Image

പാടുന്ന പാഴ്മുളം തണ്ടു പോലെ ! അനുഭവക്കുറിപ്പുകള്‍. 1: ജയന്‍ വര്‍ഗീസ്)

Published on 21 April, 2019
പാടുന്ന പാഴ്മുളം തണ്ടു പോലെ ! അനുഭവക്കുറിപ്പുകള്‍. 1: ജയന്‍ വര്‍ഗീസ്)
(അപരിഷ്കൃതവും,അല്‍പ്പം പ്രാകൃതവുമായ ജീവിത വഴികളിലൂടെ, അടുത്ത നേരത്തെ ആഹാരത്തിനുള്ള അനിശ്ചിതത്വത്തില്‍ മുണ്ടു മുറുക്കുന്ന കേരളീയ കുഗ്രാമങ്ങളിലൊന്നില്‍ ജനിച്ചു വളര്‍ന്നതിന്റെ തീവ്രാനുഭവവങ്ങളും പേറി, അനന്തമായ കാലത്തിന്റെ കുത്തൊഴുക്കില്‍ അമേരിക്കയിലെത്തിപ്പെട്ട ഒരാള്‍, അനുഭങ്ങളുടെ അഗ്‌നിച്ചൂളയില്‍ വിടര്‍ന്ന ഒരു പിടി ഓര്‍മ്മപ്പൂവുകള്‍ പുറത്തെടുക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ കാലഘട്ടത്തിന്റെ കിതപ്പിലും, കുതിപ്പിലും പരമ ദാരിദ്ര്യത്തിന്റെ കണ്ണീരുപ്പില്‍ കലാ  സാഹിത്യ സ്വപ്നങ്ങളുടെ അപ്പം പരത്തിയെടുക്കുന്ന അതി തീവ്രമായ ജീവിതാനുഭവങ്ങള്‍ ! സത്യ സന്ധവും, വ്യക്തി നിഷ്ഠവുമായ ഈ അനുഭവക്കുറിപ്പുകളില്‍ അധികമാര്‍ക്കും അറിഞ്ഞു കൂടാത്ത ദരിദ്രമായ ഗ്രാമ്യ ജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ' അനുഗ്രഹമാണ് ജീവിതം ' എന്ന ആപ്തവാക്യം അടിവരയിട്ടു മനുഷ്യ രാശിയെ ഓര്‍മ്മിപ്പിക്കുന്ന ഈ കുറിപ്പുകളില്‍ അടുത്ത ചുവടു വയ്ക്കുന്നതിനുള്ള ആത്മ ധൈര്യം ആവശ്യമുള്ളവര്‍ക്ക് കണ്ടെത്താനാവുന്നതാണ്. )


ഞാന്‍ ജയന്‍ വര്‍ഗീസ്. മധ്യ കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ജനിച്ചു. അക്ഷരാഭ്യാസമില്ലാത്ത അമ്മയുടെയും, സ്വന്തമായി കൃഷിഭൂമി ഇല്ലാത്ത ഒരു കര്‍ഷകന്റെയും എട്ടു മക്കളില്‍ മൂത്തവനായി. കുടുംബത്തിലെ കഠിനമായ ദാരിദ്ര്യം മൂലം നന്നേ ചെറുപ്പത്തിലേ പോഷകാഹാരക്കുറവ് മൂലമുള്ള വിളര്‍ച്ചരോഗം പിടിപെട്ട് മരണത്തിന്റെ  വക്കോളമെത്തിയെങ്കിലും, അത്ഭുതകരമായി രക്ഷപെട്ടു. കൈയിലുള്ളതും കടം മേടിച്ചതും കൊണ്ട് കുടുംബം എനിക്ക് വേണ്ടി നടത്തിയ ചികിത്സകളെക്കാളുപരി, ' അമ്മ ' എന്ന് ഞാന്‍ വിളിച്ചിരുന്ന വല്യാമ്മയുടെ (അമ്മൂമ്മ) സ്‌നേഹത്തിന്റെയും, കരുതലിന്റെയും, സമര്‍പ്പണത്തിന്റെയും തണലില്‍ അത്ഭുതകരമായി രോഗശാന്തി നേടുകയാണുണ്ടായത്.

ആയുര്‍വേദവും, അലോപ്പൊതിയുമായി വളരെയേറെ ചികിത്സകള്‍  എനിക്ക് വേണ്ടി നടത്തി. മൂവാറ്റുപുഴയിലെ ഗവര്‍മെന്റ് ആശിപത്രിയില്‍ ഒരു വിദഗ്ധ ഡോക്ടര്‍ ഉണ്ടെന്നു കേട്ട് അവിടെയും ചികില്‍സിച്ചു. എന്റെ ജീവിതം സ്വന്തം ജീവനോട് ചേര്‍ത്തു വച്ചിരുന്ന 'അമ്മ എന്ന് ഞാന്‍ വിളിക്കുന്ന വല്യാമ്മയാണ് കൂട്ട്. അപ്പന്‍ ജോലിയൊക്കെ കഴിഞ്ഞു രാത്രിയില്‍ വരും. ഞങ്ങളുടെ മുറ്റത്തു കുലച്ചു വിളഞ്ഞു നിന്ന ഒരു വലിയ ഏത്തക്കുല പഴുപ്പിച്ചു പരുവമാക്കിയ പഴക്കുല ചുമന്നുകൊണ്ട് വന്ന് അപ്പന്‍ ഡോക്ടര്‍ക്ക് സമര്‍പ്പിച്ചു. ഡോക്ടര്‍ വേണ്ടാ എന്ന് പറഞ്ഞുവെങ്കിലും, അപ്പന്റെ നിര്‍ബന്ധത്തിനു വഴങ്ങി വാങ്ങിച്ചു വച്ചു. ആശുപത്രിയില്‍ നിന്ന് വല്ലപ്പോഴും റൊട്ടി കിട്ടിയിരുന്നു. ആശുപത്രിയുടെ മുറ്റത്ത് അന്ന് വലിയൊരു വാളന്‍ പുളി മരം നിന്നിരുന്നു. പത്തുമണിയോടെ അതിന്റെ തണലില്‍ വല്യാമ്മയും ഞാനും കാത്തിരിക്കും. മൂവാറ്റുപുഴക്കടുത്തുള്ള മാറാടിയിലായിരുന്നു വല്യാമ്മയുടെ വീട്. അവിടെ നിന്ന് വല്യാമ്മയുടെ ആങ്ങളയുടെ ഇളയ മകള്‍ മറിയക്കുട്ടിക്കുഞ്ഞുമ്മ എന്ന് ഞാന്‍ വിളിച്ചിരുന്ന എലുന്പിച്ച പെണ്‍കുട്ടി ഒരു ചോറ്റു പാത്രത്തില്‍ ചൂട് കഞ്ഞിയുമായി വരും. അത് കഴിച്ചു വിശപ്പടക്കുവാനായിരുന്നു ഞങ്ങളുടെ കാത്തിരിപ്പ്.

രണ്ടാഴ്ചയിലേറെ നീണ്ട അവിടുത്തെ ചികിത്സ കൊണ്ടും വലിയ പ്രയോജനം ഉണ്ടായില്ല. കൊക്കൊപ്പുഴു ആണ് രോഗ കാരണമെന്നും, നല്ല മുട്ടയും, പാലുമൊക്കെ കഴിക്കണമെന്നും പറഞ് ഡോക്ടര്‍ വിട്ടു. വീണ്ടും നിരാശയോടെ വീട്ടില്‍ വന്നു. കാലുകളില്‍ നീര് വച്ച് തുടങ്ങിയിരുന്നത് ഒരു ചീത്ത ലക്ഷണമായി ഏവരും കരുതി.എല്ലാവരുടെയും , പ്രത്യേകിച്ച് വല്യാമ്മയുടെയും കണ്ണുകള്‍ തോരുന്നില്ല. കുടുംബത്തിലെ ആദ്യ കണ്മണിയായ ഞാന്‍ മരിച്ചുപോകും എന്ന വേദനയിലാണ് എല്ലാവരും. കട്ടിലില്‍ അവശനായി കിടക്കുന്ന എന്റെ സമീപത്തു തന്നെ എല്ലാവരുമുണ്ട്. അപ്പോള്‍ സ്വപ്നമോ, യാഥാര്‍ഥ്യമോ എന്നറിയാത്ത ഒരു കാഴ്ച ഞാന്‍ കാണുകയാണ്.

ഞങ്ങളുടെ വീടിന്റെ തെക്കുവശത്തെ ഇറയത്താണ് അമ്മിക്കല്ല് വച്ചിരിക്കുന്നത്. എന്റെ 'അമ്മ അതില്‍ വച്ച് ചുരണ്ടിയ തേങ്ങാ അരച്ച് കൊണ്ടിരിക്കുകയാണ്. സമീപത്ത് തന്നെ ഞാന്‍ നില്‍ക്കുന്നു. അമ്മയുടെ കണ്ണുകള്‍ എന്നെപ്രതി നിറഞ്ഞൊഴുകുകയാണ്. അപ്പോള്‍ യേശുവിന്റെ അമ്മയായ കന്യാമറിയാമിന്റെ രൂപത്തിലുള്ള ഒരു സ്ത്രീ വന്ന് എന്റെ സമീപത്ത് നിന്ന് എന്നോട് പറയുകയാണ്. " ഈ കല്ലേല്‍ വച്ച് കുത്തിച്ചതച്ചാലും നീ ചാവുകയില്ല " എന്ന്. അത് കേട്ടിട്ട്  കരഞ്ഞു കൊണ്ടിരിക്കുന്ന എന്റെ അമ്മയോട് ഞാന്‍ വിളിച്ചു പറയുകയാണ്. : " എന്തിനാ എല്ലാവരും കരയുന്നത് ? ഈ  അമ്മിക്കല്ലേല്‍ വച്ച് കുത്തിച്ചതച്ചാലും ഞാന്‍ ചാവൂല്ലാട്ടോ " എന്ന്.

' എലങ്കം ' എന്ന് പേരുള്ള അതിവിദഗ്ദനായ മൂവാറ്റുപുഴയിലെ ഡോക്ടറാല്‍ കൈയൊഴിയപ്പെട്ട് , എന്തായാലും ഇനി ഇങ്ങോട്ടില്ലാ എന്ന അവസ്ഥയില്‍ കട്ടിലില്‍ തളര്‍ന്നു കിടക്കുന്ന അഞ്ചു വയസുകാരനായ എന്നില്‍ നിന്ന് ഉച്ചത്തില്‍ ഉറച്ച സ്വരത്തിലുള്ള ഈ പ്രഖ്യാപനം കേട്ട് എന്റെ പ്രിയപ്പെട്ടവര്‍ സ്തബ്ധരായി നിന്ന് പോയിട്ടുണ്ടാവണം. അവരുടെ കണ്ണീര്‍ചാലുകളില്‍ കാലം പണിഞ്ഞു വച്ച തടയണ ആയിരുന്നു ആ വാക്കുകള്‍. എന്റെ വീടിന് ഒരു പുതിയ ജീവന്‍ കൈവന്നു. പിന്നീടുണ്ടായത് അവിശ്വസനീയമായ സംഗതികളാണ്. എന്റെ നാട്ടില്‍ തടിയറപ്പ് തൊഴിലാക്കിയിട്ടുള്ള, വിക്കനായ ' കുഞ്ഞിരാന്‍ പണിക്കന്‍ ' എന്ന സാധു മനുഷ്യന്‍, എങ്ങോ, എവിടെയോ നിന്ന് ലഭിച്ച പാരന്പര്യ അറിവ് വച്ച് എനിക്ക് വേണ്ടി  ' മുക്കുടി 'എന്ന് പേരുള്ള ഒരു മരുന്ന് ഉണ്ടാക്കുന്നു. മൂന്നിടങ്ങഴി പുളിച്ച  മോരില്‍ ഉലയില്‍ വച്ച് ഊതിപ്പഴുപ്പിച്ച ഒരു പച്ചിരുന്പ് കഷണം മുക്കുന്നു. മോര് തിളച്ചു കുറച്ചു വറ്റുകയും, നിറം കറുപ്പാവുകയും ചെയ്യും. ഈ പ്രിക്രിയ പല തവണ ആവര്‍ത്തിച്ചുണ്ടാക്കുന്ന ' മുക്കുടി' ക്കു ഒരു വല്ലാത്ത ക്ലാവ് ചുവയാണ്.  കുടിക്കാന്‍ മഹാ വിഷമം. ഈ മരുന്ന് കുടിച്ചു കഴിഞ്ഞതോടെ എന്റെ രോഗം പൂര്‍ണ്ണമായും മാറി. ക്ഷീണം മാറുന്നതിനുള്ള ഒരു ലേഹ്യവും കുഞ്ഞിരാന്‍ പണിക്കന്‍  ഉണ്ടാക്കിത്തന്നു. അപ്പന്‍ നിര്‍ബന്ധിച്ചിട്ടു പോലും ഇതിന്റെ പേരില്‍ ഒരു പൈസ അദ്ദേഹം പ്രതിഫലം വാങ്ങിച്ചിട്ടില്ല.( അവസാന കാലത്ത് വല്ലപ്പോഴും ഒരു ചായയൊക്കെ വാങ്ങിക്കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് എന്റെ വീട്ടില്‍ വരികയും, ഭാര്യ വിളന്പിക്കൊടുത്ത ചോറ് വയറു നിറച്ചുണ്ണുകയും ചെയ്തിട്ട് മടങ്ങിയതാണ്. പില്‍ക്കാലത്ത് അദ്ദേഹത്തിന്‍റെ കൊച്ചുമക്കളില്‍ ചിലര്‍ക്ക് ചെറിയ കൈത്താങ്ങുകള്‍ കൊടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.)

Join WhatsApp News
വിദ്യാധരൻ 2019-04-22 00:02:46
അമേരിക്കൻ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട മിക്ക അമേരിക്കകാരുടെ  ജീവിത കഥകളിൽ അവർ കടന്നുപോയ തിക്തമായ ജീവിതാനുഭവങ്ങളുടെ നിഴലുകൾ കാണാം .   അവർക്ക് അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിൽ ഒട്ടും മടിയില്ല. കാരണം അത് മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമായി മാറുന്നു . എന്നാൽ കേരളത്തിൽ നിന്ന് വന്നവരോട് ചോദിച്ചാൽ 'എന്റ ഉപ്പാപ്പക്ക് ഒരു ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞാണ് അവർ നമ്മെ പരിചയപ്പെടുത്തുന്നത്.  പിന്നെ പൊങ്ങച്ചത്തിന്റെ നാറുന്ന മാറാപ്പിന്റെ കെട്ടഴിക്കും. അവർ വഹിക്കുന്ന സ്ഥാനമാനങ്ങളുടെ (സ്ഥാനമാനങ്ങൾ മോഹിച്ചു മോഹിച്ചു നാണം കെട്ടു നടക്കുന്നിതു ചിലർ ) പട്ടിക നിരത്തുകയായി. ആ   പ്രസിഡണ്ട്, ഈ സെക്രട്ടറി, കൂടാതെ അവർക്കറിയാവുന്ന മന്ത്രിമാർ, തിരുമേനിമാർ, സന്യാസിമാർ എന്ന് വേണ്ട ആ പട്ടിക നീണ്ടു നീണ്ടു വന്നു നമ്മുടെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കും .   മലയാളിക്ക് എന്തോ പൊതുവെ കുഴപ്പം ഉണ്ട് . എന്തായാലും അതിൽ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ അനുഭവങ്ങളെ സത്യസന്ധമായി വായനകാകർക്ക് വേണ്ടി അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.  ഇന്ന് സമൂഹത്തിൽ നല്ല നേതാക്കളോ മാതൃകാ വ്യക്തികളോ ഇല്ലാത്തതിന്റെ കാരണം  ജീവിതത്തിൽ സത്യസന്ധത ഇല്ലായ്‌മയാണ് . അത്തരക്കാർ എഴുതുന്ന ലേഖനങ്ങളിലും കവിതകളിലും ആത്മചൈതന്യമില്ല. അതിന് മനുഷ്യഗന്ധിയാകാൻ കഴിയാതെ പോകുന്നു. പുതുമഴയ്ക്ക് പൊന്തുന്ന ഈയൽപോലെ അല്പം പൊന്തിയിട്ടു താഴേക്ക് പതിക്കുന്നു . അതോടെ ആ കഥ അവസാനിച്ചു .... പക്ഷെ സത്യത്തിന്റെ വഴി കടുത്ത നിരാശയിലേക്ക് എത്തിക്കാം  ആ നിരാശയുടെ പിടുത്തത്തിൽ , കുമാരനാശാനെപ്പോലെ  നാം തിരഞ്ഞെടുത്ത വഴിയായിരുന്നോ ശരിയെന്നും തോന്നിയേക്കാം 

 "ഉള്ളത്തിൽക്കനിവൊട്ടുമെന്നിയതിനീ-
         ചത്വത്തൊടും നല്ല തേൻ -
തുള്ളിക്കൊത്തു മതൃത്തെഴും മൊഴിയോടും 
         നെഞ്ചൊത്ത നെഞ്ചത്തൊടും 
കള്ളംതന്നെ നിറഞ്ഞു നേരകലെയായ് 
          തന്നെബ്ഭരിപ്പാൻ സ്വയം 
തള്ളിക്കേറുമൊരുത്താനാകിലിവിടെ 
          സ്സൗഖ്യം നിനക്കും സഖേ !"  (ഒരു എഴുത്ത് )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക