Image

ആഗ (കഥാസമാഹാരം-ഉണ്ണിമാധവന്‍): മീട്ടു റഹ്മത്ത് കലാം

Published on 09 May, 2019
ആഗ (കഥാസമാഹാരം-ഉണ്ണിമാധവന്‍): മീട്ടു റഹ്മത്ത് കലാം
ചുറ്റുവട്ടത്ത് കണ്ണോടിച്ച് അറിയുന്ന ജീവിതങ്ങള്‍ മുതല്‍ വായനയില്‍ കടന്നുകൂടിയ അപരിചിത കഥാപാത്രങ്ങള്‍ വരെ ഉപബോധമനസ്സിനെ സ്വാധീനിക്കും. നമ്മുടെ സമ്മതമില്ലാതെ മനസ്സു മെനയുന്ന ജല്പനകളില്‍നിന്നു ഒരു വാഗ്രൂപം ഉയിര്‍ കൊള്ളുമ്പോളാണ് അതൊരു കഥയായി പരിണമിക്കുന്നത്. എഴുത്തുകുത്തുകള്‍ കാലത്തിന്റെ പരിച്ഛേദം ആണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. പലപ്പോഴായി എഴുതിയ കഥകള്‍ തുന്നിച്ചേര്‍ത്ത കഥാസമാഹാരങ്ങള്‍ വായനക്കാരന് വിളമ്പുന്നതും പല കാലങ്ങളിലെ കാഴ്ചകളാണ്. ട്രങ്ക് കോള്‍ ബുക്ക് ചെയ്യുന്നത് മുതല്‍ നിമിഷാര്‍ദ്ധത്തില്‍ എന്തും വൈറലാകുന്ന സൈബര്‍ യുഗം വരെ ഒരുകുടക്കീഴില്‍... ഒന്ന് മറ്റൊന്നിന്റെ നിഴലാകാതെ എത്തുന്ന വ്യത്യസ്ത ഭാവതലങ്ങള്‍ ഉള്ള 18 കഥകളുടെ സമാഹാരമാണ് ആഗ. പ്രവാസി വായനക്കാര്‍ക്കിടയില്‍ സുപരിചിതനായ ശ്രീ. ഉണ്ണി മാധവന്റെ വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമായ കഥകള്‍ ചേര്‍ത്ത് സമാഹരിച്ച പുസ്തകം, സാമൂഹിക പ്രസക്തമായ കാര്യങ്ങള്‍ ലളിതമായ ഭാഷയിലെങ്ങനെ അവതരിപ്പിക്കാമെന്നതിനൊരു മാതൃക കൂടിയാണ്.

സര്‍ഗ്ഗാത്മകതയുടെ തീവ്രവേദനയില്‍ വിടര്‍ന്ന അക്ഷരപ്പൂക്കളില്‍ പ്രണയവും മഴയും ഗൃഹാതുരത്വവും മാത്രമല്ല വിരഹവും അന്ധവിശ്വാസങ്ങളും തുടങ്ങി നവമാധ്യമങ്ങളും ജാതിവ്യവസ്ഥയും സ്ത്രീധനവും എല്ലാം വിഷയമാകുന്നുണ്ട്. പ്രണയമായും പ്രതീക്ഷയായും തേങ്ങലായും മഴയുടെ സാന്നിധ്യം കഥകള്‍ക്ക് മിഴിവേകുന്ന ഘടകങ്ങളിലൊന്നാണ്. നാലുകെട്ടും പാടശേഖരവും വരമ്പും പശ്ചാത്തലമായ കഥകളില്‍ നിന്ന് വേറൊരു തലത്തിലേക്ക് വായനയെ കൂട്ടിക്കൊണ്ടുപോകുന്നു 'മെട്രോ'യുടെ കഥാഗതി. 'ഹൈപോ' വിരല്‍ചൂണ്ടുന്നത് എന്തിനെയും മൊബൈലില്‍ പകര്‍ത്തി വൈറല്‍ ആക്കാന്‍ ശ്രമിക്കുന്നവരിലെ മനുഷ്യത്വം ഇല്ലായ്മയാണ്. നിജസ്ഥിതി അറിയാന്‍ നില്‍ക്കാതെ ഉള്ള പ്രവര്‍ത്തി പലരുടെയും വ്യക്തിജീവിതത്തെ സാരമായി ബാധിക്കാം എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. 

ചിതറിക്കിടക്കുന്ന മൊബൈല്‍ ഫോണിലേക്ക് പ്രിയപ്പെട്ടവന്‍ ഒരിക്കലും തിരിച്ചുവരില്ലെന്ന് അറിയാതെ ഡയല്‍ ചെയ്യുന്ന നീല ചുരിദാറിട്ട് പെണ്‍കുട്ടിയും ചാറ്റ് ബോക്‌സില്‍ മറുവശത്ത് 'മെസ്സേജ് ടൈപ്പിംഗ്' എന്ന് കണ്ട് ,ദിയ മരിച്ചിട്ടില്ല എന്ന് കരുതുന്ന നാലുമണിപ്പൂക്കളിലെ നായകനും വ്യര്‍ഥമായ പ്രതീക്ഷ പേറുന്നവരാണ്. അതൃപ്തിയുടെ വകഭേദങ്ങള്‍ 'തുലാവര്‍ഷം, ഫാവര്‍ -ലൂബ , വ്രതം, നോവ് , സവര്‍ണ്ണന്റെ മകന്‍ , ആഗ 'എന്നീ കഥകളില്‍ പ്രകടമാണ്. മനോവ്യഥകള്‍ പുറംലോകം അറിയാതിരിക്കാന്‍ ഉള്ള ശ്രമങ്ങളും കഥാപാത്രങ്ങള്‍ നടത്തുന്നുണ്ട്. 'തുലാവര്‍ഷ'ത്തിലെ ഭാമ പത്തുവര്‍ഷം നീണ്ട ദാമ്പത്യജീവിതത്തില്‍ താന്‍ അസന്തുഷ്ടയാണെന്നു മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ വേണ്ടിയാണ്ഓഫീസിലെ കൂട്ടുകാരി രേഖയുടെ നിര്‍ബന്ധത്തിനു വിവാഹവാര്‍ഷികത്തിന് ചെലവ് ചെയ്യുന്നത്. 

ഗ്രേസിയെ വിവാഹം ചെയ്യാന്‍ മതംമാറി ജോര്‍ജ് ആകുന്ന 'ഫാവര്‍ -ലൂബ'യിലെ നായകന്‍, ആളുകളുടെ കാഴ്ചപ്പാടില്‍ അയര്‍ലന്‍ഡില്‍ സകുടുംബം കഴിയുന്ന സുഖിമാന്‍ ആണ്. എന്നാല്‍ നാട്ടിലേക്ക് പോകുന്നത് സുഖമില്ലാത്ത അമ്മയെ കാണാന്‍ ആണെന്ന് പോലും ഭാര്യയോട് പറയാന്‍ ധൈര്യമില്ലാതെ , സര്‍ട്ടിഫിക്കറ്റുകള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വാങ്ങാന്‍ ആണെന്ന് കളവ് പറയേണ്ടി വരുമ്പോള്‍ തന്നെ ആ ദാമ്പത്യബന്ധത്തിലെ വിള്ളല്‍ വ്യക്തമാണ്. 'വ്രത'ത്തിലെ ശാന്തിക്കാരനില്‍ അസംതൃപ്തി നിറയ്ക്കുന്നത് സാമ്പത്തിക പരാധീനതയാണ്. ഇല്ലം ജപ്തി ചെയ്യുമെന്ന് ബോധ്യമാകുമ്പോള്‍ ഭാര്യയും മക്കളുമായി എന്ത് ചെയ്യണം എന്ന് അയാള്‍ക്ക് പിടികിട്ടുന്നില്ല. സ്വന്തം മക്കളോട് പോലും പണമില്ലെന്ന് പറയാന്‍ ദുരഭിമാനം അനുവദിക്കാത്തതിന് തെളിവാണ് മസാലദോശ ചോദിക്കുമ്പോള്‍ 'വ്രതമാണ് പുറത്തുനിന്ന് കഴിച്ചു കൂടാ' എന്ന് ഓര്‍മപ്പെടുത്തുന്നത്.

ആദ്യപ്രണയം തകര്‍ന്നതിന്റെ 'നോവ് ' അതിജീവിക്കാന്‍ 20 വര്‍ഷത്തെ പ്രവാസവും കുടുംബജീവിതവും കൊണ്ട് കഴിയാത്ത ഉണ്ണിയും അതൃപ്തനാണ്. സവര്‍ണ്ണനായി പിറന്നതിന്റെ പേരില്‍ തൊഴില്‍രഹിതനായി തുടരേണ്ടി വരുന്ന യുവാവ്, നിലവിലെ സംവരണങ്ങളോടുള്ള എതിര്‍പ്പ് വരച്ചുകാട്ടുന്നു. അച്ഛനും ചിറ്റമ്മയും ഉള്ള വീട്ടില്‍ മനസ്സ് തുറന്നു സംസാരിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന 'ആഗ' എന്ന പെണ്‍കുട്ടിയുടെ നിസ്സഹായത, ഇന്നത്തെ കൗമാരക്കാരില്‍ നല്ലൊരു പക്ഷത്തിന്റെ നേര്‍ചിത്രമാണ് .

ആഗ്രഹിക്കുന്ന സ്‌നേഹവും പരിഗണനയും ലഭിക്കാതെ വിഷാദരോഗത്തിലേക്കും ആത്മഹത്യയിലേക്കും പോകുന്ന സംഭവങ്ങള്‍ കാലീക പ്രസക്തമാണ്. ജൈവഭാവമുള്ള കഥകളുടെ ശ്രേണിയില്‍ പെടുത്താവുന്ന രചനകള്‍ , ജീവിതത്തിന്റെ സമസ്തതലങ്ങളെയും തലോടി കടന്നുപോകുമ്പോള്‍ ഓരോ വായനക്കാരനിലും വ്യത്യസ്തമായ ചിന്താലോകം തീര്‍ക്കാനുള്ള വിടവും ഇട്ടിട്ടുണ്ടെന്നതാണ് പ്രധാന സവിശേഷത.

ആഗ (കഥാസമാഹാരം-ഉണ്ണിമാധവന്‍)

ഉണ്ണിമാധവന്‍
പ്രസാധനം: നല്ലെഴുത്ത്
വില : 150 രൂപ 
ആഗ (കഥാസമാഹാരം-ഉണ്ണിമാധവന്‍): മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക