസരം കൊടുക്കലാണ് എന്ന കാര്യത്തില്‍ സംശയമില്ല.  
Join WhatsApp News
Sakavu Thomman 2019-03-31 14:14:20
Congress and Rahul s image as an advocate of the Rural voter is what 
Counts. He is convinced of Rural strategy
A winning strategy. If the left wants
They can withdraw their candidate and prove solidarity. Ingulab zindabad.
oommen 2019-04-03 19:16:17
രാഹുലിന്റെ വരവോടുകൂടി ഇടതുപക്ഷം അപ്രസക്തമായി.  ബംഗാൾ, ത്രിപുര, ഇനിയിപ്പോൾ കേരളത്തിലും ഇടതു പക്ഷം ഇല്ലാതാകുന്ന ദയനീയമായ കാഴ്ചയാണ്  ഈ തെരെഞ്ഞെടുപ്പോടുകൂടെ കാണുവാൻ പോകുന്നത് എന്ന് തോന്നുന്നു.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക