Image

രണ്ടു പതിറ്റാണ്ടിന്റെ നൈര്‍മല്യം പിന്നിട്ട 'ജനനി' മാസിക (പകല്‍ക്കിനാവ് 152: ജോര്‍ജ് തുമ്പയില്‍ )

ജോര്‍ജ് തുമ്പയില്‍ Published on 13 June, 2019
രണ്ടു പതിറ്റാണ്ടിന്റെ നൈര്‍മല്യം പിന്നിട്ട 'ജനനി' മാസിക   (പകല്‍ക്കിനാവ് 152: ജോര്‍ജ് തുമ്പയില്‍ )
ജനനി മാസികയ്ക്കു 21 വയസ്സ്. അനന്തമായ കാലത്തിന്റെ അപാരതയില്‍, കണ്ണില്‍ പെടാത്ത ഒരു ബിന്ദുവാകാം, 21 വയസ്സ്. എന്നാല്‍, അമേരിക്കയിലെ മലയാള പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ചിടത്തോളം 21 വയസ്സ് ഒരു പരിധി വരെ സുദീര്‍ഘമായ കാലയളവാണ്. 'ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി', എന്നതാണ് ജനനിയുടെ ടാഗ് ലൈന്‍. അമ്മയും ജന്മഭൂമിയും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം എന്ന ആപ്തവാക്യം രാമായണത്തിലേതാണ്. മരതകദ്വീപായ ലങ്കയുടെ സൗന്ദര്യം കണ്ട് രമിച്ചു പോയ ലക്ഷ്മണനോടു ശ്രീരാമന്‍ നല്‍കുന്ന ഉപദേശമാണിത്. ജനനി എന്ന മാസികയ്ക്കു നല്‍കാനുള്ളതും ഇതേ ഉപദേശം തന്നെയാണ്. അമേരിക്കയിലെ വര്‍ണസുഖ ശീതളിമയില്‍ അഭിരമിക്കുമ്പോള്‍ പെറ്റനാടിനെയും പെറ്റഭൂമിയേയും മറക്കാതിരിക്കാനുള്ള വലിയൊരു പാഠമായിരുന്നു ഈ പ്രസിദ്ധീകരണം.
20 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1999 മെയ് മാസത്തിലാണ് ജനനി മാസികയുടെ പിറവി. ജെ. മാത്യൂസ് ചീഫ് എഡിറ്ററായി, സണ്ണി പൗലോസ് മാനേജിങ് എഡിറ്ററായും ഡോ. സാറ ഈശോ സാഹിത്യ എഡിറ്ററായും ആരംഭിച്ച മാസികയാണ് ഇത്. അമേരിക്കയില്‍ അക്കാലത്ത് സാഹിത്യത്തിനു വേണ്ടി ഒരു മലയാളം മാസിക ഉണ്ടായിരുന്നില്ല. അതിനും മുന്‍പും പിന്നീടും നിരവധി പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും അവയൊന്നും നിലനിന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചിലത് ശൈശവദശയില്‍ തന്നെ കൊഴിഞ്ഞു പോയി. മറ്റു ചിലത് ഓടിത്തളര്‍ന്നു നിലച്ചു പോയി. ഇവിടെയാണ് ജനനിയുടെ പ്രസക്തി. ലാഭേച്ഛയില്ലാതെ മലയാള സാഹിത്യത്തെയും ഭാഷയേയും നെഞ്ചേറ്റിയവര്‍ കൊണ്ടുനടന്ന പ്രസിദ്ധീകരണം ഇന്നും നിലയ്ക്കാത്ത ശബ്ദമായി മാറുന്നു. അത് മലയാളഭാഷയോടുള്ള പ്രവാസിയുടെ ധര്‍മ്മവും കര്‍മ്മവുമായി മാറുന്നു. ജനനി മാസിക ഇന്നു വിജയകരമായ രണ്ടു പതിറ്റാണ്ടുകളാണ് പിന്നിടുന്നത്. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ചരിത്രമായി ഈ പ്രസിദ്ധീകരണം നിനില്‍ക്കുന്നുവെന്നത് വലിയൊരു അത്ഭുതം തന്നെയാണ്.

ആദ്യകാലത്ത് കേരളത്തില്‍ നിന്നും മൂല്യവത്തായ രചനകള്‍ സംഘടിപ്പിച്ചു നല്‍കിയിരുന്നത് ഡോ. എം.എം. ബഷീറും, ഡോ. എം.എന്‍. കാരശേരിയും കെ. എം. റോയിയുമായിരുന്നു. ഇവര്‍ നല്‍കിയ സാഹിത്യസംബന്ധിയായ സൃഷ്ടികള്‍ ജനനിയുടെ ആദ്യകാലത്ത് തന്നെ സാഹിത്യതത്പരര്‍ക്കു സമ്മാനിച്ചത് അക്ഷരവിരുന്നായിരുന്നുവെന്നു പറയേണ്ടി വരും. ഒരു പ്രവാസി പ്രസിദ്ധീകരണത്തിന് 

ആലോചിക്കാവുന്നതിനപ്പുറമായിരുന്നു ഇതിന്റെ നിലവാരും. ഈ മൂവര്‍ സംഘടിപ്പിച്ചു നല്‍കിയ സര്‍ഗസൃഷ്ടികള്‍ അമേരിക്കയിലുടനീളം വായനക്കാരെ ജനനിക്കു സമ്മാനിക്കാന്‍ ഏറെ സഹായിച്ചിരുന്നു. ഇപ്പോള്‍ എഴുത്തുകാരന്‍ ജോര്‍ജ് ജോസഫിനാണ് അതിന്റെ ചുമതല. കൊച്ചിയിലുള്ള അദ്ദേഹമാണ് കേരള കണ്‍സള്‍ട്ടന്റും കേരളത്തില്‍ നിന്നുള്ള സാഹിത്യസൃഷ്ടികളുടെ ഏകോപനത്തിനു നേതൃത്വം നല്‍കുന്നതും. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി കോട്ടയത്തെ അലോയിസ് പ്രസില്‍ നിന്നും മുഴുവന്‍ പേജുകളും കളറിലാണ് പുറത്തിറങ്ങുന്നത്.

തുടക്കകാലത്ത് ഉപദേശകസമിതി ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്ന ഡോ.എം.വി. പിള്ള ജനനി മാസികയുടെ നെടുംതൂണായി പ്രവര്‍ത്തിച്ചിരുന്നയാളാണ്. ഡോ.എ.കെ.ബി. പിള്ള, ഡോ. എം.എസ്.റ്റി നമ്പൂതിരി, സിഎംസി അന്തരിച്ചവരായ പ്രൊഫ. ആന്റണി, ജോയി ചെമ്മാച്ചേല്‍ എന്നിവരും ജനനി മാസികയെ ഏറെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. 

കേരളത്തില്‍ നിന്നും പ്രസിദ്ധ സാഹിത്യകാരന്മാരായ എം.ടി. വാസുദേവന്‍ നായര്‍, സുഗതകുമാരി, സേതു, പെരുമ്പടവം എന്നിവര്‍ ജനനി മാസികയില്‍ എഴുതിയിട്ടുണ്ട്. അമേരിക്കയിലുള്ള മലയാളസാഹിത്യകാരന്മാരില്‍ ഭൂരിപക്ഷവും ജനനി മാസികയില്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് എന്നതു ചരിത്രം. ഇത്തരത്തില്‍ ഏതാണ്ട് നൂറിലധികം പേരുടെ സാഹിത്യസൃഷ്ടികള്‍ക്ക് ജനനി വേദിയായി നിലകൊണ്ടിട്ടുണ്ട്. അമേരിക്കയില്‍ മറ്റൊരു പ്രസിദ്ധീകരണത്തിനും അവകാശപ്പെടാനില്ലാത്ത വിധം ജനനി വളര്‍ന്നത് ഇത്തരത്തിലാണ്. സമകാലിക സംഭവങ്ങള്‍, ലേഖനങ്ങള്‍, ചെറുകഥകള്‍, കവിതകള്‍, കാര്‍ട്ടൂണുകള്‍, നോവലുകള്‍, നോവലെറ്റുകള്‍ എന്നിവയെല്ലാം തന്നെ മര്‍മ്മപ്രധാനത്തോടെ ചീഫ് എഡിറ്റര്‍ ജെ. മാത്യൂസിന്റെ പ്രവര്‍ത്തനമികവില്‍ പ്രസിദ്ധീകൃതമായി. ജെ. മാത്യൂസ് സാറിന്റെ എഡിറ്റോറിയല്‍ ലേഖനങ്ങള്‍ സമകാലികവും അര്‍ത്ഥസമ്പുഷ്ഠവും ചിന്തോദ്ദീപകങ്ങളുമാണ്. സാംസ്‌ക്കാരിക പ്രവര്‍ത്തനത്തിലൂടെയും അറിവു പകര്‍ന്നു കൊടുക്കുന്നതിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും ശ്രദ്ധേയമായ ജെ. മാത്യൂസ് സാറിന്റെ കൈകളില്‍ 'ജനനി' ഭദ്രമാണ് എന്നു പറയാതെ വയ്യ. ജനനി ഇത്തരത്തില്‍ പുലര്‍ത്തിയ മികവും നിലവാരവും മലയാളത്തിലെ മുഖ്യധാര മാസികകളോടു കിടപിടിക്കുന്നതായിരുന്നു. ജനനിയുടെ വായനക്കാരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള വിഭവങ്ങള്‍ കാലാകാലങ്ങളായി ഒരുക്കി നല്‍കാന്‍ പത്രാധിപസമിതി ശ്രദ്ധിക്കുകയും ചെയ്തു. ജനനി പബ്ലിക്കേഷന്‍സ് ഇതിനിടയ്ക്കു മൂന്നു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. എഡിറ്റോറിയല്‍ കളക്ഷനുകള്‍, ഡോ. സാറാ ഈശോ ജനനി മാസികയിലെഴുതിയ കോളത്തിന്റെ സമാഹരണം, മാലിനിയുടെ ചെറുകഥാ സമാഹാരങ്ങള്‍ എന്നിവയായിരുന്നു അത്.

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ജനനിയ്ക്കു വായനക്കാരുണ്ട്. മറ്റെല്ലാ പ്രസിദ്ധീകരണങ്ങള്‍ക്കുമെന്നതു പോലെ ജനനിയും നേരിടുന്നത് വലിയൊരു സാമ്പത്തിക പ്രതിസന്ധിയാണ്. എന്നാല്‍ ലാഭം പ്രതീക്ഷിക്കാതെ പ്രവര്‍ത്തിക്കുന്നവരുടെ കര്‍മ്മനിരതമായ പ്രവര്‍ത്തനമികവു കൊണ്ടും ജനനിയെ ഇഷ്ടപ്പെടുന്നവര്‍ നല്‍കുന്ന വരിസംഖ്യയുമാണ് ഈ പ്രസിദ്ധീകരണത്തെ ഇന്നും തളരാതെ പിടിച്ചു നിര്‍ത്തുന്നത്.
മാസികയുടെ പ്രസാധനത്തിനു പുറമേ നിരവധി സാഹിത്യ സെമിനാറുകള്‍, ചെറുകഥ മത്സരങ്ങള്‍, വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള സാംസ്‌ക്കാരിക സന്ധ്യകള്‍ എന്നിവയെല്ലാം ജനനിയുടെ മുന്നണി പോരാളികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പെരുമ്പടവം ശ്രീധരന്‍, സതീശ് പയ്യന്നൂര്‍, ചെറിയാന്‍ കെ. ചെറിയാന്‍, ഡോ.എം.വി.പിള്ള എന്നിവരൊക്കെയും ഈ പരിപാടികളില്‍ പങ്കെടുത്തിട്ടുമുണ്ട്.

ജനനിയുടെ പ്രസിദ്ധീകരണത്തിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികമാണ് ഈ ജൂണ്‍ പതിനാറിനു നടക്കാന്‍ പോകുന്നത്. ആധുനികയുഗത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നുവോ എന്നതിനെ ആസ്പദമാക്കിയുള്ള ചര്‍ച്ചയാണ് ഇതില്‍ പ്രധാനം. സാഹിത്യകാരനും വാഗ്മിയുമായ എം.എന്‍. കാരശേരിയാണ് മുഖ്യാതിഥി. അമേരിക്കയിലെ മലയാള സാഹിത്യകാരന്മാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഒരു സംഗമവേളയായിരിക്കും ഈ സമ്മേളനം എന്ന് ഡോ. സാറാ ഈശോ അറിയിച്ചു.
മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ മഹാത്മജി ഒരിക്കല്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കു പ്രധാനമായും മൂന്നു ലക്ഷ്യങ്ങള്‍ ഉണ്ടെന്ന്. ജനവികാരം മനസ്സിലാക്കി പ്രകടിപ്പിക്കുക എന്നതാണ് ഇതില്‍ ആദ്യത്തേത്. രണ്ടാമത്തേത്, ഉത്കൃഷ്ടമായ മനോഭാവം ജനങ്ങളില്‍ ഉണര്‍ത്തുകയെന്നത്, മൂന്ന്- സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന തിന്മകളെ നിര്‍ഭയം പുറത്തു കൊണ്ടുവരിക. ജെ. മാത്യൂസ് സാറും സണ്ണി പൗലോസും ഡോ. സാറാ ഈശോയും ഈ വിശിഷ്ടമായ പത്രാധിപ ദൗത്യം നിര്‍വഹിച്ചിരിക്കുന്നു. ജനനി മാസിക ചെയ്യുന്നതും മറ്റൊന്നല്ല.

ഇനിയും വാര്‍ഷികങ്ങള്‍ ആഘോഷിക്കാനുള്ള മഹാഭാഗ്യം ജനനിക്ക് ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. ഓരോ മാസത്തെയും ജനനിക്കു പിന്നിലുള്ള അര്‍പ്പണബോധത്തെയും കര്‍മ്മനിരതയെയും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. എപ്പോഴും തുണയായി കൂടെയുള്ള വായനക്കാരെ അനുമോദിക്കുകയും ചെയ്യുന്നു. ജനനിക്ക് എല്ലാ ഭാവുകങ്ങളും!

രണ്ടു പതിറ്റാണ്ടിന്റെ നൈര്‍മല്യം പിന്നിട്ട 'ജനനി' മാസിക   (പകല്‍ക്കിനാവ് 152: ജോര്‍ജ് തുമ്പയില്‍ )
Join WhatsApp News
josecheripuram 2019-06-13 18:50:08
I have seen many Malayalam Publications Rise&Fall.But " Janni" Continue her "JYTHRA JARTHA".I 'am so thrilled&like to be there.You changed the date from Saturday to Sunday,Which is Fathers day.My Daughter&Her kids coming to celebrate Father'Day.So my coming to your function is Questionable?If you don't see me please excuse me.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക