Image

ജെനി മാത്യുവിന്റെ മൃതദേഹം നാട്ടിലേക്ക്

Published on 14 June, 2019
ജെനി മാത്യുവിന്റെ മൃതദേഹം നാട്ടിലേക്ക്


ജിദ്ദ: ജിദ്ദ നവോദയയുടെ സജീവ പ്രവര്‍ത്തകനായിരുന്ന പത്തനംതിട്ട അടൂര്‍ മരുതിമൂട് ഇളമന്നൂരിലെ ആറുവിള ജോയല്‍ ഡേയ്‌ലിലെ ജെനി മാത്യുവിന്റെ (45) മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നാട്ടിലെത്തിക്കും. സംസ്‌കാരം ജൂണ്‍ 15ന് (ശനി) മങ്ങാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് മേയ് 24ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലായിരുന്ന ജെനി മാത്യു തലച്ചോറിലെ അമിത രക്തസ്രാവത്തെ തുടര്‍ന്നു മേയ് 30 നാണ് മരിച്ചത്. പരേതന്റെ ആഗ്രഹപ്രകാരം അവയവങ്ങള്‍ ദാനം ചെയ്തു. ജെനി മാത്യുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നവോദയ ജീവകാരുണ്യവിഭാഗം പ്രവര്‍ത്തകരായ ജലീല്‍ ഉച്ചാരക്കടവ്, ബഷീര്‍ മമ്പാട്, അനൂപ് മാവേലിക്കര, ജിദ്ദയിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ നൗഷാദ് മമ്പാട് എന്നിവര്‍ നേതൃത്വം നല്‍കി.

നവോദയ പ്രവര്‍ത്തകനും ഇടത് സൈബര്‍രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ജെനി മാത്യു കഴിഞ്ഞ 23 വര്‍ഷമായി പ്രവാസത്തിലായിരുന്നു. എട്ടു വര്‍ഷത്തോളമായി ജിദ്ദയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: ലിയ ജിദ്ദ ന്യൂ അല്‍വുറൂദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപിക. ജോയല്‍ മാത്യു ജെനി, ജോആന്‍ റേച്ചല്‍ ജെനി എന്നിവര്‍ മക്കളാണ്. അരുവിള ചാരുവിളയില്‍ പരേതരായ സി.വൈ. മത്തായിയുടെയും ഏലിയാമ്മയുടെയും മകനാണ്. സഹോദരന്‍ മോനച്ചന്‍, സഹോദരിമാര്‍ റോസമ്മ, ലീലാമ്മ.

നവോദയ ജിദ്ദ ഖാലിദ് ബിന്‍ ഏരിയ ഹംറ യൂണിറ്റ് അംഗമായിരുന്ന ജെനി മാത്യുവിന്റെ നിര്യാണത്തില്‍ നവോദയ കേന്ദ്ര കമ്മിറ്റി അനുശോചിച്ചു.

റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക