Image

സിനിമ എന്ന മാധ്യമത്തിന്റെ വിവിധ തലങ്ങളെ വിലയിരുത്തി സെമിനാറും ചര്‍ച്ചയും നടത്തി

അനില്‍ സി. ഇടിക്കുള Published on 23 April, 2012
സിനിമ എന്ന മാധ്യമത്തിന്റെ വിവിധ തലങ്ങളെ വിലയിരുത്തി സെമിനാറും ചര്‍ച്ചയും നടത്തി
അബുദാബി: ഇന്ത്യന്‍ ഫിലിം സൊസൈറ്റി അബുദാബിയും, ഇന്ത്യന്‍ എംബസിയും ഇന്ത്യ സോഷ്യല്‍ സെന്റര്‍ അബുദാബിയും ചേര്‍ന്ന്‌ സിനിമ എന്ന ജനകീയ മാധ്യമത്തിന്റെ വിവിധ തലങ്ങളെ വിലയിരുത്തി വിശദമായ സെമിനാറിനും തുറന്ന ചര്‍ച്ചയ്‌ക്കും വേദിയൊരുക്കി.

വെള്ളി രാവിലെ പത്തു മുതല്‍ ഇന്ത്യ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സിനിമാലോകത്തെ അതുല്യ പ്രതിഭകളായ ഡോ. ആടൂര്‍ ഗോപാലകൃഷ്‌ണന്‍, ഡോ. ജബാര്‍ പട്ടേല്‍, ഗിരീഷ്‌ കാസറവള്ളി, ഗൗതം ഘോഷ്‌ എന്നിവരുടെ പ്രൗഢ സാന്നിധ്യം സമാന്തര സിനിമാ ആസ്വാദകര്‍ക്ക്‌ ഒരു അപൂര്‍വ അനുഭവമായി. ഇവരെക്കൂടാതെ അബുദാബി ഫിലിം ഫെസ്‌റ്റിവല്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ പീറ്റര്‍ സ്‌കാര്‍ലറ്റ്‌, അബുദാബി ഫിലിം കമ്മീഷന്‍ ഡപ്യൂട്ടീ ഡയറക്‌ടര്‍ മിസ്‌ മാര്‍ഷെലെ അലൈഡ്‌ എന്നിവരും ചര്‍ച്ചക്ക്‌ സജീവ സാന്നിധ്യം നല്‍കി.

ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ തോമസ്‌ ജോണ്‍ അതിഥികളെ സ്വാഗതം ചെയ്‌തു, തുടര്‍ന്ന്‌ സെന്റര്‍ പ്രസിഡന്റും സാഹിത്യവിഭാഗം സെക്രട്ടറി ജയചന്ദ്രന്‍ നായരും ചേര്‍ന്ന്‌ വിശിഷ്‌ടാതിഥികള്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഇന്ത്യന്‍ എംബസി കലാവിഭാഗം രണ്‌ടാം സെക്രട്ടറി അനുജ ചക്രവര്‍ത്തി സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു.

ഇന്ത്യന്‍ ഫിലിം സൊസൈറ്റി അബുദാബി ചെയര്‍മാന്‍ ഷംനാദ്‌ സെമിനാറിന്റെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു തുടര്‍ന്ന്‌ വ്യത്യസ്‌ഥങ്ങളായ നാലു വിഷയങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ സിനിമ ബോളിവുഡിനും അപ്പുറം എന്ന വിഷയം

ജബാര്‍ പട്ടേല്‍ അവതരിപ്പിച്ചപ്പോള്‍ അടൂര്‍ഗോപാലകൃഷ്‌ണന്‍ ചര്‍ച്ചയെ നയിച്ചു. സിനിമാ നിര്‍മാണത്തിലെ സമകാലിക സാങ്കേതിക വശങ്ങളെക്കുറിച്ച്‌ ഗൗതം ഘോഷ്‌ വിഷയം അവതരിപ്പിച്ചപ്പോള്‍ ഗിരീഷ്‌കാസറവള്ളി ചര്‍ച്ച നയിച്ചു. ഇന്‍ഡ്യന്‍ സിനിമയുടെ ആഗോള സാന്നിധ്യം എന്ന വിഷയത്തില്‍ അബുദാബി ഫിലിം ഫെസ്‌റ്റിവല്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ പീറ്റര്‍ സ്‌കാര്‍ലറ്റ്‌ അവതരിപ്പിച്ചപ്പോള്‍ ജബാര്‍ പട്ടേല്‍ ചര്‍ച്ച നയിച്ചു.

സാഹിത്യവും സിനിമയൂം എന്ന വിഷയം അടൂര്‍ ഗോപാലകൃഷ്‌ണന്‍ അവതരിപ്പിച്ചപ്പോള്‍ ഗൗതം ഘോഷ്‌ ചര്‍ച്ച നയിച്ചു. അവസാനമായി ആടൂര്‍ ഗോപാലകൃഷ്‌ണന്‍, ഡോ. ജബാര്‍ പട്ടേല്‍, ഗിരീഷ്‌ കാസറവള്ളി, ഗൗതം ഘോഷ്‌ എന്നിവര്‍ ഒരുമിച്ച്‌ അഭിനേതാക്കളും സാങ്കേതിക വശങ്ങളും സിനിമയില്‍ എന്ന വിഷയത്തില്‍ നടന്ന കൂട്ടായ ചര്‍ച്ച അത്യപൂര്‍വമായ ഒരു അനുഭവമായിരുന്നു. ചര്‍ച്ചയിലുടനീളം സിനിമ സംവിധായകന്റെ കലയാണെന്ന്‌ ആടൂര്‍ ഗോപാലകൃഷ്‌ണന്‍, ഗിരീഷ്‌ കാസറവള്ളി, ഗൗതം ഘോഷ്‌ എന്നിവര്‍ സമര്‍ഥിച്ചപ്പോള്‍ മറ്റൊരു വീക്ഷണവുമായി ജബാര്‍ പട്ടേല്‍ കടന്നു വന്നു. സിനിമ സംവിധായകന്റെ കലയാണ്‌ എന്നതില്‍ തര്‍ക്കമില്ല എന്നും എന്നാല്‍ അതിലെ അഭിനേതാവിന്റെയും സാങ്കേതിക വിദഗ്‌ധരുടെയും പ്രതിഭ സിനിമ ഒരു മികച്ച കലാസൃഷ്‌ടിയാക്കാന്‍ സംവിധായകന്‌ ഉത്തേജകമാകുന്നു എന്ന്‌ വാദിച്ചു. ഇതിനായി അദ്ദേഹം തന്റെ അംബേദ്‌കര്‍ എന്ന സിനിമയില്‍ മമ്മൂട്ടി എന്ന മഹാ നടന്റെ പ്രതിഭ എങ്ങനെ ഉപകരിച്ചുവെന്ന്‌ ചൂണ്‌ടിക്കാട്ടി.
സിനിമ എന്ന മാധ്യമത്തിന്റെ വിവിധ തലങ്ങളെ വിലയിരുത്തി സെമിനാറും ചര്‍ച്ചയും നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക