Image

രണ്ടാമൂഴവും കാത്ത് (ലേഖനം:ജോസഫ് എബ്രഹാം)

Published on 06 May, 2019
രണ്ടാമൂഴവും കാത്ത് (ലേഖനം:ജോസഫ് എബ്രഹാം)
വലിയച്ഛന്‍ ധൃതരാഷ്ട്രര്‍ക്കും വലിയമ്മ ഗാന്ധാരിക്കും ഇളയച്ഛന്‍ വിദുരര്‍ക്കുമൊപ്പം  വാനപ്രസ്ഥത്തില്‍ ആയിരിക്കുന്ന  മാതാവിനോട്  ഭീമസേനന്‍ ചോദിച്ചു.

" ഞാന്‍ ആരാണ് ? ഇപ്പോഴെങ്കിലും ഒന്നു പറഞ്ഞുതരൂ. ഇനിയും തെറ്റുകള്‍ പറ്റാതിരിക്കാന്‍. സൂതപുത്രനെന്നു  സ്വന്തം ജ്യേഷ്ഠനെ  അപഹസിക്കേണ്ടിവന്ന ദുഃഖം ഇപ്പോഴും എന്‍റെ മനസ്സിലുണ്ട്"

അമ്മ പറഞ്ഞു, 'സൂതപുത്രന്‍തന്നെ കര്‍ണ്ണന്‍. കുന്തീഭോജന്റെ സൂതന്‍ സുന്ദരനായിരുന്നു, വീരനായിരുന്നു......'
'ജ്ഞാനിയായ മകനെ കിട്ടാന്‍ ഞാന്‍ വിദുരരെ  സ്വീകരിച്ചു. പത്‌നിമാര്‍ ബീജം ഏറ്റുവാങ്ങേണ്ട വെറും ഗര്‍ഭപാത്രങ്ങളാണല്ലോ ക്ഷെത്രിയര്‍ക്ക് '
'പിന്നെ രാജാവിന് വേണ്ടത് ശക്തനെയായിരുന്നു. വായൂ ദേവനെപ്പോലെ ശക്തന്‍ ! കയ്യൂക്കുള്ളവന്‍.  ഞാന്‍ അനുസരണയോടെ പ്രാര്‍ത്ഥിച്ചു'

അതാരായിരുന്നു ?  ഭീമന്‍ ചോദിച്ചു.
'കൊടും കാട്ടില്‍നിന്നദ്ധേഹം കയറിവന്നു. ചങ്ങലയഴിഞ്ഞ ചണ്ഡമാരുതനെപ്പോലെ. പേരറിയാത്ത ഒരു കാട്ടാളന്‍.'

തന്‍റെ പിതാവ് ഇത്രയും കാലം പറഞ്ഞുകേട്ട കഥകളിലേതുപോലെ  വായൂദേവനല്ല വെറുമൊരു കാട്ടാളനാണെന്നറിഞ്ഞപ്പോള്‍ ഭീമസേനന്‍ കലങ്ങിയോ? ആവാന്‍ ഇടയില്ല തന്‍റെ പൈതൃകത്തെ കുറിച്ചുള്ള കഥകള്‍ ശരിയല്ല എന്ന് തോന്നിയതുകൊണ്ടാണല്ലോ തന്‍റെ പിതാവ് ആരാണെന്നു സ്വന്തം അമ്മയോട് നേരിട്ട് ചോദിക്കേണ്ടി വന്നത്. തന്നില്‍ നിറഞ്ഞു നില്‍ക്കുന്നത് ദേവന്മാരുടെ ചൈതന്യമൊന്നുമല്ല എപ്പോഴും ഒരു നിഷാദന്റെ  ശക്തിയും നിഷ്കളങ്ക വിചാരങ്ങളുമാണെന്ന് ഭീമന് നല്ല തിരിച്ചറിവുണ്ടായിരുന്നു.  അതുകൊണ്ടാണല്ലോ  ഒരു കാട്ടുമൃഗത്തിന്റെ വന്യചോദനപോലെ ശത്രുവിന്റെ മാര്‍പിളര്‍ന്നു രക്തം നുണഞ്ഞത്.
 " ക്ഷെത്രിയ നിയമമനുസരിച്ച്  യുദ്ധംജയിച്ചവനുള്ളതാണ് സിംഹാസനം. ഭീമനാണ് എല്ലാ കൌരവരേയും കൊന്നത്  അതുകൊണ്ട്  ഭീമനാണ് രാജാവകേണ്ടത് ".

യുധിഷ്ഠരന്‍  അങ്ങിനെ നിശ്ചയിച്ചപ്പോള്‍  ഒരു രാജാവ് ആകുന്നതിനെ പറ്റി ഭീമസേനനും ഒരുവേള സ്വപ്നം കണ്ടു.  ഒരു രാത്രിയുടെ പോലും ആയുസ്  ഇല്ലാത്ത പകല്‍ കിനാവ്.

ആദ്യ  ഊഴം ദ്രൗപദിയുടെ  ആയിരുന്നു അവള്‍ ചോദിച്ചു,
 "കാട്ടിലും ദാസ്യപ്പണിയിലുമൊക്കെ കഴിയുമ്പോള്‍ ഒരിക്കല്‍ ഇവിടെ വരാമെന്ന് മോഹമുണ്ടായിരുന്നു. അതും ദ്രൗപദിക്ക് നിഷേധിക്കുകയാണോ ?" അവളുടെ ചോദ്യത്തിനു മുന്നില്‍ ഭീമസേനന്‍ സ്തബ്ധനായി.
" അങ്ങ് അഭിഷിക്തന്‍ ആകുമ്പോള്‍ രാജ്ഞി ആകുന്നത് ആരാണ് ? ബലന്ധരതന്നെ" പിന്നെ നിറഞ്ഞ കണ്ണുകള്‍ തുടച്ചു കാല്‍ക്കീഴിലെ ഭൂമിയോടവള്‍ പറഞ്ഞു
"എന്നും സൈരന്ധ്രിയാവാന്‍ പിറന്നവളായിരിക്കാം  പാഞ്ചാലി"

 രജസ്വലയായി അന്തഃപുരത്തില്‍ ഒറ്റവസ്ത്രം  മാത്രമുടുത്ത് അര്‍ദ്ധനഗ്‌നയായിരുന്ന  ദ്രൌപദിയെ ദുശാസനന്‍ വലിച്ചിഴച്ചുകൊണ്ടുവന്നു സഭാവാസികള്‍ കാണ്‌കെ ചൂതുകളിസഭയില്‍ പൂര്‍ണ്ണ നഗ്‌നയാക്കി നിര്‍ത്തി. അവളുടെ  കൃഷ്ണവര്‍ണണ തുടയിലൂടൊഴുകി രാജങ്കണത്തിലെ വെളുത്ത  ശിലകളില്‍ ഇറ്റുവീണ കറുത്ത രക്തതുള്ളികള്‍ നോക്കി ഭീമസേനനന്‍ പ്രതിജ്ഞയെടുത്തു.   ദുശാസനന്റെ മാറുപിളര്‍ന്നു ചോര കുടിക്കുമെന്ന ഉഗ്രപ്രതിജ്ഞ. അന്യായം നടക്കുമ്പോള്‍ മൌനിയായിരിക്കുന്ന അന്ധരാജാവിന്റെ നൂറു മക്കളെയും തന്‍റെ കയ്യാല്‍ കാലപുരിക്കയക്കുമെന്ന ശപഥം. ദ്രൗപദിയോട്  തന്‍റെ തുടയില്‍ വന്നിരിക്കാന്‍ പറഞ്ഞ ദുര്യോധനന്‍റെ തുടയെല്ല് തകര്‍ക്കുമെന്ന പ്രതിജ്ഞ. ഭീമസേനന്‍ നിര്‍ഭയനായി ഒരു കാട്ടാളനെപ്പോലെ ആ സഭയില്‍ അലറിവിളിച്ചു. പരാക്രമികളായ അവളുടെ ബാക്കി ഭര്‍ത്താക്കന്മാര്‍ ആ സമയം ഭീരുക്കളെപ്പോലെ നിശബ്ദരായി തലകുമ്പിട്ടിരുന്നു. 

ദ്രൗപദി എന്നും ഭീമസേനന്റെ ബലവും ശക്തിയുമായിരുന്നു. ഒരിക്കല്‍ ധര്‍മ്മപുത്രരോട് കലിപൂണ്ട് മദയാനയോട്  പോരടിച്ചുകൊണ്ടിരുന്ന ഭീമനെ ശാന്തനാക്കാന്‍ ദ്രൌപദിക്ക് വേണ്ടിവന്നത് അവന്‍റെ മുഖത്ത് നോക്കിയുള്ള ഒരു മന്ദഹാസം മാത്രമായിരുന്നു. ദ്രൌപദീ കടാക്ഷമേറ്റ ഭീമസേനന്‍ ഒരു കുഞ്ഞിനെപ്പോലെ  ശാന്തനായി. അവന്‍റെ മനസ്സിലെ സംഘര്‍ഷമെല്ലാം എങ്ങോപോയൊളിച്ചു. മനസ് ശാന്തമായ തെളിനീര്‍ തടാകമായി.

വനവാസത്തിനിടയില്‍ നാലുവര്‍ഷം കാത്തിരുന്നു കൈവന്ന  രണ്ടാമൂഴത്തില്‍ ശൈലാഞ്ചലത്തില്‍ പോയി രാസകേളികള്‍ ആടണമെന്ന ദ്രൌപദിയുടെ മോഹത്താല്‍ നിഷാദന്മാരോട് പോരടിച്ചു അവരെ അവിടെ നിന്ന് തുരത്തി ദ്രൌപദിക്കായി മനോഹരമായ ഒരു കുടില്‍നിര്‍മ്മിച്ച്  വൃകോദരന്‍ തിരിച്ചെത്തിയ രാത്രിയാണ്  അര്‍ജുനന്‍ ദേശാടനം കഴിഞ്ഞു തിരിച്ചെത്തിയത്.

അന്നുരാത്രി   മൂന്നാമൂഴക്കാരനെ മനസ്സില്‍ ധ്യാനിച്ച് കുടിലിലെ പായയില്‍ അര്‍ദ്ധനിദ്രയില്‍ ചുണ്ടില്‍ മന്ദഹാസവുമായി കിടക്കുന്ന ദ്രൌപദിയെകണ്ടു ഭീമന്റെ മനസുനൊന്തു. അയാള്‍ ഒരുപുല്‍ പായയുമെടുത്ത് കിടക്കാന്‍ സ്ഥലമന്വോഷിച്ചു കുടിലിനു വെളിയിലേക്ക് നടന്നു.

ഇപ്പോള്‍ ദ്രൗപദി കണ്ണീര്‍തൂകി ഭീമനോട് പറയാതെ പറഞ്ഞത് അങ്ങ് രാജാവാകരുത് എന്നു തന്നെയാണ്. യുധിഷ്ഠരന്‍ തന്നെ രാജാവ് ആകണം എങ്കില്‍ മാത്രമേ അവള്‍ക്ക്  രാജ്ഞീപദം  അലങ്കരിക്കാന്‍ കഴിയുകയുള്ളൂ.
 ന്യായമാണ് ദ്രൌപദിയുടെ  ഈ ആവശ്യം.  അവള്‍ ഈ കഷ്ട്ടങ്ങള്‍ എല്ലാം അനുഭവിക്കാന്‍ ഇടയായത്  പാണ്ഡവര്‍ കാരണമാണ്. അവള്‍ മനസ്സാവരിച്ചതും മോഹിച്ചതുമായ അര്‍ജുനനെ മൂന്നാം ഊഴക്കാരനായി മാറ്റി നിര്‍ത്തിയതും, അഞ്ചു പേരെ ഭര്‍ത്താക്കന്മാരായി സ്വീകരിച്ചു  അപഹാസ്യയായതും, ചൂതുസഭയില്‍ വിവസ്ത്രയാക്കപ്പെട്ടതും, വനവാസത്തിനായി പോകേണ്ടിവന്നതുമെല്ലാം   പാണ്ഡവരുടെ ചെയ്തികള്‍ മൂലമാണ് .
പിന്നീട്  ഭീമസേനന്റെ മുന്നിലേക്ക് കടന്നു വന്നത് അമ്മയാണ്.  അമ്മ കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ വ്യക്തമായി പറഞ്ഞു.

 " ധര്‍മ്മ ശാസ്ത്രവും  രാജനീതിയും  അറിയാത്ത നീ രാജാവാകാന്‍ യോഗ്യനല്ല". മകന്‍റെ ജെന്മ രഹസ്യം ഓര്‍ത്തു തന്നെയായിരിക്കും കുന്തി അപ്പോള്‍ അങ്ങിനെ പറഞ്ഞിരിക്കുക.

അമ്മയ്ക്കറിയാം  ക്ഷത്രിയ നിയമമനുസരിച്ച്  ഭീമന് രാജാവാകാന്‍ കഴിയില്ല. ഒരു നിഷാദന്‍റെ രക്തം സിരകളില്‍ വഹിക്കുന്ന ഒരുവനെ  എങ്ങിനെ കുരുവംശത്തിലെ രാജാവായി അവരോധിക്കും?.  രാജാവിന് വേണ്ടി പോരടിക്കാന്‍ വേണ്ടി മാത്രമാണ് ഒരു കിരാതന്‍റെ ബീജത്തെ  താന്‍ ഗര്‍ഭപാത്രത്തില്‍ സ്വീകരിച്ചത്.
കേട്ടറിഞ്ഞ മഹാഭാരതകഥകള്‍ ഇതൊന്നും ആയിരുന്നില്ല.  അവയെല്ലാം  മൂലകഥയില്‍   ദിവ്യത്വംനിറഞ്ഞ കഥകള്‍ കൂട്ടിചേര്‍ത്തിണക്കി  പൊലിപ്പിച്ചെടുത്ത വര്‍ണ്ണ ചിത്രങ്ങളായിരുന്നു. അതിലെ നായകര്‍ അമാനുഷ്യരായിരുന്നു. കവചകുണ്ഡലങ്ങള്‍ അണിഞ്ഞ അജയ്യനായ സൂര്യ പുത്രന്‍,  ഇന്ദ്രസുതനായ കിരീടി, പാഞ്ചാലീ വസ്ത്രാക്ഷേപത്തില്‍ തന്‍റെ  മായിക വിദ്യയാല്‍  ദുഃശാസനനെ തളര്‍ത്തിയ ദശാവതാര പുരുഷനായ ശ്രീകൃഷ്ണന്‍.

ഭീമന്റെ കണ്ണിലൂടെ എം. ടി. കണ്ടെത്തിയ  രണ്ടാമൂഴത്തിലെ മനുഷ്യര്‍ എല്ലാവരും  സാധാരണ മനുഷ്യരായിരുന്നു. വികാരവും വിചാരവും കിരാതത്വവും, സ്വാര്‍ത്ഥതയും  നിറഞ്ഞ മനുഷ്യര്‍. കൃഷ്ണന്‍  ദൈവമല്ലായിരുന്നു.   ഒരു സാധാരണ യുവരാജാവാണദ്ധേഹം.  മികച്ച  തേരാളിയും യുദ്ധ നയതന്ത്ര വിദഗ്ദനുമാണ്  കൃഷ്ണന്‍. എണ്ണമറ്റ ഗോപികമാരുടെ കാമുകനായ കള്ളകൃഷ്ണണനെ  അവിടെയെങ്ങും കാണാനേയില്ല.
 
ബഹുഭര്‍ത്വത്ത്വം  അന്നും മോശമായിട്ടാണ്  കണക്കാക്കിയിരുന്നത്. അത് നാട്ടുനടപ്പിന് നിരക്കാത്ത കാര്യവുമായിരുന്നു. ഒരു ഷണഡന്‍റെ പത്‌നിയാക്കപ്പെടുകയും നാലു വിത്യസ്ത ബീജ സ്വീകരണത്തിലൂടെ   നാലു മക്കളെ നേടുകയും ചെയ്ത  കുന്തിയെ  അത്തരം കാഴ്ചപ്പാടോ നാട്ടുകാര്‍ എന്തു പറയുമെന്നുള്ള ചിന്തയോ അലട്ടിയിരുന്നില്ല. കുന്തിയുടെ പരപുരുഷ ഗമനത്തെ അമാനുഷിക ശക്തികളുമായുള്ള വേഴ്ചയായി പിന്നീടു മാറ്റിയപ്പോള്‍ അത് മാനുഷിക ദൃഷ്ട്ടിയില്‍ ശ്രേഷ്ഠവും ആരാധ്യവുമായി  മാറി.

തന്‍റെ മക്കള്‍ എല്ലാവരും കാമം നിറഞ്ഞ കണ്ണുകളോടെ ദ്രൌപദിയെ നോക്കുന്നതു കണ്ടപ്പോള്‍  ഒരു സുന്ദരിയുടെ പേരില്‍ മക്കള്‍ക്കിടയില്‍ ചിദ്രം ഉണ്ടാകാതിരിക്കാന്‍ മനഃപൂര്‍വം അവര്‍ പറഞ്ഞതാണ് 'കിട്ടിയ ഭിക്ഷ എല്ലാവരും കൂടി പങ്കിട്ടു അനുഭവിച്ചു കൊള്ളാന്‍'.

വിഷയ ചിന്തയ്ക്കു കീഴടങ്ങിയ യുധിഷ്ഠരന്‍ ദ്രൌപദിയില്‍ തന്‍റെ ഒന്നാം ഊഴത്തിനുള്ള അവകാശം സ്ഥാപിക്കാന്‍വേണ്ടിതന്നെ  'മാതൃശാസനം ലംഘിക്കുന്നത് ധര്‍മ്മനീതിക്ക് എതിരാണെന്ന' വാദവുമായി ആദ്യമായി മുന്നോട്ടു വരുന്നു. തന്‍റെ ഉള്ളിലും മാനുഷികമായ ആസക്തി തോന്നിയെങ്കിലും ദ്രൌപദി അര്‍ജുനന് മാത്രം അവകാശപ്പെട്ടതാണെന്ന് പറഞ്ഞു  ജ്യേഷഠനോട് എതിര്‍ത്തു നില്‍ക്കുന്ന കാട്ടാള പുത്രനായ ഭീമസേനന്റെ ധര്‍മ്മബോധം പോലും ധര്‍മ്മിഷ്ഠനെന്നു വാഴ്ത്തുന്ന ധര്‍മ്മപുത്രര്‍ക്ക് ഇല്ലാതെ പോകുന്നു.
കല്യാണ സൌഗന്ധികം തേടിയുള്ള ഭീമന്‍റെ യാത്ര  മൂലകൃതിയില്‍ പിന്നീടു കൂട്ടിചേര്‍ക്കപ്പെട്ട ഒരു  കെട്ടുകഥയായി ഭീമനെക്കൊണ്ട് പറയിക്കുന്ന എ. ടി യുടെ അസാമാന്യ രചനയായ രണ്ടാമൂഴം  മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്നേതന്നെ  മലയാളക്കര നെഞ്ചിലേറ്റതാണ്.  ഒരു പക്ഷെ ഭാരതത്തില്‍ മലയാളികള്‍ക്കു മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു മഹാകാര്യം.

രണ്ടാമൂഴം ഒരു ചലച്ചിത്രകാവ്യമായി രൂപം കൊള്ളാനായി  ഒരുപാടു കാലമായി ആകാംഷയോടെ ഇരിക്കുമ്പോഴാണ്  അതിനെക്കുറിച്ചുള്ള  വിവാദങ്ങള്‍ കേള്‍ക്കുന്നത്.  തന്‍റെ തിരക്കഥയിന്മേല്‍  സമയബന്ധിതമായി സിനിമാനിര്‍മ്മാണം  തുടങ്ങാത്തതിനാല്‍ തിരക്കഥ തിരികെ ലഭിക്കണമെന്ന്  എം ടി ആവശ്യപ്പെട്ടു.  ആയിരം കോടി രൂപ ചിലവില്‍ പ്രഖ്യാപിച്ച ആ വന്‍ സംരഭത്തില്‍ നിന്ന്  എം. ടി. പിന്‍മാറാന്‍  സമയത്തിനു ചലച്ചിത്രനിര്‍മ്മാണം തുടങ്ങിയില്ല എന്നതു മാത്രമായിരിക്കുമോ കാരണം.?

ഈ കാലത്തില്‍ തന്‍റെ ആഖ്യാനത്തില്‍ പറയും പ്രകാരമുള്ള ഒരു ഭാരത കഥ വെള്ളം ചേര്‍ക്കാതെ ഒരു ഇന്ത്യന്‍ സിനിമയായി  നിര്‍മ്മിക്കപ്പെടാനിടയില്ല എന്ന തിരിച്ചറിവും ഒരു പക്ഷെ ഒരു കാരണമായിരിക്കും. 'രണ്ടാമൂഴം' ഒരു മലയാളം ക്ലാസ്സിക്  സിനിമയായിട്ടല്ലാതെ ഒരു  ഇന്ത്യന്‍  ക്ലാസ്സിക് സിനിമയായി എടുക്കാന്‍  ഇന്നത്തെ മത വര്‍ഗീയ ധ്രുവീകരണ സാഹചര്യത്തില്‍ ഒക്കുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.   ഒന്നുകില്‍ അത് ഒരു ലോക ക്ലാസ്സിക്കായി നിര്‍മ്മിക്കപ്പെടണം അല്ലെങ്കില്‍ മലയാളത്തിലെ ഒരു മെഗാ ക്ലാസ്സിക് മാത്രമായി ചുരുക്കി മാറ്റപ്പെടണം. എന്തായാലും അതില്‍ ഒന്നു സംഭവിക്കുമെന്ന്  കരുതി കാത്തിരിക്കാം.
( ഉദ്ദരണികള്‍ക്ക് കടപ്പാട് –രണ്ടാമൂഴം. എം. ടി വാസുദേവന്‍നായര്‍)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക