Image

റാസല്‍ഖൈമയില്‍ മലയാളി യുവാവിന്റെ 16,500 ദിര്‍ഹം കവര്‍ച്ച ചെയ്യപ്പെട്ടു

Published on 24 April, 2012
റാസല്‍ഖൈമയില്‍ മലയാളി യുവാവിന്റെ 16,500 ദിര്‍ഹം കവര്‍ച്ച ചെയ്യപ്പെട്ടു
റാസല്‍ഖൈമ: എമിറേറ്റിലെ പ്രമുഖ ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയ മലയാളി യുവാവ്‌ കവര്‍ച്ചക്കിരയായി. തൃശൂര്‍ വടക്കാഞ്ചേരി കാഞ്ഞിരക്കോട്‌ വലിയകത്ത്‌ വീട്ടില്‍ മുഹമ്മദിന്‍െറ മകന്‍ അമീറിനാണ്‌ പണം നഷ്ടമയത്‌. ഞായറാഴ്‌ച രാവിലെ 11.30നായിരുന്നു സംഭവം. 16,500 ദിര്‍ഹമാണ്‌ കന്തൂറ ധരിച്ചെത്തിയയാള്‍ അമീറില്‍ നിന്ന്‌ കൈക്കലാക്കി കടന്നുകളഞ്ഞത്‌.

പാകിസ്‌താന്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന അല്‍ദാന ജ്വല്ലറിയുടെ പണം അടക്കാനായിരുന്നു അമീര്‍ അല്‍ നഖീലിലെ റാക്‌ ബാങ്കില്‍ എത്തിയത്‌. അസൗകര്യമുള്ള ദിവസങ്ങളില്‍ സുഹൃത്തായ അമീറാണ്‌ ബാങ്കില്‍ പണം അടക്കാന്‍ തന്നെ സഹായിക്കാറെന്ന്‌ ജ്വല്ലറി ഉടമ കോഴിക്കോട്‌ സ്വദേശി നവീന്‍ പറഞ്ഞു. സംഭവ ദിവസം 50,000 ദിര്‍ഹവുമായാണ്‌ അമീര്‍ ബാങ്കില്‍ എത്തിയത്‌. കാഷ്‌ ഡെപ്പോസിറ്റ്‌ സ്‌ളിപ്പ്‌ എഴുതുന്നതിനിടെ കന്തൂറ ധരിച്ച ഒരാള്‍ തന്നെ സമീപിച്ച്‌ നൂറിന്‍െറ ഡോളര്‍ എടുത്ത്‌ കാണിച്ച്‌ ഇംഗ്‌ളീഷില്‍ ഡോളറിന്‍െറ വില്‍പന വില ചോദിക്കുകയായിരുന്നുവെന്ന്‌ അമീര്‍ പറഞ്ഞു. ഡോളര്‍ വില തനിക്കറിയില്ലെന്നും കൗണ്ടറില്‍ സമീപിക്കാനും മറുപടി കൊടുത്തെങ്കിലും ഏത്‌ കൗണ്ടറിലാണ്‌ സമീപിക്കേണ്ടതെന്ന്‌ തിരിച്ച്‌ ചോദിച്ച്‌ അമീറിന്‍െറ ശ്രദ്ധ തിരിച്ച ഇയാള്‍ പണം കൈക്കലാക്കുകയായിരുന്നു.

അമീര്‍ കവര്‍ച്ചക്കാരനെ കടന്നുപിടിച്ച്‌ പണം തിരികെ തട്ടിപ്പറിച്ചെങ്കിലും ആയിരത്തിന്‍െറ ആറ്‌ നോട്ടുകളും അഞ്ഞൂറിന്‍െറ 23 നോട്ടുകളും പിടിച്ചുപറിക്കാരന്‍ കൈക്കലാക്കിയിരുന്നു. പണം തിരിച്ച്‌ കിട്ടിയ സന്തോഷത്തില്‍ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ മോഷ്ടാവ്‌ ഓടി മറഞ്ഞതായും അമീര്‍ പറഞ്ഞു. കവര്‍ച്ചക്കാര്‍ മൂന്നംഗ സംഘമായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞതായി അമീര്‍ പറഞ്ഞു. അധികൃതര്‍ മേല്‍നടപടികള്‍ സ്വീകരിച്ച്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ആര്‍ക്കും സംശയം തോന്നാത്ത വിധം സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരുടെ വേഷമായിരുന്നു കവര്‍ച്ചക്കാരന്‍േറതെന്നും അദ്ദേഹം പറഞ്ഞു. 16 വര്‍ഷമായി ഗള്‍ഫിലുള്ള അമീര്‍ ആറ്‌ വര്‍ഷമായി യു.എ.ഇയില്‍ ജോലി ചെയ്‌തുവരുന്നു. റാസല്‍ഖൈമയില്‍ അല്‍ അദ്‌നാന്‍ ഇലക്ട്രോണ്‌ക്‌സ്‌ കമ്പനിയില്‍ മാര്‍ക്കറ്റിങ്‌ മാനേജറായി സേവനമനുഷ്‌ഠിച്ച്‌ വരികയാണ്‌ ഇദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക