Image

ഉയിര്‍പ് (കവിത: ജമീല മേരി)

Published on 22 April, 2019
ഉയിര്‍പ് (കവിത: ജമീല മേരി)
നിന്ദിതരുടെയും പീഡിതരുടെയും
ദു:ഖം അവനറിയുന്നു.
മര്‍ദ്ദിതര്‍ക്ക് അവന്‍
സാന്ത്വനമാകുന്നു.

കപടഭക്തര്‍ക്കെതിരെ
വാക്കുകളുടെ ശരങ്ങള്‍
തൊടുക്കുന്നു.
ദേവാലയങ്ങളെ കച്ചവടകേന്ദ്രങ്ങളാക്കുന്നവരുടെ നേര്‍ക്ക് കൈയില്‍
ചാട്ടവാറെടുത്ത് ആഞ്ഞടിക്കുന്നു.
പാണ്ഡിത്യത്തിന്‍െറ വീണ്‍വാക്കുകള്‍
വിളറിവീഴുന്നു.

അദ്ധ്വാനിക്കുന്നവര്‍ക്ക്
അത്താണി.
കല്ലെറിയപ്പെടുന്ന സ്ത്രീത്വത്തിന്
രക്ഷാസങ്കേതം.
പാപികളായി അകറ്റിനിര്‍ത്തപ്പെട്ടവര്‍ക്ക്
പാപവിമോചകന്‍.

ധനികര്‍ക്കായി മുന്നറിയിപ്പിന്‍െറ
മൂര്‍ച്ചയേറിയ വാക്കുകള്‍....
ഈ ലോകത്തിലെ ധനസഞ്ചയം
ന്യായവിധിയില്‍ നിങ്ങളുടെ
രക്ഷയ്‌ക്കെത്തില്ല.

ശിശുക്കളുടെ നിഷ്കളങ്കമായ ചിരിയില്‍
തെളിയുന്നത് സ്വര്‍ഗ്ഗരാജ്യം.

ബാഹ്യമായ ആചാരങ്ങളില്‍ മദിച്ചവരെ
സ്‌നേഹത്തിന്‍െറയും
സാഹോദര്യത്തിന്‍െറയും
സന്ദേശത്താല്‍ വെല്ലുവിളിച്ചവന്‍.
സത്യത്തില്‍ സൗന്ദര്യവും സ്വാതന്ത്ര്യവും
കണ്ടെത്തിയവന്‍.

അവനെ കാത്തിരുന്നത്
വെള്ളിക്കാശിന്‍െറ വഞ്ചന.
"അവനെ ക്രൂശിക്കുക" എന്ന
ആരവത്തിന്
ആള്‍ക്കൂട്ടവിചാരണയുടെ
ദുര്‍ഗന്ധം.

ക്രൂശിക്കപ്പെട്ടവന്‍െറ
മുറിവുകള്‍ ഏറ്റുവാങ്ങിയത്
മാനവരാശിയുടെ വേദനയാണ്.
അന്യര്‍ക്കായി പിടയുന്ന ജീവന്‍
പിറവിയെടുക്കുന്നത്
നിത്യതയുടെ നൈര്‍മല്യത്തിലാണ്.

ആശയങ്ങള്‍ കല്ലറയില്‍
അടക്കം ചെയ്യപ്പെടുന്നില്ല;
ഉയിര്‍പിന്‍െറ വാതായനങ്ങള്‍
അവയ്ക്കായി തുറക്കപ്പെടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക