Image

റവ. കാനന്‍ മനോജ് സഖറിയ ചരിത്രമുറങ്ങുന്ന സെന്റ് ആന്‍സ് ചര്‍ച്ച് റെക്ടര്‍

Published on 02 May, 2019
റവ. കാനന്‍ മനോജ് സഖറിയ ചരിത്രമുറങ്ങുന്ന സെന്റ് ആന്‍സ് ചര്‍ച്ച് റെക്ടര്‍
അനപ്പൊലിസ്, മേരിലാന്‍ഡ്: മൂന്നര പതിറ്റാണ്ടിന്റെ ചരിത്രത്തിന്റെ ഭാഗമായ അനപ്പൊലീസ് സെന്റ് ആന്‍സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിന്റെ റെക്ടറായി (മുഖ്യപുരോഹിതന്‍) മലയാളിയായ റവ കാനന്‍ മനോജ് മാത്യു സഖറിയ തെരഞ്ഞെടുക്കപ്പെട്ടു. 2700 ഇടവകക്കാരും പ്രീ-സ്‌കൂളും മിഡില്‍ സ്‌കൂളുമുള്ള സെന്റ് ആന്‍സ് അമേരിക്കയിലെ അംഗ്ലിക്കന്‍ കമ്യൂണിറ്റിയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ്.

മേരിലാന്‍ഡ് സ്റ്റേറ്റ് ലെജിസ്ലേച്ചര്‍ 1692 -ല്‍ അനുമതി നല്‍കിയ പള്ളി അമേരിക്ക സ്വതന്ത്രമാകുന്നതിനു മുമ്പ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗമായിരുന്നു. അമേരിക്ക സ്വതന്ത്രമായപ്പോള്‍ ആദ്യത്തെ എപ്പിസ്‌കോപ്പല്‍ ചര്‍ച്ചുകളിലൊന്നായി. 1700-ന്റെ തുടക്കത്തില്‍ ബ്രിട്ടീഷ് രാജാവ് വില്യം, ക്വീന്‍ ആന്‍ എന്നിവര്‍ നല്‍കിയ കാസായും, മറ്റുമാണ് ഇപ്പോഴും അള്‍ത്താരയില്‍ ഉപയോഗിക്കുന്നത്.

ചുരുക്കത്തില്‍ വെള്ളക്കാരുടെ ആധിപത്യമുള്ള പള്ളിയില്‍ ഇന്ത്യക്കാരനായ റെക്ടര്‍ എന്നതും പുതിയ ചരിത്രമായി. 

അമേരിക്കയിലെ ഏറ്റവും ആസ്തിയുള്ള എപ്പിസ്‌കോപ്പല്‍ കത്തീഡ്രലായ ഒഹായോയിലെ സിന്‍സിനാറ്റിയിലുള്ള ക്രൈസ്റ്റ് ചര്‍ച്ച് കത്തീഡ്രല്‍ സബ് ഡീനായി സേവനം അനുഷ്ഠിക്കവേയാണ് മനോജ് അച്ചന്‍ റെക്ടറായി തെരഞ്ഞെടുക്കപ്പെട്ടത്. അവിടെ വൈദീകരുടെ സൂപ്പര്‍വിഷനും, ആരാധനാ സമൂഹത്തിന്റേയും യുവാക്കളുടേയും വിശ്വാസകാര്യങ്ങളും മനോജ് അച്ചന്റെ ചുമതലയിലായിരുന്നു.

ന്യൂയോര്‍ക്കില്‍ മാത്യു വരിക്കളത്തില്‍ സഖറിയയുടേയും രജനിയുടേയും (എലിസബത്ത്) പുത്രനായ മനോജ് അച്ചന്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ വസാര്‍ കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ ഫിലോസഫിയില്‍ ബിരുദം നേടിയശേഷം കേരളത്തില്‍ പോയി മാര്‍ത്തോമാ തിയോളജിക്കല്‍ സെമിനാരിയില്‍ ചേര്‍ന്നു. വസാര്‍ കോളജില്‍ ഡിബേറ്റ് സൊസൈറ്റി പ്രസിഡന്റും റിയല്‍ പോളിറ്റിക് മാസിക പത്രാധിപരുമായിരുന്നു.

മാര്‍ത്തോമാ സഭാ വൈദീകനായി 2002-ല്‍ അഭിഷിക്തനായി. കുറച്ചുകാലം കേരളത്തില്‍ സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് മാര്‍ത്തോമാ സഭയുമായി പൂര്‍ണ്ണ കമ്യൂണിയനുള്ള എപ്പിസ്‌കോപ്പല്‍ സഭയുടെ ന്യൂയോര്‍ക്കിലെ ജനറല്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നു മാസ്റ്റര്‍ ഓഫ് സേക്രട്ട് തിയോളജില്‍ മാസ്റ്റേഴ്സ് ബിരുദം നേടി. കഴിഞ്ഞ വര്‍ഷം യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയുടെ സെന്റ് മൈക്കിള്‍സ് കോളജില്‍ നിന്നു ഡോക്ടറേറ്റ് നേടി. ഹാര്‍ട്ട്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു (ജറുസലെം) ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്. 

'മറ്റുള്ളവരുമായി ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നേതാവ്, ഏവര്‍ക്കും സന്തോഷം പകരുന്ന സാന്നിധ്യം, ച്രചോദിപ്പിക്കുന്ന പ്രഭാഷകന്‍, എപ്പിസ്‌കോപ്പല്‍ പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന പുരോഹിതന്‍,'- മനോജ് അച്ചനെ പുതിയ ഇടവകയിലേക്ക് ഈ വിശേഷണങ്ങളോടെയാണ് എതിരേറ്റത്.

സിന്‍സിനാറ്റിയില്‍ സേവനം അനുഷ്ഠിക്കുന്നതിനു മുമ്പ് ന്യൂജഴ്സി വുഡ് റിഡ്ജിലുള്ള സെന്റ് പോള്‍സ് ആന്‍ഡ് റിസറക്ഷന്‍ ചര്‍ച്ചില്‍ റെക്ടറായിരുന്നു (2011-14).

ന്യൂവാര്‍ക്ക് സ്‌കൂള്‍ ഓഫ് തിയോളജി, ടൊറന്റോയിലെ സെന്റേനിയല്‍ കോളജ് എന്നിവടങ്ങളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു.

എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ പ്രവര്‍ത്തിക്കാന്‍ മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത അനുമതി നല്‍കുകയായിരുന്നു. 

എടത്വ വരികുളത്തില്‍ കുടുംബം പവ്വത്തികുന്നേല്‍ കുടുംബത്തിന്റെ ഭാഗമാണ് (പകലോമറ്റം).

ഭാര്യ ജോയല്‍ മൈലപ്ര കാക്കനാട്ട് ശാഖയിലെ അംഗമാണ്. (ചെറിയാന്‍ തരകന്‍ കുടുംബം) രണ്ടു മക്കള്‍. അബിഗേയ്ല്‍ (9), ജോഹന്‍ (5). ജോണ്‍ തോമസ് -ലാലി ദമ്പതികളുടെ പുത്രിയായ ജോയല്‍ ലക്ചററാണ്. 

മനോജ് അച്ചന്റെ സഹോദരി മെലനി കാലിഫോര്‍ണിയയില്‍ താമസിക്കുന്നു.ഭര്‍ത്താവ് ജിമ്മി ഫിലിപ്പോസ് തെങ്ങുംചേരി.

മേരിലാന്‍ഡ് സ്റ്റേറ്റ് ഗവണ്‍മെന്റും അസംബ്ലിയും നേവല്‍ അക്കാഡമിയും പള്ളിക്ക് സമീപമാണ്. അവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നത് വെല്ലുവിളിയായി മനോജ് അച്ചന്‍ കരുതുന്നു. 

അമേരിക്കയില്‍ ക്രൈസ്തവ വിശ്വാസം നേരിടുന്ന പ്രതിസന്ധികളെപ്പറ്റിയും അച്ചന്‍ ബോധവാനാണ്. വ്യക്തിയില്‍ കേന്ദ്രീകരിച്ച ഉപഭോക്ത്രു സംസ്‌കാരത്തിലാണ് നാം ജീവിക്കുന്നത്. അതുപോലെ സാങ്കേതിക വിദ്യയുടെ സ്വാധീനത്തിലുമാണ്.സമൂഹമായി പ്രവര്‍ത്തിക്കാതെ ഒറ്റപ്പെട്ട് ഫെയ്സ് ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെയായി നാം ജീവിതം ചെലവിടുന്നു. അതുവഴിയാണ് ഇപ്പോള്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നത്. ഇതിനു മാറ്റം വരണം. ക്രിസ്തുവില്‍ കേന്ദ്രീകൃതമായ സമൂഹം ഉണ്ടാകുകയും ക്രിസ്തുവിന്റെ ഉപദേശങ്ങള്‍ പിന്തുടരുകയും വേണം- അച്ചന്‍ പറയുന്നു
റവ. കാനന്‍ മനോജ് സഖറിയ ചരിത്രമുറങ്ങുന്ന സെന്റ് ആന്‍സ് ചര്‍ച്ച് റെക്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക