Image

അത്ഭുതങ്ങള്‍ നിലനിര്‍ത്തി സലാല (സലാലക്കാഴ്ചകള്‍ (2): മിനി വിശ്വനാഥന്‍)

Published on 11 June, 2019
അത്ഭുതങ്ങള്‍ നിലനിര്‍ത്തി സലാല (സലാലക്കാഴ്ചകള്‍ (2): മിനി വിശ്വനാഥന്‍)
തെക്കന്‍ ഒമാന്റെ ഡോഫാര്‍ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് സലാല.
കേരളത്തിന്റെ ഭൂപ്രകൃതിയും, അറബിക്കടലിന്റെ സാന്നിദ്ധ്യവും കൊണ്ട് മലയാളികള്‍ക്ക് മാത്രമല്ല മറ്റ് വിദേശീയര്‍ക്കും പ്രിയപ്പെട്ട ഒരിടമാണിത്. ജൂണ്‍ മാസം മുതല്‍ മണ്‍സൂണിന്റെ സാന്നിദ്ധ്യം പ്രകൃതിയെ മുഴുവന്‍ പച്ചപുതപ്പിക്കും. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ജൂണ്‍ ജൂലായ് മാസങ്ങളിലെ അതികഠിനമായ ചൂടില്‍ നിന്ന് രക്ഷനേടാന്‍ സമ്പന്നരായ അറബ് വംശജരും മറ്റ് വിദേശികളും ആശ്രയിക്കുന്നത് സലാലയെയാണ്. ചിലര്‍ക്കെങ്കിലും സ്വന്തമായി വേനല്‍ക്കാല വസതികളും ഉണ്ടിവിടെ..

സ്വതവേ അല്പം അലസന്മാരായ ഒമാന്‍സ്വദേശികളുടെ ബിസിനസുകളും ടൂറിസവും എല്ലാം " ഖരീഫ് " സീസന്‍ ലക്ഷ്യമാക്കിയാണ്.. ജൂലായ് മുതല്‍ സെപ്തംബര്‍ വരെ നീളുന്ന മണ്‍സൂണ്‍ കാലമാണ് ഖരീഫ് സീസണ്‍..ഖരീഫിന് സന്ദര്‍ശകരെ സ്വീകരിക്കാന്‍ വേണ്ടി വീടുകളും ഫ്‌ലാറ്റുകളും ഒരുങ്ങി നില്‍ക്കും. താഴ്‌വാരങ്ങളില്‍ ടെന്‍റുകളും വിപണനമേളകളും തമ്പടിക്കും. തൊട്ടടുത്ത അയല്‍ രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്ക് ഒമാന്‍ െ്രെഡവിങ്ങ് ലൈസന്‍സ് നിര്‍ബന്ധമില്ലാത്തതിനാല്‍ ഉണര്‍വ്വില്‍ നില്ക്കുന്ന മറ്റൊരു ബിസിനസ് 'റെന്‍റ് എ കാര്‍' ആണ്.. നേരിയ മഴച്ചാറലിന്റെ അകമ്പടിയോടെ സുന്ദരിയായി നില്‍ക്കുന്ന സലാല സന്ദര്‍ശകര്‍ക്ക് പ്രിയങ്കരിയായില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഞങ്ങള്‍ എത്തിയപ്പോഴും സലാലയിലെ കാലാവസ്ഥ പ്രസന്നമായിരുന്നു. ഖരീഫ് സീസണിലെ മരതകക്കാഴ്ച നഷ്ടമായെന്ന് മാത്രം. പക്ഷേ അതുകൊണ്ടുണ്ടായ മറ്റൊരു ഗുണം മരുഭൂമിയുടെ വന്യസൗന്ദര്യം അനുഭവിക്കാനായി എന്നതാണ്. ഇത്രയും കാലം ദുബായില്‍ ജീവിച്ചിട്ടും കണ്ടതിന് എത്രയോ ഇരട്ടി മരുപ്രദേശങ്ങളും ഒട്ടകക്കൂട്ടങ്ങളും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ കണ്ടുതീര്‍ത്തു.

മീനയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ഇരുപത്തിരണ്ട് വര്‍ഷങ്ങളായി സലാലയില്‍ എത്തിയിട്ട്. ബോംബെയിലെ തിരക്കുകള്‍ കണ്ട് മടുത്ത് ഇവിടെയെത്തിയ ഉണ്ണി ഇനി തന്റെ ജീവിതം ഈ മനോഹര തീരത്ത് തന്നെ എന്നു തീരുമാനിക്കുകയായിരുന്നു . രണ്ടു ദിവസം കൊണ്ട് തന്നെ ഞങ്ങളെയും വല്ലാണ്ട് കൊതിപ്പിച്ചു ഈ നാട് .
സൂര്യപ്രകാശം നന്നായി കിട്ടുന്ന വലിയ മുറികളുള്ള ഫ്‌ലാറ്റാണ് മീനയുടെത്. നാട്ടിലെ വീടിന്റെ ഓര്‍മ്മയുണ്ടാക്കുന്നത്ര വലിയ മുറികളും സൗകര്യവും. മറ്റു കാര്യങ്ങളിലെന്ന പോലെ വാടകയുടെ കാര്യത്തിലും ദുബായിയുമായി താരതമ്യത്തിനില്ല. വളരെ കുറഞ്ഞ വാടകയ്ക് നല്ല വീടുകള്‍ കിട്ടാനുണ്ടിവിടെ.

പരിമിതമായ ദിവസങ്ങളാണെങ്കിലും ഒരു വിധം കാഴ്ചകള്‍ കണ്ടു തീര്‍ക്കാന്‍ പറ്റുന്ന വിധമൊരു പെര്‍ഫെക്ട് പ്ലാന്‍ കരുതിയിരുന്നു ഉണ്ണി. അച്ഛനും അമ്മയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊക്കെ അവധി കൊടുത്ത് ഞങ്ങളുടെ കൂടെയിറങ്ങി. പന്ത്രണ്ടാം ക്ലാസുകാരിയായ മേഘ വഴികാട്ടിയായി. വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്കൊരു കുടുംബ സംഗമം കൂടിയായി ഈ യാത്ര.

യാത്രാരംഭം പുണ്യസ്ഥലങ്ങളില്‍ നിന്നാവാമെന്ന അവരുടെ തീരുമാനത്തെ ഞങ്ങളും പിന്താങ്ങി.

നഗരമദ്ധ്യത്തിലെ ചെറിയ ഒരു മോസ്കിലാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ശവക്കല്ലറ എന്ന ലോകറിക്കോര്‍ഡിന് അര്‍ഹമായ "നബി ഉമ്രാന്‍ "ന്റെ ഖബര്‍ സ്ഥിതി ചെയ്യുന്നത്.

പുറത്ത് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ തക്കമുള്ള യാതൊരു അടയാളങ്ങളുമില്ലാത്ത പള്ളിക്ക് ചുറ്റും ചെമ്പക മരങ്ങള്‍ പൂത്തുലഞ്ഞു. വെളുത്ത പൂക്കള്‍ സുഗന്ധം പ്രസരിപ്പിച്ച് ചിരിച്ചു വിടര്‍ന്നു.

സാമാന്യത്തിലധികം നീളമുള്ള ഖബര്‍ പച്ചനിറത്തിലുള്ള ഒരു സില്‍ക്ക് തുണികൊണ്ട് ആവരണം ചെയ്തിരുന്നു.. അവിടെ കത്തിച്ചു വെച്ച ചന്ദനത്തിരികളുടെ ഗന്ധം ചെമ്പക മണത്തോട് ഇടകലര്‍ന്നു.
ഇവിടെ പണം ഇടാന്‍ പാടില്ലെന്ന് ഇംഗ്ലീഷിലും അറബിക്കിലും എഴുതി വെച്ചതല്ലാതെ ഖബറിനുള്ളില്‍ ഉറങ്ങുന്ന പ്രവാചകന്റെ പേരോ മറ്റ് വിവരങ്ങളോ ഉണ്ടായിരുന്നില്ല. സന്ദര്‍ശകര്‍ ധ്യാനനിമഗ്‌നരായി ഖബര്‍ വലം ചുറ്റി നിശബ്ദരായി പുറത്തേക്ക് നടന്നു.

ചരിത്രാതീതകാലത്ത് ഇത്രയും നീളമുള്ളവരായിരുന്നു പ്രവാചകര്‍ എന്നും, അതല്ല സ്വയം വലുതാവുന്നതാണ് ഈ ഖബറെന്നും രണ്ട് വാദങ്ങള്‍ കേട്ടു , അസാധാരണമായ ഇതിന്റെ നീളത്തിന് കാരണമായി.

ഇദ്ദേഹം ഒരു അറബ് പ്രവാചകനാണെന്ന് ചിലരും ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള യേശുവിന്റെ അമ്മയായ മേരിയുടെ പിതാവിന്റെ ഖബറാണെന്ന് ചിലരും വിശ്വസിക്കുന്നു. സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കാനായി ഒന്നും അവിടെ ഉണ്ടായിരുന്നില്ല. വിസ്മയകരമായ അപൂര്‍വ്വ അത്ഭുതക്കാഴ്ചയില്‍ നിന്ന് തുടങ്ങിയ യാത്ര അവസാനം വരെ അത്ഭുതങ്ങള്‍ നിലനിര്‍ത്തി.

തൊട്ടടുത്തുള്ള ക്ഷേത്രദര്‍ശമായിരുന്നു അടുത്ത ലക്ഷ്യം.നിറയെ മരങ്ങള്‍ ചാഞ്ഞു കിടക്കുന്ന ക്ഷേത്ര മുറ്റത്തെ കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. എല്ലാ ഇന്ത്യക്കാരും ഒരുപോലെ ക്ഷേത്രങ്ങളില്‍ എത്തി നോര്‍ത്തിന്ത്യന്‍ വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന സീതയെയും, പാര്‍വ്വതിയേയും തൊഴുതു മടങ്ങി.
അമ്പലങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ മാത്രമല്ല ഇവിടെ, നാട്ടുകാര്‍ക്ക് പരസ്പരം അറിയാനും കൂട്ടുചേരാനുമുള്ള ഇടങ്ങളുമാണ്. അന്നും എന്തോ ഒരു പ്രോഗ്രാമിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്ചയുടെ ആലസ്യത്തിലമരാതെ ചെറുപ്പക്കാര്‍ പന്തലിനുള്ള തുണി വലിച്ചുകെട്ടുകയും സദ്യയുടെ ഒരുക്കങ്ങള്‍ നടത്തുകയും കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

അവിടെ നിന്നിറങ്ങിയപ്പോഴാണ് സൂര്യമോള്‍ ചിണുങ്ങാന്‍ തുടങ്ങിയത്. അവളുടെ അടുത്ത കൂട്ടുകാരിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയാണ് ഒരു ഫാം ഹൗസില്‍. അവള്‍ക്കവിടെ പോയേ തീരൂ. ഒരു ഫാം ഹൗസ് കാഴ്ചകളിലേക്കാവാം അടുത്ത യാത്രയെന്ന് ഞങ്ങളും കരുതി. വെള്ളച്ചാലുകളുടെ ഇടയില്‍ ചേമ്പുകളും മറ്റു പച്ചക്കറികളും ഇളനീരിനായി നട്ടുവളര്‍ത്തിയ ചെന്തെങ്ങുകളും ചേര്‍ന്ന് പച്ച പിടിച്ചു നില്‍ക്കുന്ന നാട് കാണാന്‍ തന്നെ നല്ല ഭംഗി. കേരളത്തിന് അന്യമാവുന്ന ഈ കാഴ്ചകളെക്കുറിച്ചോര്‍ത്ത് ഞാന്‍ വേവലാതിപ്പെട്ടപ്പോള്‍ കോയമ്പത്തൂരില്‍ പൊള്ളാച്ചി പോവുന്ന വഴി ഇമ്മാതിരി കാഴ്ചകള്‍ കാണാമെന്ന് അമ്മ അഭിമാനിച്ചു.

പച്ചക്കറി തോട്ടങ്ങള്‍ക്ക് നടുവിലൊരു വില്ലയും സ്വിമ്മിങ്ങ് പൂളുമാണ് പാര്‍ട്ടി നടക്കുന്ന ഫാംഹൗസിന്റെ പ്രത്യേകത. സൂര്യ അവരുടെ കൂടെ കുറച്ച് നേരം കൂടി .. ഞങ്ങള്‍ ക്യാമറയുമായി പുറത്തോട്ടുമിറങ്ങി.
റോഡരികിലൊക്കെ പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെങ്കിലും ഒന്നും വെട്ടിയൊരുക്കി ഒതുക്കി വെച്ചിട്ടുണ്ടായിരുന്നില്ല. പൂത്തുലഞ്ഞ് വളര്‍ന്ന് സ്വതന്ത്ര്യമായി നില്‍ക്കുന്ന റോസ് നിറമുള്ള പൂക്കളും വേലിപ്പടര്‍പ്പുകളും കേരളത്തിലെ പഴയ നാട്ടു വഴികളെ ഓര്‍മ്മിപ്പിച്ചു.

ഐന്‍ റസാത്ത് ( Ain Razat) ആയിരുന്നു അടുത്ത യാത്രാ ലക്ഷ്യം. ദോഫാറിലെ ശുദ്ധജലത്തിന്റെ പ്രധാന ഉറവിടമാണ് ഇവിടത്തെ മലനിരകളില്‍ നിന്നൊഴുകുന്ന അരുവി . ഭൂമിയുടെ സമനിരപ്പില്‍ നിന്ന് ഉയരത്തിലേക്കാണ് ഇനിയത്തെ കാഴ്ചകള്‍ മുഴുവന്‍ . മലനിരകള്‍ക്കിടയിലൂടൊഴുകുന്ന ചെറു അരുവിയില്‍ തിമിര്‍ത്ത് കളിക്കുന്ന ചെറുസംഘങ്ങള്‍ ബഹളം വെച്ചു ആഘോഷിച്ചു. ഒരു അറബ് വേഷധാരിയായ യുവതിയുടെ മകന്‍ അരുവിയില്‍ മുങ്ങിക്കിടക്കാന്‍ പരിശീലിക്കുന്നത് കണ്ട് നോക്കിയപ്പോള്‍ അവള്‍ മുഖം പകുതി മൂടി ഫോട്ടോയ്ക്ക് സമ്മതം അറിയിച്ചു. ഞങ്ങളുടെ അതിശയങ്ങള്‍ അവള്‍ക്കും കൗതുകമായി മാറി. ചെറുപുഞ്ചിരിയോടെ ഞങ്ങള്‍ സൗഹൃദം പങ്കു വെച്ചു.

അവധി ആഘോഷിക്കാനെത്തിയ സ്വദേശികള്‍ പാചകപ്പാത്രങ്ങളുമായി വന്ന് അവിടെ ഭക്ഷണം ഉണ്ടാക്കുന്നുണ്ടായിരുന്നു. അവരുടെ അടുത്തുള്ള ഒരു മരച്ചുവട്ടിലിരുന്ന അമ്മയോടും അവര്‍ ചായ വേണോ എന്ന് ചോദിച്ചു. ഔദാര്യങ്ങള്‍ക്കും, ഉപചാരങ്ങള്‍ക്കുമിടയില്‍ ഭാഷയ്ക്ക് പ്രസക്തിയില്ലല്ലോ.

വലിയ ചുണ്ണാമ്പു പാറകള്‍ക്കിടയിലുള്ള ഗുഹകളായിരുന്നു മറ്റൊരു കാഴ്ച.. വിദേശികളായ സഞ്ചാരികളുടെ ക്യാമറകള്‍ നിരന്തരം ക്ലിക്കുകള്‍ക്ക് വിധേയരായി. പ്രകൃതിയൊരുക്കിയ നയനമനോഹരമായ കാഴ്ചകളില്‍ വിസ്മയരായി ഞങ്ങളും... ചുറ്റുപാടുമുള്ള പര്‍വ്വതനിരകള്‍ പച്ച പിടിച്ചു നില്‍ക്കുന്ന ഖരീഫില്‍ വീണ്ടും വരണമെന്ന് പറഞ്ഞ് അവിടെയുണ്ടായിരുന്ന സ്വദേശി കുടുംബം ഞങ്ങളെ യാത്രയാക്കി......

അടുത്ത ലക്ഷ്യത്തിലേക്ക് ഞങ്ങളുടെ യാത്ര തുടര്‍ന്നു...



അത്ഭുതങ്ങള്‍ നിലനിര്‍ത്തി സലാല (സലാലക്കാഴ്ചകള്‍ (2): മിനി വിശ്വനാഥന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക