Image

ഭൂമിയിലെ മാലാഖ (കഥ: ജയചിത്ര)

Published on 08 May, 2019
ഭൂമിയിലെ മാലാഖ (കഥ: ജയചിത്ര)
ഡോക്ടറുടെ കയ്യില്‍ നിന്ന് കുട്ടിയെ ഏറ്റു വാങ്ങുമ്പോള്‍ ലക്ഷ്മിയുടെ കണ്ണുകള്‍ വിടര്‍ന്നു.. ഓമനത്തമേറിയൊരു പെണ്‍കുഞ്ഞ്. ലക്ഷ്മിയില്‍ അനിര്‍വ്വചനീയമായ ഒരു വികാരം ഉടലെടുത്തു.അവളാ കുട്ടിയെ തന്റെ മാറോടു ചേര്‍ത്തു..

“ലക്ഷ്മി…താനെന്താ സ്വപ്നം കാണുകയാണോ…കുട്ടിയെ അവരുടെ ബന്ധുക്കളെ ഏല്‍പ്പിച്ചു വേഗം വരൂ..”

മായ ഡോക്ടറുടെ ശബ്ദം അവളെ പെട്ടെന്ന് ചിന്തയില്‍ നിന്നുണര്‍ത്തി.. ആ കുഞ്ഞിനെ അവളുടെ ബന്ധുക്കളെ ഏല്‍പ്പിച്ചു തിരിച്ചു നടക്കുമ്പോള്‍ അവളിലൊരു നഷ്ടബോധം ഉടലെടുത്തു.
ഇവള്‍ ലക്ഷ്മി…ജില്ലാ ആശുപത്രിയിലെ ഹെഡ്‌നഴ്‌സ്.

“സിസ്റ്റര്‍ ഒന്ന് വേഗം വരൂ സീ വാര്‍ഡിലെ കുട്ടിക്ക് ശ്വാസം കിട്ടണില്ല…ഒന്ന് നോക്കൂ.. ഞാന്‍ ഡോക്ടറെ ഇന്‍ഫോം ചെയ്യട്ടെ…”

 ലക്ഷ്മി വേഗം അവിടേക്കോടി… പോയ വഴിയില്‍ അറ്റന്‍ഡറെ വിളിച്ച് ഓക്‌സിജന്‍ സിലിണ്ടര്‍ വേഗം എത്തിക്കാന്‍ പറഞ്ഞു… അവള്‍ അവനരികിലേക്ക് ചെന്നു.. അവന്‍ ആ കൈകളില്‍ മുറുകെ പിടിച്ചു…

“മോന്‍ പേടിക്കണ്ട…ഞാനരികിലുണ്ടല്ലോ…”
 അവനെ തലോടിക്കൊണ്ട് അവള്‍ പറഞ്ഞു. അപ്പോഴേക്കും ഡോക്ടറും എത്തി..അവനെ കഇഡ യുവിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി..  ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്നതിനു മുന്‍പ് അവനെ ഒന്നു കൂടി പോയി നോക്കി.

 “നാളെ വരാം പേടിക്കണ്ട,താര സിസ്റ്ററും,മേരി ചേച്ചിയുമൊക്കെ ഉണ്ടല്ലോ..”
എന്ന് പറഞ്ഞു അവന്റെ കവിളില്‍ ഒരു മുത്തം നല്‍കി. തന്നില്‍ അപ്പോള്‍ മാതൃ വാത്സല്യം കിനിയുന്നതായി അവള്‍ക്ക് തോന്നി…
ബസിലിരുന്നപ്പോള്‍ അവനെക്കുറിച്ചായിരുന്നു  ചിന്ത മുഴുവന്‍.. പാവം കുട്ടി..കണ്ണന്‍ എന്നാണ് പേര്. ആക്‌സിഡന്റില്‍ അവന്റെ അച്ഛനും അമ്മയും മരണമടഞ്ഞു.മുത്തശ്ശി മാത്രമേയുള്ളൂ ഇനി അവന് സ്വന്തമെന്ന് പറയുവാന്‍..അവര്‍ക്കാണെങ്കില്‍ തീരെ  വയ്യ താനും. 

“സ്‌റ്റോപ്പെത്തി ഇറങ്ങണില്ലേ..” കണ്ടക്ടറുടെ ചോദ്യം കേട്ടാണ് ചിന്തയില്‍ നിന്നും ഉണര്‍ന്നത്.. ഭാഗ്യം സ്ഥിരം വരുന്ന ബസ്സായത്..

അവള്‍ വേഗം ഇറങ്ങി… വീട്ടിലേക്കുള്ള യാത്രയിലെല്ലാം ചിന്താധീനയായിരുന്നു അവള്‍. വീട്ടിലെത്തിയ അവള്‍ പതിവു ജോലികളുമായി മല്‍പ്പിടുത്തം തുടങ്ങി.. പതിനൊന്ന് മണിയായ് എല്ലാം തീര്‍ത്തൊന്നു നടു നിവര്‍ത്തിയപ്പോള്‍.

“എന്താടോ ഇന്ന് ഒരു ചിന്ത..തനിക്കെന്തേ വിഷമം വല്ലതുമുണ്ടോ..?” ലക്ഷ്മിയുടെ ഭര്‍ത്താവ് പ്രദീപ് തിരക്കി…

“ഒന്നൂല ഏട്ടാ ..ഞാന്‍ ഹോസ്പിറ്റലിലെ കാര്യങ്ങള്‍ ആലോചിച്ചതാണ്.. ഇന്നലെ വന്ന ആക്‌സിഡന്റ് കേസില്‍ ആ കുട്ടിയൊഴികെ മറ്റുള്ളവര്‍ മരണമടഞ്ഞു.. അവന്റെ കരച്ചില്‍ സഹിക്കാന്‍ വയ്യ… ചെവികളില്‍ അതിന്റെ മാറ്റൊലി കേള്‍ക്കുകയാണിപ്പോഴും.. മുത്തശ്ശി മാത്രമേ ഇനി അവന് താങ്ങായി ഉള്ളൂ…പാവം കുട്ടി..”

“താന്‍ വിഷമിക്കാതെടോ..വിധിയെ തടുത്തു നിര്‍ത്താന്‍ ആര്‍ക്കു കഴിയും..”

“വിധി… അതെ എല്ലാം വിധി തന്നെയാണ്… നമ്മള്‍ക്കും അതേ വിധി തന്നെയല്ലേ ശിക്ഷ വിധിച്ചിരിക്കുന്നത്. അല്ലെങ്കില്‍ നോക്കൂ രണ്ടാള്‍ക്കും ഒരു കുഴപ്പവുമില്ല..എന്നിട്ടും ഇതേ വരെ ഈശ്വരന്‍ ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം തന്നുവോ.. ഇല്ലല്ലോ…നേരാത്ത നേര്‍ച്ചകളില്ല..കാണാത്ത ഡോക്ടര്‍മാര്‍ ഇല്ല.. അതെ വിധിയുടെ കയ്യിലെ വെറും കളിപ്പാവകള്‍ മാത്രം നമ്മള്‍.. വെറും പാവകള്‍..”

ലക്ഷ്മി പൊട്ടിക്കരച്ചിലോടെ അവന്റെ മാറിലേക്ക് വീണു… അവനവളെ തന്റെ മാറോടമര്‍ത്തി പിടിച്ചു..
പാവം..കുറച്ചു നേരം കരയട്ടെ…അങ്ങനെയെങ്കിലും ആ വിഷമം പെയ്തു തീരട്ടെ… പതിന്നാലു വര്‍ഷമായുള്ള കാത്തിരിപ്പാണ്..ഒരു കുഞ്ഞിനു വേണ്ടി.എന്നിട്ടും ഇതേ വരെ ഒരു ദൈവവും കനിഞ്ഞില്ല.. ആശുപത്രിയില്‍ പോകുന്നത് കൊണ്ട് അത്രയും വിഷമം തീര്‍ന്നു കിട്ടും.. വന്നു കഴിഞ്ഞാല്‍ ഇത് പതിവുള്ളതാണ്.. ഒന്നോര്‍ത്താല്‍ അവള്‍ക്ക് അങ്ങനെയെങ്കിലും ഭാഗ്യമുണ്ടല്ലോ, ദിവസവും എത്ര കുട്ടികളെ എടുക്കാനും പരിചരിക്കാനും കഴിയും, തനിക്കോ അതിനും കഴിയില്ല. ഓരോന്നോര്‍ത്തപ്പോള്‍ പ്രദീപിന്റെ കണ്ണുകളും നിറഞ്ഞൊഴുകി..അവള്‍ കാണാതിരിക്കാന്‍ അവന്‍ വേഗം കുളിമുറിയിലേക്ക് കയറി..കുറേ നേരം പൈപ്പ് തുറന്നു വിട്ടു…സങ്കടം തീരുന്നതു വരെ പൊട്ടിക്കരഞ്ഞു.

പ്രസവവേദനയോടെ കരയുന്ന ലക്ഷ്മി.. അവളെ ഓപ്പറേഷന്‍ തീയറ്ററിലേക്ക് കയറ്റുന്നു.. അവളിലെ മയക്കത്തെ ഭേദിച്ചു കൊണ്ട് ഒരു കുട്ടിയുടെ കരച്ചില്‍.. “ലക്ഷ്മീ കണ്ണു തുറക്കൂ..ഇതാ നിന്റെ കുട്ടി..”മാലാഖയെ പോലെ തുടുത്തു ചുവന്നവള്‍.. ലക്ഷ്മി അവളെ തനിക്കരികിലേക്ക് ചേര്‍ത്തു പിടിച്ചു..സ്തനങ്ങള്‍ തിങ്ങി വിറച്ചു…ആ കുഞ്ഞിന്റെ വായിലേക്കവള്‍ പാല്‍ ചുരത്തുന്ന മുലകള്‍ മെല്ലെ തിരുകി.നാവു നീട്ടി നുണയുന്തോറും അവളുടെ അമ്മ മനസ്സ് നിറഞ്ഞു…സന്തോഷത്താല്‍ ലക്ഷ്മിയുടെ കണ്ണുകളും നിറഞ്ഞൊഴുകി.മാതൃത്വം ആ അമ്മ മനസ്സിനെ വികാരഭരിതയാക്കി. ആ കുഞ്ഞിക്കവിളുകള്‍ അവള്‍ മെല്ലെ തലോടി..

“ലക്ഷ്മി…എണീക്കൂ…സമയം ഒത്തിരിയായി…പോകണ്ടേ തനിക്ക്..?”

ഞെട്ടിയുണര്‍ന്ന അവള്‍ തനിക്കരികിലേക്ക് കൈകല്‍ പരതി..”കുഞ്ഞ്..കുഞ്ഞെവിടെ ഏട്ടാ.”

“കുഞ്ഞോ….നീ സ്വപ്നം കണ്ടുവോ പതിവു പോലെ..”
അപ്പോഴാണ്താന്‍ സ്വപ്നം കണ്ടതാണെന്ന് അവള്‍ക്ക് മനസ്സിലായത്…

രാവിലെ ഡ്യൂട്ടിക്ക് കയറിയ ഉടനെ തന്നെ അവളോടി കണ്ണന്റെ അരികിലെത്തി.മയക്കമാണ് അവന്‍..ചെന്നയുടനെ നെറ്റിയിലായി ഒരു മുത്തം നല്‍കി.. വാത്സല്യം ആ കണ്ണുകളില്‍ ഓളം തല്ലി.

അന്ന് പതിവിലുമേറെ പ്രസവക്കേസുകള്‍ ഉണ്ടായിരുന്നു. ഏകദേശം ഒരു പന്ത്രണ്ട് മണിയായപ്പോള്‍ പെട്ടെന്നൊരു പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കൊണ്ടുവന്നു. നിറഗര്‍ഭിണിയായ അവള്‍ റോഡില്‍ കുഴഞ്ഞു വീണുകിടക്കുകയായിരുന്നു. എയ്ഡ്‌സ് ബാധിതയായ ആ പെണ്‍കുട്ടിയെ ഒന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ആരും തയ്യാറായില്ല.ആരോ വഴിപോക്കര്‍ വിളിച്ചു പറഞ്ഞതനുസരിച്ച് ആംബുലന്‍സെത്തി കൊണ്ടുവരികയായിരുന്നു.
പെട്ടെന്ന് തന്നെ അവള്‍ക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കി.ഡോക്ടര്‍ക്ക് അടിയന്തിര സന്ദേശം നല്‍കി.ലക്ഷ്മി അവളെ നോക്കി.ആകെ ശോഷിച്ച് ഒരു പേക്കോലം പോലെ ഒരുവള്‍..ഡ്രിപ്പ് ഇറങ്ങിത്തുടങ്ങിയയുടനെ അവള്‍ കണ്ണുകള്‍ തുറന്നു.

“ഞാന്‍,ഞാന്‍ എവിടെയാണ്..?”

“പേടിക്കേണ്ട കുട്ടീ..നീ ആശുപത്രിയില്‍ ആണ്…”ലക്ഷ്മി അവളെ സമാധാനിപ്പിച്ചു..

“സിസ്റ്റര്‍ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍..എന്റെ കുഞ്ഞ്, അനാഥയാകും. എന്റെ ഭാഗ്യദോഷം കൊണ്ട് ആ കുഞ്ഞും രോഗിയായല്ലേ പിറന്നു വീഴുന്നത്.അവളെ സമൂഹം ഒറ്റപ്പെടുത്തും. അങ്ങനെ ഒരു കുഞ്ഞ് ജനിക്കാതിരിക്കാന്‍ ഒന്നും ചെയ്യാന്‍ കഴിയില്ലേ..?”
നിറകണ്ണുകളോടെ അവള്‍ ലക്ഷ്മിയോടായി ചോദിച്ചു.

“മോളേ,ജീവന്‍ നല്‍കാനേ ഞങ്ങള്‍ക്കധികാരമുള്ളൂ.. ജീവനെടുക്കാന്‍ സര്‍വ്വേശ്വരന് മാത്രമേ കഴിയൂ”

“ചേച്ചീ..ഞാനങ്ങനെ വിളിച്ചു കൊള്ളട്ടേ..എനിക്ക് എന്തു സംഭവിച്ചാലും കുഴപ്പമില്ല.. പക്ഷേ ..എന്റെ കുഞ്ഞ്..ഈ സമൂഹം..അതാണ് ഞാന്‍ അങ്ങനെയൊക്കെ. ക്ഷമിക്കണം…എന്റെ ഭര്‍ത്താവില്‍ നിന്നാണ് എനിക്കിതു കിട്ടിയത്.അയാള്‍ നേരത്തേ മരണമടഞ്ഞു. എല്ലാവരും എന്നെ ആട്ടിയോടിച്ചു. തെരുവിലാണ് എന്റെ ജീവിതം. എയ്ഡ്‌സ് രോഗിയായതിനാല്‍ പീഡനവിരുതന്മാരെ പേടിക്കാതെ കഴിയാം.. ആരെങ്കിലും എറിഞ്ഞു തരുന്ന ഒരിത്തിരി ഭക്ഷണം, അതാണ് വിശപ്പടക്കാന്‍ കിട്ടുക.എന്റെ കുഞ്ഞ് ഈ വികലമായ സമൂഹത്തിലേക്കല്ലേ പിറന്നു വീഴേണ്ടത്..”അവള്‍ തേങ്ങിക്കരഞ്ഞു.

ലക്ഷ്മി അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിഷമിച്ചു.
പ്രസവവേദന തുടങ്ങിയ അവളെ വേഗം തീയറ്ററിലേക്ക് മാറ്റി.പ്രസവം സുഗമമായി നടന്നു..പക്ഷേ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി ആ പെണ്‍കുട്ടി മരണത്തിലേക്ക് പോയിരുന്നു..മാലാഖയെപ്പോലെ ഒരുവള്‍..ലക്ഷ്മി ആ കുഞ്ഞിനെ കൈകളിലേക്ക് ഏറ്റു വാങ്ങി.അവള്‍ ഞെട്ടിപ്പോയി.തന്റെ സ്വപ്നത്തിലെ കുഞ്ഞു മാലാഖ..അവളെ നെഞ്ചോടടക്കി പിടിച്ചപ്പോള്‍ തന്റെ മാറിടം തുടിച്ചുയരുന്നതായി അവള്‍ക്ക് തോന്നി.. ആ കുഞ്ഞു കവിളുകള്‍ അവള്‍ തന്റെ കവിളുകളോട് ചേര്‍ത്തു.

ആ രണ്ടു കുഞ്ഞുങ്ങള്‍ അവളിലേക്ക് നഷ്ടമായ പ്രസരിപ്പ് തിരിച്ചു കൊണ്ടു വന്നു.പ്രദീപിനും സന്തോഷമായി അവളുടെ മാറ്റം കണ്ടപ്പോള്‍..ആ രണ്ടു കുട്ടികളിലൂടെ അവളുടെ അമ്മ മനസ്സ് ചാരിതാര്‍ത്ഥ്യം പൂണ്ടു.അവനും അവിടെ നിത്യ സന്ദര്‍ശകനായി..കണ്ണനേയും മാലാഖക്കുട്ടിയേയും കാണാന്‍..

ഒരാഴ്ച കഴിഞ്ഞു..കണ്ണനേയും ആ കുഞ്ഞിനേയും ഡിസ്ചാര്‍ജ് ചെയ്യേണ്ട ദിവസമായി. കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറണം.
ലക്ഷ്മി രാത്രിയില്‍ ആകെ ദുഖിതയായിരുന്നു.നാളെ അവര്‍ പോകും.തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നവര്‍ പിരിഞ്ഞു പോകുക..ആ കാഴ്ച താങ്ങാന്‍ കഴിയില്ല.പ്രദീപിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.അത്രയേറെ ആ കുട്ടികള്‍ അവനേയും സ്വാധീനിച്ചിരുന്നു. രണ്ടു പേരും ചേര്‍ന്ന് ചില തീരുമാനങ്ങള്‍ എടുത്തു.

പിറ്റേന്ന് ലക്ഷ്മിയും പ്രദീപും ആശുപത്രിയില്‍ എത്തി.അവര്‍ നേരെ ഡോക്ടറുടെ റൂമിലെത്തി തങ്ങളുടെ തീരുമാനങ്ങള്‍ അറിയിച്ചു. മായ ഡോക്ടര്‍ക്ക് വിശ്വസിക്കാനായില്ല..
ഡോക്ടര്‍ അപ്പോള്‍ തന്നെ ശിശുക്ഷേമ വകുപ്പുമായി നേരിട്ട് ബന്ധപ്പെട്ടു..കുട്ടിയെ ദത്തെടുക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു..

"വരൂ…"അവര്‍ അവരെ വാര്‍ഡിലേക്ക് കൊണ്ടു പോയി..കണ്ണന്റെ മുത്തശ്ശിയുമായി അല്പനേരം ഡോക്ടര്‍ സംസാരിച്ചു.. അവര്‍ ലക്ഷ്മിയുടെ അരികിലെത്തി. ആ വൃദ്ധ സന്തോഷത്തോടും നിറകണ്ണുകളോടെയും അവളെ കെട്ടിപ്പിടിച്ചു.  ലക്ഷ്മി മാലാഖക്കുട്ടിയെ വാരിയെടുത്തു, മാറിലേക്ക് ചേര്‍ത്തു, പ്രദീപ് കണ്ണനെയും..

“വരൂ..നമുക്ക് വീട്ടിലേക്ക് പോകാം…”
ആ മുത്തശ്ശിയേയും  രണ്ടു കുട്ടികളുമായി അവര്‍ ആശുപത്രി വിടുമ്പോള്‍ മായ ഡോക്ടര്‍ ഉള്‍പ്പെടെ എല്ലാവരും സന്തോഷത്തോടെ അവരെ യാത്രയയക്കാന്‍ ഉണ്ടായിരുന്നു. ഭൂമിയിലെ മാലാഖയായ ലക്ഷ്മിയുടെ അമ്മ മനസ്സിനെ എല്ലാവരും വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു.. അതെ ലക്ഷ്മി ഇനി രണ്ട് കുട്ടികളുടെ അമ്മയാണ്. ഈശ്വരന്‍ കനിഞ്ഞു നല്‍കിയ ആ രണ്ടു കുഞ്ഞുങ്ങളിലൂടെ.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക