Image

സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവലിന്റെ പണിപ്പുരയിലൂടെ (പി.വി.തോമസ്-ഡല്‍ഹി)

പി.വി.തോമസ് Published on 20 April, 2019
സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവലിന്റെ പണിപ്പുരയിലൂടെ (പി.വി.തോമസ്-ഡല്‍ഹി)

സക്കറിയ എന്ന പോള്‍ സക്കറിയയുടെ ആദ്യത്തെ നോവല്‍ പുറത്തിറങ്ങി. പക്ഷേ, അത് മലയാളത്തില്‍ അല്ല. പറയാന്‍ കാരണം അദ്ദേഹം അംഗീകാരം നേടിയ ഒരു മലയാള എഴുത്തുകാരന്‍ ആണ്. അദ്ദേഹം മലയാളത്തില്‍ ഒരു നോവല്‍ ഇതുവരെ എഴുതിയിട്ടും ഇല്ല. ലോകോത്തരമായ വളരെയേറെ ചെറുകഥകളും ചെറുനോവലുകളും മലയാളത്തില്‍ എഴുതി അദ്ദേഹം പ്രത്യേകമായ ഒരു സ്ഥാനം നേടിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആദ്യ നോവല്‍ ഇംഗ്ലീഷില്‍ ആണെന്നത് ശ്രദ്ധേയം ആണ്. വായനക്കാരുടെയും വിമര്‍ശകരുടെയും ഇടയില്‍ നോവല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

'എ സീക്രട്ട് ഹിസ്റ്ററി ഓഫ് കമ്പാഷന്‍'- കോണ്ടക്സ്റ്റ് പബ്ലിക്കേഷന്‍സ്-വെസ്റ്റ് ലാന്റ് പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്- വില 699 രൂപ. നോവലിന്റെ പേര് മലയാളത്തില്‍ തര്‍ജ്ജമ ചെയ്താല്‍ ഏതാണ് ഇങ്ങനെ ആയിരിക്കും. ഭൂതദയയുടെ ഒരു രഹസ്യചരിത്രം.

സക്കറിയ ഇങ്ങനെ ഒരു ഇംഗ്ലീഷ് നോവല്‍ രചന പ്രക്രിയയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് 2010 മുതലെങ്കിലും അടുത്ത സുഹൃത്തുക്കളില്‍ നിന്നും അദ്ദേഹത്തില്‍ നിന്നു തന്നെയും എനിക്ക് അറിവുണ്ടായിരുന്നു. വളരെ പ്രചോദനദായകവും ഉന്മേഷകരവും ആയ ഒരു വാര്‍ത്ത ആയിരുന്നു അത്. കാരണം മലയാളത്തിലെ ആ പ്രമുഖ കഥാകാരന്‍ ആഗോള തലത്തിലേക്ക് ഉയരുകയാണ്. പാലായിലെ ഉരുളികുന്നത്തെ മുണ്ടാട്ടുചുണ്ടയിലെ ആ പ്രതിഭ പുതിയ മാനങ്ങള്‍ തേടുകയാണ്.

ഞാന്‍ ഇടയ്ക്കൊക്കെ തിരുവനന്തപുരത്ത് പോകുമ്പോഴും അദ്ദേഹത്തിന്റെ വസതിയില്‍ താമസിക്കുമ്പോഴും നോവലിനെകുറിച്ച് സംസാരം ഉണ്ടായിട്ടുണ്ട് സ്വാഭാവികമായും. അങ്ങനെ നോവലിന്റെ പണിപ്പുരയില്‍ ഞാനും ഒരു ഭാഗഭാക്കായിരുന്നു. എഴുത്ത് അദ്ദേഹത്തിന് ഒരു ധ്യാനം പോലെയാണ്. അദ്ദേഹം അതില്‍ സദാ നിരതന്‍. ഞാന്‍ എന്റെ കാര്യങ്ങളിലും.

ഉച്ചയൂണിന് മുമ്പ് ഒരു സ്മോള്‍ വേണമെങ്കില്‍ അദ്ദേഹം പറയും അത് അവിടെ അലമാരിയില്‍ ഇരിപ്പുണ്ട്. അല്ലെങ്കില്‍ ഊണ് മേശയില്‍ എടുത്ത് വയ്ക്കും. എന്നിട്ട് എഴുത്തിന്റെ ലോകത്തുതന്നെ. 2013-ല്‍ ഒരു ദിവസം -സെപ്തംബറില്‍-ഞാന്‍ അദ്ദേഹത്തിന്റെ അതിഥിയായി അവിടെ ഉള്ളപ്പോള്‍ അദ്ദേഹം ഒരു തരം ആശ്വാസത്തോടെ പറഞ്ഞു: നോവല്‍ പൂര്‍ത്തിയായി. എന്നിട്ട് പുറത്തേക്ക് പോയി അതിന്റെ കമ്പ്യൂട്ടര്‍ പ്രിന്റൗട്ടും ആയി അല്പസമയത്തിനുശേഷം തിരിച്ചുവന്നു.

ഒരു കോപ്പി എനിക്ക് തന്നുകൊണ്ട് പറഞ്ഞു: ഫിക്ഷന്‍ വായിക്കുമെങ്കില്‍ ഇതാ ഇത്. ഞാന്‍ ആദര പൂര്‍വ്വം അത് വാങ്ങി ദല്‍ഹിക്ക് കൊണ്ടു പോന്നു. ഭൂതദയയുടെ ഒരു രഹസ്യ ചരിത്രം വായിക്കുന്ന ആദ്യത്തെ വായനക്കാരില്‍ ഒരാള്‍ ഞാനായിരിക്കാം.

അത് ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ്. പിന്നീട് ഒട്ടേറെ എഴുത്തും തിരുത്തും വീണ്ടും എഴുത്തും നടത്തി കാച്ചികുറുക്കിയാണ് ഭൂതദയ ഇപ്പോള്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. അതിനെകുറിച്ച് സക്കറിയ പറയുന്നത് കേള്‍ക്കുക: 'നോവല്‍ പൂര്‍ത്തിയാക്കാന്‍ 12-13 വര്‍ഷമെടുത്തെങ്കിലും യഥാര്‍ത്ഥത്തിലുള്ള എഴുത്തിന് 12-13 മാസങ്ങളെ എടുത്തിട്ടുണ്ടാവൂ. മലയാളത്തിലുള്ള എഴുത്തുകള്‍ക്കും യാത്രകള്‍ക്കും പ്രസംഗങ്ങള്‍ക്കും ജീവിതത്തിലെ മറ്റനവധി ഉദ്യോഗങ്ങള്‍ക്കുമിടയിലൂടെ നോവലും എഴുതി.'

എഴുത്ത് തിരുവനന്തപുരത്തു മാത്രം ഇരുന്നു കൊണ്ടുള്ള ഒരു പ്രക്രിയ ആയിരുന്നില്ല. സ്‌ക്കറിയ അതിനെ കുറിച്ച് പറയുന്നു: 'ആദ്യത്തെ അദ്ധ്യായങ്ങള്‍ എഴുതിയത് വീട്ടില്‍ തന്നെയാണ്. ഏകാഗ്രമായി എഴുതുവാന്‍ തിരുവനന്തപുരത്തെ പരിതസ്ഥിതി-സുഹൃത്തുക്കളും സന്ദര്‍ശകരുമെല്ലാം അടങ്ങിയ- യോജിച്ചതല്ല എന്ന് തോന്നിയപ്പോള്‍ അതിനുള്ള താവളങ്ങള്‍ തേടി പോയി.

'അതില്‍ ഒന്ന് വയനാട് ആയിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ പഴയ പഴയ പാലാക്കാരന്‍ സുഹൃത്ത് ബേബി (പ്രൊഫ.പി.ജെ.തോമസ്, പുഞ്ചത്തലയ്ക്കല്‍)യുടെ വീട്ടിലിരുന്നാണ് ഒട്ടനവധി അദ്ധ്യായങ്ങള്‍ എഴുതിയത്. നാലോ അഞ്ചോ തവണ ഞാന്‍ ബേബിയുടെ വീട്ടില്‍ അഭയം തേടിയിട്ടുണ്ട്. കഥ അവിടെയും തീരുന്നില്ല. പല തവണ ഞാന്‍ എഴുത്തിന് താവളമടിച്ച ഇടമാണ് ഏഷ്യാനെറ്റ് സ്ഥാപകനായ ശശികുമാറിന്റെ ചെന്നൈയിലെ ഉത്താണ്ടിയിലുള്ള ബീച്ച് ഹൗസ്. കടല്‍ത്തീരം വഴി നടക്കാന്‍ പോകാം. നോവലിന്റെ നല്ല ഒരു പങ്ക് അവിടെയാണുണ്ടായത്.'

സക്കറിയ പിന്നെയും അലഞ്ഞുകൊണ്ടിരുന്നു. അന്വേഷിച്ചുകൊണ്ടിരുന്നു. നോവല്‍ എഴുതികൊണ്ടിരുന്നു.

'എഴുതാന്‍ പോയിരുന്ന മറ്റൊരു സ്ഥലം പരേതനായ എന്റെ അഭിവന്ദ്യ സുഹൃത്ത് പാപനാശം സ്വാമിയുടെ, തിരുനല്‍വേലിയിലെ പാപനാശത്തിനടുത്ത് കീഴാമ്പത്തൂരിലുള്ള ആശ്രമമാണ്. പാപനാശം കുടിശൈ ആശ്രമവളപ്പിലെ ഒരു ഒഴിഞ്ഞ കോണിലെ കോട്ടേജ് എനിക്ക് തന്നിരുന്നു.'

നോവലിന്റെയും സര്‍ഗ്ഗാത്മകതയുടെയും അഗാധതലങ്ങളിലേയ്ക്ക് സക്കറിയ വീണ്ടും സഞ്ചരിച്ചു കൊണ്ടിരുന്നു ഒരു തീര്‍ത്ഥാടകനെപോലെ. അതില്‍ അദ്ദേഹത്തിന് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു സ്ഥലവും ഉണ്ടായിരുന്നു.

'മറ്റൊരു രസകരമായ സ്ഥലം എന്റെ പ്രിയ നഗരമായ മൈസൂറില്‍, മാനസഗംഗോത്രി സര്‍വ്വകലാശാല ക്യാമ്പസിനടുത്തുള്ള ജെ.എസ്.എസ്.എന്‍ജിനീയറിംഗ് കോളേജിന്റെ അതിഥിമന്ദിരം ആയിരുന്നു. മൈസൂറിലെ എന്റെ വിദ്യാര്‍ത്ഥികാലത്തിന്റെ ഓര്‍മ്മകള്‍ ആസ്വദിച്ചുകൊണ്ട് അവിടെയിരുന്ന് എഴുതി.'

സക്കറിയയുടെ നോവല്‍ എന്ന യാത്ര ജന്മദേശത്തും എത്തി. 'ഇനിയുമൊരു എഴുത്തുപുര എനിക്ക് ലഭിച്ചത് പാലയ്ക്കടുത്ത് ഇടമറ്റത്ത്, കത്തോലിക്ക സഭ പരിഷ്‌ക്കരണവാദിയും ബൈബിള്‍ വിവര്‍ത്തകനും ഗ്രന്ഥകാരനും വാഗ്മിയുമായ ജോസഫ് പുലിക്കുന്നേലിന്റെ 'ഓശന' ക്യാമ്പസിലായിരുന്നു. നോവലിന്റെ ആദ്യത്തെ പൊളിച്ചെഴുത്ത് അവിടെയാണ് നടന്നത്.'

ഒരിക്കല്‍ അപ്രതീക്ഷിതമായി ഞാന്‍ തിരുവനന്തപുരത്ത് ദല്‍ഹിയില്‍ നിന്നും എത്തുമ്പോള്‍ സക്കറിയ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഏഷ്യാനെറ്റിലെ സുഹൃത്തുക്കളില്‍ ആരോ പറഞ്ഞു അദ്ദേഹം യാത്രയില്‍ ആണെന്ന്. എനിക്ക് സംഭവം പിടികിട്ടി. മറ്റൊരു താവളം ആയിരുന്നു തിരുവനന്തപുരത്തെ സൗത്ത് പാര്‍ക്ക് ഹോട്ടലിന്റെ ഉടമയും എന്റെ സുഹൃത്തുമായ ജി.മോഹന്‍ദാസിന്റെ തമിഴ്നാട്ടിലെ സുപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ കുറ്റാലത്തുള്ള റിസോര്‍ട്ട്.

'വെള്ളച്ചാട്ടത്തില്‍ കുളിച്ചും, ചുറ്റുപാടുമുള്ള നാട്ടുപാതകളിലൂടെ നടക്കാന്‍ പോയും, ഞാന്‍ അവിടെ നോവലെഴുത്ത് ആസ്വദിച്ചു.'

സക്കറിയ ഇംഗ്ലീഷില്‍ കഥകള്‍ ഇതിന് മുമ്പ് എഴുതിയിട്ടില്ല. ഉപന്യാസങ്ങളും പംക്തികളും എഴുതിയിട്ടുണ്ട്. പക്ഷെ, ആദ്യമായിട്ടാണ് ഫിക്ഷന്‍ ഇംഗ്ലീഷില്‍
എഴുതുന്നത്. പക്ഷേ, ഇംഗ്ലീഷിലേക്ക് മാറുന്നത് ഒരു രസമായിട്ട് അദ്ദേഹത്തിന് തോന്നി. ഇംഗ്ലീഷ് അദ്ദേഹത്തിന് ഇഷ്ടവും പരിജ്ഞാനവും ഉള്ള ഭാഷയാണ്. ഒട്ടേറെ വായിച്ചിട്ടുമുണ്ട്. മലയാളത്തില്‍ ലഭിക്കാത്ത ചില സ്വാതന്ത്രങ്ങള്‍, സാമൂഹ്യ നിലപാടുകളാല്‍, ഇം്ഗ്ലീഷില്‍ ലഭിക്കുമെന്ന് അദ്ദേഹത്തിന് തോന്നി. അതു ലഭിച്ചുവെന്നും സക്കറിയ സമ്മതിക്കുന്നു. എഴുതുന്ന ഭാഷ അറിയാമെങ്കില്‍ പിന്നെ എഴുത്തിന് പരിധിയോ പരിമിതിയോ സൃഷ്ടിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം കരുതുന്നു. മലയാളം പോലെ തന്നെ സജീവമായ ഒരു ഭാഷയാണ് ഇംഗ്ലീഷ്. നൂറ്റാണ്ടുകളായി ഇം്ഗ്ലീഷ് ഒരു ആഗോളഭാഷയാണ്. മലയാളത്തിന് ഒരു സജീവ ഗദ്യസാഹിത്യം ഉണ്ടായിട്ട് കഷ്ടിച്ച് നൂറ് കൊല്ലമായതേയുള്ളൂ. പക്ഷേ, മലയാളത്തെകുറിച്ച് അപകര്‍ഷതാബോധവും വേണ്ട.

ഈ നോവല്‍ എന്താണ്? എന്തിനെകുറിച്ചാണ് എന്ന ചോദ്യത്തിന് സക്കറിയയുടെ മറുപടി വളരെ ലളിതം ആണ്. 'അത് എനിക്കറിയില്ല. ഇത് ഒരു കെട്ടുകഥയാണ്. അതില്‍ കഥാപാത്രങ്ങള്‍ ഉണ്ട്. പ്ലോട്ട് ഉണ്ട്, ഉപപ്ലോട്ടുകള്‍ ഉണ്ട്. ഒരു എഴുത്തുകാരന് സ്വന്തം സങ്കല്പങ്ങളുടെ ഘടനയെയൊ രൂപീകരണത്തെയോ കുറിച്ച് പറയുക ബുദ്ധിമുട്ടാണ്. കാരണം എഴുത്ത് സംഭവിക്കുന്നത് അത്രയും ബോധപൂര്‍വ്വം അല്ല. എന്റെ നോവല്‍ ഒരു പക്ഷേ ആശയങ്ങളെ ചോദ്യം ചെയ്തിരിക്കാം. ആ ചോദ്യം ചെയ്യലിന്റെ രീതിയില്‍ വ്യത്യസ്തതയോ മൗലീകതയോ ഉണ്ടെങ്കില്‍ അതായിരിക്കാം എന്റെ നോവലിന്റെ വ്യത്യസ്തത.'

സക്കറിയ പറയുന്നു ഈ നോവല്‍ ആദ്യം മലയാളത്തില്‍ എഴുതാമെന്ന് വിചാരിച്ചെങ്കിലും പിന്നീടാണ് ഇം്്ഗ്ലീഷില്‍ ആകാമെന്ന് കരുതിയത്. കാരണം അത് ഉന്മാദദായകം ആയിരിക്കുമെന്ന് തോന്നി. രാഷ്ട്രീയമായി ഒരു പൊട്ടിത്തെറി ഉണ്ടാക്കുവാനുള്ള കാര്യങ്ങള്‍ ഒന്നും ഇതിലില്ല, പക്ഷേ, ഇതിന് രാഷ്ട്രീയം ഉണ്ട്. അത് മനുഷ്യാവസ്ഥയുടെ രാഷ്ട്രീയം ആണ്. വളരെക്കാലമായി താന്‍ ഒരു രാഷ്ട്രീയ ജീവി ആണെന്നും മലയാളത്തില്‍ എഴുതിയിട്ടുള്ള രാഷ്ട്രീയത്തിന്റെ പത്തിലൊന്നുപോലും ഈ ഇം്ഗ്ലീഷില്‍ ഇല്ലെന്നും അദ്ദേഹം പറയുന്നു.

പക്ഷേ, ഈ നോവല്‍ വായിക്കുമ്പോള്‍ അതിശക്തമായ രാഷ്ട്രീയ അടിയൊഴുക്ക് അന്തര്‍ലീനമായിട്ടുണ്ടെന്ന് രാഷ്ട്രീയ അവബോധമുള്ള വായനക്കാരന് മനസിലാകും. സക്കറിയായുടെ മലയാള രചനകളിലുള്ള കുറിക്ക് കൊള്ളുന്ന ആക്ഷേപഹാസ്യം ഇതില്‍ ഉടനീളം ഉണ്ട്. ഇതില്‍ ഒരു എട്ടുകാലി പ്രഭു ഉണ്ട്. ഭാര്യ റോസി ഉണ്ട്. ഇണ ചേരല്‍ ശരിക്കും ഒരു കെട്ടുകഥ ആണെന്ന് അവര്‍ വിശ്വസിക്കുന്നു. ഒരു ജെ.എല്‍.പിള്ള ഉണ്ട്, ജീസസ് ലംബോധരപിള്ള. ഈ വക കഥാപാത്രങ്ങളെ പുസ്തകം വായിച്ചാലേ അതിന്റെ സമ്പൂര്‍ണ്ണ അര്‍ത്ഥവ്യാപ്തിയില്‍ പിടികിട്ടുകയുള്ളൂ. ഭൂതദയയെ കുറിച്ച് ഒരു ഉപന്യാസം എഴുതുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞേല്പിക്കുന്നതും ഈ നോവലിന്റെ ഒരു പ്രധാനഘടകം ആണ്. മരണം ഭൂതദയ ആണ്. സേനയും ഭീകരവാദികളും മതമൗലീകവാദികളും ന്യൂക്ലിയര്‍ ബട്ടണും അതിന്റെ ആസൂത്രിതഭാഗം ആണ്. എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനം ജീവിതം ആണ്. അത് ഇല്ലാതാക്കുക. അപ്പോള്‍ പൊതുശവകുടീരങ്ങളാല്‍ നിറഞ്ഞ ഒരു മാതൃക ലോകത്ത് നമ്മള്‍ എത്തിച്ചേരും. അവിടെ ഭൂതദയയുടെ കറുത്തപക്ഷി സ്വാതന്ത്ര്യത്തിന്റെ ഗാനം പാടി രാത്രിയില്‍ പിറന്നു നടക്കും.

ഇത് എഴുത്തുകാരന്റെ ഭാഷയില്‍ തന്നെ പകര്‍ത്താം: 'The time is not far off when robot armies, interstellar ships and AI units controlling WMD and Slaughter house machinery run by EI will be Programmed with compassion' ഇങ്ങനെ പോകുന്നു കാര്യങ്ങള്‍.

എന്താ പോരെ? ഭാഷയുടെ ഭംഗിയും ഭാവനയുടെ കരുത്തും അതിലടങ്ങിയിരിക്കുന്ന തുളച്ചുകയറുന്ന ആക്ഷേപഹാസ്യത്തിന്റെ തീക്ഷ്ണതയും ആണ് ഈ നോവലിന്റെ കാതല്‍.
സക്കറിയയുടെ ആദ്യ ഇംഗ്ലീഷ് നോവലിന്റെ പണിപ്പുരയിലൂടെ (പി.വി.തോമസ്-ഡല്‍ഹി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക