Image

എന്റെ നഷ്ടപ്രണയം (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 21 May, 2019
എന്റെ നഷ്ടപ്രണയം  (കവിത:  രാജന്‍ കിണറ്റിങ്കര)
ഇന്നെന്റെ

നഷ്ട പ്രണയത്തിന്റെ

ഓര്‍മ്മ ദിവസം

 

കിഴക്ക് വെള്ള കീറുമ്പോള്‍

മതിലുകള്‍ അതിരു പാകാത്ത

മുളങ്കാടുകള്‍ക്കിടയിലൂടെ

കേട്ട നൂപുരധ്വനികള്‍

 

മഞ്ഞിന്‍ കണങ്ങള്‍

അടര്‍ന്നുവീഴാതെ

തുളുമ്പി നില്‍ക്കുന്ന

പ്രഭാതവദനത്തിലെ

നിന്റെ നുണക്കുഴികള്‍

 

ആദ്യകിരണത്തിന്റെ

തലോടലേറ്റ്

പാതി കൂമ്പിയ

ആമ്പല്‍ പൂവില്‍

മൗനം മീട്ടിയ

ശ്രീ രാഗങ്ങള്‍

 

വിടരാനാവും മുമ്പെ

രാത്രി മഴയില്‍

കൊഴിഞ്ഞു വീണ

മാമ്പൂവിന്റെ

നഷ്ട സുഗന്ധം പോലെ

നിന്റെ പൊട്ടിച്ചിരികള്‍

 

പടിയിറങ്ങുമ്പോള്‍

വാതില്‍ക്കല്‍

മറഞ്ഞു നിന്ന്

നീ ഒഴുക്കിയ

വേര്‍പാടിന്റെ

കണ്ണീര്‍ പാടുകള്‍

 

ഒടുവില്‍

യാത്ര പറച്ചിലിന്റെ

തിരിഞ്ഞുനോട്ടത്തില്‍

ഇനി ഒരിക്കലും

കണ്ടുമുട്ടില്ലെന്ന്

പറയാതെ പറഞ്ഞ

നിന്റെ കടമിഴിക്കോണിലെ

വിഷാദ ഭാവങ്ങള്‍

 

എല്ലാം

കുത്തിനോവിക്കുന്നുണ്ട്

 

എനിക്ക് നഷ്ടപ്പെട്ട

ഈറന്‍ പുലരികള്‍

ഗ്രാമസന്ധ്യകള്‍

പനം തത്തകള്‍ തീര്‍ത്ത

മുളം കാടിന്റെ സംഗീതം

മാഞ്ഞു പോയ

പച്ചപ്പുകള്‍

വേനല്‍ കിനാവുകള്‍

 

എന്റെ നഷ്ട പ്രണയം

 

എന്റെ നഷ്ടപ്രണയം  (കവിത:  രാജന്‍ കിണറ്റിങ്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക