Image

മിസ്റ്റര്‍ ക്ലീന്‍ വേഴ്സ്സ് മിസ്റ്റര്‍ ക്ലീന്‍(ചിറ്റ്) (പി.വി.തോമസ്- ഡല്‍ഹികത്ത്)

പി.വി.തോമസ്- Published on 13 May, 2019
മിസ്റ്റര്‍ ക്ലീന്‍ വേഴ്സ്സ് മിസ്റ്റര്‍ ക്ലീന്‍(ചിറ്റ്) (പി.വി.തോമസ്- ഡല്‍ഹികത്ത്)
ലോകസഭ തെരഞ്ഞെടുപ്പിന്റെ ചൂടില്‍ മാതൃകചട്ടലംഘനത്തിനും പുലഭ്യം പറച്ചിലിനും രാജ്യം അനുദിനമെന്നവണ്ണം സാക്ഷി ആവുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത്ഷായും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചട്ടലംഘനത്തിന്റെ മുന്‍ നിരയില്‍ ഉണ്ട്. ഏഴിലേറെ ചട്ടലംഘന കേസുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്-ശുദ്ധിപത്രം- ലഭിച്ച മോഡി മിസ്റ്റര്‍ ക്ലീന്‍ചിറ്റ് ആയി മാറിയിരിക്കുകയാണ്. ഷായും തൊട്ട് പിന്നാലെ ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അത് ഭരണഘടനാപരമായ അതിന്റെ ദൗത്യം നിര്‍വഹിക്കുന്നില്ലെന്നും ഉള്ള പരാതി പരക്കെ ഉണ്ട്.
ഉദാഹരണമായി മോഡിയുടെ ഒരു പ്രസ്താവനയും അതിന് കമ്മീഷന്‍ നല്‍കിയ ക്ലീന്‍ ചിറ്റും നോക്കുക.

ഒരു തെരഞ്ഞെുപ്പ് റാലിയില്‍ മോഡി പറഞ്ഞു രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയെ അദ്ദേഹത്ിതന്റെ സ്തുപാഠകര്‍ മിസ്റ്റര്‍ക്ലീന്‍ എന്ന് വിളിച്ചിട്ടുണ്ടായിരിക്കാം. പക്ഷേ അദ്ദേഹം മരിച്ചത് ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്ന പേരോടെ ആണ്. മോഡിയുടെ ഈ ആരോപണത്തില്‍ കഴമ്പില്ല. ഒരു കോടതിയും രാജീവിനെ ബോഫേഴ്‌സ് പീരങ്കി കോഴക്കേസില്‍ ശിക്ഷിച്ചിട്ടില്ല. അതിനാല്‍ മോഡിയുടെ ആരോപണം ശുദ്ധ അസംബന്ധമായി ഒട്ടേറെ രാഷ്ട്രീയ നിരീക്ഷകരും ബുദ്ധിജീവികളും കാണുന്നു. രണ്ടാമത് മരിച്ചു പോയ ഒരു വ്യക്തിയെ കുറിച്ചുള്ള ഈ ആരോപണം ഇന്‍ഡ്യന്‍ സംസ്‌ക്കാരത്തിന് യോജിച്ചതും അല്ല. പോരെങ്കില്‍ അദ്ദേഹം രാജ്യത്തിനും വേണ്ടി രക്തസാക്ഷിത്വം വരിച്ച ഒരു മുന്‍പ്രധാനമന്ത്രിയും ആണ്. മോഡിക്കെന്തേ സമനില തെറ്റി? പക്ഷേ തെരഞ്ഞെടുപ്പു കമ്മീഷന്‍  അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കി. മിസ്റ്റര്‍ ക്ലീന്‍ എന്ന് അറിയപ്പെട്ടിരുന്ന രാജീവ് ഗാന്ധി ഇന്‍ഡ്യയിലെ  ഭ്ര്ഷ്ടാചാര്‍ നമ്പര്‍ ഒന്നും ആയി. ആര്‍ക്കു പിഴച്ചു. മോഡിക്കോ കമ്മീഷനോ?  അതോ വധിക്കപ്പെട്ട രാജീവിനോ? തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ചട്ടവും ധാര്‍മ്മീകതയും പാലിക്കേണ്ടത് അല്ലേ? മോഡിക്ക് അത് രാഷ്ട്രീയ ചൂടില്‍ സാധിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത് സാധിക്കേണ്ടത് അല്ലേ?
മോഡിയുടെ മറ്റൊരു ആരോപണം രാജീവ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ഐ.എന്‍.എസ്. വിരാട് എന്ന ഇന്‍ഡ്യന്‍ നേവിയുടെ യുദ്ധകപ്പല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഉല്ലാസയാത്രക്കായി ലക്ഷദ്വീപ് ദ്വീപ്‌സമൂഹങ്ങളിലേക്ക് കൊണ്ടുപോയി എന്നാണ്. അങ്ങനെ അദ്ദേഹം രാജ്യത്തിന്റെ സുരക്ഷക്ക് ദോഷമായി പ്രവര്‍ത്തിച്ചു. ആ കപ്പലില്‍ സോണിയഗാന്ധിയുടെ ഇറ്റലിയിലുള്ള കുടുംബാംഗങ്ങളും ഉണ്ടായിരുന്നു എന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. രാജീവിന്റെ ഭാര്യയും മക്കളും കൂടാതെ കുടുംബ സുഹൃത്തായ അമിതാബച്ചന്റെ കുടുംബവും ഉണ്ടായിരുന്നത്രെ. രാജീവിന്റെ മരണത്തിന് 28 വര്‍ഷം ശേഷം എന്തിനാണ് മോഡി ഈ ആരോപണവും ഭ്രഷ്ടാചാര്‍ നമ്പര്‍ വണ്‍ ആരോപണവും കുത്തിപ്പൊക്കുന്നത്? ഒരു തെരഞ്ഞെടുപ്പ് ജയിക്കുവാന്‍ വേണ്ടിയോ? രാജീവിന്റെ ലക്ഷദ്വീപ് യാത്ര ഒരു ഔദ്യോഗിക യാത്ര ആയിരുന്നുവെന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. അന്നത്തെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ വജാഹത്തു ഹബീബുള്ളയും ഇതു തന്നെ പറയുന്നു. രാജീവിന്റെ കുടുംബവും സോണിയയുടെ കുടുംബവും അമിതാബച്ചന്റെ കുടുംബവും പവന്‍ഹംസിന്റെ ഹെലികോപ്്ടറില്‍ പിന്നീട് ചേര്‍ന്നതാണെന്നും ഹബീബുള്ള പറയുന്നു. സംശയനിവാരണത്തിന് മോഡിയുടെ സുഹൃത്തായ അമിതാബച്ചന്‍ ജീവിച്ചിരിപ്പുണ്ട്. ഇത് കള്ളമാണെങ്കില്‍ മോഡിക്ക് എതിരെ നടപടി എടുക്കേണ്ടതല്ലെ കമ്മീഷന്‍? പക്ഷേ, കമ്മീഷന്റെ കാര്യങ്ങള്‍ വളരെ ദയനീയം ആണ്. അതിലേക്ക് പിന്നീട് വിശദമായി വരാം.

രാഹുല്‍ഗാന്ധിയും പുലഭ്യം പറയുന്നതില്‍ ഒട്ടും പിറകോട്ടല്ല. മോഡിയെയും ഷായെയും വച്ചു നോക്കുമ്പോള്‍ അല്പം ഭേദം ആണെന്ന് മാത്രം. അദ്ദേഹം അനാവശ്യമായി സുപ്രീം കോടതിയെ റഫേല്‍ യുദ്ധവിമാന കോഴക്കേസിലേക്ക് വലിച്ചിഴക്കുകയുണ്ടായി. റഫേല്‍ യുദ്ധ വിമാനവിധി പുനപരിശോധന നടത്തുവാന്‍ സമ്മതിക്കുകവഴി സുപ്രീം കോടതിയും ചൗക്കിദാര്‍(മോഡി) ചോര്‍(കള്ളന്‍) ആണെന്ന രാഹുലിന്റെ നിലപാടിനെ അംഗീകരിച്ചുവെന്ന് ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം കൊട്ടിഘോഷിച്ചു. ഇത് വസ്തുതാവിരുദ്ധം ആണ്. പാറാവുകാരന്‍ കള്ളന്‍ ആണെന്നത് രാഹുലിന്റെ രാഷ്ട്രീയ മുദ്രാവാക്യം ആണ്.  അത് 1989 ല്‍ ബോഫേഴ്‌സ് പീരങ്കി കോഴക്കേസില്‍ രാജീവ് ഗാന്ധിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച 'ഗലിഗലി മെ ഷോര്‍ ഹെ രാജീവ്ഗാന്ധി ചോര്‍ ഹെ'  എന്ന മുദ്രാവാക്യത്തിന് ബദല്‍ ആണ്. അതുതന്നെ ആണ് മോഡി രാജീവിനെതിരെയും ഉയര്‍ത്തിയത്. പക്ഷേ, സുപ്രീം കോടതിയെ ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യവുമായി യോജിപ്പിക്കുക വഴി രാഹുല്‍ ഗാന്ധി കോടതി അലക്ഷ്യം ചെയ്തു. മാപ്പ് പറയുകയും ചെയ്തു. അത് കോടതി അംഗീകരിക്കുമോ എന്നത് അറിയുവാന്‍ ഇരിക്കുന്നതേയുള്ളൂ. പാറാവുകാരന്‍ കള്ളന്‍ ആണ് എന്ന രാഹുലിന്റെ മുദ്രാവാക്യം കൊള്ളാം. പക്ഷേ, സുപ്രീം കോടതിയെ അതുമായി ബന്ധിപ്പിച്ചത് മണ്ടത്തരമായിപ്പോയി. അതിന് രാഹുലിന് മാപ്പുപറയേണ്ടതായും വന്നു. 2019-ലെ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രചുര പ്രചാരം നേടിയ മുദ്രാവാക്യവും ഇതു തന്നെയാണ്. ഇതില്‍ ഉള്‍ക്കലികൊണ്ട മോഡിയാണ് രാഹുലിന്റെ പിതാവിനെ കള്ളന്‍ നമ്പര്‍ വണ്‍ ആയി  മുദ്രകുത്തുന്നത് മരണാനന്തരവും. പാറാവുകാരന്‍ കള്ളന്‍ ആണെന്ന മുദ്രാവാക്യത്തില്‍ അധാര്‍മ്മിത ഇല്ല. പക്ഷേ, രാഹുലിന് അത് തെളിയിക്കുവാന്‍ സാധിക്കണം. പക്ഷേ, രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ ആണെന്നത് അധാര്‍മ്മീകം ആണ്. കാരണം അദ്ദേഹം ഒരു രക്തസാക്ഷി ആണ്. ജീവിക്കുന്ന കാലത്തും ഇതേ ആരോപണം ഉണ്ടായതല്ലാതെ ഒരു കോടതിയും അദ്ദേഹത്തെ അഴിമതിക്കാരനായി കുറ്റം വിധിച്ചിട്ടില്ല. 64 കോടിരൂപയുടെ ബോഫേഴ്‌സ് പീരങ്കികോഴക്കേസ് അന്വേഷിക്കുവാനായി സി.ബി.ഐ. 250 കോടി രൂപ ചിലവഴിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്തുവാനായില്ല. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഈ വക ആരോപണങ്ങളിലൂടെ തരം താഴരുതായാരുന്നു.

ജയിഷ്-ഇ-മുഹമ്മദ് ഭീകരസംഘടനയുടെ നേതാവ് മസൂദ് അഷറിനെ ആഗോളഭീകരനായി ഐക്യരാഷ്ട്ര സഭ മെയ് ഒന്നാം തീയതി പ്രഖ്യാപിച്ചു. വര്‍ഷങ്ങളായി ഇന്‍ഡ്യ ഇതിന് ശ്രമിക്കുന്നതാണ്. ചൈന ആയിരുന്നു പ്രധാന വഴിമുടക്ക്. അവസാന ആഗോള ശക്തികളുടെ സമ്മര്‍ദത്തിന് വഴങ്ങി ചൈനയും സമ്മതിച്ചു. അങ്ങനെ അഷര്‍ ആഗോള ഭീകരനായി. പിറ്റെ ദിവസം മോഡി ഇത് തെരഞ്ഞെടുപ്പ് ആയുധം ആക്കി. മുന്‍ ഗവണ്‍മെന്റുകളെ പഴിച്ചു. ശരിതന്നെ. പക്ഷേ, അവരും ഇതിനായി ശ്രമിച്ചു എന്ന കാര്യത്തില്‍ സംശയം ഇല്ല. പക്ഷേ, വിജയിച്ചില്ല. ആരാണ് ഈ അഷര്‍? പാര്‍ലിമെന്റ് ആക്രമണത്തിനും മുംബൈ ഭീകരാക്രമണത്തിന്റെയും സൂത്രധാരന്‍ ആണ് ഈ പാക്കിസ്ഥാന്‍കാരന്‍ ഭീകരവാദി. 1994- ഫെബ്രുവരിയില്‍ ഈ ഭീകരനെ ഇന്‍ഡ്യ അറസ്റ്റു ചെയ്തതാണ്. അന്ന് കോണ്‍ഗ്രസ് ആണ് ഇന്‍ഡ്യ ഭരിക്കുന്നത്. ബി.ജെ.പി. അല്ല. എന്നാല്‍ 1999 ഡിസംബറില്‍ അഷറിനെ ഇന്‍ഡ്യ മോചിപ്പിച്ചു. അന്ന് ഇന്‍ഡ്യ ഭരിക്കുന്നത് ബി.ജെ.പി.ആണ്. അഷറിനെ മോചിപ്പിക്കുന്ന സാഹചര്യം ഇന്‍ഡ്യന്‍ എയര്‍ ലൈന്‍സിന്റെ വിമാനത്തെയും യാത്രക്കാരെയും അഷറിന്റെ അനുയായികള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ ആണ് (ഫ്‌ളൈറ്റ് നമ്പര്‍ 814, കാണ്ടഹാര്‍). അതിനുശേഷം ആണ് അഷര്‍ പാര്‍ലിമെന്റ്- ജമ്മുകാശ്മീര്‍ അസംബ്ലി ആക്രമണവും(2001) പാര്‍ലിമെന്റ് ആക്രമണവും(2002) പത്താന്‍കോട്ട് വ്യോമസേന കേന്ദ്ര ആക്രമണവും നടത്തുന്നത്. എല്ലാം ബി.ജെ.പി. ഭരണകാലത്തും. എന്താണ് അഷറിനെ ആഗോളഭീകരവാദി ആയി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചതില്‍ മോഡിക്ക് ഇത്ര കൊട്ടിഘോഷിക്കുവാന്‍? ആരാണ് അഷറിനെ സൃഷ്ടിച്ചത്?  കൂടു തുറന്നു വിട്ടത്?

ഇതെല്ലാം തെരഞ്ഞെടുപ്പ് പ്രചരണ ആയുധം ആക്കുന്നതിലും അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കാത്തതിലും നീതിനിരാകരണം ഉണ്ട്. മോഡിയെയും ഷായെയും ക്ലീന്‍ചിറ്റ് നല്‍കി ഒട്ടേറെ കേസുകളില്‍മുക്തരാക്കിയ കമ്മീഷന്‍ യോഗി ആദിത്യനാഥിനെയും സാധ്വി പ്രാഗ്യാസിംങ്ങ് ഠാക്കൂറിനെയും(രണ്ടും ബി.ജെ.പി.) മായാവതി ചെയ്യും(ബി.എസ്.പി.) പേരിനുമാത്രം ശിക്ഷിക്കുകയുണ്ടായി. അതായത് തെരഞ്ഞെടുപ്പ് പ്രചരണ വിലക്ക്, ഏതാനും ദിവസത്തേക്ക്.
എന്നാല്‍ നമോ റ്റി.വി.(ബി.ജെ.പി.)യുടെ പ്രക്ഷേപണത്തില്‍ കമ്മീഷന്‍ സ്വമേധയാ നടപടി എടുത്തില്ല. മോഡിയെക്കുറിച്ചുള്ള സിനിമയുടെ പ്രദര്‍ശനത്തിലും കമ്മീഷന്‍ നടപടി എടുത്തത് പ്രതിപക്ഷത്തിന്റെ പ്രക്ഷോഭണത്തിന് ശേഷം ആണ്. പുല്‍വാമയും ബാലകോട്ടും വോട്ടുപിടിക്കുവാനായി മോഡി ഉപയോഗിക്കുന്നതിന് കമ്മീഷന്‍ നല്‍കിയത് ക്ലീന്‍ ചിറ്റ് ആണ്. അങ്ങനെ അക്കമിട്ട് പറയുവാന്‍ ഏറെയുണ്ട്. അമ്പതിനടുത്തു തെരഞ്ഞെടുപ്പ് ചട്ടലംഘനാരോപണം അന്ന് കമ്മീഷന്റെ മുമ്പാകെ ഇതുവരെ വന്നിട്ടുള്ളത് അതില്‍ മുഖം നോക്കാതെ സമയബന്ധിതമായി നടപടി എടുത്തത് ചുരുക്കം ആണ്. വിയോജനകുറിപ്പ് മറക്കുന്നില്ല. മോഡിയും ഷായും മിസ്റ്റര്‍ ക്ലീന്‍ ചിറ്റും രാജീവ് ഗാന്ധിയെന്ന മുന്‍ മിസ്റ്റര്‍ ക്ലീന്‍ ഒന്നാം നമ്പര്‍ അഴിമതി വീരനും- മരണാനന്തര ബഹുമതി! ശാന്തം, പാവം.

മിസ്റ്റര്‍ ക്ലീന്‍ വേഴ്സ്സ് മിസ്റ്റര്‍ ക്ലീന്‍(ചിറ്റ്) (പി.വി.തോമസ്- ഡല്‍ഹികത്ത്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക