Image

ഗ്രീന്‍കാര്‍ഡ് സ്വപ്‌നം അവസാനിക്കുന്നുവോ? (പകല്‍ക്കിനാവ് 151: ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 06 June, 2019
ഗ്രീന്‍കാര്‍ഡ് സ്വപ്‌നം അവസാനിക്കുന്നുവോ? (പകല്‍ക്കിനാവ് 151: ജോര്‍ജ് തുമ്പയില്‍)
അമേരിക്കയില്‍ ഭാര്യയോ മക്കളോ  അടുത്ത ബന്ധുക്കളോ ഉണ്ടെങ്കില്‍ സുഗമായി ഇവിടെയെത്താമെന്നത് ഇനി വെറും സ്വപ്‌നമായി അവശേഷിക്കുമോ? എണ്‍പതുകളില്‍ ആരംഭിച്ച ഇത്തരമൊരു യുഎസ് കുടിയേറ്റത്തിന് മൂന്നു പതിറ്റാണ്ടിനു ശേഷം വാതിലുകള്‍ അടയുകയാണോ? അമേരിക്കയിലെത്തിയ പ്രൊഫഷണല്‍സിനു പിന്നാലെ ബന്ധുക്കള്‍ക്ക് ഇവിടെയെത്താമെന്ന ഗ്രീന്‍കാര്‍ഡ് പദ്ധതിക്കു തുരങ്കം വച്ചു കൊണ്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള ഇലക്ഷന്‍ സ്റ്റണ്ട് ആയിരിക്കാമിത് എന്നാണ് ആദ്യം കരുതിയതെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. കുടിയേറ്റ നിയമം കര്‍ക്കശ്യമാക്കാന്‍ പോവുകയാണെന്ന് അധികാരത്തിലെത്തിയ കാലം മുതല്‍ക്കേ ട്രംപ് പറയുന്നുണ്ടെങ്കിലും ഇപ്പോള്‍ അദ്ദേഹം സംസാരിക്കുന്നതു മുഴുവന്‍ ഗ്രീന്‍കാര്‍ഡിനെ കുറിച്ചാണ്. പ്രൊഫഷണലുകളുടെ പിന്നാലെ എത്തിയ ബന്ധുക്കളെ മടക്കി അയക്കുന്ന കാര്യം പറയുന്നില്ലെങ്കിലും ഇനി ഇത്തരമൊരു ഏര്‍പ്പാടിന് അമേരിക്ക തയ്യാറാവില്ലെന്ന് അദ്ദേഹം പറയുന്നു. ഈ കുടിയേറ്റ മണ്ടത്തരം കാരണം അമേരിക്കയില്‍ വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക-സാമൂഹിക പ്രതിസന്ധികള്‍ മറികടക്കാന്‍ സംസ്ഥാനങ്ങള്‍ ഇന്ന് ഏറെ വിഷമിക്കുന്നുണ്ടത്രേ. ഗ്രീന്‍ കാര്‍ഡ് പ്രശ്‌നം ഇപ്പോള്‍ വ്യാപകമായി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യക്കാരെയും പ്രത്യേകിച്ച് മലയാളികളെയുമാണ്. ഇപ്പോള്‍ തന്നെ ആയിരക്കണക്കിനാളുകള്‍ ഗ്രീന്‍കാര്‍ഡ് പ്രതീക്ഷിച്ച് വിസാചാനലില്‍ കാത്തിരിപ്പുണ്ട്. ബന്ധുക്കളുടെ പിന്‍ബലത്തില്‍ ഇവിടെയെത്തിയ ആയിരക്കണക്കിനാളുകളാണ് അമേരിക്കയില്‍ അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതെന്ന കണ്ടെത്തലാണ് ഇത്തരമൊരു നീക്കത്തിനു പ്രേരിപ്പിച്ചതെന്നു ട്രംപ് പറയുന്നു. 

അമേരിക്കയ്ക്ക് ആവശ്യം പ്രൊഫഷണലുകളെയാണ്. വെറും ഡിഗ്രി ഹോള്‍ഡര്‍മാരെയല്ല, നല്ല സ്‌കില്‍ഡ് പ്രൊഫഷണലുകളെയാണ് തങ്ങള്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഗ്രീന്‍ കാര്‍ഡ് എന്ന പദ്ധതി മൂലം സംഭവിച്ചിരിക്കുന്നത് നേരെ മറിച്ചാണ്. വെറും 12 ശതമാനം മാത്രമാണ് കുടിയേറ്റത്തിലൂടെ ഇവിടെയെത്തിയ പ്രൊഫഷണലുകള്‍. ശേഷിച്ചവര്‍ അവരുടെ പിന്തുണയോടു കൂടിയെത്തിയ ബന്ധുക്കളും. ഇത്തരക്കാര്‍ അമേരിക്കയ്ക്ക് എക്കാലത്തും ബാധ്യതയാണ്. അത്തരം തെറ്റായ കുടിയേറ്റ നിയമങ്ങള്‍ തിരുത്തുവാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്- ട്രംപ് പറയുന്നു. ഇക്കാര്യത്തില്‍ ട്രംപിന്റെ മരുമകനും അദ്ദേഹത്തിന്റെ പ്രധാന ഉപദേഷ്ടാക്കളിലൊരാളുമായ ജറാര്‍ഡ് കുഷ്‌നറിനും സമാനമായ വാദഗതികളാണ് ഉള്ളത്. 

അമേരിക്ക കാത്തിരിക്കുന്നതും തങ്ങള്‍ക്ക് ആവശ്യമുള്ളതും സ്‌കില്‍ഡ് പ്രൊഫഷണലുകളെ മാത്രമാണ്. അല്ലാത്തവര്‍ക്കു വേണ്ടി രാജ്യം വാതിലുകള്‍ തുറന്നിടുന്നില്ല. ആവശ്യത്തിനു കുടിയേറ്റക്കാര്‍ ഇപ്പോള്‍ തന്നെ രാജ്യത്തിനുണ്ട്. ഇത്തരക്കാരെ പരിപാലിക്കാന്‍ രാജ്യത്തിനു തെല്ലും ബാധ്യതയില്ലെന്നും ഇത് അമേരിക്കയുടെ സാമ്പത്തികനയങ്ങള്‍ക്ക് മേല്‍ അനാവശ്യമായ ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്നും കുഷ്‌നര്‍ പറയുന്നു. എന്നാല്‍, ഇപ്പോള്‍ ഗ്രീന്‍കാര്‍ഡ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ട്രംപ് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. രാജ്യത്തെ സംബന്ധിച്ചിടത്തോളം 12 ശതമാനം സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ അമേരിക്കയിലെത്തിയത്, ശേഷിച്ച 88 ശതമാനം ബന്ധുക്കളെ ഇവിടേക്ക് കൊണ്ടുവരാമെന്നുള്ളതു കൊണ്ടാണെന്നും പ്രമുഖ എതിരാളികളായ ഡെമോക്രാറ്റുകള്‍ പറയുന്നു. അടുത്ത വര്‍ഷം വരാന്‍ പോകുന്ന തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടാണ് ഇപ്പോള്‍ സ്വരാജ്യ സ്‌നേഹം ട്രംപ് ഉയര്‍ത്തുന്നതെന്നും അല്ലാതെ കുടിയേറ്റത്തെ തളയ്ക്കുകയെന്നതല്ല അദ്ദേഹത്തിന്റെ ശരിയായ ഉദ്ദേശമെന്നും അവര്‍ പറയുന്നു.

കാര്യം എന്താണെങ്കിലും ശരി, ഒരു തവണ കൂടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ യുഎസ് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചാല്‍ ഇപ്പോഴത്തെ കുടിയേറ്റ നിയമത്തില്‍ കാര്യമായ വ്യതിയാനം സംഭവിക്കാനിടയുണ്ടെന്നാണ് സൂചനകള്‍. ട്രംപ് അധികാരത്തില്‍ എത്തിയ കാലം മുതല്‍ക്കേ കുടിയേറ്റത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നത്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്‍ മതിലിനു പദ്ധതി തയ്യാറാക്കുകയും ഒപ്പം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റത്തില്‍ കര്‍ക്കശമായ നിയമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു കൊണ്ടാണ് ട്രംപ് റിപ്പബ്ലിക്കന്‍ നയം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ട്രംപ് നയം മാത്രമല്ല പാര്‍ട്ടിയുടെ കാര്യമായ പിന്തുണയുണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷേ, സെനറ്റില്‍ മെക്‌സിക്കന്‍ മതില്‍ പണിയുന്നതിനു കാര്യമായ ഫണ്ട് അനുവദിച്ചെടുക്കാന്‍ ട്രംപിനു കഴിഞ്ഞില്ലെന്നതും ഓര്‍ക്കണം. 

ഗ്രീന്‍ കാര്‍ഡുകള്‍ കാര്യമായി പ്രയോജനപ്പെടുത്തന്ന മലയാളി സമൂഹം ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗരൂകരാകേണ്ടിയിരിക്കുന്നു. അമേരിക്കന്‍ കുടിയേറ്റം എന്നത് സ്വപ്‌നമായി കൊണ്ടു നടക്കുന്നവര്‍ പ്രത്യേകിച്ചും. വരാന്‍ പോകുന്ന നാളുകളില്‍ ട്രംപിന്റെ ഭരണകൂടം ഇക്കാര്യത്തില്‍ എന്തൊക്കെ നയങ്ങളാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാത്ത സ്ഥിതിക്ക് തത്ക്കാലം കാര്യങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുക എന്നതാണ് അഭികാമ്യം. എല്ലാം കാത്തിരുന്നു കാണുക തന്നെ.

ഗ്രീന്‍കാര്‍ഡ് സ്വപ്‌നം അവസാനിക്കുന്നുവോ? (പകല്‍ക്കിനാവ് 151: ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
വോട്ട് ചെയിതപോള്‍ ഓര്‍ക്കണം 2019-06-06 11:14:58
കത്തോലിക്കന്‍; ഇവഞ്ഞളിക്കന്‍; എന്നൊക്കെ ഞെളിഞ്ഞുനിന്നൂ നിന്ന് അന്തി ക്രിസ്തുവിനു വോട്ടു ചെയിതപോള്‍ ഓര്‍ക്കണം ആയിരുന്നു. എന്തിയേ പൊട്ട കണ്ണനും കൂട്ടുകാരും. അബ്രഹാമിന്‍റെ മടിയില്‍ ഇരിക്കുന്നവനും മലയാളികളെ പറ്റിക്കാന്‍ നോക്കുന്നവനും സ്റ്റോക്ക്‌ മാര്‍ക്കറ്റ് മേലോട്ട് പൊങ്ങും എന്ന് പറഞ്ഞു  ഇ രാജ്യം മാത്രം അല്ല ലോകം മുഴുവന്‍ നശിപ്പിക്കാന്‍ ഉള്ള വിഡ്ഢിത്തം കൊണ്ട് നടക്കുന്നവന് വോട്ടു ചെയിതപോള്‍ ഓര്‍ക്കണം ആയിരുന്നു.- santhamma Houston 
യേശു ഉടന്‍ വരും. 2019-06-06 11:41:21
ലോകത്തില്‍ അക്രമങ്ങള്‍ നിറയുമ്പോള്‍, രാജ്യങ്ങള്‍ തമ്മില്‍ അടിക്കുമ്പോള്‍  വിശ്വാസികളെ ഉടലോടെ കൊണ്ട് പോകാന്‍ യേശു വീണ്ടും വരും. ഇ രണ്ടാം വരവ് എത്രയുംവേഗം ഉണ്ടാകാന്‍ ആണ് ഞങ്ങള്‍ ക്രിസ്താനികള്‍ ട്രുംപിനും മോഡിക്കും വോട്ടു ചെയ്യുന്നത്.- true believer.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക