Image

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുന്നവര്‍ ... മേയ് 5 : ലോക ചിരിദിനം (മീട്ടു റഹ്മത്ത് കലാം)

Published on 05 May, 2019
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുന്നവര്‍ ...  മേയ് 5 : ലോക ചിരിദിനം (മീട്ടു റഹ്മത്ത് കലാം)
''മുഖത്തോട് മുഖം നോക്കിയിട്ടും അവനൊന്ന് ചിരിച്ചുകൂടിയില്ല. ചിരിക്കുന്നതിലൂടെഎന്ത് നഷ്ടം വരാനാ...'' ചുറ്റുമുള്ള ആളുകളെക്കുറിച്ച് പതിവായി തോന്നുന്ന പരാതിയാണിത്. തികച്ചും സൗജന്യമായി സമ്മാനിക്കാവുന്ന ഒന്നായിരുന്നിട്ടും പുഞ്ചിരിക്കാന്‍ പിശുക്കു കാണിക്കുന്നവരാണ് നമ്മളിലധികവും. പിരിമുറുക്കങ്ങളും വിദ്വേഷങ്ങളും കാറ്റില്‍ പറത്തി എല്ലാം മറന്നൊന്ന് ചിരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്? ഈ ആഗ്രഹം തന്നെയാണ് ചിരിദിനത്തിന്റെ പിറവിക്കുപിന്നിലും. മേയ് മാസത്തിലെ ആദ്യ ഞായറാഴ്ച ലോകത്താകമാനം ചിരിദിനമായി കൊണ്ടാടുമ്പോള്‍ ഭാരതീയര്‍ക്ക് അത് അഭിമാനത്തിന്റെ കൂടി ദിവസമാണ്. എന്തെന്നാല്‍, ഈ ആശയത്തിന് തുടക്കം കുറിച്ചത് മുംബൈയിലാണ്. വിരലിലെണ്ണാവുന്ന അംഗങ്ങളുമായി ഒരു പാര്‍ക്കില്‍ 1998ല്‍ ആദ്യമായി ചിരിയോഗ സംഘടിപ്പിക്കുമ്പോള്‍, രണ്ട് ദശകങ്ങള്‍കൊണ്ടത് അറുപത്തിയഞ്ച് രാജ്യങ്ങളില്‍ ആറായിരത്തില്‍പരം ക്ലബ്ബുകളായി പടര്‍ന്നുപന്തലിക്കുമെന്ന് അതിന് നേതൃത്വം നല്‍കിയ ഡോ. മദന്‍ കത്താരിയ പോലും ഓര്‍ത്തിരുന്നില്ല.

ചിരിയോഗ

മനുഷ്യ വികാരങ്ങളെ മാറ്റിമറിക്കാന്‍ ചിരിയോളം ശക്തമായൊരു ആയുധം ഇല്ലെന്നാണ് ഹൃദ്രോഗവിദഗ്ദ്ധന്‍ കൂടിയായ ഡോ. മദന്‍ കത്താരിയ പ്രചരിപ്പിക്കുന്നത്. അവനവനെ തന്നെയും ചുറ്റുമുള്ളവരെയും സമാധാനത്തിന്റെ വഴിയേ നടത്താനുള്ള മാന്ത്രികത ചിരിയില്‍ അന്തര്‍ലീനമായുണ്ട്. ചിരി ഒരു മരുന്നല്ലെങ്കിലും ഏത് പ്രശ്നത്തിനുമുള്ള പരിഹാരമാണെന്ന് ഡോക്ടര്‍ ഉറപ്പിച്ചുപറയും. ചിരിയോടെ രോഗത്തെ നേരിടുന്ന വ്യക്തിയില്‍ പ്രതിരോധശേഷി താരതമ്യേന കൂടുതലായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം.
ചിരിയോഗയുടെ സാധ്യത ഡോ.മദന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞത് ആരോഗ്യമാസികയ്ക്ക് വേണ്ടി ലേഖനം തയ്യാറാക്കുന്നതിനിടയിലാണ്. ചിരിയും യോഗയും ശ്വസന വ്യായാമവും ഇടകലര്‍ത്തി നൂതനമായൊരു ചികിത്സ രൂപപ്പെടുത്താനുള്ള ഗവേഷണങ്ങള്‍ പുതിയ കണ്ടെത്തലുകള്‍ക്ക് വഴിവച്ചു. കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഡോക്ടറുടെ അഭിപ്രായത്തില്‍ മണ്ണില്‍ ഇറങ്ങി പണിയെടുക്കുന്ന സാധാരണക്കാര്‍, മനസ്സ് തുറന്ന് ചിരിക്കുന്നതിലൂടെ ആരോഗ്യം കൈവരിച്ചവരാണ്. വിദ്യാസമ്പന്നരും ഉന്നത പദവി അലങ്കരിക്കുന്നവരുമായ വ്യക്തികള്‍ക്ക് അതിനുള്ള അവസരം ഉണ്ടാകുന്നില്ല. 1950 കാലഘട്ടത്തില്‍ പ്രതിദിനം 18 മിനിറ്റെങ്കിലും ചിരിച്ചിരുന്ന ആളുകളിന്ന് ആറു മിനിറ്റുപോലും ചിരിക്കുന്നില്ലെന്നത് ഖേദകരമായ വസ്തുതയായി ഡോക്ടര്‍ക്ക് തോന്നി. ചിരിക്കാനുള്ള അവസരം സൃഷ്ടിക്കാന്‍ ചിരി ക്ളബ് തുടങ്ങുന്ന കാര്യം അദ്ദേഹം പറഞ്ഞപ്പോള്‍, മണ്ടന്‍ ആശയമായി കണ്ട് പലരും ചിരിച്ചു തള്ളി.

ചിരിക്കുമ്പോള്‍ ശ്വാസകോശത്തില്‍ അവശേഷിക്കുന്ന അണുക്കള്‍ പുറന്തള്ളപ്പെടും. മനസ്സില്‍ തട്ടി ചിരിക്കണമെന്ന് നിര്‍ബന്ധമില്ല. സമാനമായ ഫലം ഹാസ്യയോഗ പരിശീലനത്തിലൂടെയും നേടാം. ലോകവ്യാപകമായി ചിരി€ബ്ബുകള്‍ സ്വീകരിക്കപ്പെടുന്നത് തുടര്‍ച്ചയായ പരിശീലനത്തിലൂടെ ക്ലബ്ബ് അംഗങ്ങളില്‍ മാനസിക പിരിമുറുക്കം കുറയുകയും രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുകയും ചെയ്തതായി പഠനങ്ങള്‍ തെളിയിച്ചതുകൊണ്ടാണ്. മുഖപേശികളിലെ പിരിമുറുക്കം കുറച്ച് രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നത് സൗന്ദര്യവും ആകര്‍ഷണവും ഉന്മേഷവും പ്രദാനം ചെയ്യുമെന്ന് അറിഞ്ഞതോടെയാണ് യുവാക്കളും സ്ത്രീകളും ക്ലബ്ബിലേക്ക് ആകൃഷ്ടരാകുന്നത്. ചിരിപ്പിക്കാനുള്ള കഴിവ് കൂടുതല്‍ പുരുഷന്മാരിലാണെങ്കിലും സ്ത്രീകളാണ് നര്‍മ്മം കൂടുതലായി ആസ്വദിക്കുന്നത്. അന്തര്‍മുഖത്വം കുറച്ച് ബന്ധങ്ങള്‍ ഊഷ്മളമാക്കി മാറ്റാനും ചിരി ക്ലബ്ബുകള്‍ സഹായകമാണ്.
ഹാസ്യയോഗ രണ്ടുതരമായി വിഭജിക്കാം. ഒരുവ്യക്തി ഒറ്റയ്ക്ക് പരിശീലിക്കുന്ന വിധവും ഒന്നിലധികം വ്യക്തികള്‍ ചേര്‍ന്നു ചെയ്യുന്നതും.
ഒറ്റയ്ക്ക് കണ്ണാടിയുടെ മുന്‍പില്‍ നിന്നും ഹാസ്യയോഗ പരിശീലീക്കാമെങ്കിലും ഒന്നിലധികം പേരുള്ള ഒരു കൂട്ടായ്മ, കുറച്ചുകൂടി ഫലം ചെയ്യുന്നതായി കണ്ടുവരുന്നു. ഇന്ത്യയിലെ ചിരി ക്ലബ്ബുകളെക്കുറിച്ച് പ്രശസ്ത സംവിധായിക മീര നായറെടുത്ത ഡോക്യുമെന്ററി ഏറെ ശ്രദ്ധ നേടിയിരുന്നു. അനാഥരായ കുട്ടികള്‍, ജയില്‍ അന്തേവാസികള്‍, വീട്ടമ്മമാര്‍,കോര്‍പ്പറേറ്റുകള്‍ തുടങ്ങി നാനാതുറകളില്‍ പെട്ടവര്‍ ചിരി ക്ലബ്ബുകളുടെ ഗുണഭോക്താക്കളാണെന്നത് ചര്‍ച്ചചെയ്യപ്പെട്ടു.

ക്ലബ്ബുകളിലെ പരിശീലനമുറ

അംഗങ്ങള്‍ വട്ടം ചേര്‍ന്നിരുന്ന് അബ്ഡോമിനല്‍ ബ്രീത്തിങ് എന്ന വ്യായാമം ചെയ്യും. തുടര്‍ന്ന് ചെറു മന്ദസ്മിതത്തോടെ ദീര്‍ഘമായി വായ തുറക്കാതെ വയര്‍ ഉയര്‍ത്തി നാസാദ്വാരങ്ങളിലൂടെ ശ്വാസമെടുത്ത് അതിലൂടെ തന്നെ സാവധാനം നിശ്വസിക്കും. പരസ്പരം നോക്കിക്കൊണ്ട് അഞ്ച് തവണ ഇങ്ങനെ ചെയ്യും. രണ്ട് മിനിറ്റ് വിശ്രമിക്കും. പിന്നീട് ദീര്‍ഘമായി ശ്വാസമെടുത്ത് വായ പരമാവധി തുറന്നു ശബ്ദമുണ്ടാക്കാതെ ചിരിക്കും. ആ ചിരി പതുക്കെ താളക്രമത്തില്‍ ഹ-ഹ-ഹ എന്ന് കൈകള്‍ ഉയര്‍ത്തിക്കൊണ്ട് തുടരും. പതിയെ ഹൊ-ഹൊ-ഹൊ എന്ന വേഗതയുള്ള ജപത്തിലേക്കത് വഴിമാറും. ഉച്ചത്തിലുള്ള ചിരിയുടെ ഘട്ടത്തില്‍ പരസ്പരം കണ്ണുകളിലേക്കു ഉറ്റുനോക്കിക്കൊണ്ട് ചിരി മാത്രം തുടരും. പിന്നീട് പരസ്പരം കൈകോര്‍ത്തു ചിരിക്കും.

ചില ചിരിക്കണക്കുകള്‍

കരയാതിരിക്കാന്‍ വേണ്ടി ഞാന്‍ ചിരിക്കുന്നു എന്നാണ് എബ്രഹാം ലിങ്കണ്‍ പറഞ്ഞിരിക്കുന്നത്. ആ ചെറിയ വാചകത്തില്‍ ചിരി ജീവിതത്തിനും ആരോഗ്യത്തിനും എത്രമാത്രം അനിവാര്യമാണെന്ന് വ്യക്തമാകും. അമ്മയുടെ പൊക്കിള്‍ക്കൊടിയില്‍ നിന്ന് വേര്‍പ്പെട്ടത്തിന്റെ വേദനകൊണ്ടും അപരിചതമായൊരു ലോകത്ത് എത്തപ്പെട്ടതിന്റെ അങ്കലാപ്പിലും വാവിട്ട് കരയുന്ന കുഞ്ഞിന്റെ ചിരി കാണാനാണ് പ്രതീക്ഷയോടെ ഉറ്റവര്‍ ചുറ്റുംകൂടുന്നത്. അഞ്ചാഴ്ച പ്രായമാകുമ്പോള്‍ ചെറുതായി മന്ദഹസിക്കുന്ന കുഞ്ഞ്‌നാലുമാസമാകുമ്പോള്‍ പല്ലില്ലാ മോണകാട്ടി വശ്യമായ ചിരി സമ്മാനിച്ചുതുടങ്ങും. ഒരു കുഞ്ഞ് പ്രതിദിനം ശരാശരി നാനൂറ് തവണ പുഞ്ചിരിക്കുമെന്നാണ് കണക്ക്. തലച്ചോറിന്റെ വളര്‍ച്ച തിട്ടപ്പെടുത്തുന്നതുപോലും ചിരിക്കാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ്. വളര്‍ച്ചയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും അറിഞ്ഞോ അറിയാതെയോ ചിരി അവനില്‍ നിന്ന് അകലുകയാണ്. സന്തോഷവാനായ വ്യക്തി ദിവസത്തില്‍ അന്‍പത് തവണ ചിരിക്കുമ്പോള്‍ അസംതൃപ്തനായ ആളുടെ ചിരിയുടെ എണ്ണം ഇരുപതില്‍ താഴെ ആയിരിക്കും.

ചിരിക്കു പിന്നില്‍

ജീവിതത്തില്‍ ഏറെ കരഞ്ഞിട്ടുള്ളവരാണ് നമ്മെ ചിരിപ്പിച്ചവരില്‍ അധികവും. കണ്ണീരിന്റെ കയ്പ്പ് അറിഞ്ഞവര്‍ക്കേ ചിരിയുടെ മൂല്യം തിരിച്ചറിയാനാകൂ എന്നുപറഞ്ഞ ചാര്‍ളി ചാപ്ലിന്‍ ജീവിതംകൊണ്ടത് തെളിയിച്ച ആളാണ്. പെയ്യുന്ന മഴയില്‍ കണ്ണീര്‍ ഒളിപ്പിച്ച് മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടാണ്, ചാപ്ലിന്‍ സങ്കടങ്ങള്‍ മറന്നത്. ഡാവിഞ്ചി വരച്ച മൊണാലിസയുടെ വിശ്വവിഖ്യാതമായ ഛായാചിത്രം , ഇത്രമാത്രം പ്രശസ്തി ആര്‍ജിച്ചത് അനുപമമായ അര്‍ത്ഥതലങ്ങളുള്ള ചിരിയിലൂടെയാണ്. ഗൗരവമുള്ള കാര്യങ്ങള്‍ ചിരിപടര്‍ത്തുന്ന രീതിയില്‍ അവതരിപ്പിച്ചാല്‍ സ്വീകാര്യത കൂടും എന്നതിന് നീളന്‍ ലേഖനങ്ങളെ നിഷ്പ്രഭമാക്കുന്ന കാര്‍ട്ടൂണുകള്‍ തെളിവാണ്. ആളുകള്‍ക്ക് കൂടുതല്‍ സ്വീകാര്യനാകുന്നതും ശത്രുക്കള്‍ കുറവുള്ളതും ചിരിപ്പിക്കാന്‍ കഴിവുള്ളവര്‍ക്കായിരിക്കും.

ചിരിക്കുന്ന ജീവികള്‍

വികാരങ്ങളുമായി ബന്ധപ്പെട്ട് ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യന്‍. എന്നിരുന്നാലും ചിമ്പാന്‍സികളും എലികളും നായ്ക്കളും പ്രത്യേക സാഹചര്യങ്ങളില്‍ നമ്മുടെ ചിരിയോട് സാമ്യമുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കും. പരിചയത്തിന്റെ ആദ്യപടിയായി മനുഷ്യര്‍ തമ്മില്‍ പ്രതീക്ഷിക്കുന്ന ഒന്നാണ് ചിരി. അത് കിട്ടാതെ വരുമ്പോള്‍ തന്നെ മനസ്സ് അസ്വസ്ഥമാകും. ചിരിച്ച മുഖത്തോടെ സ്വാഗതം ചെയ്യുമ്പോള്‍ പോലും ഒരു പ്രസരിപ്പ് അനുഭവപ്പെടും.

ശാസ്ത്രീയ വശങ്ങളും ക്ലബ്ബുകളുടെ പ്രസക്തിയും

ഒരാള്‍ നമ്മളെ നോക്കി ചിരിച്ചാല്‍, അത് ഉടന്‍ മടക്കി കൊടുക്കണം എന്ന രീതിക്കാണ് 'മിറര്‍ ന്യൂറോണുകള്‍' തലച്ചോറിനെ സജ്ജമാക്കിയിരിക്കുന്നത്. വെറുപ്പോടെ ചിരി മടക്കിക്കൊടുക്കാന്‍ തയ്യാറാകാത്തവര്‍ സത്യത്തില്‍ സ്വയം ശിക്ഷിക്കുകയാണ്. തുടര്‍ച്ചയായി ഇത്തരം മനോഭാവം സ്വീകരിക്കുന്നവരില്‍ അമിതോല്‍ക്കണ്ഠ, വിഷാദരോഗം തുടങ്ങി അല്‍ഷീമേഴ്സ് വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
തടഞ്ഞുവയ്ക്കുന്ന ചിരി രോഗങ്ങള്‍ക്ക് വഴി വയ്ക്കുന്നതുപോലെ, തുറന്ന ചിരി രോഗങ്ങളെ അകറ്റിനിര്‍ത്തുകയും ചെയ്യും. ഇവിടെയാണ് ചിരി ക്ലബ്ബുകള്‍ പ്രസക്തമാകുന്നത്. ചിരിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍ , ഡൊപ്പമൈന്‍ പോലുള്ള എന്‍സൈമുകള്‍ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ കുറയ്ക്കും.
ഭാവിക്കുവേണ്ടി പലതും കരുതിവയ്ക്കുന്നകൂട്ടത്തില്‍ ഒരു മികച്ച നിക്ഷേപമാണ് നിങ്ങളുടെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി എന്ന് തിരിച്ചറിയണം. മനസമാധാനത്തോടെ ഉറങ്ങാനാണ് എല്ലാവരുടെയും ആഗ്രഹം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആ ദിവസം നന്നായിരുന്നു എന്ന് വിലയിരുത്തുന്നതുപോലും ചിരി സമ്മാനിച്ച അനുഭവങ്ങളുടെ കണക്കെടുത്തുകൊണ്ടായിരിക്കും. വിജയിക്കുന്നവനേ ചിരിക്കാന്‍ അര്‍ഹതയുള്ളൂ എന്നത് തെറ്റായ ധാരണയാണ്. ചിരിച്ചുകൊണ്ട് വിജയം കൈവരിക്കാം എന്ന് വിശ്വസിച്ചാല്‍ ജീവിതം മാറിമറിയും.  
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുന്നവര്‍ ...  മേയ് 5 : ലോക ചിരിദിനം (മീട്ടു റഹ്മത്ത് കലാം) ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുന്നവര്‍ ...  മേയ് 5 : ലോക ചിരിദിനം (മീട്ടു റഹ്മത്ത് കലാം) ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുന്നവര്‍ ...  മേയ് 5 : ലോക ചിരിദിനം (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക