Image

മഴ (കഥ- (ഭാഗം-2) : ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 19 April, 2019
മഴ (കഥ- (ഭാഗം-2) : ജോണ്‍ വേറ്റം)
സൈലബി ഹൈസ്‌ക്കൂള്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ അവളുടെ വിവാഹം നടത്താന്‍ 'സാങ്ങ്‌ലി' ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു. എന്നാല്‍, കൊടുങ്കാറ്റും കൊള്ളിമിന്നലും പകര്‍ച്ചവ്യാധിയും ദൈവശിക്ഷയെന്നു കരുതി, ഈശ്വര പ്രീതിക്കായി മന്ത്രവാദവും മൃഗബലിയും ദുഷ്‌കര്‍മ്മങ്ങളും ചെയ്യുന്ന ഒരപരിഷ്‌കൃത വര്‍ഗ്ഗത്തില്‍പ്പെട്ടവനാണ് താനെങ്കിലും, മകള്‍ പഠിപ്പും ജോലിയുമുള്ളവളായി പരിഷ്‌കൃത ലോകത്ത് ജീവിക്കണമെന്നുകരുതി സൈലബിയെ കോളെജില്‍ ചേര്‍ത്തു. അത് ഞങ്ങളുടെ രഹസ്യ സന്ദര്‍ശനങ്ങള്‍ക്ക് സഹായിച്ചു.

എന്റെ വികാരങ്ങളോട് മത്സരിക്കാന്‍ മനസ്സില്‍ ചോദ്യങ്ങള്‍ പൊന്തിവന്നു. നിരുത്സാഹപ്പെടുത്താന്‍ കുറെ തടസ്സങ്ങള്‍. എന്നിട്ടും, ഞങ്ങളുടെ ആത്മബന്ധത്തെ ഛേദിക്കുവാന്‍ ശത്രുത ഉണ്ടാകുമെന്ന് നിനച്ചില്ല. എന്റെ ചേതനയില്‍ ഉരുവായ ഒരാഗ്രഹം ആവശ്യബോധമായി. ജീവിതലക്ഷ്യമായി. അത് ശോഭനമായ ഒരു ഭാവി തരുമെന്ന് വിശ്വസിച്ചു. അത് കുറ്റവും തെറ്റുമാകുമോ? എന്റെ ഇമ്പമേറിയ വാക്കുകള്‍ സൈലബിയുടെ അന്തരാത്മാവില്‍ നട്ടുവളര്‍ത്തിയ സ്‌നേഹം വിശുദ്ധമായിരുന്നു. അത് ഞങ്ങളുടെ ജീവിതരീതിയെത്തന്നെ നവീകരിച്ചു. സൈലബി എന്റേതുമാത്രമാണെന്ന ആത്മവിശ്വാസം അവള്‍ക്കുവേണ്ടി എന്തും ചെയ്യുവാന്‍ എന്നെ പ്രാപ്തനാക്കി. അപകടഭീതി ഉണ്ടായില്ല. പക്ഷേ, പലപ്പോഴും അവള്‍ ഭയന്നു. അപ്പോള്‍ത്തന്നെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുമായിരുന്നു. അവളുടെ അനുസരണം ഒരു സമര്‍പ്പണമായിരുന്നു. ഊഷ്മളവികാരങ്ങള്‍ സൈലബിയെ എന്റെ മാറോട് ചേര്‍ത്തുനിര്‍ത്തുമായിരുന്നു. അപ്പോഴും, അവളുടെ ശു്ദ്ധിയും സുരക്ഷയും എന്റെയും ആവശ്യമായിരുന്നു. ആ മാനസിക നിയന്ത്രണവും സുഖമുള്ള അനുഭവമായിരുന്നു. ഏത് പോരാട്ടത്തിനും ഞാന്‍ സന്നദ്ധനായി.

എനിയ്ക്ക് ബിരുദം കിട്ടിയപ്പോള്‍, ഉന്നതവിദ്യാഭ്യാസത്തിന് വിദേശത്ത് പോകണമെന്ന് എന്റെ പപ്പായും മമ്മിയും ഉപദേശിച്ചു. മടങ്ങിയെത്തുമ്പോള്‍, സാമൂഹ്യതലത്തില്‍ സ്വാധീനതയുള്ള അധികാരസ്ഥാനത്ത് എത്താന്‍ കഴിയുമെന്നായിരുന്നു അവരുടെ നിഗമനം. എന്റെ ഭാവി എന്തായിത്തീരണമെന്ന ലക്ഷ്യം എനിയ്ക്ക് അപ്പോഴും ഇല്ലായിരുന്നു. എത്രയും പെട്ടെന്ന് ഒരു ജോലിയില്‍ പ്രവേശിക്കുവാനായിരുന്നു ഉദ്ദേശ്യം. ഉപരിപഠനം ഭാവി നന്മയ്ക്ക് ഉപകരിക്കുമെന്ന നിര്‍ദ്ദേശം വീണ്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ അസ്വസ്ഥതയോടെ ഞാന്‍ പറഞ്ഞു: ഞാനിപ്പോള്‍ ഈ നാട് വിട്ട് എങ്ങോട്ടും പോകുന്നില്ല! അതുകേട്ട് അല്പം അരിശത്തോടെ  പപ്പാ തുടര്‍ന്നു:  നിന്നെ നാട് കടത്താനല്ല എന്റെ തീരുമാനം. മെച്ചപ്പെട്ട സ്ഥാനത്ത് എത്താന്‍ നല്ല വിദ്യാഭ്യാസം വേണം. ഉപരിപഠനത്തിന് നിവൃത്തിയില്ലാതെ ജനം ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയാണ്. നീ ദാരിദ്ര്യദുഃഖം അനുഭവിച്ചു വളര്‍ന്നില്ല. അല്ലല് അറിഞ്ഞിട്ടില്ല. ഒരു തകര്‍ക്കത്തിലേക്ക് കടക്കരുതെന്നു കരുതലോടെ ഞാന്‍ മറുപടി പറഞ്ഞില്ല.

എന്റെ അനുസരണകേടും മൗനവും കുടുംബത്തില്‍ വ്യാകുലതയുണ്ടാക്കി. പപ്പായുടെ ബുദ്ധിയുപദേശം വളരെ ഉചിതമാണെങ്കിലും അതു സ്വീകരിക്കാന്‍ എനിക്ക് സാദ്ധ്യമല്ലാത്തത് എന്ത് കാരണത്താലെന്ന് ഞാന്‍ പറഞ്ഞില്ല. ഒരു ജോലിയില്‍ പ്രവേശിച്ചതിനു ശേഷം വെളിപ്പെടുത്താമെന്നു വിചാരിച്ചുകാത്തിരിക്കുകയായിരുന്നു. എന്റെ സ്വഭാവത്തില്‍ പെട്ടെന്നുണ്ടായ മാറ്റവും മാതാപിതാക്കളെ ദുഃഖിതരാക്കി. എനിക്ക് ലഭിച്ച സ്വാതന്ത്ര്യം ദുര്‍വിനിയോഗം ചെയ്തുവെന്നും അകന്നുപോയെന്നും അവര്‍ക്ക് തോന്നി. ചീത്തവഴിയെ പോകുന്ന ധിക്കാരിയാണെന്ന പരാതി കേട്ടു. മുന്നിലൊരു സമ്മര്‍ദ്ദസാഹചര്യം. മമ്മിയുടെ കരച്ചില്‍ കണ്ടപ്പോള്‍ മനസ്സ് നൊന്തു. ആരുമറിയാതെ കാത്തുസൂക്ഷിച്ച രഹസ്യം  പിന്നെ മറച്ചുവെച്ചില്ല. എന്റെ അഭാവത്തില്‍ സൈലബിയുടെ വിവാഹം നടത്തപ്പെടുമെന്ന ഭയമാണ് വിദേശയാത്രക്കുള്ള തടസ്സമെന്ന് ഞാന്‍ മമ്മിയോട് പറഞ്ഞു. അതു കേട്ടു മമ്മി അന്ധാളിച്ചു: പൊട്ടിക്കരഞ്ഞു. പപ്പായുടെ ദീര്‍ഘകാല പ്രതീക്ഷ ഉടഞ്ഞു! ഏത് ആപത് സമയത്തും മനസ്സിന്റെ സമനിലതെറ്റിക്കാത്ത പിതാവ് അനുനയത്തോടെ പറഞ്ഞു: യൗവനത്തിന്റെ പ്രതിഭാസമാണ് പ്രണയം. അതില്‍ വിവേകമില്ലാതായാല്‍ ആത്മഹത്യയും കലഹവും കൊലപാതകവുമൊക്കെ ഉണ്ടാവാം. വിവാഹം വ്യക്തിപരമെന്നു നീ കരുതുന്നുണ്ടാവും. ശരിതന്നെ. പക്ഷെ വഴിയറിയാതെ ഓടുന്നവര്‍ ഉദ്ദിഷ്ടസ്ഥാനത്ത് എത്തുകയില്ല.' മമ്മിയും പറഞ്ഞു: 'ഇനി ഉപദേശിച്ചിട്ട് എന്ത് ഫലം? ഒരു പെണ്ണിനുവേണ്ടി അവര്‍ മാതാപിതാക്കളെ അവഗണിച്ചു. ഇതൊരു ദുര്‍വിധിയെന്നു കരുതിയാല്‍ മതി.'  അത് കേട്ടപ്പോള്‍ രോഷമുണ്ടായെങ്കിലും മമ്മിയുടെ നെഞ്ചിനുള്ളിലെ നൊമ്പരം ആളിക്കത്തരുതെന്നു വിചാരിച്ചു ഞാന്‍ മിണ്ടിയില്ല. ഒരു വിജാതായപെണ്ണിനെ സ്‌നേഹിച്ചതും വിവാഹം ചെയ്യാന്‍ തീരുമാനിച്ചതും തെറ്റാണെന്ന് അപ്പോഴും തോന്നയില്ല. മാതാപിതാക്കളെ സന്തോഷിപ്പിക്കുന്നതിന്, അവര്‍ക്ക് ഇഷ്ടമുള്ളവളെ അണയാക്കി, ആയുഷ്‌ക്കാലം മുഴുവന്‍ അസംതൃപ്തനായി ജീവിക്കണമോ എന്ന് ചോദിച്ചില്ല.

ഒരു സങ്കരവിവാഹത്തില്‍ ഉണ്ടാകാവുന്ന പൊരുത്തക്കേടുകളും, അതില്‍ ജനിക്കുന്ന സന്തതികള്‍ക്ക് നേരിടേണ്ടിവരാവുന്ന വിഷമതകളും എന്തെന്ന് എന്റെ പപ്പാ വിശദീകരിച്ചു. അതില്‍ വെറുപ്പും വിദ്വേഷവും പ്രകടമായില്ല. എന്നാലും, അപ്രായോഗികമായിരുന്നു ആ ഉപദേശം. ആശയപരമായ ഞങ്ങളുടെ അകല്‍ച്ച കുടുംബാന്തരീക്ഷത്തെ കൂടുതല്‍ വ്യാകുലമാക്കി: ഞാന്‍ വെറുക്കപ്പെടുന്നുവെന്ന സംശയം. വീടു വിട്ടു മാറിത്താമസിച്ചാലെന്തെന്ന ചിന്ത. കുടുംബം കുഴപ്പങ്ങളാല്‍ ശിഥിലമാകരുതെന്ന വിചാരം. എന്റെ മാതാപിതാക്കളുടെ ഉപദേശമെന്തെന്ന് സൈലബിയോട് പറഞ്ഞില്ല. അവള്‍ക്ക് ഭയവും വേദനയും ഉണ്ടാക്കരുതല്ലോ. എന്റെ ദിനരാത്രങ്ങള്‍ ക്ലേശകരമാകുമെന്നു നിനച്ചു വേദനിച്ച മമ്മിയെ ആശ്വസിപ്പിച്ചില്ല. അപ്പോഴും, പ്രശ്‌നപരിഹാരത്തിനു വേണ്ട പ്രായോഗിക സഹായത്തിന് അന്വേഷിക്കുകയായിരുന്നു പപ്പാ. എനിക്ക് അത്യന്തം വിലപ്പെട്ട ഒരു ബന്ധത്തെ വെട്ടിമുറിക്കാനായിരുന്നില്ല ശ്രമം. സംഭവിക്കാവുന്ന സംഘര്‍ഷത്തെ  ഒഴിവാക്കാനായിരുന്നു ഉദ്യമം. ഒരു ദിവസം രാവിലെ, പപ്പാ ലൂഫാന്‍വോങങിനെ  വീട്ടില്‍ വിളിച്ചുവരുത്തി. സൗഹൃദസംഭാഷണനേരത്ത്  സൈലബിയുമായുള്ള എന്റെ മാനസിക ബന്ധത്തെക്കുറിച്ചു പറഞ്ഞു. അതുകേട്ട് വോങ്ങ് സംഭ്രമിച്ചു. പെട്ടെന്ന് ദേഷ്യവും സങ്കടവും ഉണ്ടായി! അയാളുടെ ചാര്‍ച്ചക്കാരും ഭാര്യവീട്ടുകാരും വിവരമറിഞ്ഞാല്‍ കൊല്ലാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞതെല്ലാം മറക്കണമെന്ന് പറഞ്ഞിട്ട് അയാള്‍ മടങ്ങിപ്പോയി. അത് ഒരു നിഷ്ഠൂര ശാസനയാണെന്നു തോന്നിയെങ്കിലും ഞാന്‍ ഭയന്നില്ല. എന്നാലും, സൈലബിയെ വോങ്ങ് ശിക്ഷിക്കുമെന്നും സൗഹൃദബന്ധങ്ങള്‍ തകര്‍ത്ത് നാശത്തിന്റെ നേരം വരുമെന്ന ആശങ്കയാല്‍ അസ്വസ്ഥനായി. അവളെ, വിലക്കപ്പെട്ടവളായി കാണാന്‍ കരുത്തില്ലായിരുന്നു. അല്പനേരത്തേക്കെങ്കിലും, ഞാ്ന്‍ ഒറ്റപ്പെട്ടവനെന്നു തോന്നി. സന്തുഷ്ടരായിരിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയുമോ എന്ന സംശയം.

(തുടരും....)

മഴ (കഥ- (ഭാഗം-2) : ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക