Image

കരിങ്ങോഴക്കല്‍ വീട്ടുപേരും മാണി സാറുമായുള്ള കുടുംബ ബന്ധവും (ഫ്രാന്‍സിസ് തടത്തില്‍)

Published on 11 April, 2019
കരിങ്ങോഴക്കല്‍ വീട്ടുപേരും മാണി സാറുമായുള്ള കുടുംബ ബന്ധവും (ഫ്രാന്‍സിസ് തടത്തില്‍)


ലോകം മുഴുവനും മാണിസാര്‍ എന്ന പേര് ചൊല്ലി വിളിച്ച പാലായുടെ മാണിക്യവും കേരള കോണ്‍ഗ്രസിന്റെ ജീവാത്മാവും പരമാത്മാവുമായ കെ. എം. മാണി എന്ന രാഷട്രീയ ഭീഷ്മാചാര്യനെ മാണി എന്ന് പേര് വിളിച്ചിരിക്കുന്ന അപൂര്‍വം ചില വ്യക്തികളില്‍ ഒരാളുമായുള്ള ബന്ധമാണ് കെ എം. മണിയുമായി എനിക്കുള്ള ബന്ധം. ആ വ്യക്തി മറ്റാരുമല്ല എന്റെ സ്വന്തം പിതാവ് പരേതനായ പ്രോഫ.ടി.കെ. മാണി. കാരണം മറ്റൊന്നുമല്ല കെ.എം. മാണിയുടെ മുത്തച്ഛന്റെ ജേഷ്ടന്റെയുംഅനുജന്റെയും മക്കളാണ് രണ്ടു മണിമാരും. മാണിയുടെ മുത്തച്ഛനും എന്റെ പിതാവിന്റെ മുത്തച്ഛനും സഹോദരങ്ങള്‍ ആയിരുന്നു. പിന്നെങ്ങനെ കരിങ്ങോഴക്കല്‍ മാണിയും തടത്തില്‍ മാണിയും സഹോദാരങ്ങള്‍ ആയി എന്നു സംശയിച്ചേക്കാം.

ഇതൊരു പഴയ കുടുംബ കഥയാണ്. പലര്‍ക്കും അറിയാത്ത കുടുംബകഥ. മരങ്ങാട്ടുപള്ളിയില്‍ എടപ്പാട്ടുപടവില്‍ തറവാട്ടിലെ നാല് ആണ്‍ മക്കളില്‍ ഒരാളായിരുന്നു മാണിയുടെ മുത്തച്ഛച്ചന്‍. ഇതില്‍ മൂത്തയാള്‍ എന്റെ പിതാവിന്റെ മുത്തച്ഛന്‍ വര്‍ക്കി, രണ്ടാമന്‍ തൊമ്മന്‍, മൂന്നാമന്‍ മത്തായി, നാലാമന്‍ മാണി (മാണി സാറിന്റെ മുത്തച്ഛന്‍) . ഇവരുടെ പിതാവ് മരങ്ങാട്ടുപള്ളിയിലെ സ്ഥലം ഭാഗം വെച്ചപ്പോള്‍ ഒരു ഹൈന്ദവ സഹോദരനില്‍ നിന്നു വിലയ്ക്കു വാങ്ങിയ ഭൂമി അറിയപ്പെട്ടിരുന്നത് തടത്തില്‍ പറമ്പ് എന്ന പേരിലാണ്. അങ്ങനെ ഞങ്ങളുടെ കുടുംബം തടത്തില്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

രണ്ടാമത്തെയാള്‍ തൊമ്മന് ലഭിച്ചത് കരോട്ടുതടത്തില്‍ പറമ്പ് ആയിരുന്നു. അവര്‍ അന്നുമുതല്‍ കരോട്ടുതടത്തില്‍ക്കാരായി. മൂന്നാമത്തെയാള്‍ മത്തായിക്ക് ലഭിച്ച സ്ഥലം അറിയപ്പെട്ടിരുന്നത്കലോത്തോളില്‍ പറമ്പ് എന്നായിരുന്നു. അവര്‍ അങ്ങനെ കലോത്തോളില്‍ തറവാട്ടുകാരായി മാറി. ഇവര്‍ക്കായിരുന്നു തറവാട് ഭാഗം ലഭിച്ചത്.

ഏറ്റവും ഇളയവനായ മാണി (കെ.എം. മാണിയുടെ മുത്തച്ഛന്‍)ക്കു ലഭിച്ച സ്ഥലത്തു മുട്ടാനൊരു കരിങ്ങോഴ മരം നിന്നിരുന്നു. അങ്ങനെയാണ് മാണിയുടെ തായ്വഴിക്ക് കരിങ്ങോഴക്കല്‍ എന്ന വീട്ടുപേര് ലഭിച്ചത്. തറവാട് ഭാഗം വച്ച് മക്കള്‍ ഓരോ പറമ്പുകളിലേക്ക് വീടുവെച്ചു മാറിയപ്പോള്‍ യഥാര്‍ത്ഥ തറവാട്ട്‌പേര് ചരിത്രത്തിന്റെ ഭാഗമായിമാറി. അടുത്തയിടെ ഈ നാലു തറവാട്ടുകാരുടെയും സംഗമം തൊടുപുഴയില്‍ വച്ച് നടന്നപ്പോള്‍ ഇങ്ങനെയൊരു ചരിത്രവും ഉണ്ടായിരുന്നുവെന്ന് പലര്‍ക്കും അറിവില്ലായിരുന്നു.

കരിങ്ങോഴക്കല്‍ക്കാരും കലോത്തോളില്‍ക്കാരും മരങ്ങാട്ടുപള്ളിയില്‍ തന്നെ നിലയുറപ്പിച്ചപ്പോള്‍ മറ്റുള്ളവര്‍ തൊടുപുഴയിലും മലബാറിലും കുടിയേറി. കരിങ്ങോഴക്കല്‍ മാണിയുടെ മകന്‍ തൊമ്മന്റെയും ഭാര്യ അന്നമ്മയുടെയും ഇളയ മകനാണ് പാലായുടെ മനസപുത്രനായി മാറിയ കെ.എം. മാണി. ഇതാണ് കെ.എം. മാണിയുടെ കുടുംബ ചരിത്രം.

ബന്ധുക്കളെങ്കിലും വീട്ടുപേരിലെ വൈരുധ്യത്തെ ചോദ്യം ചെയ്തപ്പോള്‍ എന്റെ പിതാവ് നല്‍കിയ വിശദീകരണമാണിത്. ഇവരുടെ മുത്തച്ഛന്മാര്‍ മുതല്‍ താഴോട്ടുള്ള എല്ലാ തലമുറയിലും എല്ലാ മക്കള്‍ക്കും സ്ഥാനമനുസരിച്ചു ഈ പേരുകള്‍ ഇങ്ങനെ നല്‍കിവരുന്നു. അങ്ങനെയാണ് എനെറെ പിതാവിനും മാണിക്കും അതേ പേര് ലഭിച്ചത്. എന്റെ തലമുറയിലെ സ്ഥാനമനുസരിച്ചു എല്ലാ മക്കള്‍ക്കും ഇതേ പേര് തന്നെയാണ്. എന്റെ മകന്‍ ഐസക്കിന്റെ മാമോദീസാ പേരും മാണിയാണ്.

മാണിയും എന്റെ പിതാവുമായുള്ള ബന്ധം ഏറെ ആഴമേറിയതായിരുന്നു. ഇടക്കെപ്പോഴോ അദ്ദേഹവുമായി അകന്നുപോയിരുന്നുവോ എന്ന് സംശയമുണ്ട്. മാണിയുടെ ആദ്യ തെരെഞ്ഞെടുപ്പു മുതല്‍ ആളും അര്‍ത്ഥവുമായി ടി.കെ. മാണി എന്ന എന്റെ ചാച്ചന്‍ പാലായില്‍ തന്നെയായിരുന്നു. മാണിയുടെ രാഷ്ട്രീയ പ്രവേശം പാലയിലായിരുന്നില്ല. പലര്‍ക്കും അറിയാത്ത മറ്റൊരു ചരിത്രമുണ്ട്.

അത്ര സമ്പന്ന കുടുംബമൊന്നുമായിരുന്നില്ല ഞങ്ങളുടേത്. എന്റെ പിതാവ് കഴ്ടപ്പെട്ടു പഠിച്ചിട്ടാണ് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റേഴ്‌സ് എടുത്തത്. തുടര്‍ന്ന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ഇംഗ്ലീഷ് റീഡര്‍ ആയി ജോലിയില്‍ കയറിയപ്പോള്‍ മാണി ബി എ പാസായി നില്‍ക്കുകയായിരുന്നു. എന്റെ പിതാവിനെപ്പോലെ മാണിയെയും കോളേജ് അദ്ധ്യാപകന്‍ ആക്കണമെന്നായിരുന്നു മാണിയുടെ പിതാവിന്റെ ആഗ്രഹം. മാണിക്കും അതു തന്നെയായിരുന്നു ഇഷ്ട്ടം. എന്നാല്‍ മാണിയുടെ പ്രസംഗപാടവത്തിലെ മികവുമൂലം ബി എല്ലിന് ചേരാന്‍ പ്രേരിപ്പിച്ചത് എന്റെ പിതാവായിരുന്നു. കേരള കോണ്‍ഗ്രസിന്റെ തുടക്കത്തില്‍ മാണി ഉണ്ടായിരുന്നില്ല. എന്റെ പിതാവിന്റെ സഹോദരന്‍ വര്‍ക്കി ഉടുമ്പന്നൂര്‍ പഞ്ചായത്തു തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാലത്തു കുഞ്ഞുമാണിയായിരുന്നു പ്രചാരങ്ങള്‍ക്കും മറ്റും ചുക്കാന്‍ പിടിക്കുന്നത്. അന്നു മുതല്‍ തന്നെ മാണിയുടെ ഉള്ളില്‍ രാഷ്ട്രീയമുണ്ടായിരുന്നു.അങ്ങനെ ചാച്ചന്റെ ശിപാര്‍ശയില്‍ ബി. എല്‍ പഠിച്ചു. എവിടെ പ്രാക്റ്റീസ് തുടങ്ങണമെന്ന് ചിന്തിച്ചിരിക്കുമ്പോള്‍ കോഴിക്കോട്ടേക്ക് വരാനായി ചാച്ചന്‍ ക്ഷണിച്ചു. അങ്ങനെ കോഴിക്കോട് നല്ല ഒരു അഭിഭാഷകന്റെ കീഴില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ കോഴിക്കോട് കോര്‍പറേഷനായില്‍ കൗണ്‍സിലര്‍ ആയി മത്സരിച്ചു.

കോണ്‍ഗ്രസ് ടിക്കറ്റില്‍ കന്നി മത്സരത്തില്‍ പരാജയം നുണഞ്ഞ മാണി രാഷ്ട്രീയത്തിന്റെ കന്നി പാഠം അവിടെനിന്നു സ്വായത്തമാക്കിയശേഷം മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി പാലായ്ക്ക് വണ്ടി കയറി. അവിടെ തുടങ്ങിയ ജൈത്രയാത്ര 54 നീണ്ട വര്‍ഷങ്ങള്‍ പാലായില്‍ മാണിസാറും പാലാ മാണിസാറിന്റെയും ആയിരുന്നു. ആ മഹാമേരുവിനെ പിടിച്ചുകെട്ടാന്‍ ഒരു രാഷ്ട്രീയ എതിരാളിക്കും കഴിഞ്ഞില്ല. നല്ല മരണത്തിനു മാത്രമേ പിന്നീട്അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞുള്ളു.

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതിന്റെ നിയമാവലി തയാറാക്കുവാനുള്ള ബൈലോ കമ്മിറ്റിയില്‍ രാഷ്ട്രീയത്തിലും മാണിയുടെ ഗുരുവായിരുന്ന എന്റെ പിതാവിനെയും ഉള്‍പ്പെടുത്തിയിരുന്നു. അദ്ദേഹം രണ്ടാം തവണ മന്ത്രി ആയിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമനം നല്‍കി. എന്നാല്‍ പൊളിറ്റിക്കല്‍ നിയമങ്ങളില്‍ നടക്കുന്ന ബാഹ്യ ഇടപെടലുകളില്‍ അസ്വസ്ഥനായ അദ്ദേഹം ഒരു മാസത്തിനുള്ളില്‍ രാജി വച്ച് കോളേജ് അദ്ധ്യാപന്റെ റോള്‍ തുടര്‍ന്നു.

മലബാറിലെ ഒരുപാടു കര്‍ഷകരുടെ കൃഷിഭൂമിക്കു പട്ടയം നല്‍കാന്‍ ശിപാര്‍ശകള്‍ നല്‍കിയതിനാലാകാം ലാന്‍ഡ് ബോര്‍ഡ് മെമ്പറായി എന്റെ പിതാവിന് നിയമനം നല്‍കി. ദോഷം പറയരുതല്ലോ അന്ന് പട്ടയത്തിനുശിപാര്‍ശകളുമായി വന്നിരുന്നവര്‍ കൈക്കൂലിയുമായി സ്വാധീനിക്കാന്‍ വന്നപ്പോള്‍ ഒരു മാസത്തിനകം ആ പണിയും വിട്ടു. കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ സിന്‍ഡിക്കറ്റ് അംഗമായി നല്‍കിയ നിയമനം മാത്രം കുറച്ചുകാലം കൊണ്ടുനടന്നു.

ഇതിനിടെ മലബാറില്‍ പേരാമ്പ്ര മണ്ഡലം രൂപീകരിച്ചപ്പോള്‍ കേരളാ കോണ്‍ഗ്രസിനായിരുന്നു സീറ്റ് ലഭിച്ചത്. മലബാറിനെ ഏറ്റവും കൂടുതല്‍ അറിയുന്ന പ്രവര്‍ത്തകന്‍ എന്ന നിലക്ക് പേരാമ്പ്ര മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ എന്റെ പിതാവിന് സമര്‍ദ്ദമേറി. അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തും കേരള കോണ്‍ഗ്രസിന്റെ സ്ഥാപകരിലൊരാളുമായ പ്രൊ. ജോസഫ് പുലിക്കുന്നേലിന്റെ നിര്‍ബന്ധമായിരുന്നു ഈ സ്ഥാനാര്‍ത്ഥിത്വം. എന്നാല്‍ ഒരു പാട് മക്കളും പ്രാബ്ദവുമുള്ള ചാച്ചന്‍ സ്നേഹപുരസ്‌കം ഓഫര്‍ നിരസിച്ചു. പകരം കേരള കോണ്‍ഗ്രസിന് ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയും നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഡോ. കെ.സി. ജോസഫ് എന്ന യുവ നേതാവായിരുന്നു പുതിയ കണ്ടെത്തല്‍. ഡോ. കെ. സി. ജോസെഫിന്റെ രാഷ്ട്രീയ അരങ്ങേറ്റം അങ്ങനെയായിരുന്നു.

ചെറുപ്പത്തില്‍ മാണിയെ എനിക്ക് അത്ര അടുത്ത് അറിയിലായിരുന്നു. ഞാന്‍ ഒരു പത്രപ്രവര്‍ത്തകന്‍ ആയിരുന്നപ്പോള്‍ അദ്ദേഹവുമായി ഏറെ അടുപ്പമായിരുന്നു. ഒരു സഹോദരപുത്രനോടുള്ള വാത്സല്യത്തിനപ്പുറം ഒരു പത്ര പ്രവര്‍ത്തകനോടുള്ള എല്ലാ ബഹുമാനവും നല്‍കിയ അദ്ദേഹം ഞാനേത് ന്യൂസ് ബ്യൂറോകളിലും ജോലി ചെയ്തിരുന്നപ്പോഴെല്ലാം അവിടുത്തെ അദ്ദേഹം അവിടം സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ ഗസ്റ്റ് ഹൗസുകളില്‍ വിളിച്ചു വരുത്തുമായിരുന്നു.

ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത് തൃശ്ശൂര്‍ രാമനിലയത്തില്‍ ഒരു പത്രസമ്മേളനം നടത്തയപ്പോഴാണ്. അന്നൊരു ഉച്ചനേരമായിരുന്നു. ഞാനൊഴികെ മുന്‍നിര പത്രപ്രവര്‍ത്തകരെല്ലാം മുറിയില്‍ സന്നിഹിതര്‍. തുടങ്ങാം എന്ന് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍ മാണിസാര്‍ ചോദിച്ചു 'ദീപികയുടെ പ്രതിനിധി എവിടെ?' വന്നില്ലെന്ന് മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പത്രസമ്മേളനം തുടങ്ങാതെ പത്രക്കാരോട് നാട്ടുവിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇതിനിടെ ഓടിക്കിതച്ച് ഞാന്‍ റൂമില്‍ കയറി വരുമ്പോള്‍ ഞാനൊഴികെയുള്ള മാധ്യമപ്രവര്‍ത്തകരെക്കൊണ്ട് റൂം നിറഞ്ഞിരിക്കുന്നു. മിക്കവാറും പത്രസമ്മേളനം കഴിഞ്ഞിട്ടുണ്ടാകും എന്നു കരുതി.

എന്നെ കണ്ടപാടെ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ലേഖകന്‍ ഡേവീസ് ചേട്ടന്‍ പറഞ്ഞു. ഇനി തുടങ്ങാം സാര്‍ താങ്കള്‍ കാത്തിരുന്ന ദീപികക്കാരന്‍ എത്തി. ഉടന്‍ ഇരു കൈയ്യും കൂപ്പി തൊഴുതുകൊണ്ട് അദ്ദേഹം എന്നെ സ്വാഗതം ചെയ്തു. എനിക്കാകെ ഒരു ജാള്യത തോന്നി. തുടര്‍ന്ന് അദ്ദേഹം പത്രസമ്മേളനം ആരംഭിച്ചു. ഭൂരിഭാഗം സമയവും എന്നെ നോക്കി സംസാരിച്ചപ്പോള്‍ എനിക്കതിന്റെ പൊരുള്‍ ആദ്യം മനസിലായില്ല. മാണിചേട്ടന്റെ മകനാണെന്ന് തിരിച്ചറിഞ്ഞതാകാമെന്നാണ് ഞാന്‍ വിചാരിച്ചത്. അദ്ദേഹം എന്റെ ബന്ധുവാണെന്ന് ഇതിനു മുമ്പ് ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല.

പത്രസമ്മേളനം കഴിഞ്ഞ് എല്ലാവരും പിരിയാന്‍ നേരത്ത് ചില വന്‍കിട പത്രങ്ങളിലെ ലേഖകരെ നേരില്‍കണ്ട് വാര്‍ത്തയുടെ ലീഡ് വരെ അദ്ദേഹം പറഞ്ഞു കൊടുത്തു. ഒടുവില്‍ എന്റെ ഊഴമായപ്പോള്‍ ഒരു 'സ്രാഷ്ടാംഗ പ്രണാമം.' വാര്‍ത്ത നന്നായി കൊടുക്കണേ.. കോട്ടയം എഡിഷനില്‍ വരുത്തണം. എനിക്ക് വീണ്ടുമൊരു ചമ്മല്‍. ഒരു കാര്യം ഉറപ്പായി അദ്ദേഹത്തിന് എന്നെ മനസിലായിട്ടില്ല. ഞാന്‍ തടത്തിലെ മാണിചേട്ടന്റെ ഇളയ മകനാണെന്ന് ചെവിയില്‍ മന്ത്രിച്ചപ്പോള്‍ നേരത്തേ എന്നെ തൊട്ടു വണങ്ങിയതില്‍ മാണിസാര്‍ ആദ്യം ഒന്നു ചമ്മിയെങ്കിലും പുറത്തുകാട്ടാതെ കൂടെയുണ്ടായിരുന്ന ജില്ലാ നേതാക്കന്മാരെ വിളിച്ച് ഉറക്കെ പറഞ്ഞു. 'ദേ, സെബാസ്റ്റ്യാ ഇതാരാണെന്ന് അറിയാവോ. എന്റെ ജേഷ്ഠന്റെ മകനാ. ദീപികയുടെ റിപ്പോര്‍ട്ടര്‍, ഞാന്‍ വിളിച്ചു വരുത്തിയതാ'പ്രസ്താവനകളുമായി ഓഫീസില്‍ വന്നിരുന്ന ലോക്കല്‍ നേതാക്കന്മാര്‍ക്ക് അതോടെ എന്നോടല്‍പ്പം ബഹുമാനം കൂടി.

പിന്നീട് കേരളകൗമുദി ലേഖകന്‍ പവനന്‍ ചേട്ടനോട് മാണിസാര്‍' എന്തിനാണ് എന്നോടു മാത്രം ഇത്ര കൂടുതല്‍ താല്‍പ്പര്യം കാട്ടിയതെന്ന് ചോദിച്ചു. അപ്പോഴാണ്മനസിലായത്. കേരളത്തില്‍ ഏതു ജില്ലയിലും വാര്‍ത്താ സമ്മേളനംനടത്തിയാല്‍ മാണിസാരിനു നിര്‍ബന്ധമാണ് 'ദീപിക' കോട്ടയം എഡിഷനില്‍ പ്രത്യേകിച്ച് പാലായില്‍ വാര്‍ത്ത വരണമെന്നത്. ഞാന്‍ വരുന്നതിന് മുമ്പ് വാര്‍ത്താ സമ്മേളനം തുടങ്ങിയാല്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ വിട്ടുപോകാതിരിക്കാനായിരുന്നു അത്.അദ്ദേഹം കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്താലും ആദ്യം അക്കാര്യം പാലാക്കാര്‍ അറിയണമെന്ന് നിര്‍ബന്ധമായിരുന്നു.

എനിക്ക് കെ.എം. മാണിയെക്കാള്‍ കൂടുതല്‍ അടുപ്പം അദ്ദേഹത്തിന്റെ ഏറ്റവും മൂത്ത സഹോദരന്‍ കെ.എം. തോമസിനോടായിരുന്നു. തോമച്ചന്‍ പാപ്പന്‍ എന്നു ഞങ്ങള്‍ വിളിച്ചിരുന്ന അദ്ദേഹം ഞങ്ങളെ മധ്യവേനല്‍ അവധിക്കാലങ്ങളില്‍ കോഴിക്കോട് കൂമ്പാറക്കടുത്ത് പുഷ്പഗിരിയിലുള്ള വീട്ടില്‍ കൊണ്ടുപോയി താമസിപ്പിക്കുന്നത് ഇപ്പോഴും ഓര്‍ക്കുന്നു.

മാണിയുടെ മറ്റൊരു സഹോദരന്‍ കെ.എം. ചാണ്ടി മരങ്ങാട്ടുപിള്ളിയിലാണ്. ജീവിച്ചിരിക്കുന്ന ഒരു സഹോദരി കരിമണ്ണൂരില്‍ (റോസമ്മ) കുഞ്ഞറോത പറയന്നിലം കുടുംബാംഗമാണ് .

മാണിസാര്‍ അറിവിന്റെ കൂമ്പാരമാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. അദ്ദേഹത്തിന്റെ പിതൃസഹോദരി 103-മത്തെ വയസിലാണ് മരിക്കുന്നത്. നൂറു വയസ്സുള്ളപ്പോള്‍ ഞാന്‍ കീരമ്പനാലെ വലിയ ഇളാമ്മ എന്നു വിളിക്കുന്ന ഇവരെ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ മക്കളെയും കൊച്ചുമക്കളെയും അതിശയിപ്പിച്ചുകൊണ്ട് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. 'നീ മാണിയുടെ പത്താമത്തെ മകന്‍ ഉണ്ണിയല്ലേ' എത്ര കൃത്യമായ ഓര്‍മ്മ! കുഞ്ഞു മാണിക്ക് ഇത്ര ബുദ്ധിയുണ്ടായതില്‍ അത്ഭുതപ്പെടേണ്ടതില്ല.

മാണിയുമായി ഏറെ സൗഹൃദം പുലര്‍ത്തിയിരുന്നുവെങ്കിലും ഞാന്‍ ഒരു കേരളാ കോണ്‍ഗ്രസുകാരനായിരുന്നില്ല. മാണിയെയും പാര്‍ട്ടിയെയും വിമര്‍ശിച്ചും എതിരായും ഒട്ടേറെ വാര്‍ത്തകള്‍ നേരിട്ടും അല്ലാതെയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഴിക്കോട് മംഗളത്തില്‍ ന്യൂസ് എഡിറ്റര്‍ ആയിരിക്കേ വൃക്ക റാക്കറ്റിനെക്കുറിച്ചുള്ള വിജിലന്‍സ് കോടതിയുടെ നിരീക്ഷണം വാര്‍ത്തയാക്കിയതാണ് ഒരു പ്രധാനപ്പെട്ട സംഭവം.

കോഴിക്കോട്ടെ രണ്ട് സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് വൃക്ക റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തയായിരുന്നു അത്. അതില്‍ ഒരു ആശുപത്രിയുടെ യൂറോളജി വിഭാഗം തലവന്‍ മാണിയുടെ ഇളയ മരുമകനാണ്. അദ്ദേഹത്തിനും ഈ റാക്കറ്റുമായി ബന്ധമുണ്ടെന്ന കോടതി രേഖകളിലെ പരാമര്‍ശമാണ് വാര്‍ത്തയുടെ ഹൈലൈറ്റ്. 'അനധികൃത വൃക്ക കച്ചവടത്തില്‍ മാണിയുടെ മരുമകനും പങ്കുള്ളതായി വിജിലന്‍സ് കോടതി' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത ചില്ലറ കോളിളക്കമല്ല സൃഷ്ടിച്ചത്.

തിരുവനന്തപുരത്തുനിന്നു മാണി സാര്‍ എന്റെ സെല്‍ഫോണില്‍ തുരുതുരാ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി. പിറ്റേ ദിവസവും ഫോളോ അപ്പ് വന്നു. പത്രത്തിന്റെ ചീഫ് എഡിറ്ററെയും മറ്റു മുതിര്‍ന്ന എഡിറ്റര്‍മാരേയും വിളിച്ചപ്പോള്‍ എന്നെതന്നെ ബന്ധപ്പെടാന്‍ പറഞ്ഞു.

അങ്ങനെയിരിക്കെ ഒരു വൈകുന്നേരം ഞാന്‍ എന്റെ ഓഫീസ് റൂമില്‍ ആരോടോ ഫോണ്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ പരിചയമില്ലാത്ത ഒരു യുവ ഖദര്‍ധാരി വന്നു നിന്നു. ഫോണ്‍ സംഭാഷണം കഴിഞ്ഞ് ഞാന്‍ ആരാണെന്ന് തിരക്കിയപ്പോള്‍ കൈയ്യില്‍ നീട്ടിപിടിച്ച ഫോണുമായി പറഞ്ഞു മാണിസാര്‍ ലൈനിലുണ്ട് സംസാരിക്കണം. ഒഴിഞ്ഞുമാറാന്‍ മാര്‍ഗമില്ലാതെ വന്നപ്പോള്‍ ഫോണില്‍ സംസാരിച്ചു. അതോടെ കാര്യങ്ങള്‍ക്ക് തീരുമാനമാക്കി. മാണിയുടെ മരുമകന് നേരിട്ട് ബന്ധമുണ്ടോ എന്നറിയില്ല പക്ഷെ വിജിലന്‍സ് കോടതിയുടെ കണ്ടെത്തലില്‍ ആ ആശുപത്രിയില്‍ നിന്ന് വൃക്ക നഷ്ടപ്പെട്ടവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നിരീക്ഷണം. സ്വാഭാവികമായും യൂറോളജി വിഭാഗത്തിന്റെ മേധാവിയായ മാണിയുടെ മരുമകന് തന്റെ ഡിപ്പാര്‍ട്‌മെന്റിന് കീഴില്‍ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാനാകില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം,

കാലങ്ങള്‍ ഏറെ കഴിഞ്ഞു, എന്റെ പിതാവ് രോഗശയ്യയില്‍ ആയപ്പോള്‍ ഒരിക്കല്‍ പോലും അദ്ദേഹദി സന്ദര്‍ശിക്കാന്‍ മാണി സാര്‍ വന്നില്ല എന്നത് എന്റെ ഒരു സ്വകാര്യ ദുഃഖമാണ്. അദ്ദേഹം മരിക്കുന്നതിനു ഒരു മാസം മുമ്പും അതിനുമുമ്പ് ആറുമാസത്തിനുള്ളില്‍ രണ്ടു മൂന്നു തവണ തൊട്ടടുത്തുവരെ വന്നിട്ടും സന്ദര്‍ശിച്ചില്ല എന്നത് അദ്ദേഹത്തെ ഏറെ മുറിപ്പെടുത്തി. 2003 നവംബര്‍ 21 ന് എന്റെ പിതാവ് മരിക്കുമ്പോള്‍ ആന്റണിയെ മാറ്റി ഉമ്മന്‍ചാണ്ടിയെ അവരോധിക്കുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ അരങ്ങേറുകയായിരുന്നു. അതായിരുന്നു സംസ്‌കാര ശിശ്രുഷയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ കാരണമായി പറഞ്ഞത്.

ഞാന്‍ അമേരിക്കയില്‍ കുടിയറിയശേഷമാണ് അദ്ദേഹം ന്യൂയോര്‍ക്ക് ജെ.എഫ്.കെ. വിമാനതാവളത്തില്‍ കുഴഞ്ഞുവീണത്. ആന്തരിക രക്തസ്രാവമുണ്ടായ അദ്ദേഹത്തെ ശസ്ത്രക്രിയക്കു വിധേയനാക്കി. ന്യൂയോര്‍ക്കിലുള്ള വര്‍ക്കി ഏബ്രഹാമിന്റെ ഭവനത്തില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തെ കുടുംബസമേതം അന്നു സന്ദര്‍ശിച്ചതാണ്. തീരെ പ്രതീക്ഷിക്കാതെ എന്നെ കണ്ട അദ്ദേഹം വിചാരിച്ചത് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായതറിഞ്ഞു ഞാന്‍ കേരളത്തില്‍ നിന്ന് കാണാന്‍ വന്നതാണെന്നാണ്. കാരണം പത്രപ്രവര്‍ത്തനം അവസാനിപ്പിച്ച് അമേരിക്കയിലേക്ക് കുടിയേറുകയാണെന്നു ഇങ്ങോട്ടു പോരുന്നതിനു മുന്‍പ് അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല.പിന്നീടൊരിക്കലും ആ ധീരനേതാവിനെക്കാണാന്‍ കഴിഞ്ഞിട്ടില്ല.

കേരള രാഷ്ട്രീയത്തിലെ മഹാമേരുവെന്നു വിളിക്കാവുന്ന മാണിസാര്‍ കേരളത്തിന്റെ വികസനത്തിനു നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. എവിടെയെല്ലാം പാര്‍ട്ടിയുണ്ടോ അ്‌ദ്ദേഹത്തിന്റെ വകുപ്പിനു കീഴില്‍ വരുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തിരുന്ന വ്യക്തി പ്രത്യേകിച്ച് പാലാ, തൊടുപുഴ എന്നിവിടങ്ങളുടെ വികസനത്തില്‍ മാണിസാറിന്റെ പങ്ക് നിസ്തുലമാണ്. മാണിസാര്‍ എന്ന പ്രസ്ഥാനം പോയി. ഇനി ആവിടവ് നികത്താന്‍ ആരുണ്ടാകും?

<span style="color: rgb(0, 0, 0); font-family: " times="" new="" roman";="" font-size:="" 16px;="" font-variant-numeric:="" normal;="" font-variant-east-asian:="" font-weight:="" 400;"="">

കരിങ്ങോഴക്കല്‍ വീട്ടുപേരും മാണി സാറുമായുള്ള കുടുംബ ബന്ധവും (ഫ്രാന്‍സിസ് തടത്തില്‍)കരിങ്ങോഴക്കല്‍ വീട്ടുപേരും മാണി സാറുമായുള്ള കുടുംബ ബന്ധവും (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക