Image

ഇരയല്ല, പോരാളി (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം) Published on 04 May, 2019
ഇരയല്ല, പോരാളി (മീട്ടു റഹ്മത്ത് കലാം)
ആസിഡ് ആക്രമണത്തിനിരയായ പല്ലവി രവീന്ദ്രന്‍ ആയി പാര്‍വതി തിരുവോത്ത് തകര്‍ത്തഭിനയിച്ച ഉയരെ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.  ദീപിക പദുക്കോണിനെ കേന്ദ്രകഥാപാത്രമാക്കി ബോളിവുഡില്‍ ഒരുങ്ങുന്ന ചാപ്പാക്ക് എന്ന ചിത്രവും  ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാള്‍ എന്ന ദല്‍ഹി നിവാസിയുടെ  ജീവിതകഥയെ ആസ്പദമാക്കിയാണ്. ആസിഡ് ആക്രമണങ്ങളില്‍ 90 ശതമാനവും സ്ത്രീകള്‍ക്ക് നേരെ ആണെന്നതാണ് ശ്രദ്ധേയം. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ കാണുമ്പോള്‍ പ്രേക്ഷകരില്‍  ഉണ്ടാകുന്ന നെഞ്ചു തുളയ്ക്കുന്ന വേദനയെക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും നിത്യജീവിതത്തില്‍ ഇക്കൂട്ടര്‍ നേരിടുന്ന യാതനകള്‍. 

തുറിച്ചുനോട്ടങ്ങളോ  സഹതാപമോ അല്ല അവര്‍ക്കാവശ്യം.  ഏതൊരാളെയും പോലെ മാന്യമായി ജീവിക്കാനുള്ള അവകാശം മാത്രമാണ്.  പുറമേ സഹതാപം നടിക്കുന്നവര്‍ പോലും അതിനുള്ള അവസരമൊരുക്കുന്നില്ല എന്നതാണ് സത്യം.പ്രണയം നിരസിച്ചത് മുതല്‍ ഗാര്‍ഹിക പ്രശ്‌നങ്ങള്‍ വരെ നീളുന്ന പലകാരണങ്ങള്‍കൊണ്ട് ഇരയായവര്‍ നമുക്കുചുറ്റുമുണ്ട്.  തന്റെ വരുതിയില്‍ നില്‍ക്കാത്തയാള്‍ മരിക്കുക എന്നതല്ല ഇവിടെ അക്രമിയുടെ ലക്ഷ്യം.  പുറംലോകം കാണാതെ സ്വയം ശപിച്ചുകൊണ്ട് ജീവിതം തള്ളി നീക്കണം എന്നതാണ് അവര്‍ വിധിക്കുന്ന ശിക്ഷ.  മുഖം നഷ്ടപ്പെടുന്നതോടെ സ്ത്രീ സ്വയം നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങും  എന്ന അലിഖിത ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ആസിഡ് ആക്രമണത്തിന്  ഇരയായവര്‍ തോല്‍വി സമ്മതിച്ച് നിശബ്ദരായത് അറിഞ്ഞോ അറിയാതെയോ ഈ പ്രവണതയ്ക്ക് ആക്കം കൂട്ടി എന്നുവേണം കരുതാന്‍. 

2005ല്‍ മുപ്പത്തിരണ്ടുകാരന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളും മറ്റുള്ളവരെ പോലെ ശബ്ദം പുറപ്പെടുവിക്കാതെ ഇരുന്നിരുന്നെങ്കില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കുമായിരുന്നില്ല. എന്നാല്‍ താന്‍ നേരിട്ട ആക്രമണത്തിനുനേരെ അവള്‍ ശബ്ദം ഉയര്‍ത്തിയപ്പോള്‍ സമാനമായ ദുഃഖം പേറുന്ന നൂറുകണക്കിനാളുകള്‍ക്ക് അതാശ്വാസമായി. 

റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ലോകം അറിയുന്ന  ഗായികയായി തീരുകയായിരുന്നു ലക്ഷ്മിയുടെ സ്വപ്നം. രൂപസൗകുമാര്യം നഷ്ടമാകുന്നതോടെ അവള്‍ക്ക് തന്റെ ലക്ഷ്യത്തിലേക്ക് നടന്നടുക്കാന്‍ സാധിക്കില്ലെന്ന വിശ്വാസംകൊണ്ട് കൂടിയാണ് ആക്രമി അവളുടെ മുഖം എരിച്ചുകളഞ്ഞത്. ബന്ധുക്കളും സുഹൃത്തുക്കളും  അയല്‍വാസികളും  ഒറ്റപ്പെടുത്തിയപ്പോള്‍  തന്നെ ചേര്‍ത്തുപിടിച്ച    മാതാപിതാക്കള്‍ക്ക് വേണ്ടി അവള്‍ ജീവിക്കാന്‍ തീരുമാനിച്ചു.  എരിഞ്ഞു തീര്‍ന്നത് തന്റെ മുഖം മാത്രമാണെന്നും സ്വപ്നങ്ങള്‍ അല്ലെന്നും അവള്‍ ഉറക്കെ പറഞ്ഞു. 

ക്ഷയരോഗം ബാധിച്ച് ആങ്ങളയും ഹൃദയസ്തംഭനം മൂലം അച്ഛനും നഷ്ടപ്പെട്ടപ്പോള്‍ അമ്മയെ സംരക്ഷിക്കാന്‍ അവളൊരു ജോലി തേടി ഇറങ്ങി. വിദ്യാഭ്യാസവും കംപ്യൂട്ടര്‍ പരിജ്ഞാനവും തയ്യലും അറിഞ്ഞിട്ടും ആരും അവള്‍ക്ക് ജോലി നല്‍കാന്‍ തയ്യാറായില്ല. രൂപം തന്നെ ആയിരുന്നു പ്രശ്‌നം. ഒരുപാട് ശ്രമങ്ങള്‍ക്കൊടുവില്‍ കോള്‍ സെന്ററില്‍ ജോലിക്കു കയറി. കസ്റ്റമേഴ്‌സ് തന്നെ കാണുന്നില്ലല്ലോ ശബ്ദം കേള്‍ക്കുന്നതല്ലേ ഉള്ളു എന്ന് അധികൃതരെ പറഞ്ഞ് ബോധ്യപ്പെടിത്തുമ്പോള്‍ ആ നെഞ്ച് സമൂഹത്തിന്റെ മനോഭാവം ഓര്‍ത്ത് വെന്തുരുകുക ആയിരുന്നു. തന്റേതല്ലാത്ത കാരണംകൊണ്ട് മുഖം നഷ്ടപ്പെട്ടവര്‍ക്ക് പുതിയമുഖം നല്‍കാന്‍ ലക്ഷ്മി ഇറങ്ങി തിരിച്ചു. ശാരീരിക വേദനയേക്കാള്‍ മാനസിക വ്യഥ നേരിട്ട നാളുകള്‍. 

  ഇപ്പോള്‍ കാണുന്ന തരത്തിലൊരു മുഖം വീണ്ടെടുക്കാന്‍ അവര്‍ ഏഴോളം ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. തുടയില്‍ നിന്നും അരക്കെട്ടിനു താഴെ നിന്നുമായി തൊലിയെടുത്താണ് ലക്ഷ്മിയുടെ മുഖം പുന:സൃഷ്ടിച്ചത്.2009ലെ സങ്കീര്‍ണമായ അവസാന ശസ്ത്രക്രിയക്കുശേഷം കുറച്ചു ദിവസം വെന്റിലേറ്ററിലായിയിരുന്നു .   വിധിയെ പഴിക്കുന്നതിനുപകരം ലക്ഷ്മി അതൊരു നിയോഗമായി കണ്ടു. സ്വതവേ നാണംകുണുങ്ങി ആയിരുന്ന അവള്‍ ഉള്‍ക്കരുത്താര്‍ജ്ജിച്ചു.  മോഡലിംഗ് രംഗത്തുപോലും നിശ്ചയദാര്‍ഢ്യംകൊണ്ടവര്‍ വ്യക്തിമുദ്ര പതിപ്പിച്ചു. മുഖം ഒരു പരിമിതിയല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് അനേകര്‍ക്ക് പ്രചോദനമായി. ആക്ടിവിസ്റ്റും പത്രപ്രവര്‍ത്തകനുമായ ആലോക് ജീവിതത്തില്‍ കടന്നുവന്നതും ലക്ഷ്മിക്ക് മാനസിക പിന്തുണയായി. ഇരുവര്‍ക്കും പിഹു എന്നൊരു മകള്‍ ജനിച്ചതോടെ അവളുടെ ലോകം വര്‍ണശബളമായി.

 ആസിഡ് ആക്രമണത്തിന് ഇരയായ 300 പേര് പുനരധിവസിപ്പിച്ച കൂട്ടായ്മയുടെ അമരക്കാരി ആണ് ഇന്ന് ലക്ഷ്മി . ഛാന്‍വ്  (തണല്‍) എന്ന സംഘടനയുടെ കീഴിലുള്ളവരുടെ മുഖത്തേക്ക് നോക്കുമ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വൈകൃതമാണ് കാണുന്നതെന്ന് അവള്‍     അടിവരയിടുന്നു. സ്‌റ്റോപ്പ് ആസിഡ് അറ്റാക്ക്  എന്ന് കാമ്പയിനിലൂടെ  ഒരു നിമിഷത്തെ ക്രൂരത  സഹജീവിയുടെ ജീവിതം എത്ര ദുഷ്‌കരമാക്കും എന്ന്  ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ലക്ഷ്മി,  സുലഭമായ ആസിഡ് വില്‍പ്പനയ്‌ക്കെതിരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമം കൊണ്ടുവരാനും  പടവെട്ടി. ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ  ആഗ്രയില്‍  ഒരു റസ്‌റ്റോറന്റ് കൂടി തുടങ്ങി ലക്ഷ്മി.  

ഷീറോസ് ഹാങ്ങ്ഔട്ട് എന്ന പേരില്‍  പ്രവര്‍ത്തിക്കുന്ന  സ്ഥാപനത്തില്‍ ക്യാഷ്യര്‍, ഷെഫ്, സപ്ലെയര്‍  എന്നിങ്ങനെയുള്ള തസ്തികകളിലെല്ലാം  ആസിഡ് ആക്രമണത്തെ  അതിജീവിച്ച   പോരാളികളെയാണ് കാണാന്‍ സാധിക്കുന്നത്.  താജ്മഹലിന് അടുത്ത് സ്ഥിതിചെയ്യുന്ന ഷീറോസിനെ കുറിച്ച് കേട്ടറിഞ്ഞ് വിദേശസഞ്ചാരികള്‍ പോലും എത്തുന്നു.  മെനു കാര്‍ഡില്‍     ഒന്നിനും വില എഴുതിയിട്ടില്ല. എങ്കിലും ഇവരുടെ കൈപ്പുണ്യവും സ്‌നേഹവും ആതിഥേയത്വവും അനുഭവിച്ചറിയുന്നവര്‍ ഇഷ്ടമുള്ള തുക നല്‍കും. ഏതു പ്രതിസന്ധിയെയും പുഞ്ചിരിയോടെ നേരിടാന്‍ ഇവിടെത്തുന്നവര്‍ പഠിക്കും. 2014 ല്‍ വാഷിംഗ്ടണില്‍ വച്ച്   മിഷേല്‍ ഒബാമയില്‍ നിന്ന്   യുഎസ് രാജ്യാന്തര ധീരത അവാര്‍ഡ് കരസ്ഥമാക്കിയപ്പോള്‍ ലക്ഷ്മി പറഞ്ഞതിതാണ് : 'കുറ്റവാളികളെ ശിക്ഷിക്കുന്നതിനേക്കാള്‍  , അതിന് വിധേയരാകുന്നവര്‍ നേരിടുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിയമഭേദഗതി ഉണ്ടാകണം എന്നാണ് ഞാനും എന്നെപ്പോലുള്ളവരും ആഗ്രഹിക്കുന്നത്.' 

കയ്യബദ്ധമായോ മാനസിക ആസ്വാസ്ഥ്യമായോ കണ്ട് അക്രമികള്‍ക്ക് ശിക്ഷയില്‍  കോടതി  ഇളവ്  നല്‍കുമ്പോള്‍  , ക്ലേശങ്ങളുടെ ഒരായുഷ്‌കാലത്തൊട് പടവെട്ടുകയാണ് ഒരുതെറ്റും ചെയ്യാത്ത ബലിയാടുകള്‍. വേറൊരാളിലൂടെ ഈ ക്രൂരത തുടരാനും പുതിയ ഇരകള്‍ പിറവികൊള്ളാനുമുള്ള മൗനാനുവാദമാണ് നിയമവ്യവസ്ഥിതിയിലെ ഇത്തരം പോരായ്മകള്‍. ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങുന്ന അക്രമിയെ നിറഞ്ഞ മനസോടെ സ്വീകരിക്കുന്ന സമൂഹം , ഇരകള്‍ക്ക് സ്വാഗതം അരുളാന്‍ വിമുഖത കാണിക്കുന്നു. 

 കാലങ്ങളായി മറച്ചുപിടിക്കണമെന്ന് പറഞ്ഞുപഠിച്ച പൊള്ളലേറ്റ മുഖം സധൈര്യം തുറന്നുകാട്ടുന്ന പോരാളികള്‍    ലോകത്തോട് പറയാതെ പറയുന്നത് നിങ്ങള്‍ മൂലം ഒരാള്‍ക്ക് ഈ അവസ്ഥ വന്നു കൂടാ എന്നാണ്. 

ഇരയല്ല, പോരാളി (മീട്ടു റഹ്മത്ത് കലാം)
ഇരയല്ല, പോരാളി (മീട്ടു റഹ്മത്ത് കലാം)
ഇരയല്ല, പോരാളി (മീട്ടു റഹ്മത്ത് കലാം)
ഇരയല്ല, പോരാളി (മീട്ടു റഹ്മത്ത് കലാം)
ഇരയല്ല, പോരാളി (മീട്ടു റഹ്മത്ത് കലാം)
ഇരയല്ല, പോരാളി (മീട്ടു റഹ്മത്ത് കലാം)
ഇരയല്ല, പോരാളി (മീട്ടു റഹ്മത്ത് കലാം)
ഇരയല്ല, പോരാളി (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക