Image

ആത്മാവിന്‍ കാല്‍വരി തന്നില്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 19 April, 2019
ആത്മാവിന്‍ കാല്‍വരി തന്നില്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)
ആത്മാവിന്‍ കാല്‍വരി തന്നില്‍,
ആരാരുമറിയാതെ നാഥാ,
അങ്ങേ കുരിശിലേറ്റുന്നു,
ഒന്നല്ല ഒരായിരം വട്ടം.

പാപങ്ങള്‍ ഭാരംചുമത്തി,
ദുഷ്ടത ചമ്മട്ടിയാക്കി,
സ്വാര്‍ത്ഥത കുന്തമായ് കുത്തി,
ഒന്നല്ല ഒരായിരം വട്ടം.

ശത്രുത ചുറ്റിക തീര്‍ത്തു,
ഉള്‍പ്പക മുള്‍മുടി ചാര്‍ത്തി,
ക്രൂരതയാണികളാക്കി,
ഒന്നല്ല ഒരായിരം വട്ടം.

ആഞ്ഞാഞ്ഞടിക്കുന്നു മെയ്യില്‍,
നിര്‍ഭയമാനയിക്കുന്നു,
ആര്‍ത്തനായങ്ങു വീഴുന്നു,
ഒന്നല്ല ഒരായിരം വട്ടം.

ആപാദചൂഡം തളര്‍ത്തി,
രക്തപുഷ്പങ്ങളടര്‍ത്തി,
പരിഹാസപാത്രമാകുന്നു,
ഒന്നല്ല ഒരായിരം വട്ടം.

ഈ വഴിയിലാരെ-
മാടിവിളിക്കുന്നു ചാരെ?
സ്‌നേഹാര്‍ദ്രമൂര്‍ത്തിയാം താതാ,
മറ്റാരെ, യെന്നെയല്ലാതെ.

കാതരമാമിരുകണ്‍കള്‍,
കാരുണ്യസാഗരമല്ലേ?
പാപങ്ങളൊക്കെ കഴുകി.
പാപിക്കു മാപ്പു നല്കില്ലേ?
Join WhatsApp News
മഹാകപി വയനാടന്‍ 2019-04-27 21:46:52
കവിത വായിച്ചു, ഇഷ്ടമായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക