Image

അമൃതം-(കവിത: അന്‍വര്‍ഷാ ഉമയനല്ലൂര്‍)

അന്‍വര്‍ഷാ ഉമയനല്ലൂര്‍ Published on 10 April, 2019
 അമൃതം-(കവിത: അന്‍വര്‍ഷാ ഉമയനല്ലൂര്‍)
മുഗ്ദ്ധമാം മനസ്സില്‍ വിരിഞ്ഞയീ, മഴവില്ലി
നിത്രനാളില്ലായിരുന്നേഴു വര്‍ണ്ണങ്ങള്‍
എത്ര മനോജ്ഞമായിഴചേര്‍ത്തിടുന്നു നീ;
മല്‍ പ്രിയ ഗ്രാമീണ ഭാവങ്ങളിപ്പോഴായ്?

തൃക്കൈകളാല്‍ നീ വിരുതുകാട്ടീടുമ്പോ
ഴൊക്കെ സ്മരിപ്പിച്ചിടുന്നുദയ താരകം
കാവ്യങ്ങള്‍ മോടികൂട്ടീടുമെന്‍ ഭാവനയ്
ക്കാനന്ദമാരേകിടാനിന്നിതില്‍പ്പരം?

മിഴിതുറന്നെന്‍മനോദീപം; മൃദുസ്മിതം
തൂകുന്നകലെനിന്നാദിത്യ മാനസം
അതിവേഗമിതിലെവന്നീടുന്നു നിന്‍വര
മറിയിച്ചിടാനായിതാ, ശലഭസങ്കുലം.

മഴനൂലുകള്‍കൊണ്ടലങ്കരിക്കുംപോലെ
മിഴിവേറ്റിടുന്നുനീ,യീരമ്യ ഗ്രാമവും
തെളിമയേറീടുന്നൊടുവിലെന്‍ ചിന്തയും
തഴുകിവന്നീടുന്നിടയിലാമോദവും.

നല്‍പ്പാതിയായിന്നഴല്‍നീക്കിയലിവിന്റെ
ശാലീനഭാവം നിലാവുതൂകീടവേ,
സുകൃതമാകുന്നതേനറിയുന്നു ജീവിതം
സപ്ത വര്‍ണ്ണാലംകൃതമായി മന്മനം.

മതിമറന്നീടുക,ല്ലെന്‍സഖേ, പുതുമോദ
ചിന്തയേകീടുന്നതീ, യുവസ്പന്ദനം
വിരിയിച്ചിടുന്നുടയോനിന്നു ശാന്തിതന്‍
ജീവിതാരാമ സുസ്‌മേരങ്ങളീവിധം!!

 അമൃതം-(കവിത: അന്‍വര്‍ഷാ ഉമയനല്ലൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക