Image

കൊടുങ്കാറ്റിനെ തടഞ്ഞു നിര്‍ത്തി കേരളം; സിപിഎമ്മിനെ അട്ടിമറിച്ചതിച്ചത് ഇടതുപക്ഷ ആക്ടിവിസ്റ്റുകള്‍ കൂടിയാണ്

കലാകൃഷ്ണന്‍ Published on 23 May, 2019
കൊടുങ്കാറ്റിനെ തടഞ്ഞു നിര്‍ത്തി കേരളം; സിപിഎമ്മിനെ അട്ടിമറിച്ചതിച്ചത് ഇടതുപക്ഷ ആക്ടിവിസ്റ്റുകള്‍ കൂടിയാണ്

ഉത്തരേന്ത്യയിലെ ജനങ്ങളെ നോക്കി കേരളത്തിലെ സിപിഎമ്മിനും ബുദ്ധിജീവികള്‍ക്കും പരിഹസിക്കണമെന്നുണ്ട്. പക്ഷെ കേരളത്തിലെ അവസ്ഥയില്‍ എന്ത് ചെയ്യാന്‍. 

വോട്ടിംഗ് മെഷ്യനെ കുറ്റം പറയണമെന്ന് കോണ്‍ഗ്രസിനുമുണ്ട്. പക്ഷെ കേരളത്തിലെ അസാധാരണ വിജയം മുമ്പില്‍ നില്‍ക്കുമ്പോള്‍ എന്ത് പറയാന്‍. 

എന്തായാലും കേരളത്തിലെ ജനങ്ങള്‍ക്ക് തങ്ങളുടെ നവോത്ഥാന പാരമ്പര്യത്തില്‍ അഭിമാനം കൊള്ളാം. അവര്‍ കൊടുങ്കാറ്റിനെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നു. 

കേരളത്തില്‍ പത്തിടത്ത് യുഡിഎഫിന് ലീഡ് ഒരു ലക്ഷത്തിന് മുകളിലെന്നത് ജനത്തെ കേവല രാഷ്ട്രീയ ബോധം വെച്ച് അളക്കരുത് എന്നതിന്‍റെ സൂചനയാണ്. 

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ മികച്ച പ്രകടനമാണ് നടത്തിയത് എന്നതിന് സംശയമൊന്നുമില്ല. പ്രളയത്തിന്‍റെ ദിനങ്ങളിലും നിപയുടെ കാലത്തും അത് കേരളം കണ്ടും അനുഭവിച്ചും അറിഞ്ഞതാണ്. എന്നിട്ടും കനത്ത പരാജയം നേരിട്ടിരിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാജയത്തെ ന്യായീകരിക്കാതെ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്ന് പറഞ്ഞത് സ്വാഗര്‍താര്‍ഹം തന്നെ. എന്നാല്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിക്കുന്ന സൈബര്‍ സഖാക്കള്‍, അഭിനവ വിപ്ലവകാരികള്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നത് പോലെയാണ് പരാജയത്തെ ന്യായീകരിക്കുന്നത്. 

കെ.കെ ശൈലജ ടീച്ചര്‍, രവീന്ദ്രന്‍ മാഷ്, ജി സുധാകരന്‍ തുടങ്ങി മികച്ച മന്ത്രിമാര്‍ തന്നെയാണ് സിപിഎമ്മിന്‍റെ വകുപ്പുകള്‍ ഭരിക്കുന്നത്. എന്നിട്ടും ഈ വിധമൊരു പരാജയം. സിപിഎം കേഡര്‍ സംവിധാനത്തിലെ താന്‍പോരിമയും സൈബര്‍ സഖാക്കളുടെ ഇടതുപക്ഷ ആക്ടിവിസ്റ്റുകളുടെ അസഹിഷ്ണുതയുമാണ് ഏറ്റവും വലിയ പ്രശ്നമെന്ന് തന്നെ മനസിലാക്കണം. മറ്റുള്ളവരോട് തികഞ്ഞ പരിഹാസമാണ് ഇവരുടെ മൂലധനവും ആയുധവും. സമൂഹത്തെ മനസിലാക്കുന്നതില്‍ ഇവര്‍ പരാജയപ്പെടുന്നു. 
ഉദാഹരണമാണ് ദീപാ നിശാന്ത് എന്ന ഇടതുപക്ഷ സഹായി. ആലത്തൂരില്‍ രമ്യാ ഹരിദാസിന് ഒന്നരലക്ഷം ഭൂരിപക്ഷം നേടിക്കൊടുത്തത് ദീപാ നിശാന്ത് എന്ന കവിതക്കള്ളിയുടെ രമ്യാ വിമര്‍ശനങ്ങളായിരുന്നു. രമ്യ ഇലക്ഷന്‍ വേദികളില്‍ പാട്ടു പാടിയതിനെ സ്റ്റാര്‍ സിംഗറിനോട് ഉപമിച്ച് പരിഹസിച്ചു ദീപ. ത്രിതല പഞ്ചായത്തില്‍ ജനത്തോട് നേരിട്ട് സംവദിച്ച് വിജയം നേടിയ രമ്യയെ പരിഹസിക്കാന്‍ ഫേസ്ബുക്ക് ആക്ടിവിസ്റ്റിന് എന്ത് ജ്ഞാനം എന്ന് ജനങ്ങള്‍ സ്വാഭാവികമായും ചിന്തിച്ചിരിക്കും. ഫലമോ രമ്യ പാട്ടും പാടി വന്‍ ഭൂരിപക്ഷം സ്വന്തമാക്കി. 

മിഥുനം സിനിമയിലെ മോഹന്‍ലാലിന്‍റെ അവസ്ഥയിലാണ് ഇപ്പോള്‍ സിപിഎം. മോഹന്‍ലാലിന്‍റെ കമ്പിനിയിലെ കേബിള്‍ വരെ ഊരി വിറ്റ് കാശടിച്ചതിന് ശേഷം എന്‍റെ അനിയന്‍ കമ്പനി നടത്തിയില്ലെങ്കില്‍ എനിക്ക് പുല്ലാടാ എന്ന് വെല്ലുവിളിക്കുന്ന കുടിയന്‍ ഇന്നസെന്‍റിനെ പോലെയാണ് ഇപ്പോള്‍ ദീപാ നിശാന്ത്. തോറ്റാലും ഇടതുപക്ഷം ജയിച്ചത് പോലെയാണ് എന്നാണ് ദീപയുടെ വിലയിരുത്തല്‍. ഇന്നത്തെ ഇന്ത്യയില്‍ പാര്‍ലമെന്‍ററി ജനാധിപത്യത്തിലെ പ്രാധിനിത്യം നഷ്ടപ്പെടുന്നത് എത്രത്തോളം ദുഷ്കരമായ അവസ്ഥയാണെന്ന് ദിപാ നിശാന്തിന് മനസിലാവില്ല. അതിന് രാഷ്ട്രീയം എന്തെന്ന് അറിയണം. 

ഇത്തരക്കാരുടെ പ്രതികരണവും സിപിഎം സപ്പോര്‍ട്ടും ജനത്തിന് മതിപ്പല്ല അവമതിപ്പാണ് ഉണ്ടാക്കിയത് എന്നത് സിപിഎം ഇനിയെങ്കിലും മനസിലാക്കണം. 
ഇടതുപക്ഷം എന്ന വ്യാജലേബല്‍ സ്വയം പതിപ്പിച്ച വ്യാജ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളാണ് ഇടതു ഇമേജിനെ തകര്‍ക്കുന്നത് എന്ന് സിപിഎം ഇനിയെങ്കിലും മനസിലാക്കണം. ഇവര്‍ സ്ഥാനമാനങ്ങള്‍ക്കും വേദികള്‍ക്കും വേണ്ടിയാണ് കമ്മ്യൂണിസ്റ്റുകളാകുന്നത് എന്നതാണ് വസ്തുത. അത് തിരച്ചറിയുകയും ഇവര്‍ ജനത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന് ബോധ്യം വരുകയുമാണ് ഇനി സിപിഎം കടന്നു പോകേണ്ട വഴി. 

സിപിഎം കേഡര്‍ സംവിധാനത്തിലെ ഗുണ്ടാ രാജ് മറ്റൊരു പ്രതിസന്ധി തന്നെയാണ്. ഏറ്റവുമൊടുവില്‍ വടകരയിലെ മുന്‍ സിപിഎം പ്രവര്‍ത്തകനും സ്വതന്ത്ര്യ സ്ഥാനാര്‍ഥിയുമായ നസീറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് ഉദാഹരണം. കാസര്‍കോട് രണ്ട് ചെറുപ്പക്കാരെ നിഷ്കരുണം വെട്ടിയരിഞ്ഞതിന് കേരളം മാപ്പു നല്‍കുമെന്ന് കരുതിയോ?
 
എന്നാല്‍ കേരളത്തിന്‍റെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് അവകാശം ഈ ബുദ്ധിജീവികള്‍ക്കും മൊത്തത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒന്നല്ല എന്ന് ഉറപ്പിക്കുകയാണ് ബിജെപിയുടെ പരാജയം. തിരുവനന്തപുരത്ത് കുമ്മനം രണ്ടാമത്. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനും നിലംതൊട്ടില്ല. സിനിമാ പരിവേഷം ഉണ്ടായിട്ടും സുരേഷ് ഗോപിയും തൃശ്ശൂരിനെ എങ്ങും കൊണ്ടുപോയില്ല. 

ശ്രീനാരായണ ഗുരുവും മഹാത്മാ അയ്യങ്കാളിയും ഏതെങ്കിലും പ്രസ്ഥാനങ്ങളിലൂടെ എന്നതില്‍ ഉപരിയായി നേരിട്ട് കേരളത്തിലെ ജനതയുടെ മനസിലേക്ക് വേരോടിയിട്ടുണ്ട്. അത് കേരളത്തെ പഠിപ്പിക്കാന്‍ ബു്ദ്ധിജീവികള്‍ നൂലില്‍ കെട്ടിയിറങ്ങണമെന്നില്ല. അതാണ് ഈ തിരഞ്ഞെടുപ്പ് ഫലം വിളിച്ചു പറയുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക