Image

മറവിരോഗം ഗുരുതരമായ അവസ്ഥ (ത്രേസ്യാമ്മ നാടാവള്ളില്‍)

ത്രേസ്യാമ്മ നാടാവള്ളില്‍ Published on 16 May, 2019
മറവിരോഗം ഗുരുതരമായ അവസ്ഥ  (ത്രേസ്യാമ്മ നാടാവള്ളില്‍)
പ്രായമാകുമ്പോള്‍ എല്ലാ മനുഷ്യര്‍ക്കും അല്പാപം മറവിയുണ്ടാവുക സാധാരണമാണ്. പേരുകള്‍ മറന്നു പോവുക, സാധനങ്ങള്‍ വച്ചത് എവിടെയാണെന്നറിയാതെ തപ്പി നടക്കുക, ദേഷ്യപ്പെടുക തുടങ്ങി പലതും പ്രായത്തിന്റെ കീറാമുട്ടികളാണ്. പലരുടെയും മറവി അശ്രദ്ധകൊണ്ടോ വീണ്ടും ഒന്നോര്‍മ്മിക്കാത്തതു കൊണ്ടോ സംഭവിച്ചതായിരിക്കും. എന്നാല്‍ ചില മറവികള്‍ കാലക്രേമേണ രോഗമായിത്തീര്‍ന്ന് ഗുരുതരമായ അവസ്ഥയെ പ്രാപിക്കാറുണ്ട്.

പല കുടുംബങ്ങളിലും അച്ഛനൊ അമ്മയ്‌ക്കോ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ മറവിയും മറ്റുഭാവമാറ്റങ്ങളും ഉണ്ടായാലും അതു രോഗമാണെന്നു തിരിച്ചറിയുമ്പോഴേക്കും ഒരുപാടു വൈകിയിരിക്കും. മാനസികമായി രണ്ടുപേര്‍ അകലുന്ന അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ അകലുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നെന്നിരിക്കും. കാരണം മറവി മാത്രമല്ല മറ്റു പല സ്വഭാവ വൈചിത്രങ്ങളും ഈ രോഗത്തിന്റെ ഭാഗമായി കണ്ടുവരുന്നുവെന്നതാണ്. സ്‌നേഹമില്ലായ്മ, ദേഷ്യം, ആക്രമണസ്വഭാവം, വിപരീത ചിന്തകള്‍, ശരിതെറ്റുകളുടെ നിര്‍ണ്ണയം അസാധ്യമാവുക, തീരുമാനങ്ങളെടുക്കാന്‍ പറ്റാതെയാവുക. തനിക്കെതിരെ എല്ലാവരും ഗൂഢാലോചന നടത്തുന്നു എന്ന ചിന്തയുണ്ടാവുക, മാനസിക രോഗലക്ഷണങ്ങള്‍ കാണിക്കുക. ആവശ്യമില്ലാത്ത സാധനങ്ങള്‍ ശേഖരിച്ചു വയ്ക്കുക തുടങ്ങി പലതും ഇതിന്റെ ലക്ഷണങ്ങളാണ്. ഇതെല്ലാം ഒരു ഡോക്ടറിന്റെ അടുത്തെത്തിക്കാന്‍ മതിയായ കാരണങ്ങളാണെങ്കിലും രോഗി ഒരിക്കലും കുടുംബാംഗങ്ങളോടു സഹകരിക്കാനൊ ഡോക്ടറിനെക്കാണാനോ തയ്യാറായെന്നു വരില്ല. പല വീടുകളിലും രോഗമെന്തെന്നറിയാതെ എല്ലാം സഹിച്ചു ജീവിക്കുന്നവരുണ്ട്. വളരെ സാവധാനത്തില്‍ ആരംഭിച്ച് പതിനഞ്ചും ഇരുപതും വര്‍ഷം ഈ രോഗത്തിനടിമകളായി ജീവിക്കുന്ന ധാരാളം പേരുണ്ട്. ദിനചര്യകള്‍ പോലും മറന്ന് സ്ഥകാലബോധം നശിച്ച് വളരെ ഭീകരമായ അവസ്ഥയില്‍ കഴിയുന്നവരാണവര്‍. 'തന്മാത്ര' സിനിമയില്‍ കാണുന്നതുപോലെ പെട്ടെന്നൊരു ദിവസം ആരംഭിക്കുന്ന ഒന്നല്ല ഇത്.

മുകളില്‍ പറഞ്ഞ രോഗലക്ഷണങ്ങളില്‍ പലതും കണ്ടുകഴിഞ്ഞാല്‍  ഒരു ന്യൂറോളജിസ്റ്റിനെയൊ സൈക്കിയാട്രിക്‌സിനെയോ കാണിച്ച് രോഗനിര്‍ണ്ണയം ചെയ്യണം. ഇത് ഒളിച്ചുവയ്‌ക്കേണ്ട ഒരു രോഗമായി ആരും കരുതേണ്ടതില്ല. ശരീരത്തിനു വരുന്ന രോഗം പോലെ തലച്ചോറിനെ ബാധിക്കുന്ന ഒന്നായി മാത്രം കണ്ടാല്‍ മതി. രോഗം നിര്‍ണയിച്ചു കഴിഞ്ഞാല്‍ പഴയതെല്ലാം മറന്ന് രോഗിയാണെന്ന ചിന്തയോടെ, ക്ഷമയോടെ; സ്‌നേഹവും കരുണയും ബഹുമാനവും കൊടുത്തു പരിചരിക്കാന്‍ കുടുംബാംഗങ്ങള്‍ ശ്രമിക്കണം. നമ്മുടെ സ്‌നേഹവും ക്ഷമയും രോഗം കഠിനമാകാതിരിക്കാന്‍ ഉപകരിക്കും. ഫലപ്രദമായ മരുന്ന് ഈ രോഗത്തിന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. രോഗത്തിന്റെ പുരോഗതിയെ സാവധാനത്തിലാക്കാനുള്ള മരുന്നു മാത്രമേ ഇപ്പോള്‍ ലഭ്യമാകുന്നുള്ളൂ. ആയുര്‍വേദത്തില്‍ ബ്രഹ്മി, കുടുങ്ങല്‍ തുടങ്ങിയ പച്ചമരുന്നുകള്‍ പ്രയോജനപ്പെട്ടേക്കാം എന്നു കേള്‍ക്കുന്നു.

2006-ല്‍ ലോകാരോഗ്യസംഘടന നടത്തിയ ഒരു സര്‍വ്വേയില്‍ ലോകത്താകമാനം നാലുകോടിയും ഇന്‍ഡ്യയില്‍ 40 ലക്ഷവും കേരളത്തില്‍ 1.5 ലക്ഷവും ജനങ്ങള്‍ മറവി രോഗകളാണെന്നു കണ്ടെത്തി. 2018 ആയപ്പോഴേക്കും ലോകത്ത് 10 കോടി ജനങ്ങള്‍ മറവിരോഗികളാണെന്നു കേള്‍ക്കുന്നു. 65 വയസ്സിനു മുകളിലാണ് ഈ രോഗം കൂടുതലായി കാണുന്നതെങ്കിലും അതിന് വളരെ മുമ്പുതൊട്ടേ മറവിരോഗം പിടിപെടുന്നവര്‍ ധാരാളമുണ്ട്. 85 വയസ്സിനുമേല്‍ പ്രായമുള്ളവരില്‍ 50% പേരും ഈ രോഗത്തിനടിമകളാണ്. ആയുര്‍ദൈര്‍ഘ്യം കൂടുമ്പോള്‍ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാകുന്നുവെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

ഇന്ദ്രിയങ്ങളിലൂടെ നാം സാംശീകരിച്ച അനുഭവങ്ങളെ തലച്ചോറില്‍ സംഭരിച്ചുവച്ച് ആവശ്യാനുസരണം ഉപയോഗിക്കാനുള്ള കഴിവാണ് ഓര്‍മ്മ. ഈ ഓര്‍മ്മ നശിക്കാനുള്ള കാരണങ്ങള്‍ കൃത്യമായി കണ്ടെത്തിയിട്ടില്ലെന്നതാണ് വാസ്തവം. പ്രായമാകുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ കുറേശ്ശെ നഷ്ടമാകുന്നു. അപ്പോള്‍ ആ ഭാഗം ചുരുങ്ങുകയും പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാനൊ രേഖപ്പെടുത്താനൊ തലച്ചോറിനാകാതെ വരുന്നു. അതിനാല്‍ പഴയ ഓര്‍മ്മകളില്‍ മാത്രം മുഴുകി രോഗി ശിഷ്ടജീവിതം കഴിച്ചുകൂട്ടാന്‍ പ്രേരിതനാകുന്നു. ജനിതകമായ കാരണങ്ങളും ചിലപ്പോള്‍ രോഗത്തിന് ആക്കം കൂട്ടിയേക്കാം.

രോഗിയോടൊപ്പം ജീവിക്കുന്ന ആള്‍ (ഭാര്യയോ ഭര്‍ത്താവോ മക്കളൊ ആരെങ്കിലും) ആയിരിക്കും ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നത്്. അവര്‍ക്കു വേണ്ട പിന്തുണ കുടുംബാംഗങ്ങളില്‍ നിന്നുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് അല്ലെങ്കില്‍ അവരുടെ ആരോഗ്യനിലയും തകരാറിലാകും. സഭ്യമല്ലാത്ത വാക്കുകള്‍. അക്രമ സ്വഭാവം തുടങ്ങിയവ കാണിക്കുമ്പോള്‍ സമചിത്തത കൈവെടിയാതെ ക്ഷമിക്കുവാനും പരിചരിക്കുവാനും കഴിയണമെങ്കില്‍ ആരോഗ്യമുള്ള മനസ്സും ശരീരവും ഉണ്ടായിരിക്കണം.

അള്‍സൈമേഴ്‌സ് സൊസൈറ്റി ഓഫ് ഇന്‍ഡ്യയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യയിലാകമാനം ഇരുപത്തി രണ്ടു കേന്ദ്രങ്ങള്‍ സ്ഥാപിതമായിട്ടുണ്ട്. കേരള സര്‍ക്കാര്‍ 14 ജില്ലകളിലും ഇവരുടെ അധിവാസത്തിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയെങ്കിലും തിരുവനന്തപുരത്തും എറണാകുളത്തും മാത്രമെ അതു പ്രവര്‍ത്തിക്കുന്നുള്ളൂ. തിരുവനന്തപുരത്ത്, തിരുവല്ലത്ത് 'സ്‌നേഹസദനം' എന്നൊരു സ്ഥാപനം ഉണ്ട്. അതില്‍ ഇപ്പോള്‍ 14 അന്തേവാസികളുണ്ട്.

മുപ്പതു തരം മറവിരോഗങ്ങളുണ്്. അതില്‍ ഏറ്റവും കൂടുതലായി കാണുന്നതാണ് അള്‍സൈമേഴ്‌സ് ഡിമന്‍ഷ്യ. 100 പേരില്‍ പത്തു പേരുടെയെങ്കിലും രോഗം ന്യൂറോ സൈക്കോളജിക്കല്‍ ടെസ്റ്റിലൂടെ മാറ്റിയെടുക്കാവുന്നതാണ്. അതുകൊണ്ട് രോഗലക്ഷണഹ്ങള്‍ കണ്ടു തുടങ്ങിയാല്‍ എത്രയും വേഗം ടെസ്റ്റുകള്‍ക്കു വിധേയമാക്കുകയും, രോഗനിര്‍ണ്ണയം നടത്തുകയും, മാറ്റിയെുക്കാവുന്നതാണെങ്കില്‍ അതിനുള്ള ചികിത്സ ആരംഭിക്കുകയും വേണം. അല്ലെങ്കില്‍ വളരെ ഗുരുതരമായ ഭവിഷത്തുകളെ നേരിടേണ്ടിവരും.

കൃത്യമായ വ്യായാമം, നല്ല ഉറക്കം, സാമൂഹ്യ ഇടപെടല്‍, നല്ല ഭക്ഷരീതി, മാനസികാരോഗ്യം പുതിയ കാര്യങ്ങളുടെ പഠനം, പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാതെ നേരിടല്‍, ശാരീരികാരോഗ്യം പരിരക്ഷിക്കുക, പോസിറ്റീവ് ചിന്താഗതി വളര്‍ത്തുക, കളികളില്‍ ഏര്‍പ്പെടുക തുടങ്ങി പലതും ഈ രോഗം വരാതിരിക്കാന്‍ ഉപകരിക്കും.

രോഗമമാണെന്നറിയാതെ വഴക്കും വക്കാണവുമായി ജീവിതം ഹോമിക്കുന്നവര്‍ക്കു ഈ ലേഖനം ഉപകരിക്കുമെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥയായി.
മറവിരോഗം ഗുരുതരമായ അവസ്ഥ  (ത്രേസ്യാമ്മ നാടാവള്ളില്‍)
Join WhatsApp News
abdul punnayurkulam 2019-05-16 13:28:36
Thank you, Theresa. it's informative.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക