Image

ഇ-മലയാളി അവാര്‍ഡ് ജേതാവ് ജോര്‍ജ് മണ്ണിക്കരോട്ട്:പ്രവാസ നാട്ടിലെ ആദ്യ നോവലിന്റെ സൃഷ്ടാവ്; പ്രവാസി ചരിത്രകാരന്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 13 June, 2019
ഇ-മലയാളി അവാര്‍ഡ് ജേതാവ് ജോര്‍ജ് മണ്ണിക്കരോട്ട്:പ്രവാസ നാട്ടിലെ ആദ്യ നോവലിന്റെ സൃഷ്ടാവ്; പ്രവാസി ചരിത്രകാരന്‍ (സുധീര്‍ പണിക്കവീട്ടില്‍)
1. ഇ_മലയാളിയുടെ പുരസ്‌കാരം നേടിയതില്‍ അഭിനന്ദനം. എഴുത്തുകാരെ അംഗീകരിച്ചുകൊണ്ട് ഇ_ മലയാളി നല്‍കുന്ന അവാര്‍ഡിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.

ഇ-മലയാളിയുടെ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള അവാറ്ഡ് ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. തികച്ചും അവിചാരിതമായിട്ടാണ് ഇങ്ങനെ ഒരു വാര്‍ത്ത എന്നെ തേടിയെത്തിയത്. അവിചാരിതമായിട്ടായതിനാല്‍ അതിന്റെ മധുരവും മൂല്യവും ഇരട്ടിച്ചു. ഇത് അവാറ്ഡ് എന്ന പദത്തിനുപരിയായി അംഗീകാരമായി ഞാന്‍ കണക്കാക്കുന്നു. കാരണം ഇവിടെ അംഗീകാരമെന്ന ഒന്നുണ്ടോയെന്ന് സംശയിക്കുന്നു. പല സംഘടനകളും അവാറ്ഡുകള്‍ കൊടുക്കുന്നു. അവാറ്ഡ് എന്നു പറഞ്ഞ് ഒരു പ്ലാക്കു കൊടുക്കും. അത് എന്തിനാണെന്ന് കിട്ടിയവരും കൊടുത്തവരും അറിയുന്നില്ല. വെറുതെ ഒരു പ്രഹസനം. അതിന് എന്താണ് മൂല്യമെന്ന് മനസ്സിലാകുന്നില്ല. അത്തരം അവാറ്ഡു നേടിയവരെ സമൂഹവും അംഗീകരിക്കുന്നില്ല.

അതില്‍ എത്രയൊ വ്യത്യസ്തമാണ് ഈ പുരസ്‌ക്കാരം. ഇവിടെ പുരസ്‌ക്കാരം ലഭിച്ചവരെ അംഗീകരിക്കുന്നു. ഈ അംഗീകാരമാണ് പ്രോത്സാഹനത്തിന് പ്രചോദനമാകുന്നത്. അത് ഇമലയാളി മനസ്സിലാക്കുന്നു. അതിന്റെ പ്രതിഫലനമാണ് അര്‍ഹതപ്പെട്ടവരെ കണ്ടുപിടിച്ച് വര്‍ഷംതോറും കൊടുക്കുന്ന ഈ പുരസ്‌ക്കാരം.

2. പണവും സൗകര്യങ്ങളും കുറെ എഴുത്തുകാരെയുണ്ടാക്കിയെന്നു അമേരിക്കന്‍ മലയാളി എഴുത്തുകാരെ കുറിച്ച് അപഖ്യാതിയുണ്ട്. ഒരു എഴുത്തുകാരന്‍ അങ്ങനെ ജനിക്കുമോ? നിങ്ങള്‍ നിങ്ങളിലെ എഴുത്തുകാരനെ എപ്പോള്‍/എങ്ങനെ കണ്ടുമുട്ടി.

അങ്ങനെ ഞാനും കേട്ടിട്ടുണ്ട്. ഇപ്പോഴും ചുരുക്കമായിട്ടെങ്കിലും ആവര്‍ത്തിക്കപ്പെടുന്നുമുണ്ട്. അങ്ങനെ ഒരു എഴുത്തുകാരന്‍ ജനിക്കുന്നില്ല, രൂപപ്പെടുന്നുമില്ല. പിന്നെ എന്തെങ്കിലും എഴുതി പേരുണ്ടാക്കിയാല്‍ മതിയെങ്കില്‍ അങ്ങനെ സംഭവിക്കും. സ്വന്തമായി ഒന്നും എഴുതാതെയും എഴുത്തുകാരുണ്ടാകുന്നല്ലോ?

രണ്ടാമത്തെ ചോദ്യത്തിന്റെ രണ്ടാം ഭാഗം. വളരെ ചെറുപ്പം മുതല്‍ എനിക്ക് മലയാളത്തോട് കൂടുതല്‍ താല്‍പര്യം തോന്നിയതാണ്. ഹൈസ്‌ക്കൂളില്‍വച്ച് കഥകള്‍ എഴുതുമായിരുന്നു. എന്റെ ഗ്രാമത്തില്‍ ഞാന്‍ ഒരു കയ്യെഴുത്തു മാസിക തുടങ്ങിയിരുന്നു, ഗ്രാമദീപം. കൂടാതെ നാട്ടിലെ പത്ര മാസികകളില്‍ അഭിപ്രായങ്ങളും ചെറിയ കുറിപ്പുകളും എഴുതിത്തുടങ്ങി. അതൊക്കെ കോളെജു തലത്തിലും തുടര്‍ന്നു. അതിനുശേഷം ജോലി തേടി വടക്കെ ഇന്ത്യയില്‍ പോയി. അവിടെ വച്ചും കേരളത്തില്‍നിന്ന് ആനുകാലികങ്ങള്‍ വരുത്തി വായിക്കുകയും അതില്‍ അഭിപ്രായങ്ങളും ചെറിയ ലേഖനങ്ങളും ചെറുകഥകളും ഒക്കെ എഴുതിയിരുന്നു. വടക്കെ ഇന്ത്യയില്‍ വച്ചാണ് ആദ്യമായി നോവല്‍ എഴുതുന്നത്. ആദ്യത്തെ നോവല്‍ എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്ക് നോവല്‍ എഴുതാന്‍ കഴിയുമെന്നു മനസ്സിലായി. കയ്യെഴുത്തു പ്രതി വായിച്ചവരും അങ്ങനെതന്നെ അഭിപ്രായപ്പെട്ടു. അതുകൊണ്ട് ആദ്യനോവല്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പുതന്നെ രണ്ടാമത്തെ നോവല്‍ എഴുതിത്തുടങ്ങി. ആ നോവലുകളാണ് ‘ജിവിതത്തിന്റെ കണ്ണീരും’ ‘ആഗ്നിയുദ്ധവും’.

പിന്നിട് അമേരിക്കയില്‍ കുടിയേറാനുള്ള ശ്രമമായി. മേല്‍പ്പറഞ്ഞ രണ്ടു നോവലും അമേരിക്കയിലെത്തിശേഷമാണ് പ്രസിദ്ധീകരിച്ചത്. ജീവിതത്തിന്റെ കണ്ണീര്‍ 1982-ല്‍ (അമേരിക്കയിലെ ആദ്യ മലയാളം നോവല്‍) പ്രസിദ്ധീകരിച്ചു, അഗ്നിയുദ്ധം 1985-ലും. പിന്നീട് തുടരെ എഴുതാന്‍ തുടങ്ങി.

3. നിങ്ങള്‍ സാഹിത്യത്തിലെ വിവിധ വിഭാഗങ്ങളില്‍ രചനകള്‍ നടത്തിയിട്ടുണ്ട്. നിങ്ങളുടെ സര്‍ഗ്ഗശക്തി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് എളുപ്പം ഏതു വിഭാഗം കൈകാര്യം ചെയ്യുന്നതിലാണ്.

നോവലും ലേഖനവും എനിക്ക് അനായാസേന എഴുതാന്‍ കഴിയും.

4. ഇതിനകം എത്ര പുസ്തകങ്ങള്‍ എഴുതി? ഏതേതു വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഏറ്റവും പ്രചാരം കിട്ടിയ പുസ്തകം. അതേക്കുറിച്ച് ചുരുക്കി പറയുക.

ഇതുവരെ 9-കൃതികള്‍ പ്രസിദ്ധീകരിച്ചു.

മൂന്നു നോലുകള്‍:

1. ജീവിതത്തിന്റെകണ്ണീര്‍ 1982,

2. അഗ്നിയുദ്ധം 1985,

3. അമേരിക്ക 1994,

രണ്ടു ചെറുകഥാസമാഹാരങ്ങള്‍:

1. മൗനനൊമ്പരങ്ങള്‍ 1991,

2. അകലുന്ന ബന്ധങ്ങള്‍ 1993,

മൂന്നു ലേഖന സമാഹാരങ്ങള്‍:

1. ബോധധാര 1999,

2. ഉറങ്ങുന്ന കേരളം 2013,

3. മാറ്റമില്ലാത്ത മലയാളികള്‍ 2015.

ഒരു ചരിത്രം:

1. അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം 2007.

ഇനിയും രണ്ടോ മൂന്നോ സമാഹാരത്തിനുവേണ്ട ലേഖനങ്ങളും ഉണ്ട്. എല്ലാ കൃതികള്‍ക്കും പല പതിപ്പുകളും ഉണ്ടായിട്ടുണ്ട്. എല്ലാ കൃതികളും ശ്രദ്ധിക്കപ്പെട്ടുണ്ട്. പ്രത്യേകിച്ച് അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം എന്ന കൃതി എടുത്തുപറയേണ്ടിയിരിക്കുന്നു. പലരും അതേക്കുറിച്ച് എഴുതിയിട്ടുണ്ട്. 2008-ല്‍ ഈ കൃതി സാഹിത്യ അക്കാഡമി അവാര്‍ഡിന് ചുരുക്കപ്പട്ടികയില്‍ വന്നിരുന്നു. അതായത് അവസാന പത്തില്‍ ഒന്നായി അമേരിക്കയിലെ മലയാള സാഹിത്യചരിത്രം തെരഞ്ഞെടുക്കപ്പെട്ടതാണ്. ആദ്യമായിട്ടാണ് കേരളത്തിനു പുറത്തുനിന്ന്് മലയാളത്തിന് ഒരു സാഹിത്യചരത്രമുണ്ടാകുന്നത്.

സാഹിത്യം കൂടാതെ സാമൂഹ്യ-സാംസ്‌ക്കാരിക-മത-മാധ്യമ രംഗങ്ങളിലും നേതൃനിരയില്‍ ഞാന്‍ സജീവമായിരുന്നു. മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ്, ഫൊക്കാനയില്‍ എക്‌സ്‌ക്കെറ്റിവ് വൈസ് ചെയര്‍മാന്‍, ഫൊക്കാന സാഹിത്യ സമ്മേളനം ചെയര്‍മാന്‍ ഒന്നിലധികം പ്രാവശ്യം. അങ്ങനെ പല തസ്തികകളില്‍ പ്രവര്‍ത്തിച്ചു. കൂടാതെ ഹ്യുസ്റ്റനില്‍ മിസ് കേരളാ പാജന്റ് മുതലായ മേജര്‍ പരിപാടികള്‍ സംഘടിപ്പിച്ചു.

കൂടാതെ ’കേരള നാദം’ എന്ന പേരില്‍ ഒരു വാര്‍ത്താസാഹിത്യ മാസിക 5 വര്‍ഷത്തിലേറെ പ്രസിദ്ധീകരിച്ചു. സുപ്രധാനമായ പല സ്മരിണകളുടെയും ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു.

5. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ നവോത്ഥാനം തൊണ്ണൂറുകളില്‍ തുടങ്ങുകയും വളരെ വേഗത്തില്‍ വളരുകയും ചെയ്തെങ്കിലും ഇപ്പോള്‍ 2019 ല്‍ എത്തി നില്‍ക്കുമ്പോള്‍ ആ ആവേശവും, അര്‍പ്പണവും എഴുത്തുകാരില്‍ കാണുന്നില്ലെന്ന് അനുഭവപ്പെടുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് എന്തുകൊണ്ട്?

നവോത്ഥാനം എന്ന പ്രയോഗം ശരിയാണോ എന്ന് എനിക്കു തോന്നുന്നില്ല. കാരണം നവോത്ഥാനം ഉണ്ടാകണമെങ്കില്‍ അതിനു മുമ്പ് ഉത്ഥാനം ഉണ്ടായിരിക്കണം. അമേരിക്കയില്‍ മലയാള സാഹിത്യത്തിന്റെ ഉത്ഥാനം ഒന്നുമില്ലായ്മയില്‍ തുടങ്ങി ക്രമേണ വളരുകയായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ വളര്‍ന്നിട്ടുള്ളത് തൊണ്ണൂറുകളിലാണന്നുള്ളതിന് സംശയമില്ല. അന്ന് തീര്‍ച്ചയായും എഴുത്തുകാര്‍ക്ക് ആവേശമായിരുന്നു. അതിന് പല കാരണങ്ങളുണ്ടാകാം. അന്ന് എഴുതുയിട്ടുള്ളത് ആദ്യകാല കുടിയേറ്റക്കാരായിരുന്നു. കുടിയേറിട്ട് രണ്ടു പതിറ്റാണ്ടോളം കഴിഞ്ഞവര്‍. അമേരിക്കയില്‍ ജീവിതത്തിന് അടിസ്ഥാനം ഉറപ്പിച്ചുകഴിഞ്ഞവര്‍. അമേരിക്കയിലെ താല്ക്കാലിക പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകഴിഞ്ഞവര്‍. അതിനുശേഷം ആളുകളുടെശ്രദ്ധ മറ്റു തലങ്ങളിലേക്കു തിരിഞ്ഞു. ചിലര്‍ പള്ളിക്കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ചിലര്‍ സാംസ്‌ക്കാരിക സംഘടനകളിലും മറ്റു പൊതുപരിപാടികളിലും വ്യാപൃതരായി. മറ്റൊരു കൂട്ടര്‍ എഴുതാന്‍ തുടങ്ങി. എഴുതാന്‍ വിഷയങ്ങളും ധാരാളം. പഴയ ഓര്‍മ്മകളെല്ലാം വിഷയങ്ങളായി. അത് പ്രസിദ്ധീകരിക്കാന്‍ വേണ്ട പണവും ഉണ്ട്. അതിനൊക്കെ ‘ഓര്‍മ്മ സാഹിത്യ’മെന്നും ‘ഡോളര്‍ സാഹിത്യ’മെന്നും അന്നൊക്കെ ഞാന്‍ പറയുമായിരുന്നു. അതിനിടയ്ക്ക് നൈസര്‍ഗ്ഗീക വാസനയുള്ളവരുടെ സര്‍ഗ്ഗാത്മ രചനകളും ഉണ്ടായിട്ടുണ്ടെന്ന സത്യം വിസ്മരിക്കുന്നില്ല.

അന്നത്തെ എഴുത്തുകാരില്‍ എഴുതുന്നവര്‍ ക്രമേണ ചുരുങ്ങി. പ്രായവും പുതിയ വിഷയങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തതും കാരണങ്ങളാകാം. കഴിവുള്ള പുതിയ എഴുത്തുകാരുടെ കുറവും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു.

6. ഇവിടെ വായനക്കാരില്ലെന്ന സ്ഥിരം പല്ലവി എല്ലായിടത്തും ഒരു മുറവിളി പോലെ കേള്‍ക്കുന്നുണ്ട്. പ്രതികരണമില്ലായ്മയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നുവെങ്കില്‍ അത് അമേരിക്കന്‍ മലയാള സാഹിത്യത്തെ എത്രത്തോളം ബാധിക്കുന്നു. എഴുത്തുകാരുടെ ഭാഗത്ത്‌നിന്ന് ഈ അവസ്ഥയെ മാറ്റാന്‍ എന്ത് ചെയ്യാന്‍ സാധിക്കും.

ഇവിടെ വായനക്കാര്‍ കുറവായിരിക്കാം. പ്രതികരണവും ഉണ്ടാകുന്നുണ്ട്. പക്ഷേ പലപ്പോഴും കാണുന്ന വികലമായ പ്രതികരണങ്ങള്‍ ആകെ മുഷിപ്പിക്കുന്നതാണ്. നേരെ മറിച്ച് ബൗദ്ധികമായ പ്രതികരണങ്ങള്‍ സാഹിത്യലോകത്ത് പ്രചോദനവും പ്രയോജനപ്രദവുമായിരിക്കും. അതിന്റെ അര്‍ത്ഥം എല്ലാം എഴുത്തും ഒരുപോലെ വിദഗ്ധമെന്നൊ പുകഴ്ത്തിയെ പ്രതികരിക്കാവു എന്നല്ല. പ്രതികരിക്കുന്നത് എഴുത്തിന്റെ ആത്മാവ് എന്താണെന്നു മനസ്സിലാക്കിയിട്ടായിരിക്കണം. ഉപരിപ്ലവമായ പ്രതികരണമൊ അപകീര്‍ത്തിപ്പെടുത്തലൊ അനര്‍ഹമായ പ്രശംസയൊ ഉചിതമല്ല.

എഴുത്തുകാര്‍ക്ക് സ്വയം വിമര്‍ശിക്കാന്‍ കഴിയണം. പ്രതികരണത്തിന്റെ പൊരുള്‍ മനസ്സിലാക്കാന്‍ കഴിയണം. എഴുത്തില്‍ നൂതനമായ ആശയങ്ങളും ആവിഷ്‌ക്കാരരീതികളും സന്നിവേശിപ്പിക്കാന്‍ കഴിയണം.

7. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ നിങ്ങളെ സ്വാധീനിച്ചിട്ടുള്ള അല്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രിയം തോന്നിയ എഴുത്തുകാര്‍. അവരുടെ കാഴ്ച്ച്ചപാടുകളുമായി നിങ്ങള്‍ യോജിക്കുന്നോ.

അമേരിക്കയിലെ മലയാളി എഴുത്തുകാരില്‍ എനിക്കു പ്രിയം തോന്നിയ പലരുണ്ട്. അവരുടെ എഴുത്തില്‍ ഭാവനയും ആശയങ്ങളുമുണ്ട്, അവതരിപ്പിക്കാനും അറിയാം. ആരുടെയും പേരു പറയാന്‍ ആഗ്രഹിക്കുന്നില്ല. അത് അപകടമാകുമോ എന്ന ഭീതി. കാരണം അങ്ങനെ ഉണ്ടായിട്ട്. അതെന്തുമാകട്ടെ ഞാന്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാരുടെ എഴുത്തിലുള്ള കാഴ്ചപ്പാടുമായി ഞാന്‍ യോജിക്കുന്നു. ആരൊക്കെ എന്നു പറയാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്.


8. വ്യക്തിപരമായ വിമര്‍ശനങ്ങളിലൂടെ എഴുത്തുകാരെ അവഹേളിക്കുകയും സാഹിത്യപരമായ നിരൂപങ്ങളെ അവഗണിക്കുകയും ചെയുന്ന വ്യക്തിയോ കൂട്ടമോ അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയെ തടയുന്നില്ലേ? എങ്ങനെ അതിനോട് പ്രതികരിക്കാന്‍ കഴിയും.

വ്യക്തിപരമായ വിമര്‍ശനങ്ങള്‍ സാഹിത്യത്തില്‍നിന്ന് തികച്ചും ഒഴിവാക്കേണ്ടതാണ്. അത് സാഹിത്യ ലോകത്ത് ആരോഗ്യപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നില്ല. അങ്ങനെയുള്ള വിമര്‍ശനങ്ങള്‍, അത് എഴുതുന്നവരുടെ സംസ്‌ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി ഞാന്‍ കാണുന്നു. അത് അവഗണിക്കാന്‍ ശ്രമിക്കുക.

9. ഇ_മലയാളി അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളെ എങ്ങനെ വിലയിരുത്തുന്നു. ഇ മലയാളിയുടെ പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഇ മലയാളിയുടെ പ്രവര്‍ത്തനശൈലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍.

അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇമലയാളിയുടെ സേവനങ്ങള്‍ ശ്രേഷ്ടവും ഉല്കൃഷ്ടവുമാണ്. ഇമലയാളി സമയത്തിനും കാലത്തിനും അഭിരുചിയ്ക്കും അനുസാരമായ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തി അനുവാചകരെ കൈപിടിച്ച് കൂടെ കൊണ്ടുപോകുന്നുണ്ട് ഇമലയാളിയുടെ വിജയത്തിന്റെ രഹസ്യവും അതൊക്കെത്തന്നെ. അവര്‍ സ്വയം മാറ്റങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അതുകൊണ്ട് മറ്റ് മാറ്റങ്ങളൊന്നും ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല.

10. എഴുത്ത് എന്ന അനുഭവത്തെക്കുറിച്ച് പറയുക. ക്ലാസ്സിക്ക് കൃതികള്‍ പുതിയ തലമുറ അവഗണിച്ച്‌കൊണ്ട് ആധുനികത എന്ന ഒരു രീതിയില്‍ അഭിരമിക്കുന്നു. ഇത്തരം രചനകള്‍ക്ക് സാഹിത്യമൂല്യം കുറയുമോ? പൊതുവെ സാഹിത്യമേഖല മന്ദീഭവിക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ?

ഒരാളുടെ ആശയങ്ങളും ഭാവനകളും എഴുത്ത് എന്ന മാധ്യമത്തിലൂടെ മധുരമായ ഭാഷയില്‍ മറ്റുള്ളവരില്‍ എത്തിക്കാന്‍ കഴിയുന്നത് ഒരു വലിയ അനുഭവവും അനുഭൂതിയുമാണ്. അതേക്കുറിച്ചുള്ള നിഷ്പക്ഷമായ അഭിപ്രായം കേള്‍ക്കുന്നതും അതുപോല തന്നെ.

ക്ലാസ്‌ക്കുകളുടെ പുതുമ വിട്ടുപോകുന്നില്ല. അത് എക്കാലവും അമൂല്യമാണ്. എന്നാല്‍ ആധുനികത തല്‍ക്കാലം കയ്യടിനേടാനുള്ള കവലപ്രസംഗംപോലെയാണ്. അവിടം കഴിഞ്ഞാല്‍ അതിന്റെ ആയുസ് നഷ്ടപ്പെടുന്നു. അത്തരം ഒരു പ്രഹേളികയല്ല സാഹിത്യം.

11. നിങ്ങള്‍ ആധുനികതയുടെ വക്താവാണോ? നമ്മള്‍ കടന്നുപോന്ന പല പ്രസ്ഥാനങ്ങളും വീണ്ടും തിരിച്ചുവരണമെന്ന അഭിപ്രായമുണ്ടോ? (ഉദാഹരണം..ക്‌ളാസ്സിസിസം, നിയോ ക്‌ളാസ്സിസിം, റൊമാന്റിസം, സിമ്പോളിസം,മോഡേണിസം ....) എങ്കില്‍ ഏതു പ്രസ്ഥാനം നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു.

ഞാന്‍ ഒരു പ്രസ്ഥാനത്തിന്റെയും വക്താവല്ല. പ്രസ്ഥാനങ്ങള്‍ സാഹിത്യ-സാമൂഹ്യ-രാഷ്ട്രീയ ഗതിവഗതികളുടെ പരിവര്‍ത്തനവും പരിണാമവുമാണ്. അപ്പോള്‍ സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങള്‍ പുതിയ ചിന്തയ്ക്ക് വഴിതെളിയ്ക്കുന്നു. അത് പഴമയിലേക്കുള്ള മടക്കവുമാകാം, പുതിയത് രൂപപ്പെടുകയുമാകാം. ഏതു പ്രസ്ഥനമാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നു ചോദിച്ചാല്‍ എനിക്ക് റൊമാന്റിസിസം എന്നും പ്രിയപ്പെട്ട പ്രസ്ഥാനം തന്നെ. അത് എക്കാലത്തേയും പ്രശസ്തനായ വില്യം വേഡ്‌സ്വര്‍ത്ത് ആഗ്ലേയ സാഹിത്യത്തില്‍ തുടക്കമിട്ടതുകൊണ്ടോ മലയാളത്തിന്റെ മഹാനായ മഹാകവി കുമരന്‍ ആശാന്‍ മലയാളത്തില്‍ ആരംഭമിട്ടതുകൊണ്ടോ അല്ല. റൊമാന്റിസിസത്തിന് അതിന്റേതായ മാധുര്യവും ലഹരിയും ഉണ്ട്. അതിന് വിടര്‍ന്നു നില്‍ക്കുന്ന റോസാപൂവിന്റെ സുഗന്ധവും സൗരഭ്യവുമുണ്ട്, സംഗീതത്തിന്റെ ആനന്ദമുണ്ട്, നൃത്തത്തിന്റെ ചിലമ്പൊലിയുണ്ട്.

12. അമേരിക്കന്‍ മലയാള സാഹിത്യത്തെ നാട്ടിലെ മുഖ്യധാരയില്‍ ഉള്‍പ്പെടുത്തുന്നില്ല. അപ്പോള്‍ പിന്നെ അമേരിക്കന്‍ മലയാള സാഹിത്യമെന്ന ഒരു സ്വതന്ത്ര സാഹിത്യം ഇവിടെ വളരുന്നത് അഭികാമ്യമല്ലേ.

സാഹിത്യത്തെ അതിന്റെ ഉത്ഭവസ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. എഴുതുന്നത് മുഖ്യധാരയില്‍ ഇടം പിടിക്കാന്‍ കഴിയുന്നതാണോ എന്ന് ഉറപ്പുവരുത്തണം.

13. എഴുത്തില്‍ സത്യവും ഭാവനയും കലരുമ്പോള്‍ ഏ തിന് പ്രാമുഖ്യം നല്‍കുന്നു. സത്യത്തിനു മുന്‍ തൂക്കം നല്‍കുമ്പോള്‍ സാഹിത്യമൂല്യം കുറയാന്‍ സാധ്യതയുണ്ടോ. നിങ്ങളുടെ കൃതികളെ ആസ്പദമാക്കി പറയുക.

ആശയങ്ങള്‍ ഭാവനയില്‍ വികസിക്കുമ്പോഴാണ് സാഹിത്യമുണ്ടാകുന്നത്. സംഭവ്യമാകുന്ന അസംഭവ്യമാണ് നോവല്‍. സാഹിത്യത്തില്‍ കഥകള്‍ രൂപപ്പെടുന്നത് നടന്റെ അഭ്രപാളിയിലെ നടനം പോലെയാണ്. അയാള്‍ നടിക്കുന്നതെയുള്ളു. അതുമാതിരി സംഭവിച്ചേക്കാം, സംഭവിക്കണമെന്നില്ല. സാഹിത്യത്തില്‍ പോകട്ടെ വാര്‍ത്തയില്‍പോലും സത്യത്തിനു മുന്‍തൂക്കം കൊടുക്കാതെയുണ്ട്. പക്ഷെ വാര്‍ത്ത അസത്യമാകരുത്. വാര്‍ത്തയുടെ കാര്യം അങ്ങനെയെങ്കില്‍ സാഹിത്യം രൂപപ്പെട്ടതല്ല, രൂപപ്പെടുത്തുന്നതാണ്.

14. അമേരിക്കന്‍ മലയാളികള്‍ അമേരിക്കന്‍ പശ്ചാത്തലത്തില്‍ നിന്നുമുള്ള കഥകള്‍ കണ്ടെടുത്ത് എഴുതണമെന്ന അഭിപ്രായം കേള്‍ക്കുന്നുണ്ട്. നിങ്ങള്‍ അതിനോട് യോജിക്കുന്നോ? എഴുത്തുകാര്‍ എന്തെഴുതണമെന്ന് വായനക്കാരന്‍ തീരുമാനിക്കുന്നത് ശരിയോ?

അവനവന്‍ ജീവിക്കുന്ന സമൂഹവും സാഹചര്യവും അധീകരിച്ച് എഴുതുമ്പോള്‍ അത് കൂടുതല്‍ ജീവസുറ്റതാകുന്നു. നാട്ടിലുള്ളവര്‍ നാട്ടിലെ സാഹചര്യത്തില്‍ എഴുതുന്നു. അങ്ങനെയുള്ളപ്പോള്‍ അവര്‍ക്ക് മറ്റു സമൂഹത്തിലും സാഹചര്യത്തിലുമുള്ള രചനകളില്‍ താല്പര്യം തോന്നിയേക്കാം. എഴുത്തുകാര്‍ എന്തെഴുതണമെന്ന് അനുവാചകര്‍ക്ക് ആരോഗ്യപരമായ അഭിപ്രായങ്ങളാകാം. നിര്‍ദ്ദേശങ്ങളാകരുത്.

15. അമേരിക്കന്‍ മലയാളി എഴുത്തുക്കാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ഇവിടെയും നാട്ടിലും കിട്ടുന്നില്ല. നാട്ടില്‍നിന്നും പലരും അവാര്‍ഡുകള്‍ പണം നല്‍കി വാങ്ങുന്നുവെന്ന പരാതി കേള്‍ക്കുന്നുണ്ട്. 

പുരസ്‌ക്കാരങ്ങള്‍ പണം നല്‍കിയും സ്വാധീനംകൊണ്ടും ലഭിക്കുന്നതായി ഞാനും കേള്‍ക്കുന്നുണ്ട്. അംഗീകാരത്തെക്കുറിച്ച് പറയുമ്പോള്‍ ധാരാളം പറയാനുണ്ട്. ഇവിടെ സാമഹ്യ സംഘടനകളുടെ പ്രത്യേകിച്ച് കേന്ദ്രസംഘടനകളുടെ അവാറ്ഡുകള്‍ വര്‍ഷാവര്‍ഷം വാരിക്കുട്ടിയവരുണ്ട്. പക്ഷേ ആര് ആരേ അംഗീകരിക്കുന്നു. അവാര്ഡു കൊടുത്തവര്‍ എന്തിനാണെന്നുപോലും അറിഞ്ഞിട്ടുണ്ടോ? പരിപാടികളില്‍ മറ്റെല്ലാ ചടങ്ങുകളുംപോലെ അവാറ്ഡും ഒരു ചടങ്ങാകുന്നു. അത് അവാറ്ഡ്(ദാന)മാണ്.

16. അമേരിക്കന്‍ മലയാള സാഹിത്യത്തെ എങ്ങനെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ സാധിക്കും.

അമേരിക്കയിലെ മലയാള സാഹിത്യം മുഖ്യധാരയില്‍ വരുന്നില്ലെങ്കില്‍ പല കാരണങ്ങളുണ്ടാകാം. ഒന്നാമത് നാട്ടിലെ സാമൂഹ്യ-സാഹിത്യ-രാഷ്ട്രീയ നേതാക്കള്‍ അമേരിക്കയിലെ മലയാളികളെ ഏതെങ്കിലും വിധത്തില്‍ പരിഗണിക്കുന്നവരല്ല. അവര്‍ക്ക് നമ്മുടെ പണം മതി. മാത്രല്ല, നാട്ടിലെ മിക്ക നേതാക്കള്‍ക്കും അമേരിക്കയിലെ മലയാളികളെക്കുറിച്ച് നല്ല അഭിപ്രായമുള്ളവരല്ല. പുറമെ പുകഴ്ത്തുമെങ്കിലും അകമെ മറിച്ചാണ് അഭിപ്രായം. പിന്നെ ഇവിടുത്തെ മിക്കവര്‍ക്കും അതൊക്കെ മതിതാനും.

മറ്റൊന്ന്, നല്ല കൃതികളായാലും പണം കൊടുത്ത് അച്ചടിപ്പിച്ചു കഴിഞ്ഞാല്‍ പ്രസാധകര്‍ അതേക്കുറിച്ച് കാര്യമായി ചിന്തിക്കുന്നില്ല. തീരെ നിലവാരം കുറഞ്ഞ ധാരാളം കൃതികള്‍ തീരെ കുറച്ചു കോപ്പികള്‍ മാത്രം അച്ചടിപ്പിക്കുന്നവരുണ്ട്. പുസ്തകങ്ങളുടെ എണ്ണം കൂട്ടാന്‍ ചെയ്യുന്ന ഇത്തരം തരംതാണ പ്രവര്‍ത്തനങ്ങള്‍ നല്ല കൃതികള്‍ അവഗണിക്കപ്പെടാന്‍ കാരണമാകുന്നു. പിന്നീട് പണംകൊടുത്തും മറ്റും അവാര്‍ഡുകളും കൂടിയാകുമ്പോള്‍ നല്ല കൃതികള്‍ വീണ്ടും അവഗണിക്കപ്പെടുന്നു. എന്നിരുന്നാലും വ്യത്യസ്തമായ ആശയങ്ങള്‍ കണ്ടെടുത്ത് പുതിയ ശൈലിയില്‍ ഭാഷയ്ക്കും സാഹിത്യത്തിനും മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ അവതരിപ്പിച്ചാല്‍ ശ്രദ്ധിക്കപ്പെടുമെന്നാണ് എനിക്കു തോന്നുന്നത്. ശ്രദ്ധിക്കപ്പെടേണ്ട പല കൃതികളും ഇവിടെനിന്ന് ഉണ്ടായിട്ടുണ്ട്.

17. എഴുത്തുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കുണ്ടായ രസകരമായ എന്തെങ്കിലും അനുഭവങ്ങള്‍ പങ്കു വയ്ക്കുക.

എഴുത്തുമായി ബന്ധപ്പെട്ട് ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; അതില്‍ രസകരവും അതുപോലെ ഗൗരവമുള്ള കാര്യങ്ങളുമുണ്ട്. അതൊക്കെ വിവരിച്ചാല്‍ സമയം അധികമാകും. എങ്കിലും ഒന്നുരണ്ട് അനുഭവങ്ങള്‍ പങ്കുവയ്ക്കാമെന്നു കരുതുന്നു.

ഒന്ന്, വളരെ പ്രസിദ്ധമായിരുന്ന മുടങ്ങിപ്പോയ മലയാളംപത്രത്തില്‍ ‘അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സ്ത്രീകള്‍ അവഗണിക്കപ്പെടുന്നു’ എന്ന പേരില്‍ ഞാന്‍ എഴുതിയ ഒരു ലേഖനത്തെക്കുറിച്ചാണ്. തൊണ്ണൂറുകളുടെ പൂര്‍വ്വാര്‍ദ്ധത്തിലായിരുന്നു അത്. അതേക്കുറിച്ച് പത്രം വഴിയുള്ള ചര്‍ച്ച ഏതാണ്ട് ആറുമാസത്തോളം നീണ്ടുനിന്നു. ഓരോ ലക്കത്തിലും രണ്ടു മുതല്‍ നാലും അഞ്ചും അഭിപ്രായങ്ങളുണ്ടാകും. അഭിപ്രായക്കാര്‍ അവസാനം എന്നെ വ്യക്തിപരമായി പരാമര്‍ശിക്കാനും തുടങ്ങി. അവസാനം പത്രം അതേക്കുറിച്ചുള്ള വിവാദങ്ങള്‍ നിര്‍ത്തി.

മറ്റൊരു കാര്യം ഓര്‍മ്മവരുന്നത്, ചില വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ എഴുതിയ ഒരു ലേഖനത്തെക്കുറിച്ചാണ്. ലേഖനവുമായി ബന്ധപ്പെട്ട അമേരിക്കയിലെ ചില എഴുത്തുകാരെക്കുറിച്ചും കൃതികളെക്കുറിച്ചും അതില്‍ പരാമര്‍ശിച്ചിരുന്നു. ലേഖനത്തിന്റെ ദൈര്‍ഘ്യം കാരണം എല്ലാവരേയും അതില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന് അതില്‍ പ്രത്യേകം എടുത്തുകാണിക്കുകയും ചെയ്തിരുന്നു. പേരുവരാത്ത ചിലര്‍ക്ക് അത് സഹിച്ചില്ല. അതു മാത്രമല്ല ‘അവന്റെ’ പേരുണ്ട് പിന്നെ എന്തുകൊണ്ട് എന്റെ പേരില്ല എന്നരീതിയില്‍ എനിക്കെതിരെ വൈരം കടുത്തു. പിന്നെ പുകഞ്ഞു, പിന്നെ കത്തി. അടുത്തത് എനിക്കെതിരെ എന്തുനടപടിവേണമെന്നായി. എനിക്കെതിരെ ആരെക്കൊണ്ടെങ്കിലും എഴുതിക്കാമെന്നുറച്ചു (ഒരു ’സാഹിത്യ ക്വട്ടേഷന്‍’. സാഹിത്യത്തില്‍ ആദ്യമായിട്ടായിരിക്കാം അങ്ങനെയൊന്ന്). അതുകണ്ട് ചിലര്‍ സന്തോഷിച്ചു, ചിരിച്ചു. പക്ഷേ കുലച്ചിരി കൊലച്ചിരിയായിട്ടുള്ളവര്‍ക്ക് എല്ലാം ഒരു രസം. ഞാനും സന്തോഷിച്ചു, ഞാന്‍ കാരണം ചിലര്‍ക്കെങ്കിലും സന്തോഷിക്കാന്‍ കഴിഞ്ഞെല്ലോ എന്ന സന്തോഷം. ചുരുക്കത്തില്‍ എനിക്കെതിരെ എത്ര എഴുതിയൊ അതിലേറെ എനിക്കത് പ്രയോജനപ്പെട്ടു എന്നുള്ളതാണഅ. കൂടുതല്‍ വിവരിക്കുന്നില്ല. വിവരിച്ചാല്‍ രസം ഇനിയും കടുത്തുപോകും.

18. ഒരു എഴുത്തുകാരന്‍ എന്ന നിലക്ക് ഇവിടത്തെ മത-സാംസ്‌കാരിക സംഘടനകള്‍ക്ക് എന്ത് ഉപദേശം നിങ്ങള്‍ നല്‍കും.

മതസംഘടനകള്‍ക്ക് ഞാന്‍ എന്തുപദേശം നല്‍കാന്‍? ദൈവവും സ്വര്‍ഗ്ഗവും തങ്ങളിലെന്ന് ചിന്തിക്കുന്നവരെ ഉപദേശിക്കുന്നത് കല്ലിന് കാറ്റേല്‍ക്കുന്നതുപോലെ മാത്രം. ഒരു കാര്യം എടുത്തുപറയാന്‍ ഉദ്ദേശിക്കുന്നു, കുറ്റം ചെയ്യുന്നത് ആരായാലും ശിക്ഷിക്കപ്പെടണം.

സാംസ്‌ക്കാര സംഘടനകളോടു പറയാനുള്ളത് ഭാഷയേയും സാഹിത്യത്തേയും കൂടുതല്‍ ഗൗരവത്തില്‍ കാണണം. ഭാഷയ്ക്കും സാഹിത്യത്തിനും കൂടുതല്‍ പ്രാതിനിധ്യം കൊടുക്കണം.

19. ഇ_മലയാളി എഴുത്തുകാരോടും വായനക്കാരോടും നിങ്ങള്‍ക്ക് പറയാനുള്ളത്.

ഇമലയാളിയോടു കൂടുതല്‍ സഹകരിക്കുക, ഇമലയാളിയെ സഹായിക്കുക.

20. ഇപ്പോള്‍ നിങ്ങള്‍ എന്ത് എഴുതിക്കൊണ്ടിരിക്കുന്നു. പുസ്തകപ്രകാശനവും അതിന്റെ വിതരണവും അമേരിക്കന്‍ മലയാളി എഴുത്തുകാരെ അലട്ടുന്നഒരു പ്രശ്‌നമാണ്. നിങ്ങളുടെ അനുഭവത്തില്‍ നിന്ന് എന്ത് പരിഹാരം നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാന്‍ കഴിയും.

എഴുതാന്‍ ധാരാളമുണ്ട്. പക്ഷെ സമയവും സാഹചര്യവും സഹകരിക്കുന്നില്ല. ഏതായാലും ഇപ്പോള്‍ അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം 2020-ം, അമേരിക്ക (നോവല്‍. അഞ്ചാം പതിപ്പ്) അച്ചടിയിലാണ്. പിന്നെ എഴുതിയിട്ടുള്ള ധാരാളം ലേഖനങ്ങളുണ്ട്: അതൊക്കെ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ്.

ഒരിക്കല്‍കൂടി ഇമലയാളിയുടെ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള അവാര്‍ഡിന് എന്നെ പരിഗണിച്ചതിലുള്ള സന്തോഷവും നന്ദിയും അറിയിക്കുന്നു. വായനക്കാര്‍ക്കും നന്ദി.
(www.mannickarottu.net)
ഇ-മലയാളി അവാര്‍ഡ് ജേതാവ് ജോര്‍ജ് മണ്ണിക്കരോട്ട്:പ്രവാസ നാട്ടിലെ ആദ്യ നോവലിന്റെ സൃഷ്ടാവ്; പ്രവാസി ചരിത്രകാരന്‍ (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
ജോർജ്ജ് പുത്തൻകുരിശ് 2019-06-21 07:03:51
ആദ്യമായ്   ശ്രീ മണ്ണിക്കരോട്ടിന് ഹൃദയംഗമായ അഭിനന്ദനങൾ.  സുധീർ പണിക്കവീട്ടിലിന്റെ ചോദ്യങ്ങളും  (ഉചിതങ്ങളായ ചോദ്യങ്ങൾ ചോദിച്ച സുധീർ പണിക്കവീട്ടിലിനും അഭിനന്ദനം ) ജോർജ്ജ് മണ്ണിക്കരോട്ടിന്റെ ഉത്തരങ്ങളും ഇന്ന് മലയാള സാഹിത്യത്തിന്റെ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നതും ചിന്തിപ്പിക്കാൻ കഴിയുന്നതുമാണ് .   ഈ ചോദ്യോത്തര ലേഖനം   വായിച്ചപ്പോൾ ഓർത്തത്, 'ഇൻവിസിബിൾ മാൻ' എഴുതിയ റാൽഫ് എല്ലിസൺന്റെ ഒരു ഉദ്ധരണിയാണ് ," ജീവിതം ജീവിക്കാനുള്ളതാണ്, നിയ്രന്തിക്കപ്പെടേണ്ടതല്ല. മാനവികത ( ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഉണ്മ മനുഷ്യനാണ്  എന്ന ചിന്ത ) നേടേണ്ടത് പരാജയത്തിന്റയും വിമര്ശനത്തിനേയും നേരിടുമ്പോളാണ് ". ഒരു  സാഹിത്യകാരന്റെ  എഴുത്തുകാരന്റെ  രൂപാന്തരപ്പെടലും ഇതിൽ നിന്നും വ്യത്യസ്തമല്ല .  ശ്രീ മണ്ണിക്കരോട്ട് മലയാള സാഹിത്യത്തിന് നൽകിയ സംഭാവനകൾക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക