Image

വിശുദ്ധ പാനീയം വില്‍ക്കുന്നവര്‍ (കഥ: ജോസഫ് എബ്രഹാം)

Published on 26 May, 2019
വിശുദ്ധ  പാനീയം വില്‍ക്കുന്നവര്‍ (കഥ: ജോസഫ് എബ്രഹാം)
മാര്‍ഗ്ഗമദ്ധ്യേ പലയിടത്തും തടസമായി നിലയുറപ്പിച്ച  കാലികളുടെ  ദേഹത്ത്  തട്ടാതെയും മുട്ടാതെയും, തിരക്കിന്‍റെ നിലയ്ക്കാത്ത ഹോണ്‍ തലയ്ക്കു ഭ്രാന്ത് പിടിപ്പിക്കുന്ന  ഇടുങ്ങിയ തെരുവിലൂടെ െ്രെഡവ് ചെയ്തുകൊണ്ട്   അസ്‌ലം ഭായി   തന്‍റെ  ഊബര്‍ ടാക്‌സിയില്‍ ഒരു വിധത്തില്‍  എന്നെ സമയത്തിനു മുന്‍പായി തന്നെ നിസാമുദ്ദീന്‍  സ്‌റ്റേഷനില്‍  എത്തിച്ചു.

 രാജധാനി എക്‌സ്പ്രസ് പുറപ്പെടാന്‍ ഇനിയും പത്തുമിനുട്ട്  സമയം കൂടെയുണ്ട്. സ്‌റ്റേഷനിലെ തിരക്കിലൂടെ പെട്ടിയും വലിച്ചു കൊണ്ട് വേഗത്തില്‍ നടന്നു.അഞ്ചാമത്തെ ഫ്‌ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുന്ന  വണ്ടിയുടെ ഏറ്റവും പുറകിലുള്ള ഫസ്റ്റ് ക്ലാസ്സ് കമ്പാര്‍ട്ട്‌മെന്റില്‍ കയറിപ്പറ്റി.കൂപ്പയുടെ  വാതില്‍ തുറന്നു സീറ്റ് നമ്പര്‍ കണ്ടുപിടിച്ചു പെട്ടി എടുത്തു  സീറ്റിനടിയില്‍ വെച്ച് സ്വസ്തമായിട്ടിരുന്നു. ആ കൂപ്പെയിലുള്ള ബാക്കി മൂന്ന് യാത്രക്കാരും നേരത്തെ തന്നെ അവരവരുടെ ഇരിപ്പടങ്ങളില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു.

സഹയാത്രികരുടെ നേരെ വെറുതെ കണ്ണോടിച്ചു. ഒരാള്‍ താടിയും തലപ്പാവുമുള്ള  ഒരു സര്‍ദാര്‍ജി.  മറ്റൊരാള്‍  നന്നായി പോളീഷ്  ചെയ്തു പളപള മിന്നുന്ന ഷൂസും സഫാരി സ്യൂട്ടും ധരിച്ച ഒരു മധ്യവയസ്കന്‍.  ക്ലീന്‍ ഷേവുകാരനായ അയാളുടെ  നെറ്റിയില്‍ നെടുകെ  വലിയ  കുങ്കുമകുറി വരച്ചിട്ടുണ്ട്. ഡല്‍ഹിയല്ലേ  സ്ഥലം അയാള്‍ ഏതെങ്കിലും വലിയ ഉദ്യോഗസ്ഥനായിരിക്കുമെന്ന്   ഊഹിച്ചു.മൂന്നാമത്തെയാല്‍  കയറിയപ്പോള്‍ മുതല്‍ എന്നെ വല്ലാതെ ശ്രദ്ധിക്കുന്നുണ്ടെന്നു  തോന്നിയിരുന്നു.    അയാളെ നോക്കി ഞാന്‍ ഒന്ന് ചിരിച്ചു  അയാളും തിരിച്ചു ചിരിച്ചു.  ആ ചിരി കണ്ടപ്പോള്‍ എവിടേയോ നല്ല പരിചയം ഉണ്ടല്ലോയെന്നു തോന്നി. നീണ്ട താടിയും മുടിയും  മുഖത്ത് വലിയ കണ്ണടയും നെറ്റിയില്‍ കുറുകെ ചാര്‍ത്തിയ വലിയ കുറികളും. കാവി നിറമെങ്കിലും വിലകൂടിയതെന്നു തോന്നിക്കുന്ന സന്യാസി വസ്ത്രം.  ഏതെങ്കിലും യോഗ ഗുരു ആയിരിക്കുമെന്നു  കരുതി. കാഷായധാരി ചൂണ്ടുവിരല്‍ അയാളുടെ  നാസികയ്‌ക്കൊപ്പമുയര്‍ത്തി എന്‍റെ നേരെ ചൂണ്ടി  ചോദിച്ചു  ‘ഇത് ജോ അല്ലെ’?

 എനിക്കപ്പോള്‍ ആളെ പിടുത്തം കിട്ടി ഇന്ത്യാ രാജ്യത്ത്   എന്നെ ‘ജോ’ എന്ന് വിളിക്കുന്ന ഏതാനും പേര്‍  മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ വിനോദന്‍ എന്ന എന്‍റെ ചങ്ങാതിയും പഴയ സഹപ്രവര്‍ത്തകനുമായിരുന്നു. ഞാന്‍ തിരിച്ചു ചോദിച്ചു  നിങ്ങള്‍  വിനോദന്‍ അല്ലെ?

അതു വിനോദന്‍  തന്നെയായിരുന്നു,തെലുങ്കാനക്കാരനായ എന്‍റെ പഴയ ചങ്ങാതി. മുന്‍പ് താടിയും മീശയും ഒന്നും ഇല്ലാതെ ക്ലീന്‍ ഷേവ് ചെയ്തു, മിലിട്ടറിക്കാരനെപ്പോലെ  പറ്റെ മുടിയും വെട്ടി എപ്പോഴും എക്‌സിക്യൂട്ടീവ്  വേഷത്തില്‍ മാത്രം നടന്നിരുന്ന  ഒരു കോര്‍പ്പറേറ്റ് നിയമകാര്യ ജീനിയസ്. ഞങ്ങള്‍ ചെന്നയില്‍ ഒരു വലിയ കോര്‍പ്പറേറ്റ് ഓഫീസില്‍ ഒരുമിച്ചു ജോലി ചെയ്യുകയും  ധാരാളം യാത്രകള്‍ ഒരുമിച്ചു നടത്തുകയും ചെയ്തിരുന്നു.
സമയം രാവിലെ 10.55. ട്രെയിന്‍ പതിയെ നീങ്ങി തുടങ്ങി. പാന്‍ട്രി ജീവനക്കാരന്‍  ഒരു ട്രേയില്‍  നിരത്തിവച്ച ചെറിയ പേപ്പര്‍ കപ്പുകളില്‍ സില്‍വര്‍ ഫോയില്‍ പേപ്പര്‍  കൊണ്ട്  മുദ്ര ചെയ്ത  ‘വെല്‍ക്കം ഡ്രിങ്കുമായി’ വന്നു. എല്ലാവരും ഡ്രിങ്ക് വാങ്ങി. വിനോദന്‍ മാത്രം വാങ്ങിയില്ല. അവന്‍ അവന്‍റെ  ബാഗില്‍ നിന്ന് ഒരു  കുപ്പിയില്‍ നിറച്ച   പാനീയം  പുറത്തെടുത്തു.  സഫാരി സ്യൂട്ട് കാരന്‍  കപ്പിന്റെ മൂടി മാറ്റി  പാനീയം വായിലൊഴിച്ചു കുടികഴിഞ്ഞു. സര്‍ദാര്‍ജി പിന്നീടു കുടിക്കാം എന്ന രീതിയില്‍ ഒരു അരികിലേക്ക് മാറ്റിവച്ചു.

ഞാന്‍  കയ്യില്‍ ഇരിക്കുന്ന  കപ്പിലേക്കു നോക്കി  തീവണ്ടിയുടെ പടം മുദ്രണം ചെയ്തിരിക്കുന്ന സില്‍വര്‍ ഫോയില്‍  മൂടിയില്‍ ചെറിയ ദേവനാഗരി ലിപിയില്‍ എന്തൊക്കയോ   എഴുതിയിരിക്കുന്നു.  സില്‍വര്‍ ഫോയിലിന്റെ  അരികല്പം തുറന്നു ഞാന്‍ കപ്പിനുള്ളിലേക്ക് നോക്കി, ഇളം മഞ്ഞ നിറത്തിലുള്ള ഒരു ദ്രാവകം.അതല്‍പ്പം  രുചിച്ചു നോക്കി. വല്ലാത്ത ഒരു പുളിപ്പുരസം നാവില്‍  തോന്നി. നെറ്റിചുളിച്ചു  ഞാന്‍ ചോദ്യ രൂപത്തില്‍  വിനോദനെ നോക്കി.  എന്‍റെ പ്രതികരണം കാത്തു നിന്നപോലെ  അവന്‍  ചോദിച്ചു

വല്ലാത്ത പുളിപ്പുണ്ട് അല്ലെ ?   അതെയെന്ന അര്‍ഥത്തില്‍  ഞാന്‍ തലയാട്ടി. അതാ ഞാന്‍ വാങ്ങാത്തത്  അതിനു അമ്ലരസം  കൂടുതലാണു. പക്ഷെ ഇത് കണ്ടോ  ഇത് അങ്ങനെയല്ല. ഇത്  ഞങ്ങളുടെ കമ്പനിയുടെ പുതിയ ‘വാല്യൂ  ആഡെഡ്’പ്രോഡക്റ്റാണ്. ഇതിന്റെ  പേറ്റന്റ്  കാര്യത്തില്‍  അറ്റോര്‍ണിയുമായി ചര്‍ച്ചചെയ്യാനാണ്  ഞാന്‍ ഡല്‍ഹിക്കു വന്നതുതന്നെ.  അമിതമായ അമ്ലരസം വേര്‍തിരിച്ചു കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തുനിര്‍മ്മിക്കാനുള്ള ടെക്‌നോളജി  ഞങ്ങളുടെ കമ്പനി കണ്ടുപിടിച്ചിട്ടുണ്ട്. കയ്യിലിരിക്കുന്ന പാനീയ  കുപ്പി എന്‍റെ നേരെ നീട്ടികാണിച്ചുകൊണ്ട്  വിനോദന്‍ പറഞ്ഞു.

“പിന്നെ ഞങ്ങള്‍ക്ക്  ഇതിന്റെ പല ഫ്‌ലേവറിലുള്ള  വെറയിറ്റിയുണ്ട്.സ്ട്രാബെറി,  ബ്ലൂ ബെറി,  ഓറഞ്ച്, വാട്ടര്‍ മെലന്‍ തുടങ്ങിയവ.വിപണിയിലെ ഏതൊരു സോഫ്റ്റ് ഡ്രിങ്കിനോടും കിടപിടിക്കുന്ന രുചിയും ഗുണവും ഉള്ളതുകൊണ്ട്  വീ ഗോട്ട് എ വെരി ഗുഡ് മാര്‍ക്കെറ്റ്  ഷെയര്‍.”

കമ്പനി നിയമകാര്യ തലവന്‍  എന്നതിലുപരി  പുതിയ ഒരു പ്രോഡക്റ്റ് ലോഞ്ച് ചെയ്യുന്ന  ബിസിനസ്  മാനേജരുടെ  ആവേശത്തോടെ  വിനോദന്‍  വിശദീകരിച്ചു. വിനോദന്‍ എല്ലാകാലത്തും അങ്ങിനെയൊക്കെ  ആയിരുന്നു. അതുകൊണ്ടാണ്   സാധാരണ ലോ സ്കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ അയാള്‍ക്ക്  ഇന്ന് ഇന്ത്യയില്‍  പ്രവര്‍ത്തിക്കുന്ന വലിയൊരു ബഹുരാഷ്ട്രകമ്പനിയുടെ  നിയമകാര്യ തലവന്‍ ആകാന്‍ കഴിഞ്ഞത്.
എയര്‍ കണ്ടീഷന്‍ ചെയ്ത  ഓഫീസും അതിലെ നിയമപുസ്തകങ്ങളും കേസ് ഫയലുകളും   സ്വപനം കണ്ടു വലിയൊരു കമ്പനിയുടെ  നിയമവിഭാഗത്തില്‍  ജോലിക്ക് ചേര്‍ന്ന ഞാന്‍ രണ്ടാമത്തെ ദിവസം മുതല്‍  ഒരു മാസത്തോളം  പരിശീലനം നടത്തിയത്   സെയില്‍സ്മാന്‍മാരുടെ കൂടെ മാര്‍ക്കറ്റിലായിരുന്നു. ചുട്ടുപൊള്ളുന്ന കത്തിരി വെയിലില്‍   ചെന്നയിലെ  ‘പാരീസ് ‘മാര്‍ക്കറ്റു മുതല്‍ തമിള്‍ നാട്ടിലെ ഗ്രാമീണ മാര്‍ക്കറ്റായ  ‘പട്ടികോട്ടൈ’ വരെ നീണ്ട പരിശീലന യാത്രകള്‍.    പുതിയതായി ജോലിക്ക് ചേര്‍ന്ന എന്‍റെ മെന്റര്‍ ആയിരുന്ന വിനോദന്‍. എന്നും വൈകുന്നേരം ‘ഹായ് ജോ’ എന്നു പറഞ്ഞു   ഫോണില്‍  വിളിക്കും. എന്നിട്ടു  ദീര്‍ഘനേരം  സംസാരിക്കും.

 കമ്പനിയിലെ  ലീഗല്‍ എക്‌സിക്യൂട്ടീവുകള്‍   നിയമം മാത്രമറിഞ്ഞാല്‍  പോര.  ഓരോ കമ്പനി  ഉല്‍പന്നവും എങ്ങിനെ ഉണ്ടാക്കുന്നു അതിന്‍റെ നിര്‍മ്മാണ രീതികളും  നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃത പദാര്‍ത്ഥങ്ങളും  സാങ്കേതിക വിദ്യകളും എന്തൊന്നൊക്കെ അറിഞ്ഞിരിക്കണം എങ്കിലേ ഓരോ ഉല്‍പ്പന്ന സംമ്പന്ധമായ  തര്‍ക്കങ്ങളിലും ഉചിതമായ നിയമോപദേശം  നല്‍കുവാന്‍  കഴിയൂ എന്നൊക്കെയുള്ള വിനോദന്റെ ഉപദേശങ്ങള്‍ ഞാന്‍ നിവര്‍ത്തിയില്ലാതെ അക്ഷമയോടെ  കേട്ടിരിക്കും.

ഏകദേശം ആറു മാസക്കാലം മുഴുവന്‍തന്നെ   പരിശീലനമായിരുന്നു.  സോപ്പുകളും ഷാമ്പൂകളും ഫെയര്‍നെസ്  ക്രീമുകളും ഉണ്ടാക്കുന്നതെല്ലാം  വിരസതയോടെ  നോക്കി നിന്ന്‌റിപ്പോര്‍ട്ട് തയ്യാറാക്കാന്‍വേണ്ടിമാത്രമായി   നോട്ട് കുറിച്ചെടുക്കും.  തേയിലപ്പൊടിയും,തക്കാളി കെച്ചപ്പുകളും,ജാമും,ആട്ടയും  കാപ്പിപ്പൊടിയമൊക്കെ  ഉണ്ടാക്കുന്നതെല്ലാം  കണ്ടും കേട്ടു നടന്നു നേരംപോക്കി.പക്ഷെ പിന്നീടുള്ള  കാലത്ത്  കേസുകള്‍ കൈകാര്യം ചെയ്യുബോള്‍  ബോധ്യമായി  വിനോദന്‍ അന്നു പറഞ്ഞത്  മുഴുവന്‍  ശരിയായിരുന്നെന്നു.  ഉപഭോക്തൃതര്‍ക്ക പരിഹാരം മുതന്‍ വമ്പന്‍ നികുതി വ്യവഹാരങ്ങളില്‍ വരെ ആ അറിവുകള്‍തുണയായി  കൂടെ നിന്നു.
വിനോദന്‍പിന്നീട് മറ്റൊരു  കമ്പനിയിലേക്ക് ജോലി മാറിപ്പോയി.  കുറച്ചു കാലം  പരസ്പരം ബന്ധപ്പെട്ടിരുന്നു  പിന്നീടെപ്പഴോ  അതെല്ലാം മുറിഞ്ഞുപോയി.  ഒരു പാട്  പ്രാവശ്യം തീവണ്ടിമുറികളില്‍ ഒരുമിച്ചു യാത്ര ചെയ്ത ഞങ്ങള്‍  കാലങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു തീവണ്ടി മുറിയില്‍ വച്ച് കണ്ടു മുട്ടി.വണ്ടി ഏതോ ചെറിയ സ്‌റ്റേഷനില്‍  നിര്‍ത്താതെ പാഞ്ഞുപോയി.സ്‌റ്റേഷന്‍റെ  പേരു വായിക്കാന്‍ പുറത്തേക്ക് നോക്കിയെങ്കിലും  പറ്റിയില്ല. വണ്ടിഇനിരാജസ്ഥാനിലെ ‘കോട്ട’സ്‌റ്റേഷനിലെ   നിര്‍ത്തൂ  അപ്പോള്‍ സമയം ഉച്ചകഴിഞ്ഞ്  മൂന്നരയാകും. ആ വഴിക്കൊക്കെ സ്ഥിരമായി  യാത്രചെയ്യാറുള്ള  വിനോദന്‍ പറഞ്ഞു.

എന്‍റെ വായിലെ പുളിപ്പുരസം ഇനിയും പോയിട്ടില്ല.  വിനോദിന്റെ കയ്യില്‍ ഇരിക്കുന്ന   കുപ്പിയിലേക്ക് നോക്കി ഞാന്‍ ചോദിച്ചു ഇതെന്താ ‘പംപ്‌ളി മൂസ്’ (grape fruit) പഴത്തില്‍  നിന്ന് ഉണ്ടാക്കുന്നതാണോ  വല്ലാത്ത പുളിപ്പ് ?  ഞാനെന്തോ വിഡ്ഢിത്തരം  ചോദിച്ചപോലെ  വിനോദന്‍  നെറ്റിചുളിച്ചെന്നെ നോക്കി.

 അപ്പോഴേക്കും  ടിക്കറ്റ് പരിശോധിക്കാന്‍ ടി. ടി .ആര്‍ വന്നു.  തിരിച്ചറിയല്‍ രേഖയായി  ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുമ്പോള്‍ ഞാന്‍ കൊടുത്തത്  എന്‍റെ   പാസ്‌പോര്‍ട്ടായിരുന്നു.  ടി. ടി .ആര്‍ പോയിക്കഴിഞ്ഞപ്പോള്‍  വിനോദന്‍ എന്നോട് ചോദിച്ചു.ക്ഷമിക്കണം ചങ്ങാതി നീ ഇപ്പോള്‍  എവിടെയെന്നു ചോദിയ്ക്കാന്‍ ഞാന്‍ വിട്ടുപോയി. നീ ഇപ്പോള്‍  സ്‌റ്റേററ്‌സില്‍  ആണ് അല്ലെ?  അതാ നിനക്ക് കാര്യം മനസസിലാകാത്തത് .
എന്തു കാര്യം ? ഞാന്‍  ചോദിച്ചു

കയ്യില്‍ ഇരിക്കുന്ന പാനീയത്തിന്റെ കുപ്പി കാണിച്ചു വിനോദന്‍ചോദിച്ചു. ഇതെന്താന്നു നിനക്കറിയില്ല്‌ല അല്ലേ ? ഇത്  അധികമായ അമ്ലരസം നീക്കം ചെയ്ത ‘വിശുദ്ധ  പാനീയമായ’ ഗോ മൂത്രമാണ്.  നിനക്ക് കുടിക്കാനായി കിട്ടിയതില്‍  കൂടിയ തോതില്‍  അമ്ലരസമുണ്ട്  അതാണ് ഭയങ്കര പുളിപ്പു തോന്നിയത്.  വിനോദന്‍   വിശദീകരിച്ചു .

അപ്പോള്‍ ഞാന്‍ രുചിച്ചു നോക്കിയത്  ഗോ മൂത്രമായിരുന്നോ ? അരികില്‍ ഇരിക്കുന്ന  പേപ്പര്‍ കപ്പിലേക്കു  നോക്കിയ എനിക്ക് മനം പുരുട്ടല്‍ ഉണ്ടായി. വായ പൊത്തിപ്പിടിച്ചു കൊണ്ട്  ശര്‍ദ്ദിക്കാന്‍ വേണ്ടി എഴുന്നേറ്റ എന്നെ   വിലക്കിക്കൊണ്ട്  വിനോദന്‍ തല ഇരുവശത്തേക്കുമായി  പതിയെ ചലിപ്പിച്ചു. എതിരെയുള്ള സീറ്റില്‍ ഇരുന്ന സഫാരി സ്യൂട്ടുകാരന്‍ എന്നെ തുറിച്ചു നോക്കി. വായില്‍ ഊറിയ പുളിരസം കലര്‍ന്ന ശര്‍ദ്ദില്‍ ഞാന്‍ അറിയാതെ വിഴുങ്ങിപ്പോയി.

വിനോദന്‍ ശബ്ദം താഴ്ത്തി  പറഞ്ഞു. ഇപ്പോള്‍ ഇതിനെ ഗോമൂത്രം എന്നാരും വിളിക്കാറില്ല. ഇതൊരു ‘വിശുദ്ധ പാനീയമാണ്’  അതിനുവേണ്ടി ഒരു പ്രത്യേക  മന്ത്രാലയം തന്നെ തുടങ്ങിയിട്ടുണ്ട്. അവര്‍ ഇതിനെ ‘ജീവാമൃതം’ എന്നാണ് പറയുന്നത്.  ജീവാമൃതം കുടിക്കാതെ തുപ്പികളഞ്ഞാല്‍ അതു ഭൂരിപക്ഷത്തിന്‍റെ വിശ്വാസത്തെ അവഹേളിക്കുന്നതായി മാറും. നിനക്ക് ഓര്‍മ്മയില്ലേ ഈ നാട്ടില്‍ വിശുദ്ധ ഗ്രന്ഥങ്ങളെയും വിശുദ്ധ പശുക്കളെയും ചൊല്ലി അനേകം കലാപങ്ങള്‍ ഉണ്ടായത് ? അതുപോലൊന്ന് ഈ അടുത്ത നാളിലുണ്ടായി വിശുദ്ധ പാനീയത്തെ അവഹേളിച്ചതിനെ ചൊല്ലിയായിരുന്നത്.

വിനോദന്‍ അവന്‍റെ കയ്യില്‍ ഇരുന്ന കുപ്പി നീട്ടിക്കൊണ്ട്  പറഞ്ഞു, കുഴപ്പമില്ല ഇത് കുടിച്ചോളൂ. ഞാന്‍ കണ്ണടച്ചുകൊണ്ട്  ഒരു കവിള്‍  കുടിച്ചു. വായില്‍  സുഖകരമായ സ്‌ട്രോബെറിയുടെ   രസം നിറഞ്ഞു. വിനോദന്‍  പറഞ്ഞത് നേരായിരുന്നു  യാതൊരു അരുചിയും  ഇല്ലാത്ത  മൂല്യ വര്‍ദ്ധിത വിശുദ്ധ പാനീയമായിരുന്നത്. ശര്‍ദ്ധിക്കാനുള്ള എന്‍റെ ചോദന പെട്ടന്നുതന്നെ ഇല്ലാതായി. അത്ഭുതം തന്നെ  !!  എത്ര പെട്ടന്നാണ്  ഞാനും ഒരു വിശുദ്ധ പാനീയ പ്രേമിയായി മാറിയത്.

വിനോദന്‍ വീണ്ടും അവന്‍റെ കമ്പനി കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.  അവന്റെ കമ്പനിയില്‍ ഇപ്പോള്‍ നിക്ഷേപകര്‍ വരി നില്‍ക്കുകയാണ്  പോലും. മൂല്യ വര്‍ദ്ധിത വിശുദ്ധ പാനീയം  ഇപ്പോള്‍ വലിയ ട്രെന്‍ഡ് ആയി മാറിക്കഴിഞ്ഞു.  യുവാക്കള്‍ എല്ലാം പെപ്‌സിയും  കൊക്കോകോളയും ഉപേക്ഷിച്ചു  ആരോഗ്യദായകമായ   വിശുദ്ധ പാനീയത്തിന്റെ  ബ്രാന്‍ഡ്  അംബാസിഡര്‍മാരായി സ്വയമേ മാറി കഴിഞ്ഞു പോലും.  വിനോദന്റെ കമ്പനിയുടെ മൂല്യവര്‍ദ്ധിത വിശുദ്ധ പാനീയത്തിന്റെ    ബ്രാന്‍ഡ് അംബാസിഡര്‍മാരായി    പ്രമുഖ  ബോളിവുഡ് താരങ്ങള്‍  ഇറങ്ങിക്കഴിഞ്ഞു.

അതുകൊണ്ടുതന്നെ ഫീല്‍ഡില്‍  ഭയങ്കര മത്സരം  ആയിക്കഴിഞ്ഞു.  നാട്ടുമ്പുറങ്ങളില്‍  പാല്‍ സംഭരണം പോലെ  വിശുദ്ധപാനീയ സംഭരണവും വിതരണവുമായി  ചെറുകിട സംഘങ്ങള്‍ തുടങ്ങി.  അവര്‍ വിശുദ്ധ  പാനീയം  ഉപയോഗിച്ചു  ഐസ് ക്രീമുകളും മറ്റു വിവിധഉല്പന്നങ്ങളും  വിപണിയില്‍ എത്തിക്കാന്‍ പരസ്പരം മത്സരിക്കുകയാണിപ്പോള്‍.

വിശുദ്ധ പാനീയത്തിന്റെ വര്‍ദ്ധിത ആവശ്യത്തിനൊപ്പം  വ്യാജന്മാരും  ഇറങ്ങി തുടങ്ങി അതുകൊണ്ടാണ്  ഇപ്പോള്‍ വിനോദന്‍റെ കമ്പനി  പേറ്റന്റ് കിട്ടാനുള്ള അപേക്ഷ  ഫയല്‍ ചെയ്തത്.  ഈയിടെ  വിനോദന്‍റെ  കമ്പനിയുടെ ഉല്പന്നത്തിന്റെ  വ്യാജന്‍ ഇറങ്ങിയതിനെ തുടര്‍ന്ന്  അവന്‍റെ ഓഫിസിലെ കുട്ടികള്‍ മാര്‍ക്കറ്റുകളില്‍  പോലീസിനെ  കൂട്ടിക്കൊണ്ടുപോയി  വ്യാപകമായി  റെയിഡ് നടത്തി, നിരവധി  ക്രിമിനല്‍ കേസുകളും  സിവില്‍  കേസുകളും  ഫയല്‍  ചെയ്തു കഴിഞ്ഞു.

മുന്‍പ് ഞാനും വിനോദനും ഒരുമിച്ചു ജോലി ചെയ്യുന്ന കാലം  ഞങ്ങള്‍ ഒരുമിച്ചു  കമ്പനിയുടെ  സോപ്പും,ഷാമ്പൂം, തേയിലുമൊക്കെ വ്യാജമായി മാര്‍ക്കറ്റ് ചെയ്യുന്നത് അന്വോഷിച്ചു  മാര്‍ക്കറ്റില്‍ അലയുമായിരുന്നു.  നിരവധി തവണ  അതൊക്കെ കണ്ടുപിടിച്ചു പോലീസിനെ കൊണ്ടുപോയി പിടികൂടി കേസ് എടുപ്പിച്ചിരുന്നു.

വിനോദനും ഞാനും തമ്മിലുള്ള സംഭാഷണം ഇങ്ങനെ തുടരവേ സഫാരി സ്യൂട്ട്കാരന്‍  അയാളുടെ ഗൌരവമെല്ലാം ഉപേക്ഷിച്ചു  ഞങ്ങളുടെ   കൂടെ വര്‍ത്തമാനം പറയുവാന്‍ കൂടി.  സര്‍ദാജി അപ്പോഴും ഒന്ന് പറയാതെ എല്ലാം വെറുതെ കേട്ടുകൊണ്ടിരുന്നു.    ഞങ്ങള്‍ നാലുപേരും  പരസ്പരം പരിചയപ്പെട്ടു.  ഞാന്‍ ഊഹിച്ചതുപോലെതന്നെ സഫാരി  ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍  ആയിരുന്നു. വിശുദ്ധ പാനീയത്തിന് വേണ്ടിയുള്ള കേന്ദ്ര മന്ത്രാലയത്തിലെ ഒരു ഉന്നതനാണ് സഫാരി.സര്‍ദാര്‍ജി  ഒരു ബിസിനസുകാരന്‍.ഞങ്ങള്‍  എല്ലാവരും പോകുന്നതും  തിരുവന്തപുരത്തേക്കായിരുന്നു.  അതെന്തായാലും നന്നായിയെന്നെനിക്കു  തോന്നി  നാലുപേര്‍ മാത്രമുള്ള  ആ കൂപ്പയിലേക്ക്അപരിചിതത്വത്തിന്‍റെ അസുഖകരമായ മുഖവുമായി ഇനി  ഒരാളും കടന്നു വരാന്‍ പോകുന്നില്ല.  ഇപ്പോള്‍ ഞങ്ങള്‍  എല്ലാവരും  നല്ല പരിചയക്കാരായി മാറി  മാത്രവുമല്ല ഞങ്ങള്‍ ഒരു കാര്യത്തില്‍ ഒരേ  ചിന്താഗതിക്കാരുമായിരുന്നു.  മൂന്നോ നാലോ മണിക്കൂര്‍ വിമാനത്തില്‍ സഞ്ചരിച്ചാല്‍ എത്താവുന്ന ദൂരം മൂന്ന് ദിവത്തെ തീവണ്ടിയാത്രയായി  ഞങ്ങള്‍ തിരഞ്ഞെടുത്തത് ഒരു ഒഴിവുകാലം പോലെ വെറുതെ അലസമായി കാഴ്ചകള്‍ കണ്ടു യാത്ര ചെയ്യാന്‍ കൂടി ആയിരുന്നു.

‘അരേ ഭായി’  സഫാരി   എന്നോട്  ആമുഖമായി പറഞ്ഞു തുടങ്ങി. ‘നിങ്ങള്‍ വെളിനാട്ടില്‍ ജീവിക്കുന്നതിന്റെ കുഴപ്പമാണിത്.   ഇവിടെ നടക്കുന്ന നല്ല കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ അറിയുന്നില്ല.  കാന്‍സര്‍   മരുന്നിനു വേണ്ടി എത്ര കോടി ഡോളര്‍ ആണ് നിങ്ങളുടെ നാട്ടുകാര്‍  വെറുതെ മുടക്കുന്നത്. ഇവിടെ പ്രാചീന കാലം മുതല്‍ അതിനുള്ള മരുന്നുണ്ടായിരുന്നു. പ്രാചീന ഭാരതത്തില്‍ കാന്‍സര്‍ എന്ന രോഗം ആര്‍ക്കെങ്കിലും ഉള്ളതായിട്ട്  ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ?’

കാന്‍സറിനെ കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്  ഈജിപ്റ്റില്‍  അല്ലെ ?  ബി സി  1600 ല്‍.ഭാരതത്തില്‍ 1866 ലാണ് ആദ്യമായി കാന്‍സര്‍ റിപ്പോര്‍ട്ട്  ചെയ്തത്.  വിക്കിപീഡിയയില്‍ നിന്നും അടിച്ചു മാറ്റിയ വിവരം സ്വന്തമെന്നപോലെ ഞാന്‍ തട്ടിവിട്ടത്   സഫാരിക്കത്ര പിടിച്ചില്ലാന്നു തോന്നുന്നു. മൂക്ക് വിറപ്പിച്ചുകൊണ്ട്  സഫാരി എന്‍റെ നേരെ നോക്കി പറഞ്ഞു.

‘അതൊന്നുമല്ല  ക്യാന്‍സര്‍ എന്താണെന്നു നമ്മുടെ പിതാമഹന്മാര്‍ക്ക് നന്നായി  അറിയാമായിരുന്നു. അത് വരാതിരിക്കാനുള്ള കാര്യങ്ങള്‍ അവര്‍ അന്നേ ചെയ്തിരുന്നു.  രോഗം ഇവിടെ ഇല്ലാത്തതുകൊണ്ടാണ്  അത് റിപ്പോര്‍ട്ട്  ചെയ്യാതെ പോയത്.  കാരണം എന്താണെന്നു അറിയാമോ? അന്നൊക്കെ ജനങ്ങള്‍ വിശുദ്ധ പാനീയം അവരുടെ നിത്യേനയുള്ള ആഹാരത്തിനൊപ്പം പുണ്യാഹം പോലെ സേവിക്കുമായിരുന്നു  അതുകൊണ്ട് ആര്‍ക്കും രോഗം പിടിപെടില്ലായിരുന്നു.  നമ്മുടെ ഇപ്പോഴത്തെ  പോളിയോ വാക്‌സിന്‍ പോലെ അല്ലെങ്കില്‍ വസൂരിക്കെതിരെയുള്ള കുത്തിവെപ്പ് പോലെ’. സഫാരി ഉദാഹരണങ്ങള്‍  നിരത്തി പറഞ്ഞു. 

‘ഭായി നിങ്ങള്‍ പറഞ്ഞത് ശരിയാണ് 1866 ല്‍ ഭാരതനാട്ടില്‍  മുപ്പതോളം  കാന്‍സര്‍ കേസുകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു  അതിനു കാരണം  ബ്രിട്ടിഷുകാരാണ്. അവര്‍ ഇവിടെ വന്നതിനുശേഷം മതത്തിനൊപ്പം ഗോമാംസ ആഹാരവും പ്രചരിപ്പിച്ചു.  വിശുദ്ധപാനീയം കുടിക്കുന്നത്  രോഗം ഉണ്ടാക്കുമെന്ന നുണ പ്രചരിപ്പിച്ചു.  പലരും ഗോമാംസ പ്രിയരായി. വിശുദ്ധ പാനീയം അപരിഷ്കൃതം എന്നുപറഞ്ഞുപേക്ഷിച്ചു.  അങ്ങിനെ കാന്‍സര്‍ എന്ന മഹാമാരി  ഇവിടെ തുടങ്ങി’.  ഇടയ്ക്കു  എന്തോ പറയാന്‍ തുടങ്ങിയ എന്നോട്  മിണ്ടാതിരിക്കാന്‍  ആഗ്യം  കാണിച്ചുകൊണ്ട്  സഫാരി അധികാരത്തോടെ  തുടര്‍ന്ന് പറയാന്‍ തുടങ്ങി.

‘ ഇപ്പോള്‍ നമ്മള്‍ അത് തിരിച്ചറിഞ്ഞിരിക്കുന്നു. വിശുദ്ധ പാനീയം  ദാഹം ശമിപ്പിക്കുക മാത്രമല്ല കാന്‍സറിനെ   സുഖപ്പെടുത്തുമെന്ന് എല്ലാവര്‍ക്കും ബോധ്യം വന്നിരിക്കുന്നു. നമ്മുടെ ജനപ്രതിനിധികള്‍ പലരും അതിന്‍റെ ജീവിക്കുന്ന സാക്ഷികളായി സ്വയം വെളിപ്പെടുത്തിയിരിക്കുന്നു’.
“അങ്ങിനെയെങ്കില്‍  മുന്‍പ് നമുക്കൊരു  പ്രധാന സചിവന്‍ ഉണ്ടായിരുന്നു  അദ്ദേഹം മനുഷ്യന്റെ മൂത്രവും രോഗശാന്തി നല്‍കുമെന്ന ‘യൂറിന്‍ തെറാപ്പി’യെന്ന  സിദ്ധാന്തവുമായി വന്നിരുന്നല്ലോ?  ആ കാര്യവും  പുന :പരിശോധിക്കപ്പെടേണ്ടതല്ലേ ?” സഫാരിയോടു ഞാന്‍ ചോദിച്ചു
സഫാരി എന്‍റെ ചോദ്യത്തെ അവഗണിച്ചുകൊണ്ട്  തുടര്‍ന്നു.
‘പക്ഷെ എല്ലാവര്‍ക്കും  വിശുദ്ധ പാനീയത്തിന്റെ  ലഭ്യത ഉറപ്പാക്കുക എന്നതാണ്  എന്‍റെ മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ  ഏറ്റവും വലിയ വെല്ലുവിളി. ഗ്രാമവാസികള്‍ക്ക് ഇതൊരു പ്രശ്‌നമല്ല  അവര്‍ക്കെല്ലാം സ്വന്തമായി  ഉത്പാദിപ്പിക്കാം, അല്ലെങ്കില്‍ അടുത്തുള്ള ഒരു കര്‍ഷകന്റെ അടുത്തു  നിന്നു സൌജന്യമായി തന്നെ ലഭിക്കുമായിരിക്കും. പക്ഷെ പട്ടണത്തിലുള്ളവര്‍ക്ക് എങ്ങിനെ ലഭ്യമാകും.? അതിനൊരു  പരിഹാരമായാണ്  വിശുദ്ധ പാനീയം ചെറിയ സംഘങ്ങള്‍ വഴി ശേഖരിക്കുകയും  അത് ശീതീകരിച്ച് പട്ടണങ്ങളിലേക്ക്  വില്‍പ്പനക്കായി  അയയ്ക്കുകയും  ചെയ്യുന്നത്’
സഫാരി  കത്തിക്കയറുകയാണ്.

‘ഞങ്ങള്‍ ഇപ്പോള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്  ഒരു ബഹുമുഖ പദ്ധതിയാണ്  ഇതുമൂലം ശുദ്ധജലം കിട്ടാത്ത പ്രദേശങ്ങളിലും  ആവശ്യം പോലെ കുടിനീര്‍ എത്തിക്കാന്‍ കഴിയുന്നുവെന്നു വരുന്നതും  ഒരു നേട്ടമാണ്. കൂടാതെ  കര്‍ഷകര്‍ക്ക് അധികമായ വരുമാനവും. ഒരു ഗോമാതാവില്‍  നിന്ന് പാല്‍  ഒരു നിശ്ചിത കാലത്തേക്ക് മാത്രമേ ലഭിക്കൂ,പോകപ്പോകെ അതിന്‍റെ അളവ് കുറഞ്ഞുവരികയും ചെയ്യും.  എന്നാല്‍ വിശുദ്ധ പാനീയം അങ്ങിനെയല്ല.  അതിനു ഗോ മാതാവ് തന്നെ വേണമെന്നുമില്ല.ഋഷഭ ശ്രേഷ്ഠന്മാരെയും കിടാങ്ങളെയും ഈ പദ്ധതിയില്‍ ഭാഗഭാക്കാക്കാന്‍ കഴിയും. പിള്ള മൂത്രം പുണ്യാഹം എന്നൊരു ചൊല്ല് തന്നെ നിങ്ങടെ നാട്ടില്‍ ഇല്ലേ ?’ സഫാരി എന്നോട് ചോദിച്ചു ? 

സഫാരിയുടെ  വര്‍ത്താനം വല്ലാത്ത  മനം പുരുട്ടല്‍ ഉണ്ടാക്കാന്‍ തുടങ്ങി. വിഷയം എങ്ങിനെയെങ്കിലും ഒന്ന് മാറ്റി കിട്ടട്ടെ എന്ന് കരുതി ഞാന്‍ ചോദിച്ചു

“അല്ല സര്‍, ഇപ്പോള്‍ എന്തിനാണ് താങ്ങള്‍ ഞങ്ങളുടെ  നാട്ടിലേക്കു വരുന്നത്?.  വെറുതെ ഒഴിവുദിവസം ചെലവഴിക്കനാണോ  അങ്ങിനെയാണെങ്കില്‍  നല്ല സ്ഥലങ്ങള്‍ കണ്ടെത്താന്‍ എനിക്ക് നിങ്ങളെ സഹായിക്കാന്‍ പറ്റും”

‘അല്ല.   ഇത് ഒരു ഔദ്യോഗിക യാത്ര തന്നെയാണ്. നിങ്ങളുടെ നാട് മാത്രമാണ് ഈ പദ്ധതിയില്‍ സജീവമാകാതെ ജനങ്ങള്‍ക്കിടയില്‍  അവിശ്വാസം പരത്തിക്കൊണ്ടിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ എനിക്ക് പറയേണ്ടിവരുന്നു നിങ്ങളുടെ നാട്ടുകാര്‍ ഒരു കാര്യത്തിനും ഭാരതത്തിന്റെ ഒപ്പം നില്‍ക്കുന്നില്ല. ഭാവിയില്‍ കേരളം മറ്റൊരു കശ്മീര്‍ ആകുമോ എന്നുപോലും ഞങ്ങള്‍ ഭയപ്പെടുന്നു.  എന്നാലും നിങ്ങളുടെ തലസ്ഥാനത്തുള്ള കുറച്ചധികം ആളുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗവും ഇപ്പോള്‍  ഞങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.  തിരുവന്തപുരത്ത് ഞങ്ങളുടെ  ഒരു ടീം കുറച്ചു നാളുകളായി  പ്രവര്‍ത്തിക്കുന്നുണ്ട് അവര്‍ കര്‍ഷകര്‍ക്കിടയില്‍  ചില സംഘങ്ങള്‍  തുടങ്ങിയിട്ടുണ്ട്.’

‘അടുത്ത ആഴ്ച സിക്രട്ടേറിയറ്റിന്റെ മുന്‍പില്‍  ഒരു ‘വിശുദ്ധ പാനീയ വില്പന പാര്‍ലര്‍’തുറക്കുന്നുണ്ട് . തുടക്കത്തില്‍ ഏജീസ്  ആഫീസ് , സെക്രട്ടേറിയറ്റ്  എന്നിവയിലെ ജീവനക്കാരെ കസ്റ്റമേഴ്‌സ് ആയി കിട്ടുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.  സര്‍ക്കാര്‍ ജീവനക്കാര്‍ വിശുദ്ധ പാനീയം  കുടിക്കാന്‍ തുടങ്ങിയാല്‍  പിന്നെ ജനങ്ങള്‍ മാറിനില്‍ക്കില്ല  അവരും അതൊരു ശീലമാക്കും.  തൊട്ടടുത്തുതന്നെയുള്ള യൂനിവേര്‍സിറ്റി കോളേജ്, സംസ്കൃത കോളേജ് എന്നിവടിങ്ങളിലെ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍  ഞങ്ങള്‍ പാര്‍ലറില്‍   ഫ്രീ  വൈ ഫൈ നല്‍കുന്നുണ്ട്.  യുവാക്കള്‍ക്കിടയില്‍  ആരോഗ്യപരിപാലനവും,  നല്ല ആഹാരവും, കായിക പരിശീലനവുമൊക്കെ ഒരു ട്രെന്‍ഡ് ആയി  മാറുന്നപോലെ ഇതൊരു ട്രെന്‍ഡ് ആയി മാറിയാല്‍ മന്ത്രാലയത്തിന്റെ ലക്ഷ്യം എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാന്‍ പറ്റും. മാത്രവുമല്ല സ്കൂളിലെ സൌജന്യ ഉച്ചഭക്ഷണത്തിനോപ്പം  ‘ജീവാമൃതം’എന്ന പേരില്‍  സൌജന്യമായി വിശുദ്ധപാനീയം  നല്‍കാനും പദ്ധതി ഇടുന്നുണ്ട്.’

വണ്ടി കോട്ട ജംഗ്ഷനില്‍ എത്തിയപ്പോള്‍  ഞാനും വിനോദനും  വെറുതെ പുറത്തിറങ്ങി. ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന കടകളില്‍  പ്രമുഖ സ്ഥാനം വിശുദ്ധ പാനീയം കയ്യടക്കിയതായി കണ്ടു. ഏറെയും വിനോദന്റെ കമ്പനിയുടേതാണെന്നുവിനോദന്‍ അഭിമാനപൂര്‍വം  പറഞ്ഞു.
‘ ഇത് വളരെ പൊട്ടെന്‍ഷ്യല്‍ ഉള്ള ബിസിനസ്സാണ്.‘ ഓര്‍ഗാനിക്  ഡ്രിങ്ക്’എന്നനിലയില്‍ വളരെപ്പെട്ടന്നുതന്നെ വിശുദ്ധ പാനീയം മധ്യവര്‍ഗ്ഗ ഉപഭോക്താക്കളെ സ്വാധീനിച്ചു കഴിഞ്ഞു. ഐ ടി  സ്റ്റാര്‍ട്ടപ്പുകള്‍  തുടങ്ങുന്നതിനെക്കാള്‍ ലാഭകരവും വലിയ  മുതല്‍ മുടക്കൊന്നും ഇല്ലാത്തതുമാണിത്.  ഇതിന്‍റെ പ്രധാന അട്രാക്ഷന്‍ എന്നു പറയാവുന്നത്   ഇതിനു  ഒരു സര്‍ക്കാര്‍ ഓഫിസിന്റെയും  ചുവപ്പ് നാട അഴിക്കേണ്ട കാര്യമില്ലെന്നതാണ്. കാലി വളര്‍ത്താനും പാനീയം ശേഖരിക്കാനും  ആരുടെയും  അനുവാദം വേണ്ടല്ലോ.പലചെറുപ്പക്കാരായ  ടെക്കികളും  ഐ ടി ജോലി ഉപേക്ഷിച്ചു  ഈ സംരംഭം തുടങ്ങി കഴിഞ്ഞു.

സമയം ഉച്ചകഴിഞ്ഞ്  മൂന്നരയായി.വണ്ടി കോട്ടയില്‍ നിന്ന് പുറപ്പെട്ടു.  ഇനി അടുത്ത പ്രധാന സ്‌റ്റോപ്പ്  എന്നത് ഗുജറാത്തിലെ വഡോദരയാണ് അവിടെ രാത്രി പത്തരയോടെ എത്തിച്ചേരുന്നതാണ്.ചുട്ടുപഴുത്ത് അന്തമായിനീണ്ടുകിടക്കുന്ന ഇരുമ്പ്  പാളത്തിലൂടെ  വണ്ടി അതിവേഗം പാഞ്ഞുകൊണ്ടിരിക്കുകയാണ്. പോകുന്ന വഴിയിലുള്ള അനേകം  തീവണ്ടിയാപ്പീസുകള്‍ രാജകീയ തലയെടുപ്പോടെ പഞ്ഞുപോകുന്ന ഞങ്ങളുടെ വണ്ടിക്കു മുന്‍പില്‍ പച്ചക്കൊടി വീശി വഴിയൊരുക്കി ഓഛാനിച്ചുനിന്നു.  പുറത്ത് ഇരുള്‍ പരന്നു തുടങ്ങി  വണ്ടിക്കകത്തെ വിളക്കുകള്‍ തെളിഞ്ഞു. അത്താഴ വിഭവങ്ങളുമായി ജീവനക്കാര്‍  ഓരോ  സീറ്റിലും എത്തി.    രാത്രിയായതിനാല്‍ ഇനി  പുറം കാഴ്ചകള്‍ ഒന്നും കാണാനില്ല. ഞങ്ങള്‍  എല്ലാവരും കിടക്കുവാനുള്ള  ഒരുക്കങ്ങള്‍ ആരംഭിച്ചു.  കിടന്നപാടെ  സര്‍ദാര്‍ജിയും  സഫാരിയും  കൂര്‍ക്കം വലിക്കാന്‍ തുടങ്ങി. അതുവരെ നിശബ്ദനായി  വെറും കേഴ്വിക്കാരന്‍  മാത്രമായിരുന്ന സര്‍ദാര്‍ജിയുടെ കൂര്‍ക്കംവലിയാണ്ആ കൂപ്പയിലെ നിശബ്ദതയില്‍ പ്രധാന ശബ്ദമായി ഉയര്‍ന്നുകേട്ടത്.

ബര്‍ത്തില്‍ കിടന്നുകൊണ്ട് ഞാന്‍ വിനോദനോട് സംസാരിച്ചു.  അവന്‍റെ വീട്ടുകാര്യങ്ങള്‍  ചോദിച്ചു . വിനോദന്‍ ഇപ്പോഴും  അവിവാഹിതനാണ്. ഞാന്‍ ചോദിച്ചു  ‘അപ്പോള്‍ നീ  സന്യാസ ദീക്ഷയും സ്വീകരിച്ചോ ?’ അവന്‍റെ വേഷവിതാനങ്ങള്‍ കണ്ടിട്ടാണ് ഞാന്‍ അങ്ങിനെ  ചോദിച്ചത് . അവന്‍  ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു

“ഏയ് ഞാന്‍ സന്യാസിയൊന്നുമല്ല. പക്ഷെ നിനക്ക് അറിയാമല്ലോ  എനിക്ക് കമ്പനി കാര്യങ്ങള്‍ക്കായി  ഒത്തിരി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയറി ഇറങ്ങേണ്ടിവരും. മുന്‍പൊക്കെ നമ്മുടെ വിസിറ്റിംഗ് കാര്‍ഡും കൊടുത്ത്  കമ്പനി നിയമകാര്യമാനേജര്‍ എന്നൊക്കെ പറഞ്ഞാല്‍  നല്ല സ്വീകാര്യതയും ബഹുമാനവുമൊക്കെ കിട്ടുമായിരുന്നു. ഇപ്പോള്‍ വിസിറ്റിംഗ് കാര്‍ഡിലെ പേരും തൊലിയുടെ നിറവും  നോക്കി അവര്‍ നമ്മുടെ ജാതിയും മതവുമൊക്കെ  കണ്ടുപിടിച്ചുകളയും. പിന്നെ കിട്ടുന്ന സ്വീകരണം പലപ്പോഴും അത്ര നല്ലതായിരിക്കില്ല.   ഇതിപ്പോ ഈ വേഷവും കുറിയുമൊക്കെ കാണുമ്പോള്‍ ആളുകള്‍ പേരും ജാതിയുമൊന്നും ചോദിക്കില്ല.  സര്‍ക്കാര്‍ ഓഫീസില്‍ മാത്രമല്ല  സ്വന്തം ഓഫീസിലെ പുള്ളികള്‍ക്കും അല്പം ബഹുമാനമൊക്കെയുണ്ട്. നിനക്കറിയാമല്ലോ  കോര്‍പ്പറേറ്റ് ഓഫീസുകളിലെ ഉയര്‍ന്ന ഉദ്യോഗങ്ങളിലെ ജാതി സമവാക്യങ്ങളെക്കുറിച്ചും അവര്‍ എന്നെപ്പോലെയുള്ള ഇരുണ്ട തൊലിയുള്ളവര്‍ക്ക്  നല്‍കാറുള്ള പരിഗണനയുമൊക്കെ”.

“നമ്മുടെ  പഴയ കമ്പനിയുടെ കാര്യം തന്നെയെടുക്കാം. കാര്യം ബഹുരാഷ്ട്ര കമ്പനിയൊക്കെ ആണെങ്കിലും  അതില്‍  വെയില്‍ കൊണ്ട് മേലനങ്ങി പണിയെടുക്കേണ്ട  സെയില്‍സ്  വിഭാഗത്തിലല്ലാതെ  മറ്റു വിഭാഗങ്ങളില്‍ എത്ര മാനേജര്‍മാര്‍  നെഞ്ചിനു കുറുകെ  നൂല്‍ ധരിക്കാത്തവര്‍  ഉണ്ടായിരുന്നു ?നൂലില്ലാത്ത എത്രപേര്‍ക്ക് മാനേജര്‍ ആയി ഉദ്യോഗകയറ്റം നല്‍കിയിട്ടുണ്ട്? എന്‍റെ കാര്യം തന്നെ എടുത്താല്‍ മതി ഒരു പ്രമോഷനും എന്നെ ആരും പരിഗണിച്ചില്ല.   പേരിനു  ഒന്നോ രണ്ടുപേരെ പ്രമോട്ട് ചെയ്താലും അവര്‍ക്കവിടെ നില്ക്കാന്‍ കഴിയില്ല. അവര്‍ കുറച്ചു കഴിയുമ്പോള്‍ അവിടെനിന്നു  മറ്റെവിടേക്കെങ്കിലും  പോവുകയും ചെയ്യും. എന്തായിരുന്നു അതിനൊക്കെ കാരണം ? ഡയറക്ടര്‍ ബോര്‍ഡില്‍ ഇപ്പോഴും നൂലില്ലാത്ത എത്ര ജാതിക്കാരുണ്ട് ?”

സമയം രാത്രി  പത്തരയായി വണ്ടി കൃത്യസമയത്ത് തന്നെ  വഡോദരയില്‍ എത്തി.  അവിടെ പതിനഞ്ചു മിനുട്ട്  താമസം ഉണ്ടെന്നു വിനോദന്‍  പറഞ്ഞു.  കൂപ്പെയുടെ വാതില്‍ ഉള്ളില്‍ നിന്ന് ലോക്ക് ചെയ്തിട്ടാണ് ഞങ്ങള്‍  കിടന്നത്.  ഇനി  കൂപ്പയിലേക്ക് വേറെ ആരും വരാനില്ല.  കൂപ്പെ വാതിലിന്റെ ആരോ ശക്തമായി ഇടിക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്.  പുറത്ത് നിന്ന് കുറച്ചാളുകള്‍ ബഹളം വയ്ക്കുന്നുണ്ട്. ബഹളം കേട്ട് സഫാരിയും സര്‍ദാര്‍ജിയും ഉറക്കം വിട്ടെഴുന്നേറ്റു. അവര്‍ അമ്പരപ്പോടെ ഞങ്ങളെ  നോക്കി ഞങ്ങള്‍  അവരെയും.

വാതിലില്‍ ശക്തമായി ഇടി തുടരുകയാണ് എല്ലാവര്‍ക്കും ഭയപ്പാടു തോന്നി. അവര്‍ വാതില്‍ തല്ലിപ്പൊളിക്കുമെന്നു തോന്നി. രണ്ടും കല്‍പ്പിച്ചു വിനോദന്‍ വാതില്‍ തുറന്നു. കാഷായധാരിയായ  വിനോദനെ കണ്ടപ്പോള്‍  കൂട്ടത്തിന്റെ നേതാവ് എന്ന് തോന്നിക്കുന്നയാള്‍‘നമസ്‌തെ സ്വാമിജി’ എന്ന് പറഞ്ഞകത്തേക്ക് തള്ളികയറി.അയാള്‍ എല്ലാവരെയും സൂക്ഷമായി നോക്കി.
വിനോദന്‍ അയാളോട് ചോദിച്ചു  എന്താണ് നിങ്ങള്‍ ഇവിടെ നോക്കുന്നതെന്ന്. അതിനു മറുപടിയായി  അയാള്‍ എന്‍റെ നേരെ നോക്കിപാന്റ്‌സഴിച്ചു  താഴേക്ക്  ഊര്‍ത്തി  അയാളെക്കാണിക്കാന്‍ പറഞ്ഞു
എന്ത് ? എന്തിന് ? എന്നൊക്കെ ഞാന്‍ ചോദിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ശബ്ദം  ഉയര്‍ത്തി  അയാള്‍ ആക്രോശിച്ചു  ‘നീ നിന്‍റെ പാന്റസ്  ഊരുന്നോ  അതോ നിന്‍റെ മറ്റേതു ഞാന്‍ തല്ലിയൊടിക്കണമോ ? അയാള്‍  കയ്യില്‍ ഇരുന്ന ഇരുമ്പ് ദണഢ് ഉയര്‍ത്തിക്കാട്ടി.

വല്ലാതെ  ഭയന്ന ഞാന്‍  വിനോദനെ നോക്കി. ഞങ്ങള്‍ ഒരുമിച്ചു  ഒരു സഹായത്തിനായി  സഫാരിയെ ദയനീയമായി നോക്കി.  സഫാരിയും സര്‍ദാര്‍ജിയും അപ്പോള്‍  പുറം തിരിഞ്ഞു നിന്നു. എന്‍റെ കൈകള്‍  അറിയാതെ  പാന്റസിന്‍റെ   സിബ്ബിലേക്ക് നീണ്ടു,പിന്നെ  ഹൂക്കിലെക്കും താഴേക്ക് ഊര്‍ന്ന പാന്റ്‌സിനടിയിലെ  അടിവസ്ത്രം അയാള്‍ കയ്യിലിരുന്ന ദണഢുപയോഗിച്ചു താഴേക്ക് ഊര്‍ത്തി. ഇരുമ്പു ദണഢിന്‍റെ തണുപ്പ് ഒരു നീറ്റലായി എന്‍റെ സ്വകാര്യ ഭാഗത്ത്  അനുഭവപ്പെട്ടു.

പരിശോധനയില്‍  അപാകതയൊന്നും കാണാത്തതിനാലാകണം  ഒന്നും പറയാതെ അയാള്‍ തിരിഞ്ഞു നടന്നു. “നീ അപ്പുറത്തെ കൂപ്പയില്‍ പോയി നോക്കു”  അയാള്‍ കൂടെയുള്ള ആര്‍ക്കോ നിര്‍ദ്ദേശം നല്‍കി. നമ്മുടെ ഫസ്റ്റ് ക്ലാസ്  തീവണ്ടിയില്‍  ഒരു ‘പാക്കിസ്ഥാന്‍ പട്ടിയും’അങ്ങിനെ സുഖിക്കണ്ട  എന്ന് പറഞ്ഞവര്‍ നടന്നകന്നു.

അവര്‍ പോയെങ്കിലും  ഭയത്താല്‍  സ്തബ്ധനായിപ്പോയ  ഞാന്‍ നഗ്‌നനായി എന്‍റെ നില്‍പ്പ് തുടര്‍ന്നു. വിനോദന്‍  വേഗംതന്നെ എന്‍റെ പാന്റ്‌സു മേലേക്ക് വലിച്ചുകയറ്റി എന്‍റെ നഗ്‌നത മറച്ചു. പണ്ടൊരിക്കല്‍  ദക്ഷിണാഫ്രിക്കയിലെ  ഫസ്റ്റ് ക്ലാസ് തീവണ്ടി മുറിയില്‍ യാത്രചെയ്ത  മഹാത്മാവിനെ വെള്ളക്കാരന്‍ തല്ലിയിറക്കി വിട്ടതുപോലെ  റെയില്‍വേ ചാര്‍ട്ടിലെ പേരുനോക്കി ആളുകളെ തല്ലി ഇറക്കിവിടാന്‍  മഹാത്മാവിന്റെ നാട്ടുകാരന്‍ നോക്കിയതായിരിക്കുമോ? എനിക്കറിയില്ല.

അമ്പരപ്പോടെയും അപമാനത്തോടെയും   സീറ്റില്‍ ഇരുന്ന എനിക്ക് എന്‍റെ അച്ഛനെ അപ്പോള്‍ ഓര്‍മ്മവന്നു.  നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്തോ ഒരു ഇന്‍ഫെക്ഷന്‍  വന്നു ഡോക്ടറുടെ അടുത്ത് ചെന്നപ്പോള്‍  ഡോക്ടര്‍ പറഞ്ഞു അതു ഇനിയും വരാന്‍ സാധ്യതയുണ്ട്  അതുകൊണ്ട്  അഗ്രചര്‍മ്മം അങ്ങ് എടുത്തു കളയുന്നതാണ് നല്ലതെന്ന്. എല്ലാക്കാര്യവും  വെടിപ്പായി ചെയ്യണമെന്നു വാശിയുണ്ടായിരുന്ന എന്‍റെ  അച്ഛന്‍ എന്തുകൊണ്ടോ അപ്പോള്‍ ഡോക്ടറോട് പറഞ്ഞു   വെറുതെ ഇപ്പോള്‍  സ്കൂള്‍ മുടക്കണ്ടല്ലോ  ഇനി വരുവാണേല്‍  അപ്പോള്‍ ചെയ്യാമെന്ന്. നാലഞ്ചു ദിവസം സ്കൂളില്‍ പോകാതിരിക്കാനുള്ള  അസുലഭാവസരം  തുലച്ചുകളഞ്ഞ  അച്ഛനോട്  എനിക്കപ്പോള്‍ നല്ല ദേഷ്യവും തോന്നിയിരുന്നു. വരുന്നാളുകളില്‍ എപ്പോഴെങ്കിലും നീക്കം ചെയ്യാത്ത  ആഗ്രചര്‍മ്മം തന്‍റെ മകന്‍റെ ജീവനെ കാക്കുമെന്ന് എന്‍റെ അച്ഛന് ഒരു പക്ഷെ അന്ന് തോന്നിയിരിക്കാം.
ഞങ്ങള്‍ക്കാര്‍ക്കും തന്നെ പിന്നീടു  ഉറക്കം വന്നില്ല. എല്ലാവരും തന്നെ നടുക്കത്തില്‍ ആണെന്ന് അവരുടെ മുഖങ്ങള്‍ വിളിച്ചു പറഞ്ഞു. ഒന്നും മിണ്ടാതെ മൌനമായിരിക്കുന്ന ഞങ്ങളുടെയൊക്കെ മനസ്സിനെ ആ അനുഭവം വല്ലാതെ ശൂന്യമാക്കി.  പരസ്പരം ഒന്നും പറയുവാന്‍ ആര്‍ക്കും തോന്നിയില്ല.  തീവണ്ടിയുടെ ചക്രങ്ങള്‍ പാളങ്ങളില്‍ ഉരസിയുണ്ടാക്കുന്ന ശബ്ദം കൂപ്പയിലെ കനത്ത മൌനത്തില്‍ ദുസഹമായി ഏവര്‍ക്കും തോന്നി.

 മടിച്ചു മടിച്ചു  സര്‍ദാര്‍ജി സീറ്റിന്റെ അടിയില്‍നിന്നു തന്‍റെ ബാഗു പുറത്തേക്ക് എടുത്തു. എല്ലാ കണ്ണുകളും മറ്റു ലക്ഷ്യങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ സര്‍ദാര്‍ജിയിലേക്ക്  വെറുതെ നീണ്ടു ചെന്നു. സര്‍ദാര്‍ജി  എല്ലാവരുടെയും  മുഖത്ത് ഒന്ന് നോക്കിയശേഷം  ബാഗു തുറന്നു ഒരു കുപ്പി ബ്രാണ്ടി പുറത്തെടുത്തു.  ഞങ്ങള്‍ എല്ലാവരും ആര്‍ത്തിയോടെ  അതിലേക്കു നോക്കി. ആ അവസരത്തിന് ഏറ്റവും യോജ്യമായ വിശുദ്ധ പാനീയം  പുറത്തെടുത്ത സര്‍ദാര്‍ജിയെ ഞങ്ങള്‍ ഏക മനസാപുകഴ്ത്തി.  ഞങ്ങളുടെ കണ്ണുകളിലെ തിളക്കം കണ്ട സര്‍ദാര്‍ജി  പെട്ടെന്ന് നല്ല ആതിഥേയനായി മാറി. കുപ്പി തുറന്ന സര്‍ദാര്‍ജി എരിവുള്ള പഞ്ചാബി പക്കോടയുടെ പശ്ചാത്തലത്തില്‍   പേപ്പര്‍ കപ്പുകളിലേക്ക്   ബ്രാണ്ടി പകര്‍ന്നതോടെ   ബ്രാണ്ടിയിലിട്ട മഞ്ഞുകട്ട പോലെ ആ കൂപ്പയിലെ മൌനം അലിഞ്ഞില്ലാതായി.

രാവിലെ  ഉറക്കം തെളിഞ്ഞത് വളരെ വൈകിയാണ്.   വണ്ടി കൊങ്കണ്‍ റെയില്‍വേ യിലെ രത്‌നഗിരി സ്‌റ്റേഷനില്‍ നിന്ന് വിട്ടു കഴിഞ്ഞപ്പോള്‍  സര്‍ദാര്‍ജി  രണ്ടു കുത്ത് ചീട്ടു പുറത്തെടുത്തു  ഒപ്പം മറ്റൊരു കുപ്പിയും.  ട്രെയിനില്‍  കിട്ടിയിരുന്നത് സസ്യാഹാരം മാത്രമായിരുന്നു. മദ്യത്തിന്റെ കത്തലിനെ  തടുത്തു നിര്‍ത്താന്‍  ഇന്ത്യന്‍ റെയില്‍വേയുടെ സസ്യഭോജനത്തിനു തനിച്ചാവില്ലായിരുന്നു.  ഉച്ചക്ക് പന്ത്രണ്ടര മണിക്ക് ഗോവയിലെ  മട്ഗാവന്‍ സ്‌റ്റേഷനില്‍ വണ്ടി നിര്‍ത്തി. അവിടെ പത്തുമിനുട്ടു സമയമുണ്ട്  ഞാനു സര്‍ദാര്‍ജിയും കൂടി പുറത്തിറങ്ങി നോക്കി.  ഫ്‌ലാറ്റ് ഫോമില്‍ ഒരു കച്ചവടക്കാരന്‍ ചിക്കന്‍ ബിരിയാണി വില്‍ക്കുന്നുണ്ടായിരുന്നു.  ഞങ്ങള്‍ നാലു പൊതികള്‍ വാങ്ങി.  സഫാരി  ‘നോണ്‍ വെജ്’കഴിക്കുമോന്നറിയില്ല എങ്കിലും അയാള്‍ക്കും കൂടി ഒന്നു വാങ്ങി. ഞങ്ങള്‍ കൂപ്പയില്‍ തിരികെ കയറി.  ചൂടുള്ള ചിക്കന്‍ ബിരിയാണിയുടെ  മണം കൂപ്പയില്‍ നിറഞ്ഞു. സഫാരി  ഞങ്ങളുടെ  കയ്യില്‍ ഇരിക്കുന്ന  പൊതികളിലേക്ക് നോക്കി. ഒരെണ്ണം ഞാന്‍ അയാളുടെ നേര്‍ക്കും നീട്ടി ഒന്നും പറയാതെ  അയാള്‍ അതുവാങ്ങി.  ഞങ്ങള്‍  കൊതിയോടെ  ചിക്കന്‍ ബിരിയാണി തിന്നു  കുപ്പിയില്‍ ബാക്കിയുണ്ടയിരുന്ന മദ്യവും അതോടൊപ്പം തീര്‍ന്നു.

വയര്‍ നിറഞ്ഞപ്പോള്‍ പതിയെ എല്ലാവരും മയക്കത്തിലേക്ക്  കടന്നു. വൈകുന്നേരം  6 മണിയോടെ  വണ്ടി മംഗലാപുരത്തെത്തി.  അതോടെ  മനസ്സിന്  വല്ലാത്തൊരു  ആശ്വാസമായി സ്വന്തം നാടിന്‍റെ അടുത്ത് എത്തിയതിന്റെ ഒരു ആശ്വാസം. പുറത്തെ ഫ്‌ലാറ്റ് ഫോമില്‍ നിന്ന് കേള്‍ക്കുന്ന മലയാളത്തിലുള്ള വാക്കുകള്‍  മനസ്സിലെ ഭാരമെല്ലാം ഒഴിവാക്കുന്നതുപോലെ തോന്നി. ഞാന്‍ സര്‍ദാര്‍ജിയുടെയും  വിനോദന്റെയും മുഖത്തേക്ക് നോക്കി  അവരുടെ മുഖത്തും വല്ലാത്ത സന്തോഷം അലയടിക്കുന്നതായി  തോന്നി.  സഫാരി ചെറിയ മയക്കത്തോടെ പുറത്തേക്ക് നോക്കി എന്തോ ആലോചനയില്‍ മുഴുകി ഇരിക്കുകയാണ്.
വണ്ടി  മംഗലാപുരത്തുനിന്ന് വിട്ടപ്പോള്‍   വിനോദന്‍ ബാഗില്‍ നിന്ന് വസ്ത്രങ്ങള്‍  എടുത്തു വാഷ് റൂമിലേക്ക് പോയി. തിരിച്ചു വന്നത്  കാഷായമെല്ലാം മാറ്റി  ഹാഫ് ട്രൌസറും  പോളോ ടി ഷര്‍ട്ടുമിട്ടാണ് .  പടര്‍ന്നു കിടന്ന മുടി ബാന്‍ഡ്  ഇട്ടു മുറുക്കി  താടി രോമങ്ങള്‍ ചീകിയൊതുക്കി  ഒരു ഫ്രീക്കനായി എന്‍റെയടുത്ത് വന്നിരിന്നു. നെറ്റിയിലെ വലിയ കുറി രാവിലെ തന്നെ ഇല്ലാതായിരുന്നു.  സര്‍ദാര്‍ജിയും  സഫാരിയും വിനോദിനെ അത്ഭുതത്തോടെ നോക്കി.  കാസര്‍ഗോഡ്  സ്‌റ്റേഷന്‍ വിട്ടപ്പോള്‍ പുറത്ത്  ഇരുള്‍ വീണു തുടങ്ങി.  ഞാന്‍ സീറ്റില്‍ നിന്നെഴുന്നേറ്റു  വാതിലിനടുത്ത് ചെന്നു വാതില്‍  അല്പം തുറന്നു പുറത്തേക്ക് നോക്കി.   റോഡിനരികിലുള്ള  വീടുകളില്‍  സന്ധ്യാദീപം  കത്തിച്ചു വച്ചിരിക്കുന്നത് കാണുന്നുണ്ട്.  വിനോദനും   സര്‍ദാര്‍ജിയും  എന്‍റെ ഒപ്പം ചേര്‍ന്നുകൊണ്ട്   പുറത്തെ കാഴ്ചകളിലേക്ക്  കണ്ണോടിച്ചു.  പാതയുടെ  വശങ്ങളിലൂടെ  പ്രകാശം പരത്തികൊണ്ട്  വീടുകളും  ദേവാലയങ്ങളും വേഗത്തില്‍ ഓടിമറഞ്ഞു.

പെട്ടന്നെനിക്കു  ക്ലാസ് മുറിയിലെ ചുവരില്‍   തൂക്കിയിട്ടിരിക്കുന്ന ഇന്ത്യയുടെ  ഭൂപടം ഓര്‍മ്മയില്‍ വന്നു. ഭൂപടത്തിന്റെ  കാല്‍ ചുവട്ടിലായി പാദങ്ങള്‍ കല്ലില്‍ തട്ടാതെ  വഴികാണിക്കാന്‍ ഇനിയും കെടാത്ത  ചിരാതുമായിചെറിയ വെളിച്ചവും  മിന്നിച്ചു നില്‍ക്കുന്ന മലയാളക്കരയും അവിടുത്തെ കൊച്ചു മനുഷ്യരും.  അതുവരെയുള്ള യാത്രയുടെ ദുരിതവും ആലസ്യവും  മറന്നു  എന്തോ തമാശ പറഞ്ഞു ചിരിക്കുന്നുണ്ട് വിനോദനും സര്‍ദാജിയും. സഫാരി അപ്പോഴേക്കും നല്ല ഉറക്കത്തിലേക്ക് കൂപ്പുകുത്തിയിരുന്നു.




Join WhatsApp News
Marunadan 2019-09-01 22:56:00
A very good political satyr relevant to current scenario
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക