Image

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 14-(ഹാരിയറ്റ് ടബ്മാന്‍: ജോര്‍ജ് പുത്തന്‍കുരിശ്)

ജോര്‍ജ് പുത്തന്‍കുരിശ് Published on 09 April, 2019
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 14-(ഹാരിയറ്റ് ടബ്മാന്‍: ജോര്‍ജ് പുത്തന്‍കുരിശ്)
മനുഷ്യ ശരീരത്തെ തടവിലാക്കിയും, പീഡിപ്പിച്ചും, കത്തിച്ചും ചാമ്പലാക്കാന്‍ കഴിഞ്ഞെന്നിരിക്കും പക്ഷെ സ്വതന്ത്രമായ ഒരാത്മാവിനെ ആര്‍ക്കും നശിപ്പിക്കാനാകയില്ല അഥവാ ചാമ്പലാക്കിയാലും അതില്‍ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരാന്‍ കഴിയുമെന്നതിന്റെ   തെളിവാണ് ലോക പ്രശസ്തയായ ഹാരിറ്റ് ടബ്മാന്‍ (അരമിറ്റ റോസ്) എന്ന അടിമത്വ വിരുദ്ധ പോരാളി. അടിമകളായിരുന്ന ഹാരിയറ്റ് (റിറ്റ്) ഗ്രീനിന്റേയും ബെന്‍ റോസിന്റേയും മകളായിട്ടാണ് ടബ്‌മെന്‍ ജനിച്ചത്. ആ കാലഘട്ടത്തിലെ ഏത് അടിമകളുടെ ജ•ദിനത്തെ കുറിച്ച് അന്വേഷിച്ചാലും പൊതുവായി ഒരു ദിവസം കണ്ടെത്താമെന്നല്ലാതെ വ്യക്തമായ ഒരു ദിവസം കണ്ടു പിടിക്കാന്‍ പ്രയാസമായിരിന്നു. ഹാരിയറ്റ് ടബ്‌മെന്റെ കാര്യത്തിലും ഇതില്‍ നിന്നൊന്നും വ്യത്യസ്തമല്ലായിരുന്നു. ആയിരത്തി എണ്ണൂറ്റി ഇരുപതെന്നും, ആയിരത്തി എണ്ണൂറ്റി ഇരുപത്തിരണ്ടെന്നും, ആയിരത്തി എണ്ണൂറ്റി ഇരുപത്തിയഞ്ചെന്നും വ്യത്യസ്ത വര്‍ഷങ്ങള്‍ ഹാരിയറ്റ് പലേടെത്തും ജ• വര്‍ഷമായി രേഖപ്പെടുത്തിയിരുക്കുന്നതു കൊണ്ടുതന്നെ, അവരുടെ ജ•ദിനത്തേക്കുറിച്ചുള്ള ഉറപ്പില്ലായ്മ വളരെ വ്യക്തമാണ്. ഹാരിയറ്റിന്റെ അമ്മയുടെ ബന്ധത്തിലുള്ള ഒരു മുത്തശ്ശി അടിമകളെ കൊണ്ടുവരുന്ന കപ്പലിലാണ് അമേരിക്കയിലെത്തിയെതെന്ന് പറയപ്പെടുന്നു. ഹാരിസിന്റെ അമ്മയുടെ അച്ചന്‍ ഒരു വെളുത്ത വര്‍ഗ്ഗക്കാരനാണെന്ന് അനുമാനിക്കപ്പെടുന്നു. അമ്മ ബ്രോഡസ്സ് കുടംബത്തിലെ പാചകക്കാരിയായിരുന്നു. അവരുടെ അച്ചന്‍ നല്ല ഒരു മരപ്പണിക്കാരനുംമായിരുന്നു. അവര്‍ക്ക് ഒന്‍പത് കുട്ടികള്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. അവരെ പോറ്റി പുലര്‍ത്താന്‍ നിവര്‍ത്തിയില്ലാത്തതുകൊണ്ട് അതില്‍ മൂന്നു പെണ്‍ മക്കളെ ബ്രോഡസ്സിന്റെ ആവശ്യപ്രകാരം അടിമകളായി വിറ്റു കളഞ്ഞു. എന്നാല്‍ അവരുടെ മകന്‍ മോസ്സസിനെ വാങ്ങാന്‍, ബ്രോഡസ്സിന്റെ ഒത്താശ പ്രകാരം, ജോര്‍ജജിയില്‍ നിന്ന് ഒരു കച്ചവടക്കാരന്‍ വന്നപ്പോള്‍ റിറ്റ്‌സ് അതിനെ എതിര്‍ത്തു. ഏകദേശം മൂന്ന് മാസ കാലത്തോളം മോസ്സസിനെ ഒളിച്ചു വയ്ക്കുകയും ചെയ്തു. എന്നാല്‍ കച്ചവടക്കാരന്‍ പിന്‍വാങ്ങിയില്ല എന്ന് വന്നപ്പോള്‍, 'എന്റെ മകന്റെമേല്‍ കയ്യ് വയ്ക്കുന്നവന്റെ തല ഞാന്‍ തല്ലപ്പൊട്ടിക്കും' എന്ന് ഭീഷണി മുഴക്കി. അതോടെ കച്ചവടക്കാരന്‍ അയാളുടെ ശ്രമം ഉപേക്ഷിച്ചു പോയി. അങ്ങനെ ആദ്യമായി അവിടെ അടിമത്വവിരുദ്ധ പോരാളിത്വത്തിന്റെ ശബ്ദം മാറ്റൊലി കൊണ്ടു.
ടബ്മാന്റെ ബാല്യകാലം കഷ്ടപ്പാടിന്റേയും പീഡനത്തിന്റേതുമായിരുന്നു. അവളുടെ അമ്മയാകട്ടെ ബ്രോഡ്‌സമാന്റെ അടുക്കളയിലെ പണിയില്‍ മുഴുവന്‍ സമയവും ചിലവഴിച്ചതുകൊണ്ട് വളരെ കഷ്ടിച്ചു മാത്രമെ കുട്ടികളെ നോക്കാന്‍ സമയം കിട്ടിയിരുന്നുള്ളു.  അതുകൊണ്ട് ടബ്മാന്റെ ഇളയ സഹോദരിയേയും  ഒരു കൊച്ചു കുഞ്ഞ്‌സഹോദരിയേയും നോക്കേണ്ട ചുമതല അവളില്‍ വന്നു പതിച്ചു. അവള്‍ക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ അവളുടെ ഉടമ ബ്രോഡേഴ്‌സ, ് അവളെ ഒരു ആയയായി മിസ് സൂസ്സന്റെ കൂടെ ജോലിക്കയച്ചു. അവിടെ അവള്‍ക്ക് അവരുടെ  കുട്ടിയെ നോക്കുക എന്ന ചുമതലയായിരുന്നു. കുട്ടി ഉണര്‍ന്നെഴുന്നേറ്റ് കരയുമ്പോള്‍, കരഞ്ഞ കാരണത്തിന് ചാട്ടവാറുകൊണ്ടുള്ള അടിയായിരുന്നു അവള്‍ക്കു വേണ്ടി കാത്തിരുന്നത് അങ്ങനെയുള്ള ഒരു ദിവസത്തെക്കുറിച്ചവള്‍ വിവരിച്ചത്,    പ്രഭാത ഭക്ഷണത്തിനു മുന്‍പുള്ള അഞ്ചു ചാട്ടവാറടിയോടു കൂടിയാണ് ആ ദിനം ആരംഭിച്ചിരുന്നതെന്നാണ്. ആ ചാട്ടവാറടികളുടെ   പാടുകള്‍ ജീവിതകാലം മുഴുവന്‍ വേദനിക്കുന്ന ഓര്‍മ്മകളായി അവളുടെ കൂടെയുണ്ടായിരുന്നു. പക്ഷെ ആ പിഡനത്തെ പല വിധത്തില്‍ അവള്‍ എതിര്‍ത്തിരുന്നു. ചിലപ്പോള്‍ നാലും അഞ്ചും ദവസത്തേക്ക് അവള്‍ അവിടെ നിന്നും ഒളിച്ചോടും. ചിലപ്പോള്‍ വസ്ത്രങ്ങള്‍ ഒന്നിന് മുകളില്‍ ഒന്ന് അട്ടിയായി ഇട്ട് അടിയുടെ ആക്കത്തില്‍ നിന്നും രക്ഷപ്പെടും. അവളുടെ ചെറുപ്പത്തില്‍ അവള്‍,  ജയിംസ് കുക്കെന്ന തോട്ടം മുതലാളിയുടെ കൂടെയായിരുന്നു ജോലി ചെയ്തിരുന്നത്. അയാള്‍ അവളെ അടുത്തുള്ള ചതുപ്പു നിലത്ത് വെരുകിനെ പിടിക്കുന്ന കൂട് പരിശോധിക്കാന്‍ വിടുമായിരുന്നു. അവള്‍ക്ക് മീസല്‍ രോഗം ബാധിച്ചപ്പോള്‍ അവളുടെ അമ്മയുടെ അടുത്തു പോയി നിന്നതും, അവരുടെ പരിചരണത്തില്‍ അവള്‍ സുഃഖം പ്രാപിച്ചതുമൊക്കെ മായാതെ അവളുടെ മനസ്സില്‍ തങ്ങി നിന്നിരുന്നു. അവളുടെ ബാല്യകാലത്തിലെ തീവ്രമായ ഗൃഹാതുരത്വ ചിന്തകളെ, സ്റ്റീഫന്‍ ഫോസ്റ്ററിന്റെ 'ഓള്‍ഡ് ഫോള്‍ക്‌സ് അറ്റ് ഹോം' എന്ന ഗാനത്തിലെ 'ദി ബോയി ഓണ്‍ ദി സ്വീനി റിവര്‍' എന്ന വരിയെ അനുസ്മരിച്ചുകൊണ്ട് പാടുമായിരുന്നു. 
ആയിരത്തി എണ്ണൂറ്റി നാല്‍പ്പത്തി ഒന്‍പതില്‍ ടബ്‌മെന്‍ രോഗ ബാധിതയായി. ഇതവളുടെ,  അടിമയെന്നതിന്റെ വില കുറച്ചു. അവളുടെ ഉടമ അവളെ വില്ക്കുവാന്‍ പല ശ്രമങ്ങളും നടുത്തുന്നതും അതുപോലെ വീണ്ടും അടിമകളെ കൊണ്ടു വന്ന് പണിയിയ്ക്കുന്നതും അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവള്‍ രാവെളുപ്പോളം ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അങ്ങനെ ഇരിക്കെ അവളുടെ ഉടമ ബ്രോഡേഴ്‌സ് അവളെ വില്ക്കുവാനനുള്ള കാരാര്‍ ഉറപ്പിച്ചു. അന്നു രാത്രി അവള്‍ ദൈവത്തോട്, ' എന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കാന്‍ നിനക്ക് കഴിയുന്നില്ലെങ്കില്‍ അവനെ കൊന്നു കളയണെ' എന്ന പ്രാര്‍ത്ഥിച്ചു. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ബ്രോഡേഴ്‌സ് മരിച്ചു പോയി. പിന്നീടവള്‍ അവളുടെ പ്രാര്‍ത്ഥനയെ ഓര്‍ത്ത് ദുഃഖിച്ചു. ബ്രോഡേഴ്‌സിന്റെ മരണം അവളെ അടിമയായി വില്ക്കാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിച്ചു. അവളുടെ മുന്നില്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍ അവശേഷിച്ചു. ഒന്നുകില്‍ സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം. ടബ്‌മെന്‍ അവളുടെ രണ്ടു സഹോദരങ്ങളുമൊത്ത് 1849 സെപ്തംബറില്‍ ബ്രോഡേഴ്‌സിന്റെ തോട്ടത്തില്‍ നിന്ന് ഒളിച്ചോടി, ഡോ. തോംസണ്‍ എന്ന തോട്ടം മുതലാളയിയുടെ കൂടെ ജോലിക്ക് ചേര്‍ന്നു. ആഴ്ചകള്‍ക്കു ശേഷം ബ്രോഡേഴ്‌സിന്റെ വിധവ, എല്‍സ, ടബ്‌മെന്നും സഹോരങ്ങളും രക്ഷപ്പെട്ടു എന്നറിഞ്ഞപ്പോള്‍, അവരെ തിരികെ ഏല്പിക്കുന്നവര്‍ക്ക് 100 ഡോളര്‍ പാരിദോഷികം നല്‍കുമെന്ന് പരസ്യം ചെയ്തു. ടബ്‌മെന്റ സഹോദരങ്ങള്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചു അതോടൊപ്പം ടബ്‌മെന്നും കൂടെ പോകാന്‍ നിര്‍ബന്ധിതയായി. അങ്ങനെ അവര്‍ വീണ്ടും ബ്രോഡേഴ്‌സിന്റെ തോട്ടത്തില്‍ തിരികെ എത്തി. 

അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിക്കാനുള്ള ടബ്‌മെന്റെ ഉള്‍വിളിയെ തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അവള്‍ വീണ്ടും അവളുടെ ഉടമയുടെ വീട്ടില്‍ നിന്നും ഒളിച്ചോടി പക്ഷെ ഇത്തവണ അവളുടെ സഹോദരങ്ങളെ കൂടാതെ ആയിരുന്നു. പോകുന്നതിന് മുന്‍പ് അവള്‍ അമ്മയ്ക്ക് അവളുടെ പദ്ധതിയെക്കുറിച്ച് ഒരു നിഗൂഡ സന്ദേശം അയച്ചു. അതുപോലെ അവളുടെ വിശ്വസ്തയായ സഹഅടിമയ്ക്ക് , 'പ്രാഭാതത്തില്‍ നിന്നെ കാണം, ഞാന്‍ വാഗ്ദ്ധത്ത ഭൂമിയിലേക്ക് പോകയാണ്' എന്ന വരികള്‍ ഈണത്തില്‍ പാടി അവളുടെ രക്ഷപ്പെടലിന്റെ സന്ദേശം അറിയിച്ചു. അവള്‍ ഏത് വഴി രക്ഷപ്പെട്ടു എന്ന് വ്യക്തമായി അറിയില്ലെങ്കിലും, രക്ഷപ്പെട്ട അടിമകളും അടിമത്വവിരുദ്ധ പോരാളികളായ വെളുത്ത വര്‍ഗ്ഗക്കാരും (ക്വയ്‌ക്കേഴ്‌സ്) ഉള്‍പ്പെട്ടിരുന്ന വളരെ ചിട്ടയോടെ ക്രമപ്പെടുത്തിയിരുന്നതും പല അടിമകളേയും സ്വാതന്ത്ര്യത്തിലേക്ക് നയിച്ചിട്ടുള്ളതുമായ  'അണ്ടര്‍ ഗ്രൗണ്ട് റെയില്‍റോഡ് ' എന്ന സംഘടനയുടെ സഹായം ടബ്‌മെന്നിന് ലഭിച്ചിരിന്നിരിക്കണം. സാധരണയായി അടിമകള്‍ രക്ഷപ്പെടാറുള്ള ചോപ്പ്ടാന്‍ങ്ക് നദിയും കടന്ന് ഡെലവെയറില്‍ കൂടി പെന്‍സല്‍വേനിയിലേക്ക് പോയിരിക്കാനാണ് സാദ്ധ്യത എന്ന് കരുതപ്പെടുന്നു. ഓടി രക്ഷപ്പെടുന്ന അടിമകളെ പിടിച്ചുകൊടുത്ത് പണമുണ്ടാക്കുന്ന അടിമ പിടുത്തക്കാരുടെ കണ്ണില്‍പ്പെടാതെ, ധ്രൂവനക്ഷത്രത്തെ വഴികാട്ടിയാക്കി, തൊണ്ണൂറ് മയില്‍ ദൂരം താണ്ടി ചുരുങ്ങിയത് അഞ്ചു ദിവസമെങ്കിലും എടുത്തായിരിക്കണം ടബ്മാന്‍ പെന്‍സല്‍വേനിയിലെത്തിയത്. ആദരസമന്വിതമായ വിസ്മയത്തോടെ,  അടിമത്വ സംസ്ഥാനങ്ങളുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് സ്വാതന്ത്ര്യത്തിന്റെ 'വാഗ്ദ്ധത്തഭൂമി'യായ പെന്‍സല്‍വേനിയില്‍ എത്തിയ നിമിഷത്തെ,  വര്‍ഷങ്ങള്‍ക്ക് ശേഷം ടബ്‌മെന്‍ അനുസ്മരിക്കുന്നത്, 'ഞാന്‍ അടിമത്വത്തിന്റെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് പെന്‍സല്‍വേനിയില്‍ കടന്നപ്പോള്‍ എന്റെ കയ്യ്കളിലേക്ക് നോക്കി ഞാന്‍ തന്നെയാണെതന്ന് ഉറപ്പു വരുത്തി. എന്റെ ചുറ്റുപാടുകളില്‍ സ്വര്‍ഗ്ഗീയമായ ഏതോ തേജസ്സ് വിളങ്ങുന്നതായി തോന്നി മരങ്ങളുടെ ഇടയിലൂടെ അരിച്ചു കയറുന്ന സൂര്യപ്രകാശത്തിന് സ്വര്‍ണ്ണം നിറമുള്ളതായി തോന്നി. അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ തന്നെയാണെന്ന് എനിക്ക് മനസ്സിലായി.'
മറ്റ് അടിമകളെയും അവരുടെ ബന്ധുക്കളേയും ധീരമായി സ്വതന്ത്യത്തിലേക്ക് നയിച്ച ടബമെന്നിനെ, യഹൂദ ജനതയെ,  ഈജിപ്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മോസസ്സിനെ അനുസ്മരിച്ചുകൊണ്ട്, അടിമത്വവിരുദ്ധ പോരാളിയായ, വില്ല്യം ലോയിഡ് ഗാരിസണ്‍ വിളിച്ചത് മോസസ്സ് എന്ന ഇരട്ടപ്പേരിലാണ്. ടബ്‌മെന്നെ മോസസ്സ് എന്ന ഇരട്ടപേരില്‍ അറിയപ്പെട്ടിരുന്നങ്കിലും, മറ്റ് അടിമകളെ രക്ഷിക്കാനുള്ള മേരിലാന്‍ഡിലേക്കുള്ള അവരുടെ സാഹസികത നിറഞ്ഞ യാത്രയുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സുക്ഷിച്ചിരുന്നു. 'ഈജിപ്തിന്റെ അധീനതയിലായിരിക്കുന്ന എന്റെ ജനങ്ങളെ പോകാന്‍ അനുവദിക്കുക, അവര്‍ക്ക് താങ്ങാനാവാത്ത അടിച്ചമര്‍ത്തലില്‍ നിന്നും പീഡനത്തില്‍ നിന്നും എന്റെ ജനത്തെ പോകാന്‍ അനുവദിക്കുക' എന്നര്‍ത്ഥമുള്ള 'ഗോ ഡൗണ്‍ മോസസ്സ്' എന്ന ഗാനത്തിന്റെ വരികള്‍ മറ്റു അഭയാര്‍ത്ഥികള്‍ക്ക് അടിമത്വത്തില്‍ നിന്ന് മോചിക്കപ്പെടാനുള്ള ഒരു സുചനയായി അവര്‍ പാടിയിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. 
ചിന്താമൃതം.
എല്ലാ മഹത്തായ സ്വപ്നങ്ങളും ആരംഭിക്കുന്നത് ഒരു സ്വപ്നദര്‍ശിയിലാണ്. ഏത് നക്ഷത്രങ്ങളിലും എത്തിപ്പിടിച്ച് ഈ ലോകത്തെ മാറ്റാനുള്ള ശക്തിയും ക്ഷമയും, അതിനുവേണ്ട അത്യത്ക്കടമായ താത്പര്യവും നമ്മളിലുണ്ടെന്ന് അിറഞ്ഞിരിക്കുക. ഞാന്‍ ആയിരം അടിമകളെ രക്ഷപ്പെടുത്തി എനിക്ക് ആയിരങ്ങെളെ കൂടി രക്ഷപ്പെടുത്താമായിരുന്നു അവര്‍ അടിമകള്‍ എന്ന് അിറഞ്ഞിരുന്നെങ്കില്‍. സാതന്ത്ര്യത്തെ കുറിച്ച് അറിവും അനുഭവും ഇല്ലാത്ത ഒരു കളയായിട്ടാണ് ഞാന്‍ വളര്‍ന്നത്. (ഹാരിയറ്റ് ടബ്‌മെന്‍)

ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍ 14-(ഹാരിയറ്റ് ടബ്മാന്‍: ജോര്‍ജ് പുത്തന്‍കുരിശ്)
Join WhatsApp News
George Puthenkurish 2020-06-17 21:24:28
'പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകം" കുമാരനാശാൻ https://youtu.be/PYf-FAtV9qU
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക