Image

ഇണപിരിയുമ്പോള്‍ (എഴുതാപ്പുറങ്ങള്‍ 37: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 09 April, 2019
ഇണപിരിയുമ്പോള്‍ (എഴുതാപ്പുറങ്ങള്‍ 37: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
നമ്മുടെ ആദികാവ്യമായ രാമായണം എഴുതാന്‍ കവിയ്ക്ക് പ്രേരണ ലഭിച്ചത് കൊക്കുരുമ്മി സ്‌നേഹം പങ്കുവച്ചിരുന്ന ഇണക്കിളികളില്‍  ഒന്ന്  ഏതോ വേടന്റെ വിനോദമാകുന്ന അമ്പെയ്ത് പിടഞ്ഞുമരിയ്ക്കുമ്പോള്‍ മറ്റേ കിളിയുടെ വേദനയിലേക്കിറങ്ങി ചെന്നപ്പോഴാണ്. മനുഷ്യനില്‍ മാത്രമല്ല മൃഗങ്ങളിലും ഇണയുടെ വേര്‍പാട് മായ്ക്കാനാകാത്ത നൊമ്പരമാകാറുണ്ട്.

ലോകത്തിന്റെ, സമൂഹത്തിന്റെ, കുടുംബത്തിന്റെ പൂര്‍ണ്ണഭാവം ലഭിയ്ക്കണമെങ്കില്‍ സ്ത്രീപുരുഷ പങ്കാളിത്തം വളരെ പ്രാധാന്യമര്ഹിയ്ക്കുന്നു. അര്‍ദ്ധനാരീശ്വര സങ്കല്പം, ശിവനും പാര്‍വ്വതിയും കൂടിച്ചേര്‍ന്ന ഭാവം പല ശിവക്ഷേത്രങ്ങളിലും നമ്മള്‍ കാണുന്നുണ്ട്.  പുരാണങ്ങളില്‍ ഇതേപ്പറ്റി പരാമര്‍ശങ്ങള്‍ ഉണ്ട്. അര്‍ദ്ധനാരീശ്വര സങ്കല്പം അര്‍ത്ഥമാക്കുന്നത് പുരുഷനും സ്ത്രീയും ഇണപിരിയാത്തവര്‍ ആണെന്നാണ്. സ്ത്രീയും പുരുഷനും ചേരുമ്പോഴാണ് അവര്‍ പൂര്‍ണ്ണരാകുന്നത്. ഇതില്‍ ശിവന്‍ എന്നത് പുരുഷശക്തിയും പാര്‍വ്വതി എന്ന സ്ത്രീ സങ്കല്പം അതായത് പ്രകൃതിയും   കൂടിച്ചേരുമ്പോള്‍ അവിടെ പുതിയ പ്രപഞ്ചശക്തി രൂപം കൊള്ളുന്നു.  വൈരുധ്യങ്ങളുടെ ഏകത ഭാവമാണിത്. അവര്‍ തമ്മില്‍ ആകര്‍ഷിക്കുകയും പരസ്പരം അലിഞ്ഞുചേരുകയും ചെയ്യുന്നു. ഇതില്‍ ഒരുശക്തി ക്ഷയിയ്ക്കുമ്പോള്‍ ആ ഭാവം അശക്തമാകുന്നു. 
 
ആര്‍ഷഭാരതസംസ്കാരം വിവാഹമെന്ന കര്‍മ്മത്തിനു പവിത്രതയും ദിവ്യകര്‍മ്മമെന്ന സ്ഥാനവും നല്‍കുന്നു.  യൗവ്വനാരംഭത്തോടെ യുവതിയുവാക്കള്‍ വിവാഹിതരാകുന്നു.  പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും മരണം വരെ ജീവിച്ചുകൊള്ളാമെന്ന് അവര്‍ അഗ്‌നിസാക്ഷിയായി പ്രതിജ്ഞയെടുക്കുന്നു. അങ്ങനെ സ്ത്രീപുരുഷ സംഗമം നടക്കുന്നു വിവാഹിതരായ സ്ത്രീയും പുരുഷനും അവരുടെ ജീവിതമെന്ന യാത്രയില്‍ സഹയാത്രികരാക്കുന്നത് മാതാപിതാക്കളെക്കാള്‍ അവരുടെ പങ്കാളികളെയാണ്.  

വിവാഹമെന്ന പവിത്രമായ ചടങ്ങിലൂടെ  ചേര്‍ക്കപ്പെട്ട ജീവിതങ്ങള്‍ സ്ത്രീ പുരുഷന്മാര്‍ ആരംഭിക്കുന്ന നാള്‍ മുതല്‍ സ്‌നേഹത്തിലൂടെ ആത്മാര്‍ത്ഥതയിലൂടെ പ്രണയത്തിലൂടെ പരിചരണത്തിലൂടെ  അവരുടെ മനസ്സുകള്‍ ഒന്നാക്കുന്നു. ജീവിത സുഖ ദുഃഖങ്ങള്‍ പരസ്പരം പങ്കു വച്ചുകൊണ്ട് അവര്‍ ജീവിത നൗക തുഴഞ്ഞു മുന്നോട്ട് പ്രയാണം ആരംഭിക്കുന്നു. ഇത്തരത്തില്‍ ഒന്നാകുന്ന മനസ്സുകള്‍ ആഗ്രഹിയ്ക്കുന്നത് ദാമ്പത്യമെന്ന ജീവിതയാത്രയില്‍ ഉടനീളം കൈകോര്‍ത്ത് ഒന്നായി ഓരോ ചുവടുകളും മുന്നോട്ടു വയ്ക്കണമെന്നതാകാം. എന്നാല്‍ ഒരു മനസ്സും ഇരു ശരീരവുമായി പരസ്പരം ഇഴുകിച്ച്‌ചേരുന്ന  ഇവരുടെ ജീവിതയാത്ര എപ്പോഴും സുഖകരമാകണമെന്നില്ല. ക്രൂരനായ വിധി മരണത്തിന്റെ രൂപത്തില്‍ വന്നു ഇണകളില്‍ ഒന്നിനെ കൊത്തിയെടുത്ത പറന്നു പോകുന്നു. അലമുറയിട്ട് കരയാന്‍ മാത്രം കഴിയുന്ന നിസ്സഹായതയുടെ ബലമില്ലാത്ത കൈകളില്‍ പിടിച്ച്, മുന്നില്‍ വട്ടം കറങ്ങുന്ന പ്രപഞ്ചത്തിന്റെ ഒരു കോണില്‍ പിന്നെ തളയ്ക്കപ്പെടുകയായി.     അങ്ങനെ മരണം ഒരാളെ ജീവിതത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ഒറ്റപ്പെടുത്തുമ്പോള്‍  പലപ്പോഴും മുന്നോട്ടു പോകാനുള്ള വഴിയറിയാതെ ജീവിതത്തിന്റെ കണ്ണില്‍ ഇരുട്ടു പടരുന്നു. മനസ്സിന്റെ തന്ത്രികളില്‍ പങ്കാളിയുടെ വേര്‍പാടിന്റെ അപസ്വരങ്ങള്‍ മീട്ടുമ്പോള്‍ സന്തോഷങ്ങള്‍ കണ്ണുനീരാകുന്നു, സാന്ത്വനങ്ങള്‍ തേങ്ങലുകളാകുന്നു, ഓര്‍മ്മകള്‍ വീര്‍പ്പുമുട്ടലുകളാകുന്നു, ആഹ്ലാദങ്ങള്‍ അസഹ്യമാകുന്നു. ഒറ്റപ്പെടലിന്റെ വേദന, പേടി  സുരക്ഷിതമില്ലായ്മ    എന്നിവയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ഏകാന്തത തേടുന്നു. ഒരുപക്ഷെ തന്റെ കൂടെ ഉണ്ടായിരുന്നപ്പോള്‍ ശ്രദ്ധിയ്ക്കാത്ത പല കാര്യങ്ങളും മനസ്സിന്റെ അരങ്ങില്‍ കയറിയിറങ്ങുന്നു. 

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ തന്റെ അരികിലിരുന്നു തന്നെ പരിചരിച്ചിരുന്നതും, ആശ്വസിപ്പിച്ചിരുന്നതും, ആദ്യ കുഞ്ഞു പിറക്കാന്‍ പോകുന്നു എന്ന സന്തോഷം പരസ്പരം പങ്കിട്ട നിമിഷങ്ങള്‍, മനോദുഃഖത്തില്‍ പരസ്പരം സാത്വനപ്പെടുത്തിയ നിമിഷങ്ങള്‍, കൗമാരത്തിന്റെ, യൗവ്വനത്തിന്റെ, തേങ്ങലുകളുടെ, പൊട്ടിച്ചിരിയുടെ ഓരോ നിമിഷങ്ങളും പങ്കുവച്ച ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്ന വീട്, സ്വകാര്യ നിമിഷങ്ങള്‍ പങ്കിട്ട കിടപ്പുമുറി, ഒന്നിച്ചിരുന്നു കുട്ടികളെ കളിപ്പിച്ച ഓര്‍മ്മകള്‍ , പങ്കാളി ഇഷ്ടപ്പെട്ടിരുന്ന ഭക്ഷണം, പങ്കാളി ഇഷ്ടപ്പെട്ടിരുന്ന വസ്ത്രം, ഇഷ്ടപ്പെട്ടിരുന്ന  പാട്ടുകള്‍, അവരുടെ കൂട്ടുകാര്‍, പങ്കാളിയെ ഇഷ്ടപ്പെട്ടിരുന്നവര്‍ എന്നിവ   ശ്രദ്ധിയ്ക്കപ്പെടുമ്പോള്‍ മനസ്സില്‍ ഓര്‍മ്മകള്‍ നടത്തുന്ന വടംവലി സഹിയ്ക്കാനാകാത്ത ദുഖത്തിന്റെ പെയ്‌തൊഴിയാത്ത കാര്‍മേഘമായി മനസ്സില്‍ ഉരുണ്ടുകൂടുന്നു. എത്ര കാലം കഴിഞ്ഞാലും ചിലപ്പോള്‍ പങ്കാളിയെ നഷ്ടപ്പെട്ട സമയം ഇന്നലെ ആയിരുന്നുവോ എന്ന് തോന്നിപോകും, ചില സമയങ്ങളില്‍ ജീവിതത്തിലെന്നോ സംഭവിച്ച ഒരിയ്ക്കലും മറക്കാക്കാനാകാത്ത, താന്‍ ഒറ്റപ്പെട്ട നിമിഷം ഇന്നും തന്നെ വേട്ടയാടുന്നത് പോലെ തോന്നാം. ബന്ധുക്കളും അറിയപ്പെടുന്നവരും സഹതാപവും  സാന്ത്വനവുമായി  എത്തുമ്പോള്‍ മനസ്സിന്റെ ഭാരം കുടുതലായേയ്ക്കാം.

വേര്‍പാടിന്റെ ആഴക്കടല്‍ മുങ്ങി തപ്പുമ്പോള്‍ ആശ്വാസത്തിനായി ലഭിയ്ക്കുന്നത് മക്കള്‍ ഉണ്ടല്ലോ എന്ന പ്രത്യാശ മാത്രമായേക്കാം.  എന്നാല്‍ പല സാഹചര്യങ്ങളിലും മക്കള്‍ക്കും താന്‍ ഒരു ചുമതലയായി തോന്നുമ്പോള്‍, പണവും, പണിക്കാരും നല്‍കി വീടെന്ന തടവറയില്‍ മക്കളാല്‍ തളയ്ക്കപ്പെടുമ്പോള്‍ പങ്കാളിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ കൂട്ടായും സന്തോഷമായും അനുഭവപ്പെടുന്നു. അവരുടെ സാമീപ്യം വീണ്ടും കൊതിയ്ക്കുന്നുമ്പോള്‍ എത്രയും പെട്ടെന്ന് അവരിലേക്കെത്താമെന്നുള്ള വിശ്വാസത്തില്‍ ജീവിത കലണ്ടറിലെ ഓരോ ദിവസവും വളരെ സന്തോഷത്തോടെ ചീന്തിയെറിയുന്നു അതുമല്ല വിധിയുടെ ക്രൂരതയില്‍ വൃദ്ധാശ്രമങ്ങളിലാണ് മക്കളാല്‍ തളയ്ക്കപ്പെടുന്നത് എങ്കില്‍ സ്വത്തും, മുതലും, പണവും, സര്‍വ്വസ്വവും മക്കള്‍ പങ്കിട്ടെടുക്കുമ്പോള്‍ ജീവിതയാത്രയില്‍ ഒരു പാഥേയം പോലെ മനസ്സില്‍ സൂക്ഷിയ്ക്കാനായി മിച്ചം ലഭിയ്ക്കുന്നത് തന്നെ തനിച്ചാക്കിപ്പോയ പങ്കാളിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രമായേക്കാം.   
 
പലസമയത്തും വിധി പലരിലും ഇതിലും ക്രൂരത കാണിയ്ക്കാറുണ്ട്. പരസ്പരം കൈകോര്‍ത്ത് ജീവിത യാത്ര ആരംഭിച്ച് അധികം ദുരം പിന്നിടുന്നതിനു മുന്‍പുതന്നെ ഇവരില്‍ ഒരാളെ കൊണ്ടുപോകുന്നു. ഒരുപക്ഷെ പറക്കമുറ്റാത്ത കുട്ടികള്‍, പ്രായമേറിയ മാതാപിതാക്കള്‍, സാമ്പത്തിക പരാധീനത, ജീവിച്ചു കൊതിതീരാത്ത ദാമ്പത്യം നല്‍കുന്ന മാനസികമായ പിരിമുറുക്കങ്ങള്‍  എന്നിവയെല്ലാം  കൊണ്ട്  ഈ ഒറ്റപ്പെടല്‍ നല്‍കുന്ന മനസ്സിന്റെ മുറിവുകള്‍ കൂടുതല്‍ ആഴമുള്ളതാകുന്നു.  ഈ അവസ്ഥ മാനസികവും, ശാരീരികവും മാത്രമല്ല പ്രായോഗികവുമായ വേദനകള്‍ സഹിയ്‌ക്കേണ്ടിവരുന്നതാണ്.
 
ഇങ്ങനെ അകാലത്തില്‍ ജീവിത പങ്കാളി നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന അനന്തരഫലം സ്ത്രീയിലും, പുരുഷനിലും വ്യത്യസ്തമാണ്.   പുരുഷനാണെങ്കില്‍ ഈ അവസ്ഥ തരണം ചെയ്യാന്‍ പലപ്പോഴും ഒരു പുനര്‍വിവാഹത്തിന് മനസ്സ് പാകപ്പെടുത്തിയേക്കാം. എന്നാല്‍ ഒരു സ്ത്രീയുടെ അവസ്ഥ തികച്ചും ദുസ്സഹമാണ്. അവര്‍ അധികവും തന്നോട് എന്നെന്നേക്കുമായി വിട പറഞ്ഞ തന്റെ പങ്കാളിയുടെ ഓര്‍മ്മയില്‍ ജീവിയ്ക്കാന്‍ ഇഷ്ടപ്പെടുന്നു. പ്രത്യേകിച്ചും ഒരു അമ്മയാണെങ്കില്‍ കുട്ടികളുടെ ഭാവി, സുരക്ഷിതത്വം എന്നിവ ഓര്‍ത്തു മറ്റൊരു വിവാഹത്തിന് തയ്യാറാകാറില്ല.  കാരണം ഒരു സ്ത്രീയ്ക്ക് തന്റെ ഉദരത്തില്‍ വളര്‍ന്നതല്ലെങ്കിലും ഒരു കുട്ടിയെ സ്വന്തം കുട്ടിയായി സ്‌നേഹം പകരാന്‍ കഴിയും എന്നാല്‍ ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അവനു സ്വന്തം ബീജത്തില്‍ ജനിച്ച കുഞ്ഞിനെ മാത്രമേ സ്‌നേഹിയ്ക്കാന്‍ ആകുകയുള്ളു എന്നത് പ്രകൃതി നിയമമാണ്.

അതേ സമയം   ഒരു സ്ത്രീ വിധവയായാല്‍ അവളെ ഒരു അപശകുനമായി കാണുന്നു എന്ന് മാത്രമല്ല അവള്‍ക്കുനേരെയുള്ള സമൂഹത്തിന്റെ സഹതാപ കണ്ണുകളും, അപവാദങ്ങളും, അടക്കം  പറച്ചിലും അവരുടേതായ ചട്ടക്കൂട്ടില്‍ ജീവിയ്ക്കാനോ, വിശ്വസ്തരായ ഒരാളില്‍ തന്റെ സുരക്ഷിതത്വവും ഉറപ്പുവരുത്തണോ, സഹായം തേടാനോ അനുവദിയ്ക്കാറുമില്ല.   ഇതവരെ മാനസികമായി ഒരുപാട് തളര്‍ത്തുമ്പോള്‍  തന്റെ പ്രിയമുള്ളവന്റെ സാന്നിദ്ധ്യത്തിന്റെ നഷ്ടബോധം അവരെ വേട്ടയാടുന്നു. സമൂഹത്തില്‍ നിന്നും വിട്ടുനില്‍ക്കാനും, പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും, ആളുകളോട് തുറന്നു സംസാരിയ്ക്കുന്നതിലും അവര്‍ നീരസം കാണിയ്ക്കുന്നു. കുട്ടികള്‍ക്കുവേണ്ടി വളരെ കഠിന പ്രയത്‌നത്തിലൂടെ കുടുംബം മുന്നോട്ടു കൊണ്ടുപോകുമ്പോഴും ജീവിതത്തില്‍ ഒരു മരവിപ്പ്, വീര്‍പ്പുമുട്ടല്‍ പലപ്പോഴും ആരും കാണാതെ കണ്ണുനീരിലൂടെ ഒഴുക്കി കളയേണ്ടിവരുന്നു. മരണത്തിലൂടെയുള്ള വേര്‍പാടിന്റെ വേദന  പുരുഷനിലോ സ്ത്രീയിലോ എന്ന വ്യത്യാസമില്ലാതെ ഓരോ വ്യക്തികളിലും അവര്‍ തമ്മിലുണ്ടായിരുന്ന മനഃപൊരുത്തത്തിന്റെ, സ്‌നേഹത്തിന്റെ, പങ്കിടലിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായിരിയ്ക്കാം. എന്നിരുന്നാലും ഒരുമിച്ച് ജീവിയ്ക്കാന്‍ തീരുമാനിച്ച് പാതിവഴിയില്‍ മരണം ഒരാളെ വേര്‍പ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന വേദനയുടെ വേരുകള്‍ മാനസികമായും, ശാരീരികമായും ആഴത്തിലുറങ്ങുന്ന ഒന്നാണ്.

പ്രണയത്താല്‍, സ്‌നേഹത്താല്‍, ഇഷ്ടത്താല്‍, പരസ്പരം അറിയുന്ന ഒരു ദാമ്പത്യ ജീവിതത്തില്‍ ഒരുമിച്ച് പ്രകൃതി ദത്തമായ മരണം കൈവരിയ്ക്കുക എന്നത് വളരെ അപൂര്‍വ്വമായി കിട്ടുന്ന സൗഭാഗ്യമാണ്. ഏതെങ്കിലും ഒരാള്‍ക്ക് മുന്നെ മരണത്തിനു പിടികൊടുക്കേണ്ടി വരുമെന്നത് നിഷേധിയ്ക്കാന്‍ കഴിയാത്ത പ്രകൃതി സത്യമാണ്.   ഈ സത്യത്തിന്റെ മുന്നില്‍ തലകുനിച്ചാല്‍ അത് ആരോഗ്യത്തെയും, തുടര്‍ന്നുള്ള ജീവിച്ചുതീര്‍ക്കേണ്ടുന്ന നാളുകളെയും വളരെ മോശമായി ബാധിയ്ക്കുന്നു. പരസഹായം അനിവാര്യമായി വരുന്നു. പങ്കാളിയുടെ വേര്‍പാടില്‍ നീറിപ്പുകയുന്ന മനസ്സിനെ ഊതികെടുത്താന്‍ ഒരിയ്ക്കലും കഴിയില്ല എങ്കിലും വേര്‍പാട് എന്ന സത്യത്തെ തലയുയര്‍ത്തി നേരിടുമ്പോള്‍ ആ ദുഖത്തെ പല തരത്തില്‍ മനസ്സിനെ നിയന്ത്രിച്ച് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞേക്കും.

ജീവിതത്തില്‍ പങ്കാളിയുടെ കൂടെയുള്ള നല്ല നിമിഷങ്ങളെ അയവിറക്കി, തനിയ്ക്ക് ഉണ്ടായിരുന്ന സൗഭാഗ്യത്തെ കുറിച്ചോര്‍ത്ത് ശേഷിയ്ക്കുന്ന കാലങ്ങളിലും സന്തോഷം കണ്ടെത്താന്‍ ചിലര്‍ക്ക് കഴിയാറുണ്ട്.     ഭക്തിയില്‍ വിശ്വാസമുള്ളവരാണെങ്കില്‍  അവര്‍ക്ക് ഭക്തിമാര്‍ഗ്ഗം എല്ലാ സാഹചര്യങ്ങളെയും തരണം ചെയ്യാന്‍ ശക്തി നല്‍കിയേക്കാം. സാമൂഹിക പ്രവര്‍ത്തനങ്ങളിലോ, കാരുണ്യ പ്രവര്‍ത്തികളിലോ തല്പരരാണെങ്കില്‍ ആ തലത്തിലേയ്ക്ക് മനസ്സിനെ വഴിമാറ്റിവിട്ട അതേക്കുറിച്ചുള്ള ചിന്തകളില്‍ മനസ്സിനെ തളച്ചിടാന്‍ കഴിഞ്ഞേക്കാം. ജീവിതത്തിന്റെ നെട്ടോട്ടത്തില്‍, പലപ്പോഴും ഏര്‍പ്പെടണമെന്നാഗ്രഹിച്ച ജന്മസിദ്ധമായ കഴിവുകളായ  കലയോ സാഹിത്യമോ സംഗീതമോ ആയ വിനോദങ്ങള്‍ക്ക്,   നഷ്ടങ്ങളുടെ ദുഖത്തില്‍ മാത്രം കേന്ദ്രീകരിച്ചിരിയ്ക്കുന്ന  മനസ്സിനെ സങ്കല്‍പ്പങ്ങളുടെ സ്വപ്നലോകത്തേയ്ക്ക് പറിച്ചുനട്ട് സാന്ത്വനങ്ങളുടെ തലോടലുകളാക്കി മാറ്റാന്‍ കഴിയുന്നു.  

നമ്മിലെ ദുഃഖം നമ്മളില്‍ തന്നെ ഉരുകി ഒലിയ്ക്കുമ്പോള്‍ കൂടുതല്‍ ദുഃഖമായി വീണ്ടും ജ്വലിയ്ക്കുന്നു. ഒരുപക്ഷെ നമ്മുടെ ദുഃഖങ്ങള്‍ നിറഞ്ഞ മനസ്സ് വിശ്വസിയ്ക്കാവുന്ന മറ്റാരെയെങ്കിലുമൊക്കെ ഏല്‍പ്പിയ്ക്കുമ്പോള്‍ ദുഖത്തിന്റെ സാന്ദ്രത കുറഞ്ഞേക്കാം. ഇതിലൂടെ സമൂഹത്തിനെ മുഖം കാണിയ്ക്കുവാനുള്ള ആത്മവിശ്വാസം തിരിച്ചു കിട്ടിയേക്കാം. സമൂഹത്തില്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ തുല്യ ദുഖിതരെ കണ്ടുമുട്ടുമ്പോള്‍ പരസ്പരം ലഭിയ്ക്കുന്ന സാന്ത്വനത്തിലൂടെ ദുഃഖഭാരം കുറയ്ക്കാന്‍ കഴിഞ്ഞേക്കാം. പ്രിയ പങ്കാളിയുടെ ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്ന വീട്ടില്‍ മാത്രം ഒതുങ്ങിനില്‍ക്കുമ്പോള്‍ ഒരുപക്ഷെ ഓര്‍മ്മകള്‍ വിട്ടു പോകാന്‍ മടികാണിച്ചെയ്ക്കാം. മക്കളോ, പേരകുട്ടികളോ, ബന്ധുക്കളോ അടങ്ങുന്ന നിറഞ്ഞ കുടുംബത്തില്‍ ശേഷിയ്ക്കുന്ന ജീവിതം തുടരുമ്പോള്‍ ദുഖങ്ങള്‍ക്ക് നിറഞ്ഞു നില്‍ക്കാന്‍ ഇടം വിരളമാകുന്നു.

ഓരോ ദമ്പതിമാരും ജീവിതവും, സ്വപ്നങ്ങളും,  സന്തോഷങ്ങളും ദുഃഖഭാരങ്ങളും പരസ്പരം പങ്കുവച്ച്  ഒരു മനസ്സും ഇരുമെയ്യുമായി തുടരുന്ന യാത്രയ്ക്ക് അന്ത്യം കുറിയ്ക്കാന്‍ അതിലൊരാളുടെ മരണമെന്ന വിധി കാത്തു നില്‍ക്കുന്നു എന്ന സത്യം ഓര്‍ക്കാന്‍ ആരും ഇഷ്ടപ്പെടാറില്ല എങ്കിലും ഇതൊരു മറക്കാന്‍ പാടില്ലാത്ത പ്രകൃതി സത്യമാണ്. ഈ സത്യത്തെ കണ്ടുമുട്ടിയതിനുശേഷമുള്ള  അരങ്ങില്‍ ആടിത്തിമര്‍ക്കേണ്ട ഏകാംഗ നാടകത്തിനു ഓര്‍മ്മകളിലൂടെ നിറം കൊടുക്കാന്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ പരസ്പരം മധുരിയ്ക്കുന്ന  നിമിഷങ്ങള്‍ മാത്രം പങ്കുവയ്ക്കാന്‍ ശ്രമിച്ചു കൂടെ? 

(ഏപ്രില്‍ 10നു തന്റെ പ്രിയതമന്റെ വേര്‍പാടിന്റെ വാര്‍ഷികം പ്രാര്‍ത്ഥനകളോടെ സ്മരിയ്ക്കുന്ന ശ്രീമതി സരോജ വര്‍ഗ്ഗീസിനായി എഴുതാപ്പുറങ്ങളുടെ ഈ ഭാഗം ഞാന്‍ സ്‌നേഹത്തോടെ സമര്‍പ്പിയ്ക്കുന്നു)




Join WhatsApp News
Sudhir Panikkaveetil 2019-04-09 18:10:40
"ഇണപിരിയുമ്പോൾ" എന്ന ഈ ലേഖനം ശ്രീമതി 
ജ്യോതിലക്ഷ്മി നമ്പ്യാർ സമർപ്പിച്ചിരിക്കുന്നത് 
പ്രശസ്ത എഴുത്തുകാരിയായ സരോജ വർഗ്ഗീസിനാണ്.
ശ്രീമതി സരോജയുടെ പ്രിയതമന്റെ ചരമവാര്ഷികമാണ് 
ഏപ്രിൽ 10 നു. ഇണകളിൽ ഒരാൾ പിരിയുമ്പോൾ 
ഉണ്ടാകുന്ന വേദനയും അതിനെ എങ്ങനെ 
ലഘൂകരിക്കാമെന്നൊക്കെ പരാമർശിക്കുന്ന 
ഈ ലേഖനം ശ്രീമതി സരോജക്ക് സാന്ത്വനമരുളുമെന്ന് 
കരുതാം. എഴുത്തുകാർ എപ്പോഴും മറ്റുള്ളവരുടെ 
വേദന അറിയുകയും അവരുടെ ദുഖങ്ങളിൽ ആശ്വാസത്തിന്റെ 
പ്രകാശം പരത്താൻ എത്തുകയും ചെയ്യുന്നു. Well done Ms. Jyotilakshmi Nambiar
To: Saroja Varghese - my sympathies and condolences on the death anniversary of your husband/


P R Girish Nair 2019-04-10 00:46:21
ശ്രീമതി ജ്യോതിലക്ഷ്മിയുടെ ഈ ലേഖനത്തിൽ നമ്മുടെ ഇണകളിൽ ഒരാൾ നഷ്ടപെടുബോൾ ഉണ്ടാകുന്ന ദുഖങ്ങളും നഷ്ടങ്ങളും എന്നാൽ അതിലുപരി നല്ല ഒരു  സ്വാന്തന ലേപനമായി  വളരെ ലാഘവത്തോടെ വായനക്കാർക്കായി എഴുതിയതിൽ നിന്നും നമുക്ക് മനസ്സിലാക്കാം ഒരു നല്ല മനസ്സിൻറെ ഉടമയെ.

ശ്രീമതി സരോജ വർഗ്ഗീസ് വളരെയധികം സ്നേഹിച്ചിരുന്ന തന്റെ പ്രിയപ്പെട്ട ജോയുടെ ഓർമ്മദിവസം ഈ ലേഖനം സസ്നേഹം മാഡത്തിനുവേണ്ടി സമർപ്പിക്കാൻ സാധിച്ചത് ശ്രീമതി ജ്യോതിലക്ഷിക്ക് അർപ്പിക്കാൻ കഴിയുന്നതിൽ  ഏറ്റവും നല്ല ആത്മപൂജ തന്നെ.

വിദ്യാധരൻ 2019-04-10 11:06:09
കരയുന്നേവരും ഇണ 
പിരിയുമ്പോൾ നിലവിളിക്കുന്നു.
പിണക്കമാണെന്നാൽ
ഇണകൾ അരികിലുള്ള നേരം; 
ഇണക്കവും പിണക്കവും 
ഇണക്കുന്നു ബന്ധങ്ങളെ. 
ഒഴിവാക്കുക പിണക്കങ്ങൾ 
കഴിവതും സ്നേഹിച്ചിടാൻ. 
വരികില്ലീ സുദിനങ്ങൾ നാളെ 
അരികിൽ കാണില്ലിണകളും 
മരണമൊരു സത്യമായി പിൻതു-
ടരുന്നു നമ്മളെ സദാനേരവും
M.V . 2019-04-10 09:15:08

 ' Baptised unto His death ' is what Christians are to believe , being dead from the effects of The Fall , the enemy powers whose envy , esp. against the life bearing role of women / The Woman , is what brought death .The merits of our Lord and His  Mother , as His mercy , in trusting love for The Father , in the  strength in The Spirit , being  asked for on behalf  of the living and dead , 'remembering ' that love, in  Holy Worship ,  to thus also  disempower  the death spirits , its hatreds and despairs that can also be invited in , through sins against life ( contraception included )  , purity in marriages etc too - may many  be blessed to do so even more deeply , esp. in these upcoming days , to thus  help  transform  the  wounds of many , in family  lines as well ,  to sources of light and love and praise  , into  the  eternal  now of the Risen , living Lord of all holiness and truth and love .


     May  the prayers for mercy of The Church and all good hearted also  spare many , from condemning themselves , seeing the full effects of evil choices as mentioned below .


Immaculate Heart of Mary , pray for us all .
Das 2019-04-11 01:51:22
Simply delicious & perhaps incredibly heartening and all  that really matters is that your imaginary skills - keep it up !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക